Wednesday, October 24, 2007

വാട്സണ്‍ , ബുദ്ധിശക്തി, നാരായണഗുരു

ഒരു നീണ്ട യാത്ര കഴിഞ്ഞ് നാഷണല്‍ എക്സ്പ്രസ്സിന്റെ കോച്ചില്‍ വോള്‍‌വെര്‍ഹാംറ്റണില്‍ വന്നിറങ്ങുമ്പോ രാത്രിയായിരുന്നു..വെള്ളിയാഴ്ച.പത്ത് മണി

എല്ലാ വെള്ളിയാഴ്ചത്തേയും പോലെ പതിനെട്ട് വയസ്സിനു താഴെയുള്ള ചെറുവാല്യക്കാരുടേ കൂത്താട്ടമായിരുന്നു ബസ്സ്റ്റാന്റില്‍..
ബാല്യം കഴിഞ്ഞു..യൗവനത്തിലെത്തീട്ടുമില്ല..ബഹളം തന്നെ..ക്ലബില്‍ നിന്നുള്ള വരവാണ്.

"ബസില്‍ പോണോടേയ്..ടാക്സി പിടിയ്ക്കണോ"..ഞാന്‍ സംശയിച്ചു..
"നില്ലെടാ..എന്തിനാ വെറുതേ കാശുകളയുന്നേ..അവര്‍ ബസിന്റെ മുകള്‍‌നിലയില്‍ കയറിയിരുന്നോളും..നമുക്കിതില്‍ പോകാംടാ"

ഒരു ബഹളം തുടങ്ങി..എപ്പോഴുമങ്ങനെയാണ്..ഈ പെണ്ണുങ്ങളുടെ ബഹളം..അലര്‍ച്ച കൂവല്‍...

You are a fuckin' basterd..racist..you fuck..you racist..

ഒരു പെണ്ണു നിന്ന് അലറുന്നു..എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി
ഒരു വെള്ളക്കാരിപ്പെണ്ണുതന്നെ..വേറൊരു വെള്ളക്കാരിപ്പെണ്ണിനോടാണ് ..
ചീത്ത വിളിയ്ക്കുന്നവളുടെ കൂടെ കുറേപ്പേരുണ്ട്..ചീത്തവിളി കൊള്ളുന്നവള്‍ ഒറ്റയ്ക്കും..അല്ല അവളുടെ ബോയ്ഫ്രണ്ട് ഓടിയടുത്തുവന്നു..അവനും വെള്ള
ചീത്തവിളി തുടരുന്നു..

You RACIST..Fuckin' RACIST..YOU are a RACIST..basterd..

ചീത്തവിളി കേള്‍ക്കുന്നവള്‍ ദേഷ്യം കൊണ്ട് വിറയ്ക്കുന്നു..വിളിയ്ക്കുന്നവള്‍ അത്ര ദേഷ്യത്തിലല്ല
വിളി കേള്‍ക്കുന്നവളെ കാമുകന്‍ ആശ്വസിപ്പിയ്ക്കുന്നു..
Behave yourself..dont worry..stay calm..അവന്‍ അവളെ കെട്ടിപ്പിടിച്ചു

I AM NOT RACIST അവള്‍ അലറി..

NO YOU ARE A RACIST..FUCKING RACIST..
കൂടെ നില്‍ക്കുന്ന കറുപ്പും വെള്ളയുമായ ബാല്യക്കാര്‍ ഒരുമിച്ച് പാടി..
FUCKING RACIST..FUCKING RACIST..

I am not a racist.. അവള്‍ കരഞ്ഞുകൊണ്ട് കാമുകനോട് പറഞ്ഞു..നിലവിളിച്ചുകൊണ്ട് അവന്റെ നെഞ്ഞില്‍ ചാഞ്ഞു..

We are not Racists.. കാമുകന്‍ പറഞ്ഞു..
You are not..SHE IS..

NO NO No I am NOT..അവള്‍ നിലവിളിച്ചു..

ബസ് വന്നതില്‍ നിലവിളിയ്ക്കുന്ന അവളേയും കൊണ്ട് കാമുകന്‍ കയറി..പിറകീന്ന് ഒരു ചെറിയ കടലാസ് ചുരുട്ടി ചീത്ത വിളിച്ചുകൊണ്ടിരുന്ന വെള്ളക്കാരി അവരെ എറിഞ്ഞു..She is a fucking racist..ബസിലിരുന്നവരോട് അവള്‍ വിളിച്ചു പറഞ്ഞു..

കാര്യോന്നുമില്ല..ചീത്ത വിളിച്ചുകൊണ്ടിരുന്നവളുടെ കറുപ്പന്‍ കാമുകനേപ്പറ്റി എന്തോ മറ്റവള്‍ കുറ്റം പറഞ്ഞു....

ഇത് നടന്ന സംഭവം.. 20/10/2007 ശനിയാഴ്ച രാത്രി..

19/10/2007, വെള്ളിയാഴ്ച ,

എന്താണ് ജയിംസ് വാട്സണ്‍ പറഞ്ഞത് ?

ഡീ എന്‍ ഏ യുടേ ഇരട്ടപിരിയന്‍ കോണി രൂപം കണ്ടുപിടിച്ചവരിലൊരാളാണ് ജയിംസ് വാട്സണ്‍.അതിനായി അദ്ദേഹത്തിന് നൊബേല്‍ സമ്മാനം കിട്ടുകയുമുണ്ടായി..



വിവാദങ്ങള്‍ അദ്ദേഹത്തിനു പുത്തരിയല്ല..സ്വവര്‍ഗ്ഗാനുരാഗികളേയും സ്ത്രീകളേയും ഒക്കെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ലോകത്തെമ്പാടും വിവാദത്തീയുയര്‍ത്തിയിട്ടുണ്ട്..
സണ്‍‌ഡേ ടയിംസിനു അദ്ദേഹം നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വിവാദമായത്..


(I) "inherently gloomy about the prospect of Africa" because "all our social policies are based on the fact that their intelligence is the same as ours – whereas all the testing says not really."
(ആഫ്രിക്കയുടെ പുരോഗതിയില്‍ ഞാന്‍ വളരെ വിഷാദവാനാണ്..കാരണം നമ്മുടേ എല്ലാ സാമൂഹ്യ പരിഷ്കരണ രീതികളും അവരുടെ ബുദ്ധിശക്തി നമ്മുടേതിനു തുല്യമാണ് എന്ന രീതിയിലാണ് നടപ്പിലാക്കുന്നത്....പക്ഷേ എല്ലാ പരീക്ഷണങ്ങളും തെളിയിയ്ക്കുന്നത് അങ്ങനെയല്ല എന്നാണ്..)

II) There is no firm reason to anticipate that the intellectual capacities of peoples geographically separated in their evolution should prove to have evolved identically,"
(ഭൂമിശാസ്ത്ര പരമായി വേര്‍പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളുടെ ബൗദ്ധിക നിലവാരം പരിണാമപരമായി ഒരേരീതിയിലാണ് പരിണമിച്ച് വന്നതെന്നത് പ്രതീക്ഷിയ്ക്കാന്‍ പറ്റുകയില്ല.)

III) "Our wanting to reserve equal powers of reason as some universal heritage of humanity will not be enough to make it so."

വാട്സണ്‍ തന്മാത്രാ ജീവശാസ്ത്രത്തിലെ വലിയൊരു ശാസ്ത്രജ്ഞനാണ്. ഡീ എന്‍ ഏ യുടെ ഇരട്ടപിരിയന്‍ കോണി രൂപം കണ്ടുപിടിച്ചവരിലൊരാളാണ് ..അതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞതിനെന്തെങ്കിലും ശാസ്ത്രീയമായ അടിസ്ഥാനമുണ്ടൊ എന്നു പരിശോധിയ്ക്കാം.

(I) "inherently gloomy about the prospect of Africa" because "all our social policies are based on the fact that their intelligence is the same as ours – whereas all the testing says not really."

(ആഫ്രിക്കയുടെ പുരോഗതിയില്‍ ഞാന്‍ വളരെ വിഷാദവാനാണ്..കാരണം നമ്മുടേ എല്ലാ സാമൂഹ്യ പരിഷ്കരണ രീതികളും അവരുടെ ബുദ്ധിശക്തി നമ്മുടേതിനു തുല്യമാണ് എന്ന രീതിയിലാണ് നടപ്പിലാക്കുന്നത്.പക്ഷേ എല്ലാ പരീക്ഷണങ്ങളും തെളിയിയ്ക്കുന്നത് അങ്ങനെയല്ല എന്നാണ്..)

ഇതില്‍ അദ്ദേഹം വിഷാദവാനാണ് എന്നുള്ളതവിടെ നില്‍ക്കട്ടെ. അവരുടേ ബുദ്ധിശക്തി അദ്ദേഹത്തിന്റേതിനു തുല്യമണോ അല്ലയോ എന്നതാണിവിടെ വിഷയം..എന്താണ് ബുദ്ധി ശക്തി?

ലോകമമ്പാടും പാശ്ചാത്യ ശാസ്ത്ര ഗവേഷകര്‍ ഒരു നിര്‍‌വചനം നല്‍കാന്‍ പണിപ്പെടുന്ന വിഷയമാണത്.ഒരു പ്രത്യേക അളവുകോലോ, അളവുരീതിയോ ഒന്നും ബുദ്ധിശക്തിയ്ക്ക് കുറ്റമറ്റതായില്ല. സമൂഹങ്ങളിലൂടെയും കാലഘട്ടങ്ങളിലൂടേയും അവസ്ഥാവ്യതിയാനങ്ങളിലൂടെയും ബുദ്ധിശക്തിയുടെ നിര്‍‌വചനം മാറിക്കൊണ്ടേയിരിയ്ക്കും.ബുദ്ധിശക്തി എന്ന പൊതുപദം ഉപയോഗിയ്ക്കുന്നതിനു പകരം ഓരോ മേഖലകളിലെ കഴിവുകളെ അളക്കുകയാണ് കൊഗ്നിറ്റീവ് മനഃശാസ്ത്രത്തിലെ പൊതുവേ അംഗീകരിയ്ക്കപ്പെട്ട രീതികളിലൊന്ന്.

പറഞ്ഞത് വാട്സണൊ ആരൊ ആകട്ടേ..അതുകൊണ്ട് തന്നെ എന്ത് പരീക്ഷണം നടത്തിയാലും ഒരാളെ മറ്റൊരാളുടെ ബുദ്ധിയുമായി താരതമ്യപ്പെടുത്താനാകില്ല.ഭാഷാജ്ഞാനം കൂടുതലുള്ളയാളുടേ ബുദ്ധി ഗണിതത്തില്‍ പ്രാവീണ്യമുള്ളയാളുടെ ബുദ്ധിയുമായി താരതമ്യപ്പെടുത്തുന്നതെങ്ങനെ.? അതായിരിയ്ക്കില്ല ഒരു കവിയുടേ ബുദ്ധി. സംഗീതജ്ഞന് വേറൊരുതരം ബുദ്ധിയായിരിയ്ക്കും..അപ്പൊ വാട്സണ്‍ പറഞ്ഞത് ശാസ്ത്രമാകുന്നില്ല.

"whereas all the testing says not really." "പക്ഷേ എല്ലാ പരീക്ഷണങ്ങളും തെളിയിയ്ക്കുന്നത് അങ്ങനെയല്ല എന്നാണ്"
എന്നു പറഞ്ഞതിനു ഇന്നുവരെ ഒരു തെളിവു നല്‍കാന്‍ വാട്സണു കഴിഞ്ഞിട്ടുമില്ല.എന്ത് പരീക്ഷണങ്ങള്‍? ആരു നടത്തി?

വാട്സണ്‍ അടുത്തതായി പറഞ്ഞത്..
II) There is no firm reason to anticipate that the intellectual capacities of peoples geographically separated in their evolution should prove to have evolved identically,"

(ഭൂമിശാസ്ത്ര പരമായി വേര്‍പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളുടെ ബൗദ്ധിക നിലവാരം പരിണാമപരമായി ഒരേരീതിയിലാണ് പരിണമിച്ച് വന്നതെന്നത് പ്രതീക്ഷിയ്ക്കാന്‍ പറ്റുകയില്ല.)

വളരെ ശരിയാണെന്ന് ആദ്യനോട്ടത്തില്‍ തോന്നുന്ന കാര്യം..അതായത് വാട്സണ്‍ പറയുന്നത് പരിണാമപരമായി ബുദ്ധിശക്തിയുടേ കാര്യത്തില്‍ (ഭൂമിശാസ്ത്രപരമായി വേറിട്ട് കിടക്കുന്നത് കാരണം) മനുഷ്യരാരും ഒരുപോലെയല്ല.ഇപ്പറഞ്ഞതില്‍ വാട്സണോട് നമുക്ക് യോജിയ്ക്കാം. പക്ഷേ എന്തിനു നാം ഒരു പോലെയാകണം?

പക്ഷേ ലക്ഷക്കണക്കിനു കൊല്ലങ്ങളായി മനുഷ്യന്‍ പരിണാമപമായി ആര്‍ജ്ജിച്ചെടുത്ത കഴിവുകള്‍, ‍എന്തിനാണൊ ആ കഴിവുകള്‍ ആര്‍ജ്ജിച്ചത് അതിന്റെ യദാര്‍ത്ഥ ഉദ്ദേശത്തിനല്ല ഇന്ന് ഉപയോഗിയ്ക്കുന്നത്. സാംസ്കാരികപരിണാമം കഴിവുകളുടെ ഉപയോഗത്തിലും വിന്യാസത്തിലും വളരെയേറിയ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു. അത് കൊണ്ട് തന്നെ മനുഷ്യന്റെ ഇന്നത്തെ പരിണാമം സാധാരണ ജന്തുവര്‍ഗ്ഗങ്ങളുടേതില്‍ നിന്ന് വേറിട്ട ഒന്നായിത്തന്നെ കാണണം.

ഉദാഹരണത്തിന് മരുഭൂമിയിലെ ജീവിതം വളരെ കുറഞ്ഞ ജലവിനിയോഗം കൊണ്ട് തന്നെ ജീവിയ്ക്കാന്‍ ഒരു മനുഷ്യജാതിയെ പ്രാപ്തനാക്കിയെന്നിരിയ്ക്കട്ടേ.അത് എപ്പോഴും മരുഭൂമിയില്‍ തന്നെ ഉപയോഗപ്പെടണമെന്നില്ല. ചിലപ്പോള്‍ നടുക്കടലില്‍ പെട്ടാലായിരിയ്ക്കും ആ ഗുണം ഉപയോഗപ്പെടുക. അതുപോലെ തന്നെ വന്യമായ ജീവിതംകൊണ്ട് വളരെ വേഗതയേറിയ റിഫ്ലക്സുകള്‍ ആര്‍ജ്ജിച്ച ഒരു മനുഷ്യജാതി ഉണ്ടെന്നിരിക്കട്ടേ അത് ചിലപ്പോള്‍ കാട്ടിലല്ല ഒരു നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുമ്പോഴായരിയ്ക്കും ആവശ്യമാകുക.(മാനസികമായ കഴിവുകള്‍ പരിണാമപരമായി, തിരഞ്ഞെടുക്കപ്പെട്ടവയുടെ അതിജീവനത്താല്‍ ആര്‍ജ്ജിച്ചെടുക്കുവാന്‍ ആവശ്യമായ സമയമെത്ര എന്ന ചര്‍ച്ച അവിടെ ഉയര്‍ന്നു വരുകയും ചെയ്യും.)

മറ്റൊരു ഉദാഹരണമായി ഇതെഴുതുന്ന എന്നെത്തന്നെയെടുക്കാം..വേറേതൊരു വന്യ ജന്തുവര്‍ഗ്ഗമായിരുന്നെങ്കിലും ഞാനെന്ന വ്യക്തിയുടെ ജനിതക രൂപം അടുത്ത തലമുറയിലേയ്ക്ക് പകരുന്നത് ഏതാണ്ട് അസാധ്യമായേനേ.(എനിയ്ക്ക് സന്തതി ഉത്പ്പാദന ശേഷി ഉണ്ട് എന്ന ഊഹത്തിലാണ് ഇതെഴുതുന്നത് ..ഇന്നുവരെ പരീക്ഷിച്ചിട്ടില്ല:) ഏതാണ്ട് ബാല്യത്തില്‍ തന്നെ ഹൃസ്വദൃഷ്ടി ബാധിച്ച് ഇന്ന് കണ്ണടയില്ലെങ്കില്‍ ഏതാണ്ട് സാധാരണജീവിതം അന്യമായ ഞാനെന്ന വ്യക്തി, പ്രകൃതി എന്നെ എവിടെയാണോ ജീവിയ്ക്കാനുദ്ദേശിച്ചത്, (സ്വാഭാവികമായ ഇരപിടിയന്മാരുള്ള സ്ഥലത്ത്..കാട് പുല്‍‌പ്രദേശം എല്ലാമാകാം..) അവിടെ ജീവിച്ചാല്‍ ബാല്യം കടന്നു കിട്ടുകയില്ല എന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണല്ലോ.അതായത് വാട്സണ്‍ പറഞ്ഞത് വച്ച് നോക്കിയാല്‍ (ഭൂമിശാസ്ത്രപരമായ പരിണാമത്താല്‍ ആര്‍ജ്ജിച്ച കഴിവുകള്‍ ഇല്ലാത്തത്) എന്നെപ്പോലെ കോടിക്കണക്കിനു പേര്‍ ഇന്ന് ജീവിയ്ക്കേണ്ടവരല്ല.

അവരിന്ന് ജീവിയ്ക്കുന്നത് മനുഷ്യന്റെ പരിണാമം ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറത്ത് കടന്ന് ഭൗതികപരിണാമത്തെക്കാള്‍ സാംസ്കാരിക പരിണാമത്തിനെ വരിച്ചതു കൊണ്ടാണ്. അതിന്റെ വേഗം ഏത് പ്രകൃതിക രീതിയേയും അതിശയിയ്ക്കുന്നതുമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഭൂമിശാസ്ത്രപരമായ പരിണാമത്തിന് മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ വലിയ പ്രസക്തിയില്ലാതെയായിത്തീര്‍ന്നിരിയ്ക്കുന്നു.അല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായ പരിണാമത്തിന്റെ പരിമിതികളെ മറികടക്കുവാന്‍ മനുഷ്യനു കഴിഞ്ഞിരിയ്ക്കുന്നു.ഒരൊറ്റ ജീവിവര്‍ഗ്ഗമായിട്ടുതന്നെ..അല്ലാതെ കാപ്പിരിയും വെളുമ്പനും മഞ്ഞനും ആയിട്ടല്ല.

അപ്പൊ വാട്സണ്‍ പറഞ്ഞ രണ്ടാം കാര്യവും പ്രസക്തിയില്ലാത്തതാകുന്നു.

എന്നാലും ശരാശരി ഐ ക്യൂ വും തൊലിനിറവും തമ്മിലുള്ള ബന്ധത്തെപ്പെറ്റി ധാരാളം പഠനങ്ങള്‍ പാശ്ചാത്യലോകത്ത് പ്രത്യേകിച്ച് അമേരിയ്ക്കയില്‍ നടക്കുന്നുണ്ട്. അതില്‍ ശരാശരി കറുത്തവരുടെ ഐ ക്യൂ ശരാശരി വെളുത്തവരുടേതില്‍ നിന്ന് അല്പ്പം കുറവായി കണ്ടിട്ടുമുണ്ട്.(ശരാശരി ശ്രദ്ധിയ്ക്കുക.) പക്ഷേ അമേരിയ്ക്കന്‍ മനശാസ്ത്ര അസോസിയേഷന്‍ അത് ആഫ്രിയ്ക്കന്‍ പാരമ്പര്യമോ ജനിതകമാറ്റങ്ങളൊ കൊണ്ടല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അത് പൂര്‍ണ്ണമായും ജീവിതപരിതസ്ഥിതികളുടെയും സാമ്പത്തിക വ്യത്യാസങ്ങളുടേയും ഉല്പ്പന്നമാണെന്നാണ് അവര്‍ പറയുന്നത്. റിച്ചാഡ് നിസ്ബറ്റിനെപ്പോലെയുള്ള പ്രമുഖ മനഃശാസ്ത്ര ഗവേഷകരും അത് ശരിവയ്ക്കുന്നു.

( എണ്ട്രന്‍സ് പരീക്ഷ പാസായി മെഡിയ്ക്കല്‍ കോളേജുകളിലേയും എഞ്ജിനീയറിംഗ് കോളേജുകളിലേയും മെറിറ്റ് സീറ്റുകളില്‍ പ്രവേശനം ലഭിയ്ക്കുന്നവരില്‍ സിംഹഭാഗവും സമൂഹത്തിലെ സാമ്പത്തികനിലവാരം ഉയര്‍ന്നവരുടെ മക്കള്‍ക്കാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞതായി ഓര്‍ക്കുന്നു..(ഇതിനു സൈറ്റേഷന്‍ ഇല്ല ഉള്ളവര്‍ അറിയിയ്ക്കുക.:)‍
ഇനിയെന്നാണാവോ സമൂഹത്തിലെ ഉയര്‍ന്ന ഇടത്തരക്കാര്‍ക്ക് ജനിതകപരമായി ഭീകരബുദ്ധിയുള്ളത്കൊണ്ടാണ് അങ്ങനെയുണ്ടായെതെന്ന് തെളിയിയ്ക്കാന്‍ ഒരു വാട്സന്‍ വരുന്നത്?‌)

ഈ ജീവിതപരിതസ്ഥിതിയേയും സാമ്പത്തികത്തേയും കുറിച്ചൊക്കെ അറിയണമെങ്കില്‍ നാം അമേരിയ്ക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതത്തെപ്പെറ്റി മനസ്സിലാക്കണം. 1863 ല്‍ എബ്രഹാം ലിങ്കണ്‍ അടിമത്തം നിയമം മൂലം നിരോധിച്ചെങ്കിലും ഒരു നൂറു കൊല്ലം കൂടി സാമ്പത്തികമായ അടിമത്തം തുടരുക തന്നെ ചെയ്തു.1964ലാണ് അമേരിയ്ക്കയില്‍ പൊതുജനാവകാശ നിയമം നടപ്പിലാക്കുന്നത്.അതുവരെ കറുത്തവര്‍ക്ക് നിയമ പരിരക്ഷ പോലുമുണ്ടായിരുന്നില്ല.

സാമ്പത്തികമായി ഇന്നും ഭൂരിഭാഗവും അത്ര നല്ല നിലയിലല്ല ഇന്നും.2004 ലെ കണക്കു പ്രകാരം ഏതാണ്ട് ഇരുപത്തഞ്ച് ശതമാനം പേരും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. ഒരു ശരാശരി വെള്ളക്കാരന്‍ കുടുംബത്തിന്റെ വരുമാനം 53,356 ഡോളര്‍ ആയീയ്ക്കുമ്പോള്‍ കറുത്തവന്റെ കുടുംബ ശരാശരി വരുമാനം 33,255 ഡോളര്‍ മാത്രമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞ്പോക്ക് അവരിലാണ് ഏറ്റവും കൂടുതല്‍ കാണുന്നത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളില്ലാത്തതുകൊണ്ട് തന്നെ യുവാക്കളിലെ തൊഴിലില്ലായ്മയും താരതമ്യേന കുറവാണ്. ഏഷ്യന്‍ അമേരിക്കക്കാരേക്കാളും കുറവാണ് കറുത്തവരുടെ വരുമാനം.

(കറുത്ത സായിപ്പിന് കൊടുക്കാത്തതും വെളുത്ത സായിപ്പിന് ചെയ്യാന്‍ മടിയായതുമായ പല ജോലികളും അമേരിയ്ക്കയില്‍ പഠിയ്ക്കാനായി പോകുന്ന മലയാളിയ്ക്ക് കിട്ടുമെന്ന്,പണ്ടത്തെയേതോ മാതൃഭൂമി ഉപരിപഠനം വാര്‍ഷികപ്പതിപ്പില്‍ അമേരിയ്ക്കന്‍ ഉപരിപഠന സാധ്യതകളേപ്പറ്റി മധു എസ് നായര്‍ എഴുതിയ ഒരു ലേഘനത്തില്‍ തമാശ രൂപേണ പരാമര്‍‍ശിച്ചത് ഓര്‍മ്മ വരുന്നു.)

അതേ സമയം തന്നെ അവര്‍ അവരുടെ ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ അമേരിയ്ക്കന്‍ ജീവിതത്തിനു നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണ്‍.ഒരുപക്ഷേ ഏതൊരു കൂട്ടരേക്കാളും കൂടുതല്‍.കല , സാഹിത്യം, സംഗീതം, ഭാഷ, കൃഷി, സാങ്കേതികവിദ്യ , ശാസ്ത്രം തുടങ്ങി എല്ലാമേഖലകളിലും എണ്ണമറ്റ സംഭാവനകള്‍ അവര്‍ ലോകത്തിനു നല്‍‍കിയിട്ടുണ്ട്.

ഇത്തരം ശാസ്ത്രീയ വര്‍ണ്ണവിവേചന സിദ്ധാന്തങ്ങളുമായി നടക്കുന്നത് വാട്സണ്‍ മാത്രമല്ല.കൃസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഭിഷഗ്വരനായ ഗാലന്‍ മുതല്‍ ഇന്ന് വാട്സണ്‍ വരെയെത്തിനില്‍ക്കുന്ന അവരുടെ ചരിത്രത്തില്‍ ലോകത്തെമ്പാടും പകയുടേയും വെറുപ്പിന്റേയും വിഷം വിതച്ച് കടന്നുപോയവരൊത്തിരിയുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ കറുത്തവന്റെ ബുദ്ധിശക്തി താരതമ്യപ്പെടുത്താന്‍ വെളുത്തവന് കൗതുകം തോന്നിയതുമാണ്. അവനതന്നേ തുടങ്ങിയതമാണ്.

വാട്സണും ഗാലനുമിടയിലെവിടെയോ കോടാനുകോടി ശവങ്ങള്‍ക്കിടയില്‍ നിന്ന് സ്വയം വെടിവച്ച് ചിരിച്ച, ലോകത്തിലെ മുഴുത്ത ദ്രോഹികളിലൊരാളായ അഡോള്‍ഫ് ഹിറ്റ്ലറുമുണ്ട്.

ഇനി അല്പ്പം ജനിതകമാവാം.ഡീ എന്‍ ഏ യുടെ രൂപത്തിന്റെ കണ്ടുപിടിത്തം വഴി ജനിതകത്തിന്റെ തലതൊട്ടപ്പനായ വാട്സണ് പുത്തന്‍ ജനിതക പഠനങ്ങളേപ്പെറ്റി അറിവുണ്ടാകാതെയിരിയ്ക്കില്ല.ലോകത്തുള്ള എല്ലാ മനുഷ്യരിലേയും 99.99 ശതമാനം ജീനുകളും ഒരുപോലെയാണെന്ന് ജനിതക പഠനങ്ങള്‍ വഴി കണ്ടെത്തിയിട്ടുണ്ട്. അപ്പോ രണ്ട് മനുഷ്യര്‍ തമ്മില്‍ ഒരു 0.1 ശതമാനം ജനിതകരൂപത്തില്‍ വ്യത്യാസമുണ്ടാകാമല്ലോ..പക്ഷേ അതില്‍ത്തന്നെ 85 ശതമാനം വ്യത്യാസങ്ങളും ഒരേ മനുഷ്യ ജാതികള്‍ക്കുള്ളില്‍‍ത്തന്നെ കാണാന്‍ കഴിയും.(ഉദാ. വെളുത്തവനും വെളുത്തവനും തമ്മില്‍) രണ്ട് ജാതികളെടുത്താല്‍ 8 ശതമാനത്തോളം വ്യത്യാസങ്ങളേ കാണുന്നുള്ളൂ..അതായത് കറുമ്പനും വെളുമ്പനും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ ജനിതകവ്യത്യാസം വെളുമ്പനും വെളുമ്പനും തമ്മിലുണ്ടായേക്കാം.

പക്ഷേ ഇവിടെയൊക്കെ നാം വെറുതേ ശാസ്ത്രത്തെ കൂട്ടുപിടിയ്ക്കുന്നത് അനാവശ്യമാണെന്ന് തെളിയിച്ച് കൊണ്ട് വാട്സണ്‍ ഇങ്ങനേയും പറഞ്ഞത്രേ

"എല്ലാവരും തുല്യരെന്ന് നമുക്ക് ആഗ്രഹിയ്ക്കാം" "കറുത്ത വര്‍ഗ്ഗക്കാരായ തൊഴിലാളികളുമായി ഇടപെടേണ്ടി വരുന്ന ആള്‍ക്കാര്‍ക്ക് ഇത് ശരിയല്ലെന്ന് മനസ്സിലാക്കാം."

"വളരെയധികം സാമര്‍ഥ്യമുള്ള കറുത്തവര്‍ ഉണ്ടാകാം.പക്ഷേ അവര്‍ താണനിലയില്‍ നേട്ടം കൈവരിച്ചില്ലെങ്കില്‍ അവരെ ഉദ്യോഗക്കയറ്റം നല്‍കരുത് "

ആംഗലേയ സായിപ്പ് ഇതിനെതിരേ പ്രതികരിച്ചത് അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു. ലണ്ടന്‍ സയന്‍സ് മ്യൂസിയം വാട്സണ്‍ പറഞ്ഞതിനെ ശക്തമായി അപലപിയ്ക്കുകയുണ്ടായി.അയാളുടെ പ്രഭാഷണം സയന്‍സ് മ്യൂസിയത്തില്‍‍ വച്ച് നടത്താനിരുന്നത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.ലണ്ടന്‍ മേയര്‍ വാട്സന്റെ അഭിപ്രായങ്ങളിലെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് കൊണ്ട് പറഞ്ഞത് ലണ്ടന്‍ നഗരത്തെ നോക്കുവാനായിരുന്നു (ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ എത്നിക് ഡൈവേഴ്സിറ്റി ഉള്ള നഗരങ്ങളിലൊന്നാണിന്ന് ലണ്ടന്‍..സായിപ്പ് അതില്‍ അഭിമാനിയ്ക്കുകയും ചെയ്യുന്നുണ്ട്.). പത്രങ്ങളെല്ലാം വര്‍ണ്ണവെറിയ്ക്കെതിരെ മുന്നില്‍ വന്നു. വാട്സണെ അയാളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു തന്നെ സസ്പെന്റ് ചെയ്തു..

എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഇയാളിത് വെറുതേയങ്ങ് പറഞ്ഞതല്ല. അമേരിയ്ക്കന്‍ 2008 രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ ഹിലാരി മുന്നിലെത്തുമെന്ന് അഭിപ്രാ‍യ വോട്ടെടുപ്പുകള്‍ പറഞ്ഞാലും ഒബാമ ചില്ലറ ഭീഷണിയല്ല അവര്‍ക്കുണ്ടാക്കുന്നത്. ചിലപ്പോ ഒരു കറമ്പന്‍ വെള്ളക്കുടിലില്‍ അന്തിയുറങ്ങാനും സാധ്യതയുണ്ട്. ഒബാമയുടെ വോട്ടുതേടല്‍ കറുത്തവരുടെയിടയിലെന്നതിനേക്കാള്‍ വെളുത്തവരുടെയിടയിലാണ് എന്നതുമോര്‍ക്കണം. അയാളെ ഒരു കറുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന രീതിയിലുമല്ല കൊണ്ട് വരുന്നത്. ഒരു വെള്ള വനിത വരുന്നത് കറമ്പന്‍ വരുന്നതിനേക്കാള്‍ നന്നായി വാട്സണെപ്പോലുള്ളവര്‍ക്ക് തോന്നുമെന്നതില്‍ സംശയമില്ല..ഇത്രയധികം മെനക്കെട്ട് ഇത്രയുമൊക്കെ പറയുന്നത് അവശേഷിയ്ക്കുന്ന വെള്ളവെറിയന്മാരെക്കൂടി ഒരുക്കൂട്ടി ഒബാമയുടെ രാഷ്ട്രപതിപദത്തിലേയ്ക്കുള്ള യാത്രയിലെ ചെറിയൊരു തടസ്സമെങ്കിലതാവട്ടേ എന്ന രീതിയിലാണോ..? കറമ്പന് ബുദ്ധിയില്ല ..പ്രതിസന്ധികളില്‍ തീരുമാനമെടുക്കാനാവില്ല എന്ന് പറഞ്ഞാല്‍ ആകെ പേടിച്ചിരിയ്ക്കുന്ന സാദാ അമേരിയ്ക്കക്കാരന്‍ വെളുമ്പന്‍ ഒരു റിസ്കെടുക്കില്ല എന്ന് അയാള്‍ക്ക് അറിയാവുന്നത് കൊണ്ടാണോ? പറയുന്നത് വാട്സണാവുമ്പോ അതും ആലോചിയ്ക്കണം.(ഇതെന്റെയൊരു വന്യ ഭാവനയാണ്....ഇതിനും സൈറ്റേഷനില്ല:).

ഈ വര്‍ണ്ണവെറിയ്ക്ക് മറുപടി പറയേണ്ടത് ശാസ്ത്രമല്ല. കോടതിയാണ്, നീതിവ്യവസ്ഥയാണ്.

പക്ഷേ ഞാനെന്തിന് ഇതിത്ര പാടുപെട്ട് എഴുതുന്നു.വാട്സണ് മറുപടി നല്‍കാന്‍ ഒത്തിരി മുഹമ്മദലിമാരും മൈക് ടൈസണ്മാരുമുണ്ട്. ഇതൊക്കെ അവരിലേ ചെന്നു നില്‍ക്കാവൂ എന്ന് വാട്സണ്മാര്‍ക്കും നിര്‍ബന്ധമുണ്ട്.

ഞാനെഴുതുന്നത് .മറ്റൊന്നിനുമല്ല..വാട്സണ് വയസ്സുകാലത്തുണ്ടായ ഈ വര്‍ണ്ണവെറി സ്ഖലനം നമ്മുടെ നാട്ടിലും ചിലര്‍ക്ക് ചിലപ്പോള്‍ മൂര്‍ച്ഛയുണ്ടാക്കിയേക്കാം എന്ന് തോന്നിയത് കൊണ്ട് മാത്രം.

ഇതൊന്നും ആര്‍ക്കും സംശയമുണ്ടകേണ്ട കാര്യമല്ല.പക്ഷേ മനസ്സിലുറച്ച് പോയ ചില വിശ്വാസങ്ങള്‍ എല്ലാം വിവേകത്തേയും മറികടന്ന് മുന്നിലെത്തിയേക്കാം അതുകൊണ്ടാണല്ലോ മഹാത്മാഗാന്ധി , "ഒരേ മരത്തില്‍ നിന്നുണ്ടായതെങ്കിലും ഇക്കാണുന്ന ഇലകളേല്ലാം പല രീതിയിലല്ലേ " എന്നു ചോദിച്ചത്.

"ഇലകളുടെ ചാറുപിഴിഞ്ഞെടുത്ത് നോക്കിയാല്‍ എല്ലാം ഒരുപോലെതന്നെ" എന്ന് അറിഞ്ഞയൊരാള്‍ മറുപടി പറയുകയും ചെയ്തു.








ആ മറുപടിയോട് ചേര്‍ത്ത് വയ്ക്കാനായിത്തന്നെ അദ്ദേഹം ഇങ്ങനെയെഴുതി.


ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍


ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം


നര ജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താന്‍ എന്തുള്ളതന്തരം നരജാതിയില്‍?


(മനുഷ്യ ജാതിയില്‍ നിന്നു തന്നെ ബ്രാഹമണനും പിറക്കുന്നു.പറയന്‍ , താന്‍ എന്നൊക്കെ എന്തന്തരമാണുള്ളത്?)

പറച്ചിയില്‍ നിന്നുപണ്ടു പരാശരമഹാമുനി പിറന്നൂ
പിറന്നൂ മറസൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍


(പരാശര മഹാമുനി പറച്ചിയുടേ പുത്രനാണ്. വേദം പകുത്ത മുനി(വേദവ്യാസ മഹര്‍ഷി) മുക്കുവത്തിയുടേ പുത്രനാണ്)

ഇല്ല ജാതിയിലൊന്നുണ്ടൊ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ

ഗുരു ഇങ്ങനേയും എഴുതുന്നു.

പുണര്‍ന്നു പെറുമെല്ലാമൊരിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊരിണയഅര്‍ന്നൊത്ത് കാണ്മതും..


(കെട്ടിപ്പിടിച്ച് ഇണചേര്‍ന്ന് പ്രസവിയ്ക്കുന്നവയെല്ലാം ഒരിനമായി കണക്കാക്കാം. ഇണചേരാത്തവയെ ഒരിനമായി കാണാനാകില്ല. )

പൊളിചൊല്ലുന്നിനം ചൊല്‍‌വതിഴിവെന്ന് നിനയ്ക്കയാല്‍
ഇഴിവില്ലിനമൊന്നാണു പൊളി ചൊല്ലരുതാരുമേ


(കൃത്രിമമായി ഉണ്ടാക്കിപ്പറയുന്ന ജാതി പറയുന്നത് പതനത്തിനു കാരണമാകയാല്‍ ആരും കൃതിമ സങ്കല്പ്പങ്ങളുണ്ടാക്കി കള്ളം പറയരുത്)

അറിവാം കരുവാന്‍‌ചെയ്ത കരുവാണിനമോര്‍ക്കുകില്‍
കരുവാര്‍ന്നിനിയും മാറിവരുമീവന്നതൊക്കെയും

(അഖണ്ഡബോധസ്വരൂപനായ പണിക്കാരന്‍ സ്വപ്രകൃതിയെ ഇളക്കിവിട്ടുണ്ടായ പല പല പണിത്തരങ്ങളാണീ പല പല വര്‍ഗ്ഗങ്ങള്‍..അതിങ്ങനെ ഇനിയും മാറി മാറി വന്നുകൊണ്ടിരിയ്ക്കും..)

(ജാതിലക്ഷണം. ശ്രീനാരായണഗുരു)

അതുകൊണ്ട് ..

ഒരുപീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ-
കരുണാകര! നല്‍കുകുള്ളില്‍ നിന്‍ തിരുമെയ് വിട്ടകലാതെ ചിന്തയും..


( കരുണാ സമുദ്രമായ ഭഗവാനേ, എന്നില്‍ നിന്നും ഒരെ‍റുമ്പിനു പോലും വേദനയുണ്ടാക്കാന്‍ ഇടയാകരുത് എന്ന രൂപത്തിലുള്ള കാരുണ്യവും എല്ലായ്പ്പോഴും അങ്ങയുടെ ദിവ്യരൂപം ഹൃദയത്തില്‍ നിന്ന്‍ മറന്ന് പോകാത്ത വിധമുള്ള സ്മരണയും തന്നനുഗ്രഹിയ്ക്കുക.)

(അനുകമ്പാദശകം : ശ്രീനാരായണ ഗുരു)


ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

----------------------------------

ഇതുകൊണ്ട് ശാന്തിയാവാത്തവര്‍ക്കായി റഫറന്‍സുകള്‍1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20,21,22,23

Monday, August 27, 2007

ഓണാശംസകള്‍


പൂക്കളം : അവലംബം

Thursday, July 26, 2007

സാക്ഷീ....ലാല്‍ സലാം

൧൯൯൬ ൨൦൦൧ ബാച്ചിലാണ് ഞങ്ങള്‍ സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷന്റെ റേഡിയോളജി വകുപ്പിലേയ്ക്ക് കാലെടുത്ത് കുത്തുന്നത്. ഫിസിക്സ് അധ്യാപകന്‍ ആയ പ്രൊഫസര്‍ പീ കേ പൗലോസ് സാറായിരുന്നു ആ വകുപ്പിലെ അന്നത്തെ തലവന്‍.
അദ്ദേഹം യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കാതെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ ഞങ്ങളെ നോക്കി..
ഒരു ദിനം മെച്ചപ്പെട്ട ഒരു ജോലി കിട്ടിയപ്പോള്‍ ‍അദ്ദേഹം അവിടം വിട്ടു പോയി.
പിന്നീട് , പഠിയ്ക്കുന്ന വിഷയവുമായി ബന്ധമുള്ള ഏതെങ്കിലും യോഗ്യതയുള്ള ഒരാള്‍ എച് ഓ ഡീ ആയി ഇല്ലാതെ കുറെ മാസം(വര്‍ഷം??) ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് ഓടി.അമ്മമാരുടെ കെട്ടുതാലിവരെ പണയം വച്ച് യൂണിവേഴ്സിറ്റിയ്ക്കുള്ള ഫീസ് മുടങ്ങാതെ കൊടുക്കുന്നുണ്ടായിരുന്നു.സഹികെട്ട് ഞങ്ങള്‍ സമരം ചെയ്തു.
എഞ്ചിനില്ലാത്ത തീവണ്ടിയെപ്പോലെ ഞങ്ങളുടെ വകുപ്പോടുന്നു എന്നായിരുന്നു പോസ്റ്ററുകളിലെ മുദ്രാവാക്യം..യോഗ്യതയുള്ള ആള്‍ക്കാര്‍ യൂണിവേഴ്സിറ്റി നല്‍കുന്ന നക്കാപ്പിച്ചാ ശമ്പളത്തിന് താല്‍ക്കാലിക തസ്തികയിലേയ്ക്ക് വരുന്നില്ല..ആളെ നിങ്ങള്‍ കണ്ടുപിടിച്ച് തരൂ എന്നായി യൂണിവേഴ്സിറ്റി..
മെനക്കെട്ട് ഗാന്ധിനഗറിലേയും കോട്ടയത്തേയും റേഡിയോളജിസ്റ്റുകളുടേയും റേഡിയേഷന്‍ ഓങ്കോളജിസ്റ്റുകളുടേയും വീട്ടുപടികള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കുറേ കയറിയിറങ്ങി..ഗതികേട്..ഒരു പാര്‍ട്ട് ടയിം എച് ഓ ഡീ ആയെങ്കിലും വന്നിരിയ്ക്കൂ..ഞങ്ങളെ പഠിപ്പിയ്ക്കൂ എന്ന് യാചിയ്ക്കാനായി..ആരും വന്നില്ല.
ഞങ്ങളെയന്ന് സഹായിയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല.പറഞ്ഞല്ലോ വസ്തുവിറ്റും കെട്ടുതാലി പണയം വച്ചുമൊക്കെ പഠിയ്ക്കാന്‍ വന്ന ഞങ്ങളൊക്കെ അന്ന് എല്ലാര്‍ക്കും ചതുര്‍ത്ഥിയായിരുന്നു. ബൂര്‍ഷ്വാ മൂരാച്ചികള്‍.
ബൂര്‍ഷ്വായല്ലാത്ത റവറെസ്റ്റേറ്റ് മൊതലാളിമാരുടേം അബ്കാരികളുടേം കുഞ്ഞുങ്ങളും ഒട്ടും ബൂര്ഷ്വായല്ലാത്ത യൂണിവേഴ്സിറ്റിയിലെ ഭരണവിഭാഗവും അമ്പതുസെന്റ് പണയക്കാരന്റേം(ഞാന്‍), പിയൂണിന്റേം, വില്ലേജസിസ്റ്റന്റിന്റേം ഒക്കെ മക്കളു പഠിയ്ക്കുന്ന കോഴ്സുകള്‍ പൂട്ടിക്കെട്ടിയ്ക്കാന്‍ നോക്കുവാരുന്നു..മറ്റ് കാര്യമൊന്നുമില്ല ആ സ്ഥാപനം തുടങ്ങിയ ഞങ്ങളുടെ അന്നത്തെ ഡയറക്ടറും ഏസ് ഏം ഈ യുടെ സ്ഥാപകനുമൊക്കെയായ പീ ജീ ആര്‍ സാറിനെ കണ്ടുകൂട അത്ര തന്നെ.
പീ ജീ ആര്‍ പിള്ള സാറിന്റേയും മറ്റു ചിലരുടേയും ശ്രമഫലമായി ഡോക്ടര്‍ സീ പീ മാത്യൂ സര്‍ ഞങ്ങളുടേ വകുപ്പ് തലവനായിരിയ്ക്കാം എന്നു സമ്മതിച്ചു.
ഡൊക്ടര്‍ സീ പീ മാത്യൂ എന്നത് ഞാന്‍ ഇന്ന് ലോകത്തിന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹാനായ ചികിത്സകന്‍, മഹാനായ ചിന്തകന്‍, ഗവേഷകന്‍...ഞങ്ങളുടേ ഗുരു....
ശമ്പളമോ, പദവിയോ ഒന്നും കണ്ടിട്ടല്ല അദ്ദേഹം ഞങ്ങളുടേ എച് ഓ ഡീ ആയത്. മെഡിയ്ക്കല്‍ കോളെജ് സൂപ്രണ്ടും റേഡിയേഷന്‍ ഓങ്കോളജി വകുപ്പ് തലവനും ആയിരുന്ന, ലോകമറിയപ്പെടുന്ന ഗവേഷകനായ അദ്ദേഹത്തിന് ഏതെങ്കിലും ഒരു സ്വകാര്യ ആശുപത്രിയില്‍ പേരു വയ്ക്കാന്‍ മാത്രം സമ്മതിച്ചാല്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം.അല്ലേല്‍ ലോകത്തുള്ള ഏതെങ്കിലും ഗവേഷണ സ്ഥാപനത്തിന്റെ തലവനാകാം.അതൊന്നും ആ മനുഷ്യന്റെ ചിന്താപഥത്തിലൂടോടുന്ന കാര്യങ്ങളല്ലായിരുന്നു.
ഇതൊന്നുമില്ലാത റിട്ടയര്‍ ചെയ്ത ശേഷം തുരുത്തിയിലെ വീട്ടില്‍ ചില്ലറ കൃഷിപ്പണിയും ചികിത്സയും പഠനവുമായി കഴിഞ്ഞയിടത്തു നിന്ന് ഞങ്ങളുടെ കുറച്ച് പേരുടെ മനസ്സിലേയ്ക്ക് വെളിച്ചമായി നടന്ന് കയറി..ഇന്നും നേര്‍‌വഴിയ്ക്ക് നടത്തുന്ന വിളക്കായിരിയ്ക്കുന്നു.
അദ്ദേഹം ചാര്‍ജെടുക്കാന്‍ വന്ന ദിവസം Radiology Department..Train without an Engine എന്നെഴുതി കാമ്പസ് മുഴുവന്‍ പതിച്ച പോസ്റ്ററുകളിലെ out എന്ന വാക്ക് തച്ചിനു നടന്ന് ഞങ്ങള്‍‍ മായിച്ചുകളഞ്ഞു.
അന്നു മുതല്‍ അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട്. ആ സാന്നിധ്യം മാത്രം മതി ജീവിതങ്ങള്‍ പ്രകാശമയമാകാന്‍.
കുറെ നാളായി ശാന്തമായിരിയ്ക്കുകയായിരുന്നു. അവിടേയ്ക്കാണ് സാക്ഷി പലയിടത്തുനിന്നും ചുരണ്ടിയ ചില വീഡിയോ ക്ലിപ്പിങ്ങുകളും കള്ളത്തരത്തിന്റെ കൊമ്പുമൊക്കെയായി കയറിവന്നത്..കൈരളി ടീ വി യിലെ സാക്ഷി എന്ന പരിപാടി തന്നെ..കഴിഞ്ഞയാഴ്ച ഞങ്ങളുടെ സീ പീ മാത്യൂ സാറായിരുന്നത്രേ ഒരു ഇര(ഞങ്ങള്‍ കണ്ടില്ല..ആ വിഷം ഇവിടെ കിട്ടില്ല..)
അദ്ദേഹം വയസ്സായ ശേഷവും യൂണിവേഴ്സിറ്റിയില്‍ ജോലിചെയ്യുന്നു എന്നതാണത്രേ അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. സാക്ഷിയ്ക്കറിയില്ലല്ലോ ഞങ്ങള്‍ കാലുപിടിച്ചിട്ടാണ് അദ്ദേഹം യൂണിവേഴ്സിറ്റിയില്‍ വന്നതെന്ന്.അല്ലെങ്കില്‍ അവനതറിയേണ്ട.
അറിയേണ്ട ഒന്ന് പറഞ്ഞ് തരാം സാക്ഷീ..കൊല്ലങ്ങള്‍ക്ക് മുന്‍പേ അര്‍ഹരായവരെ കണ്ട് പിടിച്ച് ഈ ജോലിയില്‍ നിന്ന് എന്നെ വിടുതല്‍ തരണമെന്ന് അദ്ദേഹം എഴുതിയ കത്ത് യൂണിവേഴ്സിറ്റിയുടേ ചിതലരിയ്ക്കാത്ത ഫയലുകളില്‍ ഇന്നുമുണ്ടാവും.കളഞ്ഞിട്ട് പോകാനുള്ള മനസ്സ് അദ്ദേഹത്തിനില്ലാത്തതുകൊണ്ട് മാത്രമാണ് ആ കത്തെഴുതിയത്.
കള്ള സാക്ഷിയെന്ന് പറയേണ്ടി വരുന്നതില്‍ വേദനയുണ്ട്....ആര്‍ക്കുവേണ്ടിയാണീ കള്ളസാക്ഷി പറയുന്നത് ...അരെ സുഖിപ്പിയ്ക്കാന്‍ ?
അദ്ദേഹം ചികിത്സിച്ച രോഗികളോ അവരുടേ ബന്ധുക്കളോ അദ്ദേഹത്തിന്റെ ക്ലാസ്സിലിന്നേവരെ ഒരു ദിനമെങ്കിലും പറയുന്നത് കേട്ടിരുന്നവരോ ഇതിനു മറുപടി പറയും..

ഞാനിവിടെ പറയുന്നു..

പിന്നെ അവര്‍ക്കൊന്നും കോഴപ്പണത്തിലൂടെ വിപ്ലവം വരുത്തുന്ന ചാനലുകളില്ലല്ലോ..

ലാല്‍ സലാം

Monday, July 09, 2007

ചതിക്കുഴികള്‍


ഒരിയ്ക്കല്‍ കോട്ടയത്ത് സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷനില്‍ പഠിച്ചിരുന്ന സമയത്ത് ഒരു ദിവസം കേരളത്തിലെ ഒരു പ്രമുഖ പത്രവമായി ഒരു സീനിയര്‍ എത്തി.
"ഹ ഹ..ഇതൊന്ന് നോക്കെടാ.."

ഒരു പരസ്യമായിരുന്നു അത്..കുറുവിലങ്ങാട്ടുള്ള , ക്രൈസ്തവ സന്യാസിനിമാര്‍ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ പരസ്യം..'പാരാ' മെഡിയ്ക്കല്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നു..താഴെയൊരു ചിത്രവുമുണ്ട്
'കുട്ടികളെ തലയുടേ എക്സ്റേ എടുക്കാന്‍ പഠിപ്പിയ്ക്കുന്നു' എന്ന് അടിക്കുറിപ്പ്..
യഥാര്‍ത്ഥത്തില്‍ അതിലെ ചിത്രം കയ്യുടെ എക്സ്റെ എടുക്കുന്നതായിരുന്നു
തീര്‍ച്ചയായും പൊസിഷനിംഗ് റേഡിയോഗ്രാഫിയിലെ അറിവ് വേണ്ട, സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും മനസ്സിലാവുന്ന ഒന്നാണാ അബദ്ധം.തീര്‍ച്ചയായും അവര്‍ക്ക് ഒരു അബദ്ധം പറ്റിയതാവാനേ വഴിയുള്ളൂ..പക്ഷേ അത്തരം സ്ഥാപനങ്ങളെപ്പറ്റി ഒരു കാര്‍ട്ടൂണ്‍ ആയെങ്കിലും കാണാവുന്ന ഒന്നാണ് ആ പരസ്യം എന്നെനിയ്ക്ക് തോന്നിയിരുന്നു.


അതിന്നു മുന്‍പേ തോന്നിയതാണ്..
നമ്മെ ആരാണ് ചികിത്സിയ്ക്കുന്നത്/ ആരാണ് നമ്മുടേ രോഗം നിര്‍ണ്ണയിയ്ക്കുന്ന പരിശോധനകള്‍ നടത്തുന്നത്?
ഈ ചോദ്യം ആദ്യം ചോദിയ്ക്കുന്നത് രണ്ടാം വര്‍ഷത്തില്‍ ജീവിതത്തിലെ ആദ്യ ക്ലിനിയ്ക്കല്‍ പോസ്റ്റിംഗ് തുടങ്ങിയപ്പോഴാണ്.
ഞങ്ങള്‍ക്ക് പോസ്റ്റിംഗ് കിട്ടിയ ആശുപത്രികളിലും രോഗപരിശോധനാ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നവരെല്ലാം എവിടെ നിന്ന് പഠിച്ചവരാണെന്നുള്ള ചോദ്യം നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ കയറിവരുന്ന നിരുപദ്രവകരമായ ഒരു അന്വേഷണമായിരുന്നു ..ആദ്യമൊക്കെ..
(പിന്നെ അത് ബോധപൂര്‍വം ചോദിയ്ക്കാന്‍ തുടങ്ങി:)

തൊണ്ണൂറു ശതമാനം ആള്‍ക്കാരും പ്രത്യേക പരിശീലനം ഒന്നുമില്ലാത്തവരായിരുന്നു എന്നത് പുത്തനൊരറിവായിരുന്നു..
അപ്പോള്‍ ഇതിന് കൗണ്‍സിലൊന്നുമില്ലേ..മെഡിയ്ക്കല്‍ കൗണ്‍‍സില്‍, ദന്തല്‍ കൗണ്‍സില്‍ ഒക്കെപ്പോലെ...?

ഫാര്‍മസി , നേഴ്സിംഗ് എന്ന ജോലികളൊഴിച്ച് അനുബന്ധ വൈദ്യ വിഷയങ്ങളില്‍ ജോലി ചെയ്യാന്‍ നിയമപരമായി ആര്‍ക്കും യാതൊരു തടസ്സങ്ങളൊന്നുമില്ല എന്ന അറിവ് പുതിയതായിരുന്നു.(ആര്‍ക്കും)
മാത്രമല്ല പല ആശുപത്രികളും അങ്ങനെ അക്കാഡമിക പ്രാഗല്‍ഭ്യം ഇല്ലാതെയുള്ളവര്‍ക്കാണ് ജോലിയ്ക്കായി മുന്‍ഗണന നല്‍കുക.ശമ്പളം കുറച്ച് നല്‍കിയാല്‍ മതിയല്ലോ .
എന്തുകൊണ്ടാണ് അത് സംഭവിയ്ക്കുന്നത്? കഴിവും അക്കാഡമിക പ്രാഗത്ഭ്യവുമുള്ളവര്‍ ഇല്ലാഞ്ഞിട്ടാണോ?

അന്ന് കേരളത്തില്‍ ആകെയുണ്ടായിരുന്ന കോഴ്സുകള്‍ മെഡിയ്ക്കല്‍ കോളേജില്‍ നിന്നുള്ള രണ്ട് വര്‍ഷ ഡിപ്ലോമയാണ്. പ്രീ ഡിഗ്രീ സയന്‍സ് വിഷയങ്ങള്‍ കഴിഞ്ഞ ശേഷം നല്‍കുന്ന ഡിപ്ലോമ. മെഡിയ്ക്കല്‍ കോളേജില്‍ നിന്ന് ആ വിഷയങ്ങളില്‍ ഡിപ്ലോമയും കഴിഞ്ഞിറങ്ങുന്നവരുടെ തൊഴിലില്ലായ്മ വളരെ കൂടുതലാണെന്ന് പിന്നീടാണ് മനസ്സിലായത്.

ആ ജോലിയിലുള്ളവര്‍ക്ക് കഴിവും പ്രാഗത്ഭ്യവും വേണ്ടാഞ്ഞാണോ?
റേഡിയോളജി, മൈക്രോ ബയോളജി, ലബോറട്ടറി സയന്‍സ്, ബയോ കെമിസ്ട്രി ഫിസിയോതെറാപ്പി ഒപ്റ്റോമെട്രി.....തുടങ്ങിയ മേഖലയിലൊക്കെ ജോലി ചെയ്യുന്നവര്‍ക്ക് കഴിവും പ്രാഗത്ഭ്യവും വേണ്ടേ?
അതിനെക്കുറിച്ച് ചെറിയ ഒരു അന്വേഷണം നടത്തി നോക്കി..

ആദ്യമായി കൗണ്‍സിലും കൂട്ടവുമൊക്കെയുള്ള നേഴ്സിംഗ് ജോലിയുടെ കാര്യം നോക്കാം..
(പണ്ട് നമ്മുടെ സമൂഹത്തില്‍ രണ്ട് ജോലികളെ ഉണ്ടായിരുന്നുള്ളൂ.മൂന്നു തരം കുട്ടികളും..
ഒരു നാലു കൊല്ലം മുന്‍പ് വരെ പത്താം ക്ലാസ്സ് കഴിഞ്ഞവന്‍ ഫസ്റ്റ് ഗ്രൂപ്പ് എടുത്താല്‍ എഞ്ചിനീയറെന്നും സെക്കന്റ് ഗ്രൂപ്പ് എടുത്താല്‍ ഡൊക്ടറെന്നും മുദ്രകുത്തും. പിന്നെ പ്രീ ഡിഗ്രീ കഴിയുമ്പോള്‍ അത് കിട്ടാത്തവന്‍ മോശക്കാരന്‍..അത് മൂന്നാമത്തെ വിഭാഗം.പിന്നെയവന്‍ ശാസ്ത്രജ്ഞനായാലും, കവിയായാലും ചിത്രകാരനായാലും അക്കൗണ്ടന്റ് ആയാലും രാഷ്ട്രീയക്കാരന്‍ ആയാലും മിടുക്കനായ ആശാരിയായാലും, സമൂഹത്തിന് അവനെക്കൊണ്ട് എന്ത് ഗുണമുണ്ടായാലും എണ്ട്രന്‍സ് എഴുതിപ്പോയാല്‍..അത് കിട്ടാതെയായാല്‍ മൂന്നാമത്തെ വിഭാഗം തന്നെ.മോശക്കാരന്‍..
ഇന്ന് നാലാമതൊരു വിഭാഗം കൂടി ഉണ്ടായി വന്നിരിയ്ക്കുന്നു. നേഴ്സിംഗ്. മോശക്കാരന്‍ മോശക്കാരി അല്ലാതെയാകണമെങ്കില്‍ ഏതെങ്കിലും നേഴ്സിംഗ് കോളേജില്‍ അഡ്മിഷന്‍ വാങ്ങിയാലും മതി..അല്ലേല്‍ നേഴ്സിംഗ് കോളെജില്‍ അഡ്മിഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യണം.)
കാര്യത്തിലേയ്ക്ക് വരാം..

നേഴ്സിംഗ്

നേഴ്സിംഗ് പഠനത്തിനും സ്ഥാപനങ്ങളുടെ അംഗീകാരത്തിനും വേണ്ടിയുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റും നേഴ്സിംഗ് കൗണ്‍സില്‍ നടപ്പിലാക്കുന്നുണ്ട്. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന നേഴ്സുമാരുടെ എണ്ണം ഈ രാജ്യത്തെ ആവശ്യത്തിനു ആനുപാതികമായിട്ടാണൊ എന്നവര്‍ അന്വേഷിയ്ക്കുന്നുണ്ടോ എന്നറിയില്ല.(ഒരു കോഴ്സിനും ആരും അത് അന്വേഷിയ്ക്കുന്നുണ്ടാവില്ല.എന്നാലും വിദേശത്തുള്ള തൊഴില്‍ എന്ന വാതായനം കുറച്ച് നാള്‍ക്കകം അടഞ്ഞ് പോകും. യൂ എസ് ഏ യിലും യൂ കേയിലും അവര്‍ അത് അടച്ച് കഴിഞ്ഞു എന്ന കാര്യവും ഇവിടെ ഓര്‍മ്മിപ്പിയ്ക്കട്ടെ..)

ഒരു വിധം നേഴ്സിംഗ് കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് കേരളത്തിലും പുറത്തും ചില സ്ഥാപനങ്ങളെങ്കിലും നടത്തുന്നുണ്ട്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഒന്നുപോലും നടത്തിയിട്ടില്ലെങ്കിലും അഴിമതിയിലൂടേയും മറ്റും അംഗീകാരം വാങ്ങിയെടുത്ത സ്ഥാപനങ്ങളുമുണ്ടായിട്ടുണ്ട് എന്ന് വാര്‍ത്തകള്‍ പറയുന്നു. എന്തായാലും ഒന്നുമില്ലെങ്കിലും നേഴ്സിംഗില്‍ തോന്നിയപോലെ സിലബസുണ്ടാക്കാനും കരിക്കുലമുണ്ടാക്കാനും ഒരു സ്ഥാപനത്തിനും ഇന്ന് കഴിയുകയില്ല. ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ്വൈഫറി പഠിയ്ക്കണമെങ്കില്‍ ഹയര്‍ സെക്കന്ററി സയന്‍സ് സ്ട്രീം കഴിഞ്ഞ് മൂന്ന് കൊല്ലവും , നേഴ്സിംഗില്‍ ബിരുദമെടുക്കണമെങ്കില്‍ നാലുകൊല്ലവും പഠിച്ചേ മതിയാകൂ..കര്‍ശനമായ രീതിയില്‍ തന്നെ കരിക്കുലവും മറ്റും നിരീക്ഷണവിധേയമാക്കുന്നുമുണ്ട്.

പക്ഷേ ഈ നേഴ്സിംഗ് എന്നത് ആശുപത്രിയിലെത്തുമ്പോഴോ..ഈ കാര്യമെല്ലാം മാഞ്ഞു പോകുന്നു. മിക്ക ആശുപത്രികളിലും നേഴ്സുമാരെ ജോലിക്കെടുക്കാറില്ല. പലയിടത്തും നേഴ്സുമാരുടെ ജോലി ചെയ്യുന്നത് നേഴ്സിംഗ് അസിസ്റ്റന്റുമാര്‍ എന്ന ഓക്സിലറി നേഴ്സുമാരാണ്.

പത്താം കളാസു കഴിഞ്ഞ് ഒന്നോ രണ്ടോ കൊല്ലം നീണ്ട് നില്‍ക്കുന്ന ഇവരുടെ പരിശീലനം പണ്ട് തുടങ്ങിയതാണ് നമ്മുടെ നാട്ടില്‍. ഇന്ന് നേഴ്സമാരെ സഹായിയ്ക്കേണ്ട ജോലിയെടുക്കേണ്ടവരായി അവരെ പരിശീലിപ്പിയ്ക്കുന്നു.

ആശുപത്രിയില്‍ യഥാര്‍ത്ഥ നേഴ്സുമാരെ ജോലിയ്ക്കെടുത്താല്‍ അവര്‍ക്ക് മികച്ച ശമ്പളവും ആനുകൂല്യങ്ങളും നല്‍കേണ്ടി വരും എന്ന ഭയം മൂലമാകാം നേഴ്സിംഗ് അസിസ്റ്റന്റുമാരെ നേഴ്സുമാര്‍ക്ക് പകരം ജോലിയ്ക്കെടുക്കുന്നത്. സാമാന്യമുണ്ടാകേണ്ട വൈദ്യശാസ്ത്ര ജ്ഞാനമോ, പശ്ചാത്തല വിവരമോ നേഴ്സിംഗ് എന്ന വിഷയത്തില്‍ ഈ ആളുകള്‍ക്കില്ല.ഒരു അടിയന്തിര ഘട്ടത്തില്‍ എങ്ങനെ രോഗിപരിചരണം സാധ്യമാക്കും എന്നും അവര്‍ക്കറിയണമെന്നില്ല..

മിടുക്കര്‍/മിടുക്കികള്‍ എന്നും ഉണ്ടാകും .പക്ഷേ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം എന്ന നിലയില്‍ പൊതുവായി നേഴ്സിംഗ് ജോലി ചെയ്യേണ്ടുന്നവര്‍ക്ക് പകരം അവരെക്കൊണ്ട് ജോലി ചെയ്യിയ്ക്കുന്നത് ഒരു സ്പെഷ്യലിസ്റ്റ് കാര്‍ഡിയോളജിസ്റ്റിന്റെ സ്ഥാനത്ത് ഒരു എം ബീ ബീ എസു കാരനെക്കൊണ്ട് ജോലി ചെയ്യിയ്ക്കുന്നത് പോലെയാണ്. (അത്ര പോലും എന്ന് പറയാന്‍ കഴിയില്ല.കാരണം മിടുക്കനാണെങ്കില്‍ കാര്‍ഡിയോളജിസ്റ്റിന്റെ ജോലിയൊക്കെ പരിശീലനം കിട്ടിയ എം ബീ ബീ എസുകാരന് ചെയ്യാന്‍ സാധിയ്ക്കും.വൈദ്യത്തില്‍ ഉപരിപഠനം മിക്കതും പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.അതുകൊണ്ട് തന്നെയാണ് യൂ കേ യിലും മറ്റും ഉപരിപഠന ബിരുദങ്ങള്‍ക്ക് പകരം പരിശീലനത്തെ ആസ്പദമാക്കി ഫെലോഷിപ്പുകള്‍ നല്‍‍കുന്നത്.)

ഉദാഹരണമായി ഞാന്‍ അമൃതയിലെ കാര്യം തന്നെ പറയാം.പേരെടുത്ത് ഒന്നും പറയുന്നില്ല.അവിടെ ഉടുപ്പിന്റെ കയ്യില്‍ ചുവന്ന വളയമുള്ളവരെല്ലാം നേഴ്സുമാരല്ല നേഴ്സിംഗ് അസിസ്റ്റന്റുമാരാണ്.നേഴ്സുമാര്‍ വളയങ്ങളൊന്നുമില്ലാത്ത വെളുത്ത ഉടുപ്പാണ് ധരിയ്ക്കുക. അടുത്ത തവണ അവിടെപോകാന്‍ അവസരം കിട്ടുമ്പോള്‍ എവിടേയൊക്കെ നിങ്ങളവരെ കണ്ടു എന്ന് നോക്കുക. ആ ജോലി അവര്‍തന്നെയാണൊ ചെയ്യേണ്ടതെന്ന് നിങ്ങള്‍ തന്നെ തീരുമാനിയ്ക്കുക.

ഫാര്‍മസി

ഫാര്‍മസി കൗണ്‍സില്‍ രണ്ടു തരം കൊഴ്സുകള്‍ക്ക് അംഗീകാരം നല്‍‍കിയിട്ടുണ്ട്.ഹയര്‍ സെക്കന്ററി രണ്ടു വര്‍ഷം സയന്‍സ് സ്ട്രീമില്‍ പഠിച്ചവര്‍ക്കായി നടത്തുന്ന രണ്ട് വര്‍ഷ ഡിപ്ലൊമയും നാലു വര്‍ഷ ഡിഗ്രിയും കഴിഞ്ഞവര്‍ക്കൊക്കെ ഫാര്‍മസിസ്റ്റ് എന്ന പേരു വയ്ക്കാന്‍ ഇന്ന് അവകാശമുണ്ട്.

എന്തുകൊണ്ടാണന്നറിയില്ല ഫാര്‍മസിസ്റ്റിനെ ഒരു ആശുപത്രിയില്‍ വളരെകുറച്ചേ ആവശ്യമുള്ളൂ എന്നുകൊണ്ടാവണം ഈ യോഗ്യതകളുള്ളവരെ മാത്രമേ ഞാന്‍ ജോലി ചെയ്ത ആശുപത്രികളില്‍ കണ്ടിരുന്നുള്ളൂ.

പക്ഷേ മെഡിയ്ക്കല്‍ ഷോപ്പുകള്‍ നടത്താനുള്ള ലൈസന്‍സ് ഒരു അംഗീകൃത ഫാര്‍മസിസ്റ്റിനേ കിട്ടുകയുള്ളൂ എന്നുള്ളത് കൊണ്ട് കാശുകൊടുത്ത് മറ്റുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി, യോഗ്യതയില്ലാത്തവര്‍ മെഡിയ്ക്കല്‍ ഷോപ്പുകള്‍ നടത്തുന്നത് നമ്മുടെ നാട്ടില്‍ ഏതാണ്ട് അംഗീകരിക്കപ്പെട്ട പോലെയാണ്.
എന്തായാലും, വിദേശരാജ്യങ്ങളിലെപ്പോലെയൊക്കെ നമ്മുടെ നാട്ടില്‍ ഫര്‍മസിസ്റ്റിന് മരുന്നിന്റെ അളവ് നിര്‍ണ്ണയിയ്ക്കുന്നതിലും, മരുന്ന് തിരഞ്ഞെടുക്കുന്നതിലും കാര്യമില്ലാത്തതുകൊണ്ട്, അത്യാഹിതങ്ങളൊന്നുമുണ്ടാകാതെ കാര്യങ്ങള്‍ നടന്നു പോകുന്നു.(വികസിത രാജ്യങ്ങളില്‍ മരുന്നിന്റെ അളവ്, ഏത് മരുന്ന് എന്നതൊക്കെ നിര്‍ണ്ണയിയ്ക്കുന്നതില്‍ ഫാര്‍മസിസ്റ്റിന്റെ തീരുമാനവും നിര്‍ണ്ണായകമാണ്.നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാര്‍ തന്നെ ആ ജോലി ചെയ്യും)

എന്നാലും അടുത്ത തവണ മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ മരുന്ന് ഷാപ്പില്‍ തൂക്കിയിട്ടിരിയ്ക്കുന്ന ലൈസന്‍സ് പത്രത്തിലുള്ളയാളല്ല മരുന്നെടുത്ത് തരുന്നതെങ്കില്‍ ശരിയായ മരുന്ന് തന്നെയോ അത് എന്ന് രണ്ട് പ്രാവശ്യം വായിച്ച് നോക്കുക.ഡൊക്ടറെ/നേഴ്സിനെ/വൈദ്യ വിദഗ്ധരെ കാണാതെയോ സ്വയം അറിയാതേയോ ഫാര്‍മസിസ്റ്റല്ലാത്തയളോട്/ അത്തരമാള്‍ക്കാരോട് അസുഖവിവരം പറഞ്ഞ് മരുന്ന് വാങ്ങാതിരിയ്ക്കുക.

ഈ രണ്ട് ജോലികളും കഴിഞ്ഞാല്‍ പിന്നെ കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന മട്ടിലാണ് കാര്യങ്ങള്‍..അതായത് ഈ രണ്ട് ജോലികള്‍ക്കുമല്ലാതെ അനുബന്ധ വൈദ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് വേണ്ട യോഗ്യതകളെപ്പറ്റി നമ്മുടെ ഗവണ്മെന്റിന് യാതൊരു നിര്‍ദ്ദേശങ്ങളുമില്ല.

റേഡിയോളജി

(റേഡിയോഗ്രാഫര്‍/ റേഡിയോളജിക് ടെക്നീഷ്യന്‍/ ടേക്നോളജിസ്റ്റ്......:))
എക്സ് റെ നമുക്കെല്ലാമറിയുന്ന ഒരു വൈദ്യ രോഗനിര്‍ണ്ണയോപാധിയാണ്. അതിന് ഒരുപക്ഷേ നമുക്കാര്‍ക്കുമറിയാത്ത ചില ദോഷ വശങ്ങളുമുണ്ട്.തിമിരം മുതല്‍ കാന്‍സര്‍ വരെ , എക്സ് റെയുടേയോ റേഡിയേഷന്റേയൊ ദോഷകരമായ ഉപയോഗം മൂലമുണ്ടകാം.അതുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ മികച്ച അക്കാഡമിക വൈദഗ്ധ്യം ഉള്ളവരെ മാത്രം റെഡിയോളജിയിലെ അനുബന്ധ വിദഗ്ധരായി പരിഗണിയ്ക്കുന്നത്. മിക്ക രാജ്യങ്ങളിലും ബിരുദമോ ബിരുദാനന്ദരബിരുദമോ അടിസ്ഥാന യോഗ്യതയായി വേണ്ടുന്ന ഒരു ജോലിയാണിത് .നമ്മുടെ നാട്ടിലോ?

കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷന്‍ പണ്ട് സര്‍ട്ടിഫൈഡ് റേഡിയേഷന്‍ അസിസ്റ്റന്റ് (CRA)എന്ന പേരില്‍ പ്രീ ഡിഗ്രീ സയന്‍സ് സ്ട്രീം കഴിഞ്ഞവര്‍ക്കായി രണ്ടുവര്‍ഷ ഡിപ്ലോമ നല്‍കിയിരുന്നു.അവരായിരുന്നു അംഗീകൃത റേഡിയോഗ്രാഫര്‍മാര്‍.ഈയിടെ ആ കോഴ്സ് ഡിപ്ലോമ ഇന്‍ റെഡിയോളജിയ്ക്കല്‍ ടെക്നോളജി (DRT)എന്നാക്കി മാറ്റി.ഇപ്പോഴും തുടരുന്നു.

ആ ഡിപ്ലോമ കഴിഞ്ഞവര്‍ക്കായി രണ്ടുവര്‍ഷത്തെ ഒരു പോസ്റ്റ് ഡിപ്ലോമ കോഴ്സ് , ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മെഡിയ്ക്കല്‍ ഇമേജിംഗ് ടേക്നിക്സ് (DAMIT)എന്ന പേരില്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സില്‍ നടത്തുന്നുണ്ട്.അതില്‍ ഒരു വര്‍ഷം രണ്ടോ മൂന്നോ സീറ്റുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ.

മഹാത്മാഗാന്ധി സര്വകലാശാല സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷന്‍ തുടങ്ങിയപ്പോള്‍ ഭാരതത്തിലാദ്യമായി നാലു വര്‍ഷത്തെ ഒരു ബിരുദം റേഡിയേഷന്‍ ടേക്നോളജിയില്‍ നല്‍കാനാരംഭിച്ചു.(BMRT) ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സില്‍ മൂന്നു കൊല്ലത്തെ ബിരുദം നല്‍കുന്നു.(BSc Hons In Radiology)മറ്റു പല സ്ഥാപനങ്ങളും മൂന്നു കൊല്ലത്തെ ബിരുദം നല്‍കി വരുന്നു.

എന്റെ അനുഭവത്തില്‍ നാലു കൊല്ലം കൊണ്ട് പതിനഞ്ച് പേപ്പറുകള്‍‍ മെയിന്‍ വിഷയങ്ങളായും ആറോളം വിഷയങ്ങള്‍ ഇന്റേണല്‍ വിഷയങ്ങളായും അവസാന വര്‍ഷം പ്രൊജക്റ്റ് വര്‍ക്കും പ്രാക്ടിക്കലുകളും പരീക്ഷയെഴുതി വിജയിച്ച് ക്ലിനിയ്ക്കല്‍ പോസ്റ്റിംഗും കഴിഞ്ഞ ശേഷവും അതാതു സ്ഥാനങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ശരിയായ രീതിയില്‍ പണിയെടുക്കണമെങ്കില്‍ വീണ്ടും മെനക്കെട്ടിരുന്ന് പഠിയ്ക്കുക/പരിശീലനം നേടുക തന്നെ വേണം ഈ ജോലിയ്ക്ക്.
ആരാണാ ജോലികള്‍ ഇന്ന് ചെയ്യുന്നത്.?

മിക്ക സ്കാനിംഗ് സെന്ററുകളിലും/എക്സ്റേ സെന്ററുകളിലും ആ ജോലി ചെയ്യുന്നത് പത്താം ക്ലാസ്സ് കഴിഞ്ഞ് ആറുമാസം കൊണ്ട് ചില സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കോഴ്സുകള്‍ കഴിഞ്ഞവരാണ്.
ആറു മാസമൊക്കെയായിരിയ്ക്കും കോഴ്സ്. ഞാന്‍ ആദ്യം ജോലിയ്ക്കായി കുറച്ച് നാള്‍ പോയ , കൊല്ലത്തുള്ള ട്രിവാന്‍ഡ്രം സ്കാന്‍സ് എന്ന സ്ഥാപനത്തില്‍ ഇത്തരം കോഴ്സ് (സീ ടീ സ്കാന്‍ ടേക്നീഷ്യന്‍) പഠിയ്ക്കാനായി വന്നിരുന്ന ഒരു വ്യക്തിയ്ക്ക് ഇംഗ്ലീഷില്‍ അനാട്ടമിയ്ക്കല്‍ ടേംസ് വായിയ്ക്കാന്‍ അറിയാന്‍പാടില്ലാഞ്ഞ് മലയാളത്തില്‍ എഴുതി കൊടുത്തത് ഓര്‍ക്കുന്നു. അന്നവിടെ ചീഫ് റേഡിയോഗ്രാഫര്‍ എന്ന പേരില്‍ ജോലി ചെയ്തിരുന്നയാളും അത്തരമൊരു കോഴ്സ് പഠിച്ചിറങ്ങിയ ആളാണ്.(ഇന്നും???)
(ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് അക്കാഡമിക വൈദഗ്ധ്യം ഇല്ല എന്നര്‍ത്ഥമാക്കുന്നില്ല.പൊതുവായുള്ള ഒരു രീതി സൂചിപ്പിയ്ക്കാന്‍ എഴുതിയെന്ന് മാത്രം.ആരേയും കുറച്ച് കാണാനുമല്ല ആ എഴുതിയത്.ഇതെഴുതുന്ന എനിയ്ക്കും ആംഗലേയം അത്ര വഴങ്ങാത്ത ഭാഷയാണ്.)

മെഡിയ്ക്കല്‍ കോളേജില്‍ നിന്നോ മറ്റോ അംഗീകൃത കോഴ്സുകള്‍ കഴിഞ്ഞിറങ്ങിയവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ ജോലി നല്‍കാറില്ല. അവര്‍ കേരളത്തിനു പുറത്തേയ്ക്ക് പോവുകയോ പീ എസ് സീ എന്ന മഴയ്ക്ക് വേഴാമ്പലിനെപ്പോലെ കാത്തിരുന്ന് നരയ്ക്കുന്നവരോ ആയി മാറും.

എങ്ങനെ മികച്ച വൈദഗ്ധ്യം വേണ്ടിടത്ത് അതില്ലാത്തവര്‍ക്ക് ജോലി ചെയ്യാന്‍ സാധിയ്ക്കുന്നു?
ഉത്തരം വളരെ ലളിതമാണ്. മിക്ക സ്ഥലങ്ങളിലും(മിക്ക പ്രൊഫഷനുകളിലും) സാധാരണ(routine) ജോലികള്‍ ചെയ്യുവാനായി വൈദഗ്ധ്യം ഒന്നും ആവശ്യമില്ല. ആ സ്വിച്ച് ഞെക്കണം, ഈ സ്വിച്ച് ഞെക്കണം എന്ന മട്ടില്‍ കാര്യങ്ങള്‍ ഓര്‍ത്തിരുന്നാല്‍ ആര്‍ക്കും ആ ജോലികള്‍ ചെയ്യാം. ഒരു കോമ്പ്ലിക്കേഷന്‍ അല്ലെങ്കില്‍ സാധാരണയല്ലാത്ത ഒരു കാര്യം വരുമ്പോഴാണ് വൈദഗ്ധ്യം ഉള്ളവരുടെ ആവശ്യം വരുന്നത്.അത്തരം ജോലികള്‍ ചെയ്യാന്‍ മിക്കയിടത്തും ഡൊക്ടര്‍മാര്‍ തന്നെ അവരുടെ സ്ഥാനമേറ്റെടുക്കും. പക്ഷേ ഡൊക്ടര്‍മാര്‍ക്കും ഏറ്റെടുക്കാന്‍ കഴിയാത്ത ചില ജോലികളുണ്ട്.ടെക്നിക്കല്‍ ആയ ചില കാര്യങ്ങളില്‍ മിക്ക ഡൊക്ടര്‍മാര്‍ക്കും അറിവുണ്ടാകുകയില്ല.കിടക്കുന്ന രോഗിയുടെ ഭാഗ്യം പോലെ കാര്യങ്ങള്‍ നടക്കും.ഒത്താലൊത്തു.

പല റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റുകളിലും കൂടെ വന്നവരെ ആവശ്യത്തിനുള്ള സുരക്ഷാ വസ്ത്രങ്ങളില്ലാതെതന്നെ രോഗിയോടൊപ്പം ആ മുറിയ്ക്കുള്ളില്‍ നിര്‍ത്തുന്ന പതിവുണ്ട്. സ്ത്രീകളാണെങ്കില്‍ ഗര്‍ഭിണിയാണോ എന്നൊന്നും ആരും തിരക്കാറില്ല.ഗര്‍ഭത്തിന്റെ ആദ്യ സമയങ്ങളിലൊക്കെ രോഗനിര്‍ണ്ണയത്തിനുപയോഗിയ്ക്കുന്ന തരം എക്സ്റേ തന്നെ കുഞ്ഞിനു കിട്ടുന്നത് തന്നെ വളരെ ദോഷകരമാണ്.അതൊന്നും മിക്കവരും നോക്കുന്നതായി കാണാറില്ല.

ഇനിയെവിടെയെങ്കിലും രോഗിയോടൊപ്പം എക്സ് റെ മുറിയില്‍ നില്‍ക്കുവാന്‍ പറയുകയാണെങ്കില്‍ സുരക്ഷാ വസ്ത്രങ്ങള്‍ ചോദിയ്ക്കാന്‍ ആരും മറക്കരുത്. ഗര്‍ഭിണിയാണെന്ന് സംശയമുണ്ടെങ്കില്‍ സ്ത്രീകള്‍ നില്‍ക്കാതിരിയ്ക്കുക.
( ഗവണ്മെന്റ് ചെയ്യും എന്നൊന്നും വിചാരിച്ചിട്ട് കാര്യമില്ല.നമ്മള്‍ തന്നെ ഇതൊക്കെ ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.)

അമൃതയില്‍ റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ (ഡയഗണോസ്റ്റിക് റേഡിയോളജി) ഇത്തരം അംഗീകാരമില്ലാത്തവരെ ജോലിയ്ക്കെടുക്കുന്ന പ്രവണതയുണ്ട് .അവരെ റേഡിയോളജിക് ടെക്നീഷ്യന്മാര്‍ എന്നും ഗവണ്മെന്റ് അംഗീകാരമുള്ളവരെ റേഡിയോഗ്രാഫര്‍മാര്‍ എന്നുമാണ് വിളിയ്ക്കുക. ശമ്പളമൊക്കെ ഒന്നുതന്നെ.ചെയ്യുന്ന ജോലിയും.
പിന്നെ കാര്യമെന്താനു വച്ചാല്‍ മെഡിയ്ക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം എം ബീ ബീ എസ് കോഴ്സിനു നല്‍കുമ്പോള്‍ അവര്‍ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിയ്ക്കും.പലപ്പോഴും റേഡിയോളജിയിലെ അംഗീകാരമുള്ള ആളൂകളുടെ കോട്ടാ തികയ്ക്കാന്‍ കൗണ്‍സില്‍ പരിശോധനാ സമയത്ത് റേഡിയോ തെറാപ്പിയില്‍ ജോലി ചെയ്യുന്ന ഞങ്ങളില്‍ ചിലരെയൊക്കെ പേരു ചേര്‍ത്തിട്ടുണ്ട്. ഞാനുള്‍പ്പെടെ ഒന്നുരണ്ടു പേര്‍ അത് പറ്റില്ലയെന്ന് പറഞ്ഞു...നിര്‍ബന്ധിയ്ക്കാനൊക്കില്ലല്ലോ.അതുകാരണം സമ്മതിച്ചവരെയൊക്കെ പേരുചേര്‍ത്ത് കൊണ്ട് പോയി.

അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റേയും മറ്റും അംഗീകാരവും നിരീക്ഷണവും റെഡിയോതെറാപ്പി ഡിപ്പാര്‍ട്ട്മെന്റില്‍ ഉള്ളത് കൊണ്ട് ആ വകുപ്പില്‍ അത്തരം പരിപാടികളൊന്നും അത്ര കണ്ട് നടക്കില്ല താനും.എന്നാലും പല സ്വകാര്യ ആശുപത്രികളിലും അത്തരം നടപടികള്‍ നടക്കുന്നുണ്ട്.

റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റുകളില്‍ മാത്രമല്ല ഓപ്പറേഷന്‍ തീയേറ്ററുകളിലും ചിലപ്പോള്‍ റേഡിയോഗ്രാഫര്‍മരെ/ടെക്നീഷ്യന്മാരെ ആവശ്യമുണ്ടാകാറുണ്ട്. സര്‍ജറിയുടെ ഭാഗമായി പലപ്പോഴും എക്സ് റയും ഫ്ലൂറോസ്കോപ്പിയും മറ്റും എടുക്കേണ്ടി വരും. മിക്ക ആശുപത്രികളിലും യാതൊരു വിധ പ്രൊട്ടക്ഷനുമില്ലാതെയാണ് അത് എടുക്കുക.യാതൊരു വിധ അറിവുമില്ലാത്തവരാണ് അവിടെ അത്തരം ഉപകരണങ്ങള്‍ ഉപയോഗിയ്ക്കുക. രോഗിയ്ക്ക് മാത്രമല്ല മറ്റ് സ്റ്റാഫുകള്‍ക്കും(ഡൊക്ടര്‍ , നേഴ്സ്) ഇത് വളരെ അപകടകരമാണ്. സര്‍ജന്മാര്‍ക്കും നേഴ്സുമാര്‍ക്കും മറ്റും റേഡിയേഷന്‍ സുരക്ഷയിലുള്ള അറിവ് വളരെ കുറവാണെന്നാണ് എന്റെ അറിവ്. ഉപയോഗിയ്ക്കുന്നവനും അതില്‍ വലിയ ഗ്രാഹ്യമൊന്നുമില്ലാതെയാകുമമ്പോള്‍ കള്ളുകുടിച്ച വാനരനെ തേളു കടിച്ച പോലെയായിത്തീരും കാര്യങ്ങള്‍.(എതിരഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ ഈ സ്റ്റേറ്റ്മെന്റിനു കാരണമായ അനുഭവം എഴുതാം..വെറുതേ പേരുകള്‍ ഇതിനിടയിലേയ്ക്ക് വലിച്ചിഴയ്ക്കരുതല്ലോ)

എക്സ് റേ കൊണ്ട് ഉടന്‍ കുഴപ്പങ്ങളൊന്നുമുണ്ടാകാത്തത് കൊണ്ട് ആരും അതിനെപ്പറ്റി പഠിയ്ക്കാന്‍ മിനക്കെടുകയുമില്ല.മിക്ക ആശുപത്രികളിലും റേഡിയേഷന്‍ അളക്കുന്ന വ്യക്തി ബാഡ്‌ജുള്‍ (personal dosimeters)ഉപയോഗിയ്ക്കാറില്ല എന്നതുതന്നെ അതിനു തെളിവാണ്. ബാഡ്‌ജുള്‍ ഉപയോഗിയ്ക്കുന്നയിടത്ത് അത് നേരായ രീതിയിലല്ല ഉപയോഗിയ്ക്കുന്നതു താനും.

വിവരമില്ലാത്തയാള്‍ക്കാര്‍ ജോലി ചെയ്യുന്നതിന്റെ മറ്റൊരു കുഴപ്പമാണ് കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്ന അധിക അളവിലുള്ള റേഡിയേഷന്‍.പല രോഗനിര്‍ണ്ണയത്തിനുള്ള എക്സ് റേ, സീ ടീ സ്കാന്‍ പരിശോധനകളിലും കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവരുടേതിനേക്കാള്‍ കുറഞ്ഞ അളവില്‍ മാത്രം റേഡിയേഷന്‍ ഉപയോഗിച്ചാല്‍ മതിയാകും.അങ്ങനെ വേണമെന്നുള്ള അറ്റമിക് എനര്‍ജ്ജി റെഗുലേറ്ററി ബോര്‍ഡിന്റെ നിര്‍ദ്ദേശം എല്ലാ എക്സ് റേ ഉപകരണങ്ങളുപയോഗിയ്ക്കുന്നയിടത്തേയ്ക്കും അവര്‍ അയച്ചിട്ടുണ്ട്.എന്നാല്‍ പലയിടത്തും ഇത് പാലിയ്ക്കുന്നതായി കാണുന്നില്ല.(അത് വായിയ്ക്കാന്‍ അറിയണമല്ലോ..അതിശയോക്തിയല്ല)

സീ.ടീ സ്കാന്‍ ഉപകരണങ്ങളില്‍, ഉണ്ടാക്കുന്ന കമ്പനി തന്നെ കുഞ്ഞുങ്ങള്‍ക്കായി നേരത്തേ തയ്യാര്‍ ചെയ്ത പ്രൊട്ടോകളുകള്‍ കമ്പ്യൂട്ടറുകളില്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. സ്വ്യുച്ചുകള്‍ ഞെക്കുന്ന വിധം മനപാഠമാക്കി ജോലിചെയ്യുന്നയാള്‍ എങ്ങനെ അതു നോക്കും.? മുതിര്‍ന്നവര്‍ക്കുള്ള റേഡിയേഷന്‍ ഡോസ് തന്നെ വച്ച് താങ്ങും. റേഡിയേഷന്‍ കൊണ്ട് മുതിര്‍ന്നവരേക്കാള്‍ കുഞ്ഞുങ്ങള്‍ക്കാണ് കൂടുതല്‍ കുഴപ്പമുണ്ടാക്കുക.

നമ്മുടെ കുഞ്ഞുങ്ങളുടെ അത്തരം പരിശോധനകളില്‍ നമ്മള്‍ തന്നെ ഡോസിനേപ്പറ്റി ചോദിയ്ക്കുക.

മെഡിയ്ക്കല്‍ ലബോറട്ടറി

മെഡിയ്ക്കല്‍ ലബോറട്ടറിയില്‍ പലതരം ആള്‍ക്കാര്‍ ജോലി ചെയ്യുന്നു, ടെക്നീഷ്യന്മാര്‍, സയന്റിസ്റ്റുകള്‍,ഡൊക്ടര്‍മാര്‍(ഭിഷഗ്വരന്‍‍മാര്‍) ഒക്കെ.
ഇതില്‍ ഭിഷഗ്വരന്മാര്‍ക്കൊഴിച്ച് യാതൊരു വ്യവസ്ഥകളും നമ്മുടെ സര്‍ക്കാര്‍ വച്ചിട്ടില്ല.
ഗവണ്മെന്റില്‍ മെഡിയ്ക്കല്‍ കോളേജുകളില്‍ ഡീ എം എല്‍ ടീ എന്ന ഡിപ്ലോമയും ബീ എസ് സീ എം എല്‍ റ്റീ എന്ന നാലുവര്‍ഷ ബിരുദവും എം എസ് സീ എം എല്‍ ടീ എന്ന ബിരുദാനന്തര ബിരുദവും നടത്തുന്നുണ്ട്. മെഡിയ്ക്കല്‍ ബയോ കെമിസ്റ്റ്റി, മെഡിയ്ക്കല്‍‍ മൈക്രോ ബയോളജി , എന്നീ വിഷയങ്ങളില്‍ പല സര്വകലാശാലകളും ബിരുദ ബിരുദാനന്തര ബിരുദങ്ങള്‍ നടത്തുന്നു. സിലബസ് കരിക്കുലം കാര്യങ്ങളില്‍ യാതൊരു ഏകോപനവും ഇന്‍ഡ്യയൊട്ടാകെ ഇല്ല.പല സര്‍‌വകലാശാലകളും ബീ എസ് സീ എം എല്‍ ടീ മൂന്നുവര്‍ഷവും നാലു വര്‍ഷവും നടത്തുന്നുണ്ട്..അതൊക്കെയവിടേ നില്‍ക്കട്ടെ..മിനിമം അവര്‍ മൂന്നു വര്‍ഷമെങ്കിലും ഹയര്‍സെക്കണ്ടറി കഴിഞ്ഞ് പഠിയ്ക്കുന്നുണ്ടല്ലോ..

പക്ഷേ ലാബുകളില്‍ ആര്‍ക്കും ആ ജോലികളൊക്കെ ചെയ്യാം. മിക്ക ഡയഗ്ഗ്നോസ്റ്റിക് സെന്ററുകളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ പത്താം ക്ലാസ് തോറ്റോ ജയിച്ചോ ആറുമാസത്തെ കോഴ്സുകള്‍ പഠിച്ചരാണ്.(ക്ലാസ്സിഫൈഡ് കോളങ്ങളില്‍ Lab technician Course.SSLC Passed or failed.. കണ്ടിരിയ്ക്കുമല്ലോ.)
മിക്ക കോഴ്സുകള്‍ക്കും പഠിതാക്കളില്‍ നിന്ന് കനത്ത ഫീസ് ഈടാക്കുകയും ചെയ്യും.വ്യക്തമായൊന്നുമറിയാതെ പാവങ്ങള്‍ ഇത്തരം കോഴ്സ് നടത്തുന്നവരുടെ വലയില്‍ വീഴും.

ഇനിയവര്‍ ചെയ്യുന്ന ജോലികളുടെ കാര്യക്ഷമത.സ്വകാര്യ ലാബുകളിലെ റിസള്‍ട്ടുകള്‍ പലപ്പോഴും വിശ്വസിയ്ക്കാന്‍ പാടില്ലാത്തതാണേന്ന് ആരോടും പറഞ്ഞ് തരേണ്ട ആവശ്യമില്ല.വിശ്വാസയോഗ്യമല്ലാതെയായിത്തീരുന്നത് അവിടെ ജോലിയെടുക്കുന്നവര്‍ക്ക് മതിയായ അറിവില്ലാത്തതു കൊണ്ട് മാത്രമാണ്.

അനുബന്ധ വൈദ്യ വിദഗ്ധരെന്ന രീതിയില്‍ ഇത്തരം വ്യാജ വിദഗ്ധരെയായിരിയ്ക്കും മിക്കവാറും ആശുപത്രികളില്‍ നിങ്ങള്‍ കാണുന്നത്.രോഗികളെ മാത്രമല്ല ചൂഷണത്തിനു വിധേയമാക്കുന്നത്.

ചതിക്കുഴികള്‍

ഇത്തരം കോഴ്സുകള്‍ ഇന്ന് ആര്‍ക്കു വേണമെങ്കിലും തുടങ്ങാം. എനിയ്ക്കോ നിങ്ങള്‍ക്കോ. മാര്‍ക്കറ്റ് റേറ്റനുസരിച്ച് പതിനായിരമോ മറ്റോ ഫീസും വാങ്ങാം. വര്‍ഷം പന്ത്രണ്ട് പഠിതാക്കളെ കിട്ടിയാലും(ആറുമാസത്തെ കോഴ്സില്‍ ആറ് പേര്‍) യാതൊരു ചിലവുമില്ലാതെ നമുക്ക് പണമുണ്ടാക്കാം.ആകെ വേണ്ടുന്നത് ഏതെങ്കിലും ഡയഗ്ണോസ്റ്റിക് സെന്ററുമായുള്ള ചങ്ങാത്തം മാത്രം.ഈ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ട്രെയിനിംഗ് കൊടുക്കേണ്ട കാര്യ‌വുമില്ല.അവര്‍ ഡയഗ്ണോസ്റ്റിക് സെന്ററുകളിലെ തറ തുടച്ചും മിഷീന്‍ തുടച്ചുമൊക്കെ ആറുമാസം പൂര്‍ത്തിയാക്കിക്കൊള്ളും.നല്ലൊരു ഡീ ടീ പീ സെന്ററിന്റെ സഹായവുമുണ്ടെങ്കില്‍ ഒരു സര്‍ട്ടിഫിക്കറ്റ് അടിച്ചു നല്‍കാനും വലിയ പ്രയാസമുണ്ടാകില്ല.

അതായത് ഇത്തരം കോഴ്സുകള്‍ക്ക് ചേരുന്നവരാണ് ആദ്യം ചതിയില്‍ പെടുന്നത്.അറിഞ്ഞോ അറിയാതെയോ.പലപ്പോഴും സര്‍ക്കാര്‍ അംഗീകാരമൊക്കെയുണ്ടെന്നു പറഞ്ഞാവും അവരെ കോഴ്സുകള്‍ക്ക് ചേര്‍ക്കുക. AICTE അംഗീകാരമുണ്ടെന്ന് പലരും എഴുതിവച്ചിരിയ്ക്കുന്നത് കാണാം.അവരുടേ എന്തോ പ്രൊഫഷണല്‍ ഡെവലപ്പ്മെന്റ് കോഴ്സുകളില്‍ ചേര്‍ന്നു എന്നതിന്റെ സര്‍ട്ടിഫിക്കറ്റാവും നല്‍കുക.അതിനു പ്രത്യേക വിലയൊന്നുമില്ല.തെറ്റിദ്ധരിപ്പിയ്ക്കാന്‍ അതുതന്നെ ധാരാളം.

വര്‍ഷാവര്‍ഷം ആയിരക്കണക്കിനു കൂണുപോലുള്ള സ്ഥാപനങ്ങള്‍ ഭാരതത്തില്‍ മുളച്ച് പൊന്തുന്നു.പതിനായിരക്കണക്കിനാള്‍ക്കാര്‍ അവരുടെ ചതിയ്ക്ക് ഇരയാകുന്നു.ഇത്തരമാള്‍ക്കാരെ അഞ്ഞൂറോ ആയിരമോ രൂപയ്ക്കൊക്കെ പല സ്ഥാപനങ്ങളും ജോലിയ്ക്കെടുക്കുന്നു.മിക്കവാറും അങ്ങനെയുള്ളവര്‍ ജോലി ചെയ്യുന്നതിന്റെ യാതൊരു രേഖ പോലും കാണുകയില്ല.

എങ്ങനെയെങ്കിലും അറബിനാട്ടിലേയ്ക്കൊരു വിസാ എന്ന മോഹവുമായി അവര്‍ ജോലി ചെയ്യും ..നാട്ടില്‍ സര്‍ക്കാരില്‍ ജോലി കിട്ടില്ല.മിക്കവാറും പ്രൈവറ്റ് സ്ഥാപനങ്ങള്‍ ആയിരത്തിനപ്പുറം ശമ്പളം കൊടുക്കില്ല.ആരെയൊക്കെയോ പഴിച്ച് ജോലിചെയ്യുന്നതിനിടയില്‍ അവരുടെയിടയിലേയ്ക്ക് ഹതഭാഗ്യരായ രോഗികള്‍ കടന്നുവരുന്നു.

പിന്നെയായിരിയ്ക്കും അവരറിയുക ഗള്‍ഫുനാട്ടില്‍ എം ഓ എച് പരീക്ഷകളെഴുതിയില്ലേല്‍(M O H Exams) ഒന്നും സാധിയ്ക്കില്ലെന്ന്. ചിലരൊക്കെ ബന്ധുബലം കൊണ്ടോ മറ്റോ ഗള്‍ഫിലെ സ്വകാര്യആശുപത്രികളില്‍ തുച്ഛമായ ശമ്പളത്തിന് കടന്നുകയറും.യാതൊരു ഗതിയുമില്ലാത്തവന്‍ ജോലി വിടും..മറ്റെന്തെങ്കിലും ജോലി നോക്കും.ചിലര്‍ ഇതൊരു സൈഡ് ബിസിനസ്സാക്കി മറ്റ് പണികളുമായി നടക്കും.

കൊഴുക്കുന്നത് ഭീമമായ തുക ഫീസും വാങ്ങി സര്‍ട്ടിഫിക്കറ്റ് അടിച്ച് കൊടുത്ത ഇന്‍സ്റ്റിറ്റ്യൂഷന്‍‌കാര്‍ തന്നെ.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂണുകള്‍ പോലെ സര്‍‌വകലാശാലകള്‍ രാജ്യത്ത് മുളച്ച് വന്നു.പലതും കടലാസ് സര്‍‌വകലാശാലകള്‍ ആണ്. അലഹബാദ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി???? എന്ന പേരിലുള്ള സര്‍‌വകലാശാല അനുബന്ധ വൈദ്യ വിഷയങ്ങളില്‍ രാജ്യമൊട്ടാകെയുള്ള പല ആശുപത്രികളും കേന്ദ്രീകരിച്ച് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ബിരുദം നല്‍കുന്നും.BSc Radiology, BSc MLT എന്നിങ്ങനെ. കേരളത്തിലും അത്തരം കോഴ്സുകള്‍ നടക്കുന്നുണ്ട്. പ്രീ ഡിഗ്രീ ഏത് വിഷയമെടുത്ത് പഠിച്ചയാള്‍ക്കും ആ BSc യ്ക്ക് ചേരാം.
അതായത് കൊമേഴ്സ്/ആര്ട്സ് പ്ലസ്ടൂവിനു പഠിച്ചയാള്‍ക്കും അനുബന്ധ വൈദ്യ വിഷയങ്ങളില്‍ BSc.

അതിനു കുഴപ്പമില്ല.സയന്‍സ് പ്ലസ് ടൂവിനു വേണ്ടുന്ന അടിസ്ഥാന വിഷയങ്ങള്‍ അമേരിയ്ക്കന്‍ സര്‍‌വകലാശാലയിലൊക്കെ നല്‍കുന്ന രീതിയില്‍ കോഴ്സുകളായി നല്‍കിയാല്‍ എം ബീ ബീ എസു പോലും അങ്ങനെയുള്ളവര്‍ക്ക് നല്‍കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പക്ഷേ നമ്മുടെ ഗതികേടിന് അതൊന്നും നടക്കുന്നില്ല.മൂന്നുവര്‍ഷം ഫീസു കൊടുത്താല്‍ BSc.. അത്ര തന്നെ..

ആരാണ് കുറ്റവാളി?

മറ്റാരുമല്ല..കണ്മുന്നില്‍ ഇതൊക്കെ നടന്നിട്ടും അതിനെതിരേ ഒരു ചെറുവിരള്‍ പോലുമനക്കാത്ത നമ്മളൊക്കെത്തന്നെ. നമ്മള്‍ തിരഞ്ഞെടുത്ത സര്‍ക്കാരും.
ക്വാളിഫൈഡ് ആയിട്ടുള്ളവരുടെ സര്‍‌വീസ് സംഘടനകളുണ്ട്. അത് പലപ്പോഴും സര്‍ക്കാര്‍ ജോലി കിട്ടിയവരുടെ സംഘടനകളാണ്. പേ സ്കെയില്‍ റിവിഷനപ്പുറം അവര്‍ക്ക് വലിയ ചിന്തകളൊന്നുമില്ല.
ആറുമാസ കോഴ്സ് പഠിച്ചവര്‍ പിടിച്ചുനില്‍ക്കാനെന്നോണം സംഘടനകളും മറ്റും ഉണ്ടാക്കി ഇതിനെതിരേ ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ എതിര്‍ക്കാനൊരു ശ്രമവുമായൊക്കെ വരാറുണ്ട്.സഹതാപമല്ലാതെ മറ്റൊരു വികാരവും അവര്‍ അര്‍ഹിയ്ക്കുന്നില്ല.കളിയായി സഹതാപം എന്നെഴുതിയതല്ല.അവരുടെ ഗതികേടാണത്.

എന്ത് ചെയ്യണം?

൧)അനുബന്ധ വൈദ്യ വിഷയങ്ങളില്‍ മെഡിയ്ക്കല്‍ കൗണ്‍സില്‍, ഡന്‍ഡല്‍ കൗണ്‍സില്‍, ഫാര്‍മസി, നേഴ്സിംഗ് കൗണ്‍സിലുകള്‍ എന്നിവയുടെ മാതൃകയില്‍ രാജ്യവ്യാപകമായി ഒരു കൗണ്‍സില്‍ കൊണ്ട് വരിക.

൨)എല്ലാ അനുബന്ധ വൈദ്യശാസ്ത്ര പഠനവും രാജ്യവ്യാപകമായി ഏകോപിപ്പിയ്ക്കുക.അടിസ്ഥാന യോഗ്യതകള്‍ നിര്‍ണ്ണയിയ്ക്കുക.കരിക്കുലം, സിലബസ് എന്നിവ ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ കോഴ്സുകള്‍ നടത്തുക.

൩)എല്ലാ സംസ്ഥാനങ്ങളിലും ദേശീയ കൗണ്‍സിലിന്റെ മാതൃകയില്‍ കൗണ്‍സിലുകള്‍ രൂപീകരിയ്ക്കുക.ജോലികള്‍ വിഭജിച്ച് നല്‍കുക.

൪)ആറുമാസ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ യാതൊരു പരിഗണനയുമില്ലാതെ അടച്ചു പൂട്ടുക.അവര്‍ യാതൊരു പരിഗണനയും അര്‍ഹിയ്ക്കുന്നില്ല ശരിയ്ക്കും ചതിയ്ക്ക് എന്തെങ്കിലുംനിയമപരമായ വകുപ്പുകളുണ്ടെങ്കില്‍ അതുപയോഗിച്ച് അവര്‍ക്കെതിരേ കേസുകളെടുക്കണം.പൗരന്റെ ജീവനും സ്വത്തിനു ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനും അവര്‍ കോടതിയില്‍ ഉത്തരം പറയണം

൫)ഇപ്പോള്‍ പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്തുകൊണ്ടിരിയ്ക്കുന്ന , ഒരു പ്രത്യേക സമയത്തിനപ്പുറം പരിശീലനം ഉള്ളവര്‍ക്ക്( ഉദാ ൨വര്‍ഷം) ഓരോരുത്തരുടെയും അടിസ്ഥാന യോഗ്യതകളനുസരിച്ച് അധിക കോഴ്സുകള്‍ നല്‍കി അവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുക.

൬)അധിക കോഴ്സുകള്‍ അടിസ്ഥാന യോഗ്യതകളനുസരിച്ച് നല്‍കിയ ശേഷം മാത്രമേ സര്‍ട്ടിഫിക്കേഷന്‍ നല്‍കാവൂ.കൂടുതല്‍ നാള്‍ എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് എന്തെങ്കിലും പരീക്ഷകള്‍ പാസായി സര്‍ട്ടിഫിക്കേഷന്‍ നേടാനുള്ള അവസരങ്ങളുണ്ടാക്കണം.അതിന് ഒരു അവസാന തീയതി വയ്ക്കുക.അതിനു മുന്‍പ് എല്ലാവരും സര്‍ട്ടിഫൈഡ് ആകണമെന്ന് നിര്‍ബന്ധമായും നിയമം കൊണ്ട് വരിക. രണ്ടോ മൂന്നോ പ്രാവശ്യം പരീക്ഷകളും സപ്ലിമെന്ററി പരീക്ഷകളും നടത്താനുള്ള സമയം വിട്ടുകൊണ്ടായിരിയ്ക്കണം അത്.

൭)അധിക കോഴ്സുകള്‍ നല്‍കാന്‍ IGNOU (Indira Gandhi National Open University), PGIMSR(Post Graduate Institute of Medical Science and Reaearch) എന്നിവയുടെയൊക്കെ സഹായത്തോടെ നടത്തണം.അതിനു കേന്ദ്രീകൃതമായ ഒരു സ്വഭാവമുണ്ടാകണം.

൮)അതിനു ശേഷം കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ നടത്തുന്ന ഒരു കോഴ്സിനും അംഗീകാരം നല്‍കാതിരിയ്ക്കുക.

൯)പ്രൊഫഷണല്‍ ടൈറ്റിലുകള്‍(ഫിസിയോ തെറാഅപ്പിസ്റ്റ്, റേഡിയേഷന്‍ ടെക്നോളജിസ്റ്റ്, ലബോറട്ടറി സയന്റിസ്റ്റ്) പ്രൊക്ടക്ടഡ് ടൈറ്റിലുകളാക്കുക.അതായത് സ്റ്റേറ്റിന്റെയോ സ്റ്റേറ്റ് നിശ്ചയിയ്ക്കുന്ന കൗണ്‍സിലിന്റേയോ അനുവാദമിഉല്ലാതെ ആര്‍ക്കും ആ പദങ്ങള്‍ ഉപയോഗിയ്ക്കാന്‍ അവകാശമുണ്ടാകരുത്.

൧൦)അംഗീകാരമില്ലാത്ത കോഴ്സുകള്‍ പഠിച്ച് കുറെയേറെ വര്‍ഷമായി ജോലി ചെയ്യുന്ന(ഉദാ൧൦ വര്‍ഷം) ആര്‍ക്കെങ്കിലും രജിസ്ട്രേഷന്‍ കിട്ടാതെ പോയെങ്കില്‍ അവരെ ആ വകുപ്പിനുള്ളില്‍ തന്നെ പുനരധിവസിപ്പിയ്ക്കാനുള്ള നടപടികള്‍ കൈക്കോള്ളുക.കുറഞ്ഞ അറിവുകള്‍ വേണ്ടുന്ന മറ്റെന്തെകിലും ജോലികള്‍ ആ വകുപ്പിനുള്ളില്‍ തന്നെ നല്‍കാന്‍ ശ്ര‌മിയ്ക്കുക.ശമ്പളം കുറഞ്ഞുപോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.പക്ഷേ പ്രൊട്ടക്ടഡ് ടൈറ്റിലിലുള്ളവരുടെ മേല്‍നോട്ടത്തിലല്ലാതെ രോഗിയുടേയോ രോഗചികിത്സയുമായോ നേരിട്ട് ബന്ധമുള്ള കാര്യങ്ങളൊന്നും അദ്ദേഹം/അവര്‍ ചെയ്യുന്നില്ലയെന്ന് ഉറപ്പ് വരുത്തുക.

ഇത്രയുമൊക്കെ എത്രയും പെട്ടെന്ന് ചെയ്തില്ലെങ്കില്‍ നമ്മളുടെ രോഗചികിത്സാ രംഗം ഇനിയും വഷളാകും.
അനുഭവിയ്ക്കുന്നത് മന്ത്രിമാരല്ല.അവര്‍ രോഗം വന്നാല്‍ പുറത്തേയ്ക്ക് പറക്കും.
സ്വാധീനമുള്ളവര്‍ മെഡിയ്ക്കല്‍ കോളേജില്‍ പോകും.ആര്‍ക്കെങ്കിലും കാശുകൊടുത്ത് പേവാര്‍ഡ് വാങ്ങും.(അവിടെ യോഗ്യതയുള്ളവര്‍ മാത്രമല്ലേയുള്ളൂ) ..
രോഗചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിയ്ക്കുന്ന മനുഷ്യരും, മെഡിയ്ക്കല്‍ കോളെജുകളില്‍ നിന്ന് രക്തവും മൂത്രവുമായിട്ട് പുറത്തുള്ള തട്ടുകടകളിലേയ്ക്കോടുന്ന വാര്‍ഡുകളില്‍ കിടക്കുന്ന പാവങ്ങളും അനുഭവിയ്ക്കും.

നമ്മള്‍ അവരിലൊരാളാകാത്തയിടത്തോളം സമാധാനം സുഖം.
സ്വസ്തി....

Tuesday, June 19, 2007

ഡോക്ടേഴ്സ് ഒണ്‍ലി

അന്ന് ഒത്തിരി ജോലിയുണ്ടായിരുന്നു..

പുറത്തെ ഹോട്ടലിലാണ് ഞാനെന്നും ഭക്ഷണം കഴിയ്ക്കാറ്..സമയമില്ലാത്തതുകൊണ്ട് അന്ന് കാന്റീനിലാകാമെന്ന് വിചാരിച്ചു.

കാന്റീനില്‍ സാധാരണ ഞാന്‍ പോയാല്‍ ഇരിയ്ക്കുന്ന ഒരു മുറിയുണ്ട്.സുഹൃത്തുക്കളായ ഡോക്ടര്‍മാരുമൊത്ത് പൊകുമ്പോഴെല്ലാം ആ മുറിയിലിരുന്നാണ് ഭക്ഷണവും, അവരുടെ പുതിയ കാറിന്റെ വിശേഷങ്ങളും ടാക്സിന്റെ പ്രശ്നങ്ങളും മറ്റും കേട്ടിരിയ്ക്കുക.ആയിരത്തിയഞ്ഞൂറ് രൂപാ ശമ്പളമുള്ള എനിയ്ക്ക് അതൊന്നും ബാധകമല്ലെങ്കിലും ആക്സന്റിന്റെ സസ്പെന്‍ഷന്‍ പൊരാ എന്നും സാണ്ട്രോ ചെറുതെങ്കിലും നല്ലതെന്നുമൊക്കെയുള്ള വിശേഷങ്ങള്‍ക്ക് അന്ന് ചെവിയുണ്ടായിരുന്നു.

എന്റെയൊരു മച്ചുനന്‍ ആ ആശുപത്രിയിലെ ഡോക്ടറായിരുന്നു.അങ്ങനെയാണ് ഒരു ടെക്നോളജിസ്റ്റായ ഞാന്‍ ഡോക്ടര്‍മാരുമായുള്ള ചങ്ങാത്തം തുടങ്ങിയത്. അല്ലെങ്കില്‍ ഡോക്ടര്‍മാരുമായി ചങ്ങാത്തം പറ്റുകയില്ലേ എന്നിപ്പൊ നിങ്ങള്‍ക്ക് തോന്നാം..ഈ വിശദീകരണത്തിന്റെ കാരണം ഞാന്‍ വഴിയേ പറയാം.

സാധാരണ ഞാനാ മുറിയിലാണ് കയറുന്നത്..അതുകൊണ്ട് ഞാനാ മുറിയിലിരുന്നു എന്നുമാത്രം.വൃത്തിയുള്ള പിഞ്ഞാണങ്ങളില്‍ ഭക്ഷണം കിട്ടുമെന്നുള്ളതും,രോഗികളുടെ ബന്ധുക്കള്‍ ചായവാങ്ങിത്തരുമെന്ന ചമ്മല്‍ ഒഴിവുമാകും എന്നുള്ളതും ആ മുറിയില്‍ കയറാന്‍ കാരണമായിരുന്നു.

സാധാരണ ഞങ്ങള്‍ കയറുമ്പൊ വരുന്ന ചേട്ടന്‍ തന്നെയാണ് അന്നും വന്നത്..

ഞാന്‍ ചിരിച്ചു..

“ചേട്ടാ..നാലുദോശ ..മുട്ടക്കറി..“

ചേട്ടന്‍ പോയി..
സാധാരണ വരുമ്പൊ പറയുന്ന കുശലപ്രശ്നങ്ങള്‍ ഇല്ല എന്നുള്ളത് ഞാനപ്പൊ ശ്രദ്ധിച്ചിരുന്നില്ല..
കുറേക്കഴിഞ്ഞിട്ടും ഒന്നും കിട്ടിയില്ല.. ഹോട്ടലുകളില്‍ ഭക്ഷണം താമസിച്ചാല്‍ ഞാന്‍ ബഹളം ഉണ്ടാക്കാറില്ല..വിനയവും സ്നേഹവും കൊണ്ടൊന്നുമല്ല..സഭാകമ്പത്തിന്റെ വേറൊരു പതിപ്പ്..വേണ്ടതു പോലും ചിലപ്പോ ഞാന്‍ ചോദിയ്ക്കില്ല..

ചേട്ടന്‍ ആ വഴി കടന്നുപോയപ്പൊ ഞാന്‍ ഒന്നൂടെ വിളിച്ചു..

ചേട്ടന്‍ കയറി വന്നു..
“അതേ, നിങ്ങള്‍ ഡോക്ടറാണോ”.
“അല്ലല്ലോ“..

ഈ മുറി ഡോക്ടര്‍മാര്‍ക്ക് മാത്രമുള്ളതാണ്..നിങ്ങളിവിടെയിരിയ്ക്കുന്നതുകണ്ടാല്‍ സീ എം ഓ ഞങ്ങളോട് ചൂടാവും..

അങ്ങനെയുള്ള അപമാനം കുട്ടിയിലേ മുതല്‍ക്കെ അനുഭവിച്ചില്ലാത്തതിനാലാവണം..എന്റെ തല കറങ്ങുന്നതു പോലെ എനിയ്ക്കു തോന്നി.

അപ്പോളോ ആശുപത്രിയില്‍ മൂത്രമൊഴിയ്ക്കുന്നിടത്ത് ഡോക്ടേഴ്സ് ഒണ്‍ലി എന്നെഴുതിയതു കണ്ടിട്ടുണ്ട്..അന്ന് പോസ്റ്റിങ്ങിനു പോയ വിദ്യാര്‍ത്ഥികളായത് കൊണ്ട് ഡോക്ടര്‍മാരുടെ ജനനേന്ദ്രിയത്തെ കളിയാക്കുന്ന ഏതോ വളിപ്പ് തമാശയില്‍ അതൊതുങ്ങി.മറ്റു പല ആശുപത്രി കാന്റീനുകളിലും ഡോക്ടേഴ്സ് ഒണ്‍ലി അറിയിപ്പ് കണ്ടിട്ടുണ്ട്..അവിടെയെല്ലാം രോഗിയോ രോഗശ്രുഷൂഷകനോ ആയിരുന്നു..ശ്രദ്ധിച്ചിട്ടില്ല.കണ്ണുണ്ടായിരുന്നില്ല..പഠന സമയത്ത് തെക്കേ ഇന്ത്യയിലെ പല ആശുപത്രികളിലും പോസ്റ്റിങ്ങിനു പോയിട്ടുണ്ട്.അവിടെയെല്ലാം ഈ അറിയിപ്പ് കണ്ടിട്ടുണ്ട്.ശ്രദ്ധിച്ചിട്ടില്ല..

മനസ്സാനിധ്യം വീണ്ടെടുക്കാന്‍ കുറച്ച് സെക്കന്റുകളെടുത്തു..

“ഞാന്‍ ഡോക്ടര്‍മാരേക്കാളും മോശക്കാരനൊന്നുമല്ല“

党അത് ഞങ്ങള്‍ക്കറിയേണ്ടാ..ഇവിടെ ഡോക്ടര്‍മാരല്ലാത്തവരിരുന്നാല്‍ സീ എം ഓ വഴക്കു പറയും..

എന്റെ ശബ്ദം ഉയര്‍ന്നു..

“നിങ്ങള് ഞാന്‍ പറഞ്ഞത് തന്നാല്‍ മതി..സീ എം ഓ എന്തെങ്കിലും പറഞ്ഞാല്‍ അങ്ങേരോട് ഞാന്‍ പറഞ്ഞോളാം..“

ചേട്ടന്‍ വാദിയ്ക്കാന്‍ നിന്നില്ല..ഭക്ഷണം കൊണ്ടു വന്നു..അദ്ദേഹം പുറത്തെയ്ക്ക് പോയപ്പോ ആരോ ചോദിച്ചു..

“എന്തു പറഞ്ഞു..?“

“അങ്ങെരോട് അയാള്‍ പറഞ്ഞോളാംന്ന്..“

എനിയ്ക്ക് ഭക്ഷണം ഇറങ്ങിയില്ല..

ഭക്ഷണം പാതിവച്ച് ഇറങ്ങി വന്നപ്പോഴാണ് പലതവണ കണ്ടിരുന്നുവെങ്കിലും അന്നുവരെ ശ്രദ്ധിയ്ക്കാതിരുന്ന ഒരു കാര്യം മനസ്സില്‍ പെട്ടത്..

“ഡോക്ടേഴ്സ് ഒണ്‍ലി“

_____________________________

അന്നു മാത്രമല്ല..രണ്ട് മൂന്ന് ദിവസത്തേയ്ക്ക്..മുറിയ്ക്കകത്ത് ഞാന്‍ അടച്ചിരുന്നു. സാധാരണ ജോലികഴിഞ്ഞ് വന്ന് ആശുപത്രിയിലെ കുറച്ച് ജീവനക്കാരുമൊത്ത് ക്രിക്കറ്റ് കളിയ്ക്കാന്‍ പോകുമായിരുന്നു....അവിടെയും പോയില്ല..ഒന്നും വായിയ്ക്കാനും പറ്റുന്നില്ല...

ഒരു ഇരുപത്തിനാലുകാരന്റെ ഈഗോ ചെറുതൊന്നുമല്ലായിരുന്നു..ഞാന്‍ പതുക്കെ വിഷാദത്തിലെയ്ക്ക് വഴുതി വീഴുകയായിരുന്നു..ആള്‍ക്കാരെ അഭിമുഖീകരിയ്ക്കാന്‍ പൊലും മടി..

അരോടും ഇതുവരെ ഞാനിത് പറഞ്ഞിട്ടില്ല..എന്റെ ഒരു സുഹൃത്തിനോടൊഴിച്ച്..സാധാരണ പോലെ എന്തോ തത്വശാസ്ത്രം പറഞ്ഞ് അവനെന്നെ സമാധാനിപ്പിച്ചു..അത് പറഞ്ഞപ്പൊ കുറച്ച് മാറിവന്നു..എല്ലാം സാധാരണ പോലെയാവാന്‍ തുടങ്ങി.

ഞാന്‍ ജോലിയ്ക്ക് വന്ന ദിവസം ആശുപത്രിയ്ക്കപ്പുറത്തുള്ള ക്വാട്ടേഴ്സുകള്‍ നില്‍ക്കുന്ന വളപ്പിലെ അഞ്ചാറു സ്റ്റാഫുകള്‍ താമസിയ്ക്കുന്ന ഒരു ചെറിയവീട്ടിലായിരുന്നു താമസം തന്നിരുന്നത്..എന്റെ മുറിയില്‍ അപ്പോള്‍ തന്നെ രണ്ടു പേര്‍ താമസമുണ്ടായിരുന്നു.

അതിശയോക്തിയല്ല .ഒരു 10x10 മുറി..രണ്ട് കട്ടിലുകള്‍ കഷ്ടിച്ച് ഇട്ടിട്ടുണ്ട്..മുറിയിലെ ഒരാള്‍ നൈറ്റ് ഡ്യൂട്ടിയും മറ്റൊരാള്‍ ശബരിമല ഡ്യൂട്ട്യുമായിരുന്നതിനാല്‍ അദ്യ ദിനം ആരും ഉണ്ടായിരുന്നില്ല.ഒരു കട്ടിലിലെ മുഷിഞ്ഞ തുണികള്‍ അല്‍പ്പം മാറ്റി ഞാനവിടെ കിടന്നു.ആറോളം ആള്‍ക്കാര്‍ക്ക് ഒരു കുളിമുറിയും കക്കൂസും..മുഴുവന്‍ ഇടിഞ്ഞ് പൊളിഞ്ഞത്.

ശബരിമല ഡ്യൂട്ടിക്കാരന്‍ വന്നാല്‍ എനിയ്ക്കവിടെ കിടക്കാന്‍ പറ്റുമായിരുന്നില്ല.തറയില്‍ ഒരു പായ വിരിയ്ക്കാനുള്ള സ്ഥലമുണ്ടായിരുന്നില്ല.

അവിടെ താമസിയ്ക്കുന്നവരിരൊരാള്‍ ആശുപത്രിയിലെ മുതിര്‍ന്ന ഗുമസ്തനായിരുന്നു.അങ്ങേര്‍ അവിടെയെനിയ്ക്ക് കിടക്കാനുള്ള സ്ഥലമില്ല എന്നു പറഞ്ഞിട്ടാവണം ജൂനിയര്‍ ഡൊക്ടര്‍മാരെ താമസിപ്പിയ്ക്കുന്നയിടത്ത് ഒഴിഞ്ഞ് കിടക്കുന്ന നാലു മുറികളിലൊന്നില്‍ എനിയ്ക്ക് താമസം തന്നത്...ഞാനന്നൊന്നും ചോദിയ്ക്കാന്‍ ശീലിച്ചിരുന്നില്ല..വിനയാന്വീതനായിരുന്നു..‘ആംഗര്‍ മാനെജ്മെന്റ് ‘ എന്ന സിനിമയില്‍ കാണിയ്ക്കും പോലെ അവനവനോടുള്ള എന്തോ ഒരു ദേഷ്യം.

ആശുപത്രിയ്ക്കുള്ളില്‍ത്തന്നെയുള്ള ഒരു കെട്ടിടമായിരുന്നത്.താഴെയും മുകളിലുമായി നാലു മുറികളുള്ള ഒരു കെട്ടിടം.ജൂനിയര്‍ ഡൊക്ടര്‍മാരുടെ താമസസ്ഥലമായിരുന്നു അത്.പക്ഷേ ഒരാള്‍ മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. മറ്റു ജീവനക്കാര്‍ക്ക് രാത്രി ഒന്ന് മിനുങ്ങാനുള്ള ആശുപത്രിയിലെ തന്നെ മിനി ബാറായിരുന്നാ കെട്ടിടത്തിലെ ഒഴിഞ്ഞമുറികള്‍.

ആയിടയ്ക്കാണ് ഉച്ചയ്ക്ക് എന്തോ ആവശ്യത്തിന് ഞാന്‍ മുറിയിലേയ്ക്ക് ചെല്ലുമ്പൊ ഓഫീസിലെ ഒരു ഗുമസ്തന്‍ എന്റെ മുറി തുറന്ന് (ഞാനറിഞ്ഞില്ല) എന്തോ ആരെയൊക്കെയോ കാണിയ്ക്കുന്നത് കണ്ടത്.

ഞാന്‍ ചിരിച്ചു..

“ആരായേട്ടാ ..“?

“അത്..മധൂ..അത് പുതിയ കാഷ്വാല്‍റ്റി മെഡിയ്ക്കല്‍ ഓഫീസറാ..അങ്ങേര്‍ക്ക് മുറികളൊക്കെ കാണിയ്ക്കുകയായിരുന്നു..മധുവിനോട് സീ എം ഓ ആപ്പീസിലോട്ട് ചെല്ലാന്‍ പറഞ്ഞു..“

ഞാന്‍ ഓഫീസിലെയ്ക്ക് പോയി..

“മധൂ....പുതിയ കാഷ്വാല്‍റ്റി മെഡിയ്ക്കല്‍ ഓഫീസര്‍ വന്നിട്ടുണ്ട്..അയാള്‍ക്ക് മറ്റു മുറികളൊന്നും ഇഷ്ടപ്പെട്ടിട്ടില്ല..മധുവിന്റെ മുറി മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ..അതുകൊണ്ട് മധു ഈ മുറിയില്‍ നിന്നു മാറി മുകളിലുള്ള മുറിയിലോട്ട് പോണം.“

അത്..(എനിയ്ക്കൊന്നും പറയാന്‍ തോന്നിയില്ല)

“അല്ല അക്കൊമൊഡേഷന്‍ തന്നാല്‍ പോരേ..ലീഗലീ എത് മുറിയായാലും പ്രശ്നമില്ലല്ലോ..“

“അത്...അത് ശരിയാണ്..“

കൂടുതലൊന്നും പറയാന്‍ എനിയ്ക്ക് വന്നില്ല..ഞാന്‍ ഇറങ്ങി നടന്നു..ഞാന്‍ തിരിച്ച് മുറിയില്‍ ചെന്നപ്പൊ സാധനങ്ങള്‍ മുറിയില്‍ നിന്ന് മാറ്റിത്തുടങ്ങിയിരുന്നു..

“സാറേ..ആ ബുക്കുകളൊക്കെ കളയാനുള്ളതാന്നോ ? മോളിലെ മുറിയിലാ സാറിനുവേണ്ടി പറഞ്ഞിട്ട്ള്ളത്“...

അച്യുതന്‍ ചൊദിച്ചു..

വാരിവലിച്ചിട്ടിരുന്ന കുറെ പുസ്തകങ്ങളും വാരി ഞാന്‍ അച്യുതന്റെ കൂടെ നടന്നു.

“ഹലോ ഐ ആം ഡോക്ടര്‍ കോശി“..ഒരു ചെക്കന്‍ ചിരിച്ചു..ഐ ഡിഡിന്റ് മീന്‍ ദാറ്റ്....നോ ഹാര്‍ഡ് ഫീലിഗ്സ്..ഓ ക്കേ?

“ദാറ്റ്സ് ഓക്കേ..യൂ ഡിഡിന്റ് ഡൂ എനിതിങ്..“ഞാനും ചിരിച്ചു..

മറ്റൊന്നും ചിന്തിയ്ക്കാന്‍ എനിയ്ക്ക് അപ്പോള്‍ ബോധമില്ലായിരുന്നു..

ചിലവക്കുകളില്‍ നിന്ന് ചില മുറുമുറുപ്പുകള്‍ വരുന്നുണ്ടായിരുന്നു.ഞാന്‍ എന്റെ സ്വന്തം കാര്യമായതുകൊണ്ട് സ്വന്തമായി ഒന്നും പറയാന്‍ പാടില്ല എന്നൊരു തത്വശാസ്ത്രം മറയാക്കി വെറുതേയിരുന്നു

ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ എന്നൊന്നുമറിയില്ല..എന്തായാലും ഡോക്ടര്‍ കോശി ജോയിന്‍ ചെയ്യാന്‍ വന്നില്ല..വരുമോ എന്നു പോലും ഉറപ്പില്ലാത്ത ഒരാള്‍ക്ക് വേണ്ടിയായിരുന്നു അത്..

ആയിടെയാണ് അമൃതയില്‍ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റിനെ ആവശ്യമുണ്ട് എന്ന് കാണിച്ചുള്ള പരസ്യം കണ്ടത്..

"ഒന്ന് അയയ്ക്കെടാ..ഒന്നുമില്ലേലും ടെക്നോളജിസ്റ്റെന്നല്ലേ..നാലുവര്‍ഷം പഠിച്ചിട്ട് ടെക്നീഷ്യന്‍ എന്നു കേള്‍ക്കേണ്ടല്ലോ"..അമ്മ പറഞ്ഞു.

എന്റെ അന്നത്തെ വലിയ അപകര്‍ഷതകളിലൊന്നായിരുന്നു ടെക്നീഷ്യന്‍ എന്ന വിളിപ്പേര്.ഏതാണ്ട് ഈ തരത്തിലുള്ള ഇന്‍ഡ്യയിലെ ആദ്യത്തെ കോഴ്സ് ഞങ്ങള്‍ പഠിച്ചതാണ്.മെഡിയ്ക്കല്‍ റേഡിയേഷന്‍ ടെക്നോളജിയില്‍ നാലുവര്‍ഷത്തെ ബിരുദം.ചില വിദേശ സര്‍വകലാശാലകളിലെ പഠനം മാതൃകയാക്കി തുടങ്ങിയതാണത്.പക്ഷേ പുതിയ കഴിവുകളുമായി ഞങ്ങള്‍ പുറത്തിറങ്ങിയപ്പോ മിക്കവര്‍ക്കും അതിതീവ്രമായ ജോലി സംതൃപ്തിയില്ലായ്മയാണ് അനുഭവപ്പെട്ടിരുന്നത്.ചിലര്‍ ജൊലി വിട്ട് മെഡിയ്ക്കല്‍ ട്രാന്‍സ്കൃപ്ഷനെന്ന സെക്രട്ടറി ജോലിയ്ക്ക് പോയി..ചിലര്‍ മാര്‍ക്കറ്റിംഗിലേയ്ക്ക് പോയി..ചിലര്‍ ജോലിയ്ക്ക് പോയതെയില്ല..

അമൃതയിലെ ടെക്നോളജിസ്റ്റ് എന്ന പരസ്യം ഒത്തിരി സന്തോഷം തന്നു.അതുകൊണ്ട് തന്നെ അവിടെ ഇന്റര്‍വ്യൂവിന് ശമ്പളം എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമുള്ളതു മതി എന്നാണ് പറഞ്ഞത്..എത്ര കുറഞ്ഞാലും ആ ലാഭം രോഗികള്‍ക്ക് സേവനം ചെയ്യാനാണല്ലോ ഉപയോഗിയ്ക്കുന്നത് എന്ന് വിചാരം എന്നെ സന്തോഷിപ്പിച്ചു.സീ റ്റീ സ്കാനെഴുതി വിടുന്നതിനു പാരിതോഷികമായി പതിനായിരവും ഇരുപതിനായിരവും ഒക്കെ കൊണ്ട് നടന്ന് വിതരണം ചെയ്യുന്നത് എന്നോട് തന്നെ എനിയ്ക്ക് വെറുപ്പുണ്ടാക്കിയിരുന്നു.അതുകൊണ്ട് തന്നെ എത്ര ശമ്പളം തന്നാലും ഇനിയും പന്തളം എന്‍ എസ് എസ്സില്‍ ജോലി ചെയ്യുന്നില്ല എന്നു തീരുമാനിച്ചു.

ജോലിയ്ക്ക് ചെരുന്നയന്ന് എനിയ്ക്ക് ഒരു താല്‍ക്കാലിക പാസും ഡിപ്പാര്‍ട്ട്മെന്റില്‍ കൊടുക്കാന്‍ ഒരു പേപ്പറും തന്നു.പെപ്പറില്‍ റേഡിയോ തെറാപ്പി ടെക്നീഷ്യന്‍ എന്നെഴുതിയിരിയ്ക്കുന്നു..

“ഇതെന്താ ഇങ്ങനെ?..ഇങ്ങനെ എഴുതിയിരിയ്ക്കുന്നത്? “ഞാന്‍ ആ പേപ്പര്‍ തന്നയാളോട് ചോദിച്ചു

"എങ്ങനെ? “

“ടെക്നോളജിസ്റ്റ് എന്നായിരുന്നല്ലോ പത്രപ്പരസ്യം തന്നത്..ഇപ്പൊ അതെങ്ങനെ ടെക്നീഷ്യനായി..?“

“അയ്യോ അതറിയില്ലല്ലോ..നിങ്ങള്‍ നിങ്ങളുടെ വകുപ്പ് തലവനോട് ചോദിയ്ക്കൂ..“

റേഡിയേഷന്‍ ഓങ്കോളജിയില്‍ രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളാണ് .റേഡിയേഷന്‍ ഓങ്കോളജിയും മെഡിയ്ക്കല്‍ ഫിസിക്സും.ഒന്നിന്റെ തലവനൊരു ഡോക്ടറായിരിയ്ക്കുമ്പോള്‍ മറ്റതിന്റെ തലവന്‍. ബീ എ ആര്‍ സീ യില്‍ നിന്ന് റേഡിയേഷന്‍ ഫിസിക്സില്‍ വിദഗ്ധ പരിശീലനം കിട്ടിയ ഒരു ഫിസിസ്റ്റായിരിയ്ക്കും.

ടെക്നോളജിസ്റ്റുകള്‍ ഇവരിലാരുടെയെങ്കിലും കീഴിലായിരിയ്ക്കും.അവര്‍ക്ക് പരിശീലനമോ അറിവോ ഒന്നും ആവശ്യമില്ല.ശമ്പളവുമില്ല..3500 രൂപയായിരുന്നു എന്റെ ശമ്പളം.(അത് അവിടെ ഒരു വലിയ ശമ്പളമാണ്.1500 രൂപയ്ക്ക് ജോലി ചെയ്യുന്ന നേഴ്സുകളുള്ളപ്പോള്‍).എന്റെ ക്ലാസില്‍ പഠിച്ച ഒരു കുട്ടി അവിടെ ഡയഗണൊസ്റ്റിക് റേഡീയോളജിയില്‍(എക്സ്രെ , സ്കാനിംഗ്,വിഭാഗം) ജോലി ചെയ്യുന്നുണ്ടായിരുന്നു.അവളുടെ ശമ്പളം 2000 രൂപയായിരുന്നു.

ഞാന്‍ ചെന്ന ദിവസം ഫിസിക്സിന്റെ തലവന്‍ അവിടെയില്ലായിരുന്നു.അയാളായിരുന്നു കാര്യങ്ങളൊക്കെ നിയന്ത്രിച്ചിരുന്നത്.

അന്ന് ഞാന്‍ കണ്ടവരോടൊക്കെ തസ്തികയുടെ പേരുമാറ്റത്തെപ്പറ്റി പറഞ്ഞു നോക്കി..ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു.

അപ്പോള്‍ തന്നെ അവിടെ മൂന്നു പേര്‍ ചെര്‍ന്നിട്ടുണ്ടായിരുന്നു.അവര്‍ക്കും ടെക്നീഷ്യന്‍ എന്ന പെരു തന്നെയാണ് കിട്ടിയിരിയ്ക്കുന്നത്.

പിറ്റേന്ന് ഞാന്‍ ഫിസിക്സിന്റെ തലവനെ കണ്ട് കാര്യം പറഞ്ഞു..

“വെല്‍..ഐ ഓള്‍സോ നോട്ട് ലൈക് ദ ടേം.. ടെക്നീഷ്യന്‍..ഐ വില്‍ ടെല്‍ റ്റു എച് ആര്‍ ഡീ..“

“തങ്ക്യൂ സര്‍ ..“

നാളു കുറെ കഴിഞ്ഞിട്ടും അത് മാറ്റിത്തന്നില്ല ഒറിജിനല്‍ ഐ ഡീ കാര്‍ഡും കിട്ടി..അതിലും ടെക്നീഷ്യന്‍..

ഞാന്‍ ഒന്നൂടെ തലവനെ കണ്ട് പറഞ്ഞു..

“ഐ ഹാവ് ഓള്രെഡീ ആസ്ക്ഡ് ദെം റ്റു ചേഞ്ജ്..“

“ബട്ട് സര്‍ ..യുവര്‍ അഡ്വര്‍ട്ടൈസ്മെന്റ് വാസ് അസ് ടെക്നോളജിസ്റ്റ്..വൈ ദേര്‍ ഇസ് സോ ലാഗ്..? ദേര്‍ വുഡ് ഹാവ് ബീന്‍ നോ നീഡ് റ്റു ചേഞ്ച് ഇഫ് ദേ ഹാവ് ഡണ്‍ ദാറ്റ് പ്രൊപ്പെര്‍ലീ നോ..?“

“ഓക്കെ..ഓക്കെ..ഐ വില്‍ ടെല്‍ ദെം.“

പിന്നെ ഞാനൊന്നും പറഞ്ഞില്ല.അപ്പോഴാണ് മനസ്സില്‍ ഒന്ന് തോന്നിയത്..എന്റെ അഹംകാരം കുറയ്ക്കാന്‍ വന്ന വഴികളായിരിയ്ക്കുമത്..അല്ലേല്‍ വലിയ അങ്ങുന്നായിത്തന്നെ ജീവിച്ചേനേ..ഇതെനിയ്ക്ക് വേണം..

ഒരു ദിവസം ഞങ്ങളെ വിളിച്ച് ടെക്നോളജിസ്റ്റ് എന്ന് പേരുമാറ്റി ഐ ഡീ മാറി തന്നു..

അന്നെനിയ്ക്ക് ബാക്കിയുള്ളവര്‍ ചായയും മുട്ടപപ്സും വാങ്ങിച്ചു തന്നു..:)

അമൃതാ ആശുപത്രിയില്‍ പോയിട്ടുള്ളവര്‍ക്കറിയാം..ആറു ടവറുകള്‍ ആറു ദിശയിലെയ്ക്ക് ഒരു സൂര്യന്റെ കിരണങ്ങള്‍ പോലെയുള്ളതായിട്ടാണ് അതിന്റെ നിര്‍മ്മാണം.നടുക്ക് വൃത്താകൃതിയിലുള്ള ഒരു ഏട്രിയവുമുണ്ട്..

ഒരോ ടവറില്‍ നിന്നും ഓരോ വാതിലുകള്‍ പുറത്തേയ്കുണ്ട്..മൂന്നാം ടവറിന്റെ വാതിലിനു മുന്നിലാണ് ഒരു കാന്റീന്‍..ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് മൂന്നാം ടവറിലും..

ഒരു ദിവസം അതിലെക്കൂടെ കയറാന്‍ പോയപ്പോഴാണ് സെക്യൂരിറ്റി തടഞ്ഞ് നിര്‍ത്തിയത്..

“ഇയാള്‍ ഡൊക്ടറാണോ?“

“അല്ല“

"ഇതേക്കൂടെ കയറാന്‍ പറ്റില്ല..എച് ആര്‍ ഡീ ന്ന് ഓഡറുണ്ട്..“

“അതെന്താ? “

“അതൊന്നും ഞങ്ങള്‍ക്കറിയില്ല..ഓഡറുണ്ട്..ഡോക്ടര്‍മാര്‍ക്കു മാത്രമേ എല്ലാ വാതിലില്‍ക്കൂടേയും കയറാന്‍ പറ്റൂ..നിങ്ങള്‍ അപ്പുറത്തെ ടവറിനും മെഡിയ്ക്കല്‍ കോളെജിനും ഇടയിലുള്ള വാതിലിലൂടെ കയറണം.“

അങ്ങേരോട് എന്തു പറയാന്‍..പണ്ടത്തെപ്പോലെ മുറുമുറുക്കലുകളൊന്നും നടത്തിയിട്ട് കാര്യ‍മില്ല എന്നറിയാമായിരുന്നു..പറയേണ്ടിടത്ത് ചിലടത്ത് പറഞ്ഞു..
വേണ്ടതു ചെയ്യാം എന്ന് അവര്‍ ഉറപ്പും തന്നു..

മുഖം നോക്കി ഡോക്ടറാണോ അല്ലയോ എന്നെങ്ങനെ മനസ്സിലാക്കും എന്നെനിയ്ക്ക് മനസ്സ്ലായില്ല..പിന്നെയാണ് ശ്രദ്ധിച്ചത്.ഡോക്ടര്‍മാരുടെയും ഉന്നതരുടേയും ഐ ഡീ കാര്‍ഡില്‍ ചുവപ്പ് നിറത്തിലാണെഴുതിയിരിയ്ക്കുന്നത്..ഞങ്ങളുടേതില്‍ കറുത്ത നിറത്തിലും.

ഒരു ദിവസം ഞാന്‍ കൂട്ടുകാരായ മുരുകദാസന്‍ ,സജു ,മറ്റു ചിലരുമൊത്ത് കാന്റീനിലിരിയ്ക്കുകയായിരുന്നു.അപ്പോഴാണ് സജുവിന് ഒരു ഫോണ്‍ വന്നത്.അവനന്ന് ചികിത്സാ ലിനാകിലായിരുന്നു പോസ്റ്റിംഗ്

"സജൂ..പെട്ടെന്ന് വരൂ..ഒരു അത്യാവശ്യ രൊഗി വന്നിട്ടുണ്ട്..“

സജു ഓടി മൂന്നാം ടവറിന്റെ വാതിലിലൂടെ അകത്തുകയറാന്‍ ഭാവിച്ചു.

“ഇതിലേ കടക്കാന്‍ പറ്റില്ല...ഡോക്ടര്‍മാര്‍ക്ക് മാത്രമേ പറ്റൂ “

“പേഷ്യന്റുണ്ടെന്ന്“

“പറ്റൂല്ലെന്ന് പറഞ്ഞില്ലേ“

"എമര്‍ജെന്‍സി പേഷ്യന്റുണ്ടെന്ന്..കറങ്ങിവരുന്നില്ല..ഇതേക്കൂടേ അകത്ത് പോണം.“

അവന്‍ സജുവിനെ തടഞ്ഞു..പിടിച്ച് മാറ്റി..

സജു അയാളെ പിടിച്ചു തള്ളിയിട്ട് അകത്ത് കയറി..


സഹിയ്ക്കാവുന്നതിലുമപ്പുറമായിരുന്നത്..ഞങ്ങള്‍ ഓങ്കോളജി വകുപ്പ് തലവനായ ഡോ: പദ്മനാഭനെ കണ്ടു

"ഞങ്ങള്‍ എന്താ സര്‍ .. ഡോക്ടര്‍മാരേക്കാള്‍ ഇന്‍ഫീരിയറായ ജോലിയാണൊ ചെയ്യുന്നത്..“

“ഏയ് അതൊന്നുമല്ല കാര്യം..അങ്ങനൊനും വിചാരിയ്ക്കരുത്..അതങ്ങ് പോട്ട്..എല്ലാം കഴിഞ്ഞല്ല്..“

കഴിഞ്ഞില്ലായിരുന്നു..പിറ്റേന്ന് സജുവിന് സസ്പെന്‍ഷന്‍..സെക്യൂരിറ്റിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നു കാര്യം.
ഒരുമിച്ച് ഡോ പദ്മനാഭനെ വീണ്ടും കണ്ട് പറഞ്ഞു..

“ഞങ്ങള്‍ കാര്യമെല്ലാം അപ്പോഴേ സാറിനോട് പറഞ്ഞില്ലേ“

"അത് സെക്യൂരിറ്റി എഴുതി പരാതികൊടുത്തു എന്നാണ് പറഞ്ഞത്. ആദ്യം പരാതി കൊടുത്തത് അവരാണ്..“

“അപ്പൊ ഞങ്ങള്‍ സാറിനോട് പറഞ്ഞതോ?“

“അത് എനിയ്ക്കല്ലേ അറിയൂ..എന്തായാലും ഞാനും പിള്ളയും(ഫിസിക്സ് തലവന്‍) വേണ്ടതു ചെയ്യാം“

സജുവിനെ തിരിച്ചെടുത്തു.

എല്ലാര്‍കും അതൊരു ആഘാതമായിരുന്നു കാര്യവുമില്ലാതെ സജുവിനെ ഒരുദിവസമെങ്കിലൊരു ദിവസം സസ്പെന്റ് ചെയ്തത് ആര്‍ക്കും സഹിയ്ക്കുമായിരുന്നില്ല..

പിറ്റേന്ന് ചായ കുടിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞങ്ങളുടെ ഒരു നല്ല സുഹൃത്ത് ഡോക്ടര്‍ രാജേഷിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അതേ പോലെ തന്നെ ഫോണ്‍ വന്നു..

“ഞാനൊരു കാര്യം കാണിച്ചുതരാം“

അയാള്‍ ഐ ഡീ എടുത്ത് പോക്കറ്റിലിട്ടു..നേരേ മൂന്നാം നിലയുടെ വാതിലിലൂടെ അകത്ത് കയറി..

"ഡോക്ടറാണോ?“

രാജേഷ് ഒന്നും മിണ്ടിയില്ല..
സെക്യൂരിറ്റി ബലം പിടിച്ച് തടഞ്ഞു.ഡോ രാജേഷിന്റെ ഉടുപ്പ് കീറി.

രാജേഷ് ആദ്യം ഐ എസ് ഓ ഡിപ്പാര്‍ട്ട്മെന്റിനും മെഡിയ്ക്കല്‍ ഡയറക്ടര്‍ക്കും പിന്നാര്‍ക്കോ ഒക്കെ കത്തെഴുതി..അയച്ചു..

പിറ്റേന്ന് തന്നെ മാപ്പു പറയാന്‍ ആള്‍ക്കാരെത്തി..സസ്പെന്‍ഷനും മറ്റുമില്ല..മാപ്പ് പറയുകയും ചെയ്തു..

എം എസ് സീ സുവോളജിയും(പൂര്‍ത്തിയാക്കിയിട്ടില്ല) റേഡിയേഷന്‍ ടേക്നോളജിയില്‍ ഡിപ്ലോമയുമുള്ള സജു ജോലി മതിയാക്കാന്‍ തീരുമാനിച്ചു.അവന്‍ കോണ്‍സ്റ്റബിള്‍ പണിയ്ക്ക് അപേക്ഷിച്ചു..ഇന്ന് പോലീസ് ക്യാമ്പില്‍ ‍കോണ്‍സ്റ്റബിളായി - കുറെയേറെപ്പേരുടെ കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സമയം ചെലവഴിച്കല്ലോ എന്ന ചാരിതാര്‍ത്യത്തിലാവണം..- അവന്‍ ജോലി ചെയ്യുന്നു..

ഒരു ദിവസം വഴിയില്‍ വച്ച് ഞാന്‍, കോളേജില്‍ എന്റെ ക്ലാസ്സില്‍ തന്നെ പഠിച്ച അമൃതയിലെ റേഡിയോ ഡയഗ്നോസില്‍ ജോലി ചെയ്യുന്ന അര്‍ച്ചനയെ കണ്ടു..കൂട്ടുകാരികളുമുണ്ടായിരുന്നു..കൂടെ

"എന്ത് പറയുന്നു..?“

“ഒന്നുമില്ലെടാ..ഒരാഴ്ചയിലായി എം ആര്‍ ഐയിലായിരുന്നു ഭയങ്കര കാലു വേദന..“

“എം ആര്‍ ഐയിലെന്താ കാലുവേദനയെടുക്കുമോ“

(ഞാന്‍ എം ആര്‍ ഐ യ്ക്ക് ബയോളജിയ്ക്കല്‍ ഹസാര്‍ഡ്സ് ഒന്നുമില്ല എന്ന വാദം പൊളിച്ചെഴുതുന്ന വക്കിലാണോ എന്ന് ശങ്കിച്ചു..നോബല്‍ സമ്മാനം എന്നെ മാടിവിളിച്ചു):)

“ഓഹ്..എം ആര്‍ ഐയിലെ ഒരാഴ്ചത്തെ ജോലി ഭീകരമാണ്..മുഴുവന്‍ സമയവും നിന്ന് ജോലി ചെയ്യണം..“കൂട്ടുകാരി പറഞ്ഞു..

“അതെന്താ അവിടെ കസേരയൊന്നുമില്ലേ?“

“അവിടെയാകെ രണ്ട് മൂന്ന് കസേരയേയുള്ളൂ..ഒന്നോ രണ്ടോ റേഡിയോളജിസ്റ്റുകള്‍ എപ്പോഴുമുണ്ടാകും.പിന്നെ ഡീ എന്‍ ബീ സ്റ്റുഡന്റ് എന്തെങ്കിലും വായിച്ചോണ്ട് അവിട്യിരിയ്ക്കും..“

“അര്‍ച്ചനേ..അത് നിന്റെ വര്‍ക്ക് പ്ലേസല്ലേ..നിനക്ക് വേറെ കസേര കൊണ്ട് വന്നിടണം..“

“അതിനുള്ള സ്ഥലം അവിടില്ലന്നേ..“

“ആ ഡീഎന്‍ ബീ സ്റ്റുഡന്റെന്തിനാ അവിടിരിയ്ക്കുന്നത്..അയാള്‍ക്ക് ലൈബ്രരിയില്‍ പോയിരുന്നൂടെ..നീ‍ അയാളുടേ കസേര ചോദിയ്ക്കണം.അപ്പോ അയാള്‍ തന്നിട്ട് ലൈബ്രറിയില്‍ പോയിരിയ്ക്കും..“

“അയാള്‍ തരില്ല..“

എനിയ്ക്ക് ചിന്തിയ്ക്കാന്‍ പോലും പറ്റിയില്ല..ഒരു ദിനം മുഴുവന്‍....ഓരോ സെഷനിലും നാല്‍പ്പത് നാല്‍പ്പത്തഞ്ച് മിനിട്ടെടുക്കുന്ന കമ്പ്യൂട്ടറും കൈകളും അസാധ്യ മാനസികാധ്വാനവും വേണ്ടുന്ന ജോലി ചെയ്യേണ്ടവള്‍ മേശപ്പുരത്ത് കുനിഞ്ഞ് നിന്ന് കീ ബോര്‍ഡില്‍ അഭ്യാസം കാണിയ്ക്കുന്നത്..

ഒരു ദിവസം കമ്പ്യൂട്ടറില്‍ ഒരുവന്‍ ഒരു മെയില്‍ കാണിച്ചുതന്നു..

“മെഡിയ്ക്കല്‍ കോളേജില്‍ പുതിയ ജിം തുടങ്ങുന്നു..എല്ലാവിധ ആധുനിക സൌകര്യങ്ങളോടും കൂടീയ ജിം..എല്ലാ ഡോക്ടര്‍മാര്‍ക്കും സ്വാഗതം.നോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ഡൊക്ടര്‍മാര്‍ക്കും ഒരു സുവര്‍ണ്ണാവസരം...“

ഇതായിരുന്നു ആ മെയിലിന്റെ കാതല്‍..

(ഡോക്ടര്‍മാര്‍ക്കും വലിയ ആള്‍ക്കാര്‍ക്കുമേ പേരു വച്ച് മെയില്‍ ഐ ഡീ അമൃതയുടെ വകയായി കൊടുക്കുകയുള്ളൂ)

ജിമ്മില്‍ ചേരാന്‍ പറ്റുമോ എന്നാരാഞ്ഞ് എന്റെയൊരു സുഹൃത്ത് ഫോണ്‍ ചെയ്തു..

“ജിമ്മില്‍ ഡൊക്ടര്‍മാര്‍ക്കോ, എം ബീ ബീ എസ് , ബീ ഡീ എസ് വിദ്യാര്‍ത്ഥികള്‍ക്കോ, ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കോ മാത്രമേ കയറാ‍ന്‍ പറ്റുകയുള്ളൂ..ബാക്കിയര്‍ക്കും പ്രവേശനമില്ല..“

ഡൊക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് വരെ പറ്റും ആ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ക്ക് പറ്റില്ലേ?

ആ കത്തയച്ച മെഡിയ്ക്കല്‍ കോളെജ് പ്രിന്‍സിപ്പാളിന് ഞാനൊരു മെയിലയച്ചു..
ഈ തീണ്ടല്‍, വേര്‍തിരിവ് അവസാനിപ്പിയ്ക്കണം എന്ന രീതിയില്‍..

മാതാ അമൃതാനന്ദമയിയുടെ ആദര്‍ശങ്ങളില്‍ വേര്‍തിരിവില്ലെന്നും മറ്റുമായി എങ്ങു തൊടാതെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ ഒരു മെയില്‍ മറുപടി പിറകേ വന്നു..

ഞാനതിനും മറുപടിയയച്ചു..

ഒന്നുരണ്ട് നാള്‍ കഴിഞ്ഞ് ജിം എല്ലാവര്‍ക്കും തുറന്ന് കൊടുക്കുന്നു എന്ന സന്തോഷവാര്‍ത്ത എന്നോടെന്റെ സുഹൃത്ത് പറഞ്ഞു..

മറ്റൊരു ദിവസം ഉച്ചയ്ക്ക് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇഞ്ചിക്കറി നല്ലതെന്ന് തോന്നി..അത് വിളമ്പിയയാളോട് കുറച്ചൂടെ ഇഞ്ചിക്കറി ചോദിച്ചു

"ചേട്ടാ..ഇഞ്ചിക്കറി രണ്ടാമത് ഡോക്ടര്‍മാര്‍ക്കു മാത്രമേ കൊടുക്കാന്‍ പാടുള്ളൂ എന്ന് കരുണാമ്മ പറഞ്ഞിരിയ്ക്കുന്നു..“

കരുണാമ്മ സന്യാസിനിയാണ്..ആദ്യം ക്രൈസ്തവ സന്യാസിനിയായിരുന്നു..പിന്നീട് അമൃതാനന്ദമയിയുടെ കൂടെചേര്‍ന്നു കരുണാമൃതചൈതന്യയായി..

ആ പയ്യനോട് അതുമിതും പറഞ്ഞിട്ടെന്ത് കാര്യം..ഇത് കരുണാമൃതമായി എനിയ്ക്ക് തോന്നാത്തതുകൊണ്ട് അവര്‍ക്കും മെയിലയച്ചു..

അന്ന് ഉച്ചതിരിഞ്ഞ് തന്നെ അവരെനിയ്ക്ക് ഫോണ്‍ ചെയ്തു. ഡോക്ടര്‍മാര്‍ക്ക് മാത്രമേ കൊടുക്കൂ എന്ന് പറഞ്ഞതിനു കാരണമൊന്നും പറഞ്ഞില്ല. കറി കുറെപ്പേര്‍ പാഴാക്കിക്കളയുന്നു.. ..അങ്ങനെയല്ല..ഇങ്ങനെയല്ലാ എന്നൊക്കെ പറഞ്ഞു..

ഞാനുദ്ദെശിച്ചതും അതല്ലമ്മേ എന്ന് ഞാനും പറഞ്ഞു

അമൃതയില്‍ നാലു കാന്റീനുകളുണ്ട്..ഒന്ന് സ്റ്റാഫ് കാന്റീന്‍..സ്റ്റാഫിന് മാത്രമായുള്ളത്.സ്ഥിരം മെനു മാത്രം..അവരു തരുന്നത് ഭക്ഷണം..ചോയ്സ് ഇല്ല.

വിസിറ്റേഴ്സ് കാന്റീന്‍ എന്നത് എന്റെ ഡിപ്പാര്‍ട്ടുമെന്റിനടുത്തുള്ളതാണ് ..എല്ലാവര്‍ക്കും കഴിയ്ക്കാം..ഹോട്ടല്‍ പോലെ..നമുക്ക് കാശുകൊടുത്ത് വേണ്ടത് കഴിയ്ക്കാം..വെജിറ്റേറിയന്‍ ഭക്ഷണം

മറ്റൊന്ന് ഫാസ്റ്റ് ഫുഡ് ആണ്..വെജിറ്റേറിയനും മുട്ട ചേര്‍ത്ത വിഭവങ്ങളും കിട്ടും.

സ്റ്റാഫ് കാന്റീനില്‍ നിന്ന് ഭക്ഷണം നമുക്ക് എടുത്ത് കൊണ്ട് പോകാം.ചില നേഴ്സുമാരും ജീവനക്കാരികളായ മറ്റു പെണ്‍കുട്ടികളും ഒരു പാത്രത്തില്‍ ഭക്ഷണമെടുത്ത് പൊകും..മുറിയില്‍ പോയി രണ്ടു പേര്‍ ചേര്‍ന്ന് കഴിയ്ക്കും..പാത്രം വലിയതൊന്നുമല്ല..സാധാരണ ചോറുപാത്രം..

പെണ്‍കുട്ടികള്‍ക്ക് ആ പാത്രത്തിലെ ചോറ് രണ്ടു പേര്‍ക്ക് ധാരാളമായിരുന്നു..ഒരു കാര്‍ഡ്(മാസം മൂന്നു നേരം ഭക്ഷണം 650 രൂപ. )എടുത്താല്‍ ആര്‍ക്കും നഷ്ടമില്ലാതെ രണ്ട് പേര്‍ക്ക് കഴിയ്ക്കാം.. 1500 രൂപ ശമ്പളവും അതില്‍ പിടിത്തവുമുള്ളവര്‍ക്ക് ഈ ഒരുപാത്രച്ചോറ് വലിയ സഹായകമായിരുന്നു..

ഒരു സുപ്രഭാതത്തില്‍ കാന്റിനില്‍ നിന്ന് ഭക്ഷണമെടുത്ത് പുറത്തേയ്ക്ക് പോകാന്‍ പറ്റില്ല എന്ന് നിയമം വന്നു..കാന്റീനിന്റെ വരുമാനം കൂടിയതൊന്നുമില്ല..എന്റെ പെങ്ങമ്മാര്‍ മിടുക്കികളായിരുന്നു.അവര്‍ പുറത്തുള്ള ഹോട്ടലുകളില്‍ നിന്ന് പൊതിച്ചോറ് വാങ്ങി പകുത്തു.

അന്നേരമാണ് എനിയ്ക്ക്, ഡൊക്ടര്‍മാര്‍ക്കും ടെക്നോളജിസ്റ്റിനും തുല്യ അവസരങ്ങളും സാമൂഹികാന്തസ്സും വേണമെന്നതിലുപരി ഞങ്ങള്‍ക്ക് താഴെയാരൊക്കെയുണ്ട് എന്നു ചിന്തിയ്ക്കാനായി തോന്നിയത്.അങ്ങനെയാണ് ഞാന്‍ അമൃതയിലെ തന്നെ ഏ എസ് കേ ജീവനക്കാരെ കാണുന്നത്.

അമൃത സര്‍വീസ് കെന്ദ്രാ എന്നാണ് ഏ എസ് കേ യുടെ മുഴുവന്‍ നാമം.കൂടുതലും പെണ്‍കുട്ടികളാണ്. വോളണ്ടിയര്‍ ഗ്രൂപ്പ് എന്നാണ് പറച്ചിലെങ്കിലും വളരെകുറച്ച് പേരേ അതില്‍ വോളണ്ടിയറായുള്ളൂ.ബാക്കിയുള്ളവരെല്ലാം അമൃത ആശുപ്പത്രിയിലെ ജോലിയും അവിടൂത്തെ സുരക്ഷിതത്വവും മോഹിച്ച് എത്തുന്ന പെണ്‍കുട്ടികളാണ്.അതില്‍ കുറ്റം പറയാന്‍ വയ്യ.കാരണം ലോകത്ത് ലണ്ടന്‍ എന്ന വികസിതരാജ്യതലസ്ഥാനത്തു പോലും കിട്ടാത്ത സുരക്ഷിതത്വമാണ് അമൃതയിലെ ചുറ്റുമതില്‍ക്കകത്ത് കിട്ടുന്നത്.പല പേടികളില്‍ നിന്നും വരുന്നവര്‍ക്ക് അത് സ്വര്‍ഗ്ഗമാണ്.അവര്‍ സുരക്ഷിതരാണ്.

പക്ഷേ കുറച്ചുകഴിഞ്ഞപ്പോഴാണ് അതൊരു സേവനം മാത്രമല്ല ചൂഷണവും കൂടിയാണെന്ന ബോധം ഞങ്ങള്‍ക്ക് ഉണ്ടായത്.അമൃത പോലെയൊരു സ്ഥാപനം സത്യത്തില്‍ ഓടിച്ചു പോകുന്നത് അവരാണ്.ഓങ്കോളജിയുടെ ത്ലവന്‍ ഒരാഴ്ച ലീവെടുത്താല്‍ ഒന്നും ആ വകുപ്പില്‍ സംഭവിയ്ക്കുകയില്ല.ജൂനിയര്‍ ഡോക്ടര്‍മാര്‍ തുല്യ സമര്‍ത്ഥരാണ്.എന്നാല്‍ ഒരു ഏ എസ് കേ ജീവനക്കാരി നാലു ദിവസം ലീവെടുത്താല്‍ ഡിപ്പാര്‍ട്ട്മെന്റാകെ തകിടം മറിയും.

മിക്ക കുട്ടികളും പത്താം ക്ലാസോ പ്രീ ഡിഗ്രിയോ വിദ്യാഭ്യാസമുള്ളവരാണ്.അവര്‍ക്കിന്നതേ ചെയ്യാവൂ എന്നൊന്നുമില്ല.രോഗികളുടെ ചില ടെസ്റ്റുകള്‍ നടത്തുന്നതുമുതല്‍ മുറ്റം അടിച്ചുവാരുന്നതു വരെ അവര്‍ ചെയ്യണം. കമ്പ്യൂട്ടറിലെ ചില ഷെഡ്യൂളിംഗ് പണികള്‍ മുതല്‍ തറ തുടയ്ക്കുന്നതു വരെ അവരാണ്.രാവിലേ ഏഴുമണിയ്ക്ക് അവരില്‍ ചിലര്‍ ജോലിയ്ക്ക് വന്നാല്‍ രാത്രി പത്ത് പതിനൊന്ന് മണിവരെ ജോലി ചെയ്യണം. ബുദ്ധി ഉപയോഗിയ്ക്കേണ്ട ഗുമസ്ത ജോലിമുതല്‍ നൂറും നൂതമ്പതും കിലോ വരുന്ന ട്രോളികലും വീല്‍ചെയറുകളും ചുമന്നുപോകുന്നതു വരെ അവര്‍ ചെയ്യണം.

മാസം ആയിരത്തിനടുത്ത്‍ ശമ്പളം.ഭക്ഷണത്തിനായി 450ഓ കൂടുതലോ സ്റ്റാഫ് കാന്റീനില്‍ നിന്ന് പിടിയ്ക്കും.ലേബര്‍ക്യാമ്പുകളിലെപ്പോലെ ഒരു മുറിയില്‍ ആറും ഏഴും പേരു തട്ടുകട്ടിലില്‍ കിടക്കുന്നു.എന്റെയൊരു പെങ്ങള്‍ രാത്രി പത്തു മണീയ്ക്ക് ജോലി കഴിഞ്ഞ് വന്നാലും രാവിലേ നാലുമണിയ്ക്കേ എഴുനേല്‍ക്കും.... എന്നലേ അവള്‍ക്ക് കക്കൂസും കുളീമുറിയും കിട്ടുകയുള്ളൂ..

രാവിലേ ഏഴുമണിയ്ക്കു തന്നെ അവള്‍ക്ക് തിരിച്ച് ഡിപ്പാര്‍ട്ട്മെന്റില്‍ വരണം.അത് തുറക്കണം സാറന്മാരും ചേട്ടന്മാരും, ചേച്ചിമാരും വരുന്നതിനു മുന്നേ എല്ലാം വൃത്തിയാക്കണം രോഗികളുടെ ഷെഡ്യൂളിങ്ങും ഫയലുകളും ശരിയാക്കണം.ഗൌണുകളും ഷീറ്റുകളും ആവശ്യമുള്ളിടങ്ങളില്‍ നിരത്തി വയ്ക്കണം........എല്ലാം കഴിഞ്ഞ് രോഗികളായെത്തുന്നവരുടെയും ബന്ധുക്കളുടേയും വായിലിരിയ്ക്കുന്നതെല്ലാം കേള്‍ക്കണം.(ചിലര്‍ ഡൊക്ടര്‍മാരോടോ കണ്ടാല്‍ വലിയവരെന്നു തോന്നുന്നവരോടോ ഒന്നും പറയില്ല..ഇങ്ങനെയുള്ളവരോടാണ് അഭ്യാസം മുഴുവന്‍)...സാറന്മരുടേയും ചേട്ടന്മാരുടേയും വായിലിരിയ്ക്കുന്നതെല്ലം കേള്‍ക്കണം.....

എല്ലാത്തിലുമുപരി അവരുടെ സൂപ്പര്‍വൈസറോ മേലധികാരിയോ ഒക്കെയായ മോഹനാമ്മ എന്ന ആശ്രമ അന്തെവാസിനിയുടെ വഴക്ക് കേള്‍ക്കണം..കരയണം..എല്ലാരേം നോക്കി ചിരിയ്ക്കണം.സാറന്മാരും ചേട്ടന്മാരും വരുമ്പോ എഴുനേല്‍ക്കണം ..

പണിഷ്മെന്റ് ട്രാന്‍സ്ഫെര്‍ ഒക്കെയുണ്ട്..കക്കൂസ് കഴുകുന്ന വിഭാഗത്തില്‍ ഒരാഴ്ചത്തെ ഡ്യൂട്ടി..

മാസം ഭക്ഷണത്തിനു പിടിച്ചിട്ട് ബാക്കിവരുന്ന അഞ്ഞൂറില്‍ താഴെ വരുന്ന ശമ്പളം കൂട്ടി വയ്ക്കണം.ഒരു തരി പൊന്നു വാങ്ങാനോ വീട്ടിലയയ്ക്കാനോ..പൊന്നില്ലേല്‍ ആരെങ്കിലും കല്യാ‍ണം കഴിയ്ക്കുമോ?

പക്ഷേ ആ മതില്‍ക്കെട്ടിനുള്ളില്‍ സുരക്ഷിതത്വമുണ്ട്.. ജയിലിലെ സുരക്ഷിതത്വം. പുറത്ത് പോകാനൊന്നുമൊക്കില്ല.(മതിലിനു പുറത്ത് പോകാനൊക്കില്ല).വര്‍ഷത്തിലൊന്നോ രണ്ടോ പ്രാവശ്യം മോഹനാമ്മ സമ്മതിയ്ക്കുന്നതു പ്രകാരം വീട്ടില്‍ നിന്ന് ആരെങ്കിലും വിളിയ്ക്കാന്‍ വന്നാല്‍ വീട്ടില്പോകാം..കൂടുതല്‍ ലീവു ചോദിച്ചാല്‍ സേവനം മതിയാക്കി പോക്കോണം.

അവരാണ് അമൃതയെന്നല്ല ഈ ഭാരതത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളും നടത്തുന്നത്.ഗവണ്മെന്റ് ആശുപത്രികളുടെ അവസ്ഥയെപ്പറ്റി നമ്മള്‍ കരയുമല്ലോ..അവരില്ലാത്തതുകൊണ്ടാണത്, അത് ലോകത്തെ ഏറ്റവും വലിയ മാനേജ്മെന്റ് ഗുരുക്കളായ അമൃതാനനന്ദമയി മഠത്തിനറിയാം.

ലക്ഷക്കണക്കിനു രൂപാ ശമ്പളം വാങ്ങുന്ന വകുപ്പുതലവന്മാര്‍ എല്ലാരും ഒരു സുപ്രഭാതത്തില്‍ പിരിഞ്ഞു പോയാലും അമൃതയിലൊന്നും സംഭവിയ്ക്കാന്‍ പോകുന്നില്ല.പക്ഷേ ഓരോ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഓരോ ഏ എസ് കേ സ്റ്റാഫ് അവധിയെടുത്താല്‍ അവിടെ രോഗചികിത്സയുടെ താളം ആകെ തെറ്റും.

കുറച്ചുകൂടി ശമ്പളം കൊടുത്താലോ കുറച്ചുകൂടി നല്ല ജീവിതസാഹചര്യങ്ങള്‍ നല്‍കിയാലോ അവര്‍ക്ക് സ്വന്തം വില മനസ്സിലാകുമോ എന്നു ഭയന്നായിരിയ്ക്കും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനിലും ബിസിനസ് മാനേജ്മെന്റിലും ബിരുദാനന്തര പഠനങ്ങള്‍ നടത്തുന്ന അമൃതാ മാനേജ്മെന്റ് അവരെ ഇങ്ങനെയിട്ടിരിയ്ക്കുന്നത്.

അവിടെ വാര്‍ഷിക ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഡൊക്ടര്‍മാരുടെ വാര്‍ഷികാഘോഷം, ഏ എസ് കേ സ്റ്റാഫിന്റെ ആഘോഷം, വെറും സ്റ്റാഫിന്റെ ആഘോഷം എന്നിങ്ങനെ.അതില്‍പ്പോലും വേര്‍തിരിവ്.

ഈ കുട്ടികളെല്ലാവരും ചില അന്തേവാസി(നി) കളും ഭക്ഷണം കഴിയ്ക്കുന്നത് അമൃതാ സ്റ്റാഫ് കാന്റീനിലാണ്. പുളിച്ച ചമ്മന്തി അവിടെയാണ് ആദ്യമായി ഞാന്‍ കാണുന്നത്.ഏത് ഹോട്ടലുകാരനും തരാന്‍ മടിയ്ക്കുന്ന നല്ല പുളിയുള്ള വൈനിന്റെ രുചിയുള്ള ചമ്മന്തിയാണ് രാവിലേ സ്ഥിരം അവിടെ കിട്ടുന്നത്.ദോശയാണെങ്കില്‍ ഒട്ടും അതിശയോക്തിയോ ഇരട്ടിപ്പിയ്ക്കലോ ഒന്നുമില്ലാതെ പറയുകയാണ് മുറം പോലെയിരിയ്ക്കും.ചമ്മന്തിയിലിട്ട് അരമണിയ്ക്കൂറെങ്കിലും കുതിര്‍ക്കണം..എന്റെ സുഹൃത്ത് ഒരു ദിനം ചര്‍ദ്ദിയ്കാന്‍ വന്നതിനു ശേഷം ഞങ്ങളങ്ങോട്ട് പോയിട്ടില്ലായിരുന്നു.പോരുന്നതിനു കുറേ നാള്‍ മുന്‍പ് അവിടെയൊന്ന് പോയപ്പോള്‍ കണ്ടു..അവിടേയും ചില ടേബിളിനു മുകളില്‍ ഡൊക്ടേഴ്സ് ഓണ്‍ലി. (വേറൊരിടത്ത്‍ സ്ക്രീനിട്ട് സ്ഥലം മറച്ചിട്ടുണ്ട്.. ഡോക്ടേഴ്സ് ഓണ്‍ളീ.)

സ്റ്റാഫ് കാന്റീനില്‍ ഈയിടെ സാധാരണ ഡൊക്ടര്‍മാരാരും ഭക്ഷണം കഴിയ്ക്കാറില്ല ഇപ്പൊ.അവര്‍ വിസിറ്റേഴ്സ് കാന്റീനിന്റെ മുകളില്‍ ജയപ്രകാശ് എന്ന ബ്രഹ്മചാരി നടത്തുന്ന കാന്റീനില്‍ നിന്നാണ് ഭക്ഷണം കഴിയ്ക്കുക.അവരെന്നല്ല 15 രൂപാ കയ്യിലെടുക്കാനുള്ള ഏ എസ് കേ സ്റ്റാഫ് ഒഴിച്ചുള്ള ആരും ഇപ്പോള്‍ അവിടുന്നു തന്നെ...കുറ്റം പറയരുതല്ലോ..അങ്ങേര്‍ അത്തരം വിവേചനങ്ങളൊന്നും കാണിയ്ക്കില്ല.

ഫാസ്റ്റ് ഫുഡ് കന്റീനില്‍ ദോശ നല്ലതാണ്. രണ്ട് രൂപയ്ക്ക് വലുതുമാണ്. സ്റ്റാഫ് കാന്റീനിലെ ചീഞ്ഞ ഭക്ഷണം കഴിയ്ക്കാനാവാതെ ചില എ എസ് കേ ജീവനക്കാരികള്‍ അവരുടെ കീശയിലൊതുങ്ങുന്ന ഒരു ബദലായതിനെ കണ്ടു.രാത്രി അവര്‍ ഫാസ്റ്റ്ഫുഡില്‍ നിന്ന് ഒരു ദോശ വാങ്ങും ചമ്മന്തിയും സാമ്പാറും കൂടെ.രണ്ട് രൂപയ്ക്ക് അത് ധാരാളം. അവിടെയിരുന്ന് കഴിച്ചാല്‍ മോഹനാമ്മ വഴക്കുപറയുമെന്നുള്ളതിനാല്‍ അവര്‍ റൂമില്‍ കൊണ്ടുപോകും.(അവര്‍ക്ക് സ്റ്റാഫ് കാന്റീനിലല്ലാതെ മറ്റിടങ്ങളിലിരുന്ന് കഴിച്ചാല്‍ വഴക്കു കേള്‍ക്കും ) രണ്ട് രൂപയ്ക്ക് വലിയൊരു ദോശയാണ്. എനിയ്ക്കാണേല്‍ അത് നാലെണ്ണം വേണം.

അങ്ങനെയത് കുറെനാള്‍ തുടര്‍ന്നു. ഞാന്‍ ചിലപ്പോഴൊക്കെ അവിടുന്ന് നാലഞ്ച് ദോശയും സാമ്പാറുമൊക്കെ പാഴ്സല്‍ വാങ്ങാറുണ്ട്..വൃത്തിയില്ലായ്മ കാരണം പുറത്തെ ഹോട്ടലുകള്‍ ചിലപ്പോ ഒഴിവാക്കും.

ഒരു ദിവസം ഞാനവിടുന്ന് ഒരു മുട്ട ദോശയും നാലു സാദാ ദോശയും പാഴ്സല്‍ ചോദിച്ചു..

“ചേട്ടാ മുട്ട ദോശ തരാം..സാദാ ദോശ പാഴ്സല്‍ തരാന്‍ പാടില്ലെന്ന് കരുണാമ്മ(മുകള്‍പ്പറഞ്ഞ കരുണാമൃത ചൈതന്യ) ഓഡറിട്ടിരിയ്ക്കുന്നു.“

അതെന്റെ സ്വന്തം കാര്യം അല്ലാത്തതിനാലാവണം മെയിലയയ്ക്കാനൊന്നും ഞാന്‍ പോയില്ല.

സ്വന്തമായി വാടക നല്‍കാന്‍ ത്രാണി തൊണ്ണൂറു ശതമാനം ജീവനക്കാര്‍ക്കും ഇല്ലായിരുന്നത് കൊണ്ടാവണം അമൃതയില്‍ ആദ്യമൊക്കെ ജീവനക്കാര്‍ക്കെല്ലാം അക്കൊമൊഡേഷന്‍ നല്‍കുമായിരുന്നു. ഒരു വീട്ടില്‍ പത്തും പതിനഞ്ചും പേര്‍...ഫര്‍ണിച്ചറോ കിടക്കയോ ഒന്നുമില്ല.ഡോക്ടര്‍മാര്‍ക്കാണെങ്കില്‍ ഫര്‍ണിഷ്ഡായ വീടാണ് നല്‍കുക.ജൂനിയര്‍ ഡോക്ടര്‍മര്‍ക്ക് സിംഗിള്‍ മുറി കിട്ടത്തക്ക രീതിയിലും സീനിയര്‍ ആള്‍ക്കാര്‍ക്ക് 3000-3500 രൂപാ വരെ ഹൌസ് അലവന്‍സും.അവര്‍ക്കെന്തു കിട്ടുന്നു എന്നതല്ല കാര്യം.

ആദ്യം രണ്ട് മുന്ന് ദിവസം എന്റെ താമസം ഒരു ഫ്ലാറ്റിലായിരുന്നു.ഏകദേശം പത്തോളം ആള്‍ക്കാര്‍ ആ ഫ്ലാറ്റില്‍ താമസിച്ചിരുന്നു.രണ്ട് മുറിയുള്ള ഫ്ലാറ്റ്. പ്രത്യേക സ്ഥലമൊന്നുമില്ല.എവിടെയെങ്കിലുമൊക്കെ കിടക്കും.അത് കഴിഞ്ഞ് ഞങ്ങള്‍ക്ക് തന്ന വീട്ടില്‍ ഫാനോ, കിടക്കയോ, ചില മുറികള്‍ക്ക് വാതിലോ ഒന്നുമില്ലായിരുന്നു. തറയിലാകെ റെഡ് പെയിന്റ് പോലെന്തോ തേച്ചിരുന്ന‍ത് കാരണം വസ്ത്രങ്ങളാകെ ചുവപ്പ് നിറമായി...ഞങ്ങള്‍ കുറെ ചാക്ക് വാങ്ങി അതുമ്മേ കിടന്നു.

അക്കൊമൊഡേഷന്റെ കാര്യങ്ങളൊക്കെ നോക്കുന്ന മായ എന്ന ബ്രഹ്മചാരിണിയോട് എന്തെങ്കിലും കിടക്കാനായി തരുമോ എന്നു ചോദിച്ച് ഞാന്‍ ഫോണ്‍ ചെയ്തിരുന്നു. സ്വാധീനമുള്ള ചിലര്‍ക്കൊക്കെ കിടക്കയും ഫാനും മറ്റും കൊടുത്തിരുന്നെന്നു കേട്ടാണ് വിളിച്ചത്.പറ്റില്ല എന്ന് മറുപടി പറഞ്ഞു. സ്ക്രാപ്പ് ആയ കട്ടിലോ മെത്തയോ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ശരിയാക്കി എടുത്തോളാം എന്നു കെഞ്ചി.തരാന്‍ പറ്റില്ല എന്ന് മറുപടി കിട്ടി..ആശുപത്രിയിലാണെങ്കില്‍ ധാരാളം സ്ക്രാപ്പ് ഉണ്ട് താനും

ഞങ്ങള്‍ക്ക് വീടു തന്നപ്പോള്‍ എന്നും വീട്ടില്‍ പോയി വരുന്ന ഒരാളേയും ചേര്‍ത്ത് പേരു കൊടുത്തു.അങ്ങനെ കുറെപ്പേര്‍ കാണിച്ചിട്ടുണ്ടായിരുന്നു.അല്ലേല്‍ മാനേജ്മെന്റിന്റെ കണക്ക് പ്രകാരം ഒരു മുറിയില്‍ മൂന്നും നാലുമൊക്കെയാണ്.(ഫാനൊന്നുമില്ലാതെ ചത്തു പോകും.)അമൃതക്കാരിത് കണ്ടു പിടിച്ചു. അവരൊരു വിദ്യയിറക്കി.എല്ലാര്‍ക്കും അഞ്ഞൂറ് രൂപ ശമ്പളം കൂട്ടിക്കൊടുത്തു. എന്നിട്ട് അക്കൊമൊഡേഷന്റെ പേരില്‍ അഞ്ഞൂറ് രൂപ പിടിയ്ക്കാനും തുടങ്ങി.അപ്പോ വെറുതേ പേരു കൊടുത്തിരിയ്ക്കുന്നവരെല്ലാം പേരു വെട്ടി. ഞങ്ങള്‍ വെട്ടിലായി.

അതോടെ ഞങ്ങള്‍ ചിലര്‍ ചേര്‍ന്ന് ഞങ്ങള്‍ തന്നെ വാടക കൊടുക്കുന്ന രീതിയില്‍ വീടെടുത്തു...എടുക്കേണ്ടി വന്നു..

അതിന്റെ ചൂഷണം അവിടെയല്ലായിരുന്നു.പുതിയതായി വരുന്നവര്‍ക്ക് പഴയ ശമ്പളം തന്നെ.പണ്ട് 2500 രൂപ ശമ്പളം കിട്ടിയവന് ഇപ്പൊ 3000-500 എന്നായി.പക്ഷേ പുതിയതായി വരുന്നവന്‍ 2500-500 എന്ന നിലയിലായി.അമ്മയ്ക്ക് എന്ത് കൊണ്ടും ലാഭം.

ഡോക്ടര്‍മാരുടെ കയ്യില്‍ നിന്നും ഇതു തന്നെ ചെയ്യാന്‍ തുടങ്ങി.പക്ഷേ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഡോക്ടര്‍മാര്‍ക്ക് /ലക്ചറര്‍മാര്‍ക്ക് രണ്ട് പേര്‍ ഒരു മുറിയിലും സാദാ നേഴ്സുമാരും മറ്റ് ജീവനക്കാരും നാലുമുതല്‍ ആറുവരെ ആള്‍ക്കാര്‍ ഒരു മുറിയിലും ആണ് താമസം..അതായത് ഡോക്ടര്‍മാരുടെ/ലക്ചറര്‍മാരുടെ മുറിയില്‍ നിന്ന് 1000 രൂപ വാടക കിട്ടുമ്പോള്‍ മറ്റുള്ളവരുടെ മുറിയില്‍ നിന്ന് 2000 മുതല്‍ 3000 വരെ രുപാ വാടക ഈടാക്കുന്നു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 12 നിലകളോളമുണ്ട് . പത്തുപേര്‍ക്ക് മാത്രം കയറാന്‍ പറ്റുന്ന ചെറിയ രണ്ട് ലിഫ്റ്റുകളാണ് ഉള്ളത്.രോഗികളുടെ ശ്രുശ്രൂഷകരായി വരുന്നവര്‍ക്കുള്ള ഗസ്റ്റ് ഹൌസും ആ കെട്ടിടത്തില്‍ തന്നെയാണ്. മിക്കവാറും വൈകുന്നെരം അമൃതയിലെ ഫാസ്റ്റ് ഫുഡ് കാന്റീനടുത്ത് ചെന്നാല്‍ കാണാം ലിഫ്റ്റിനുള്ള ഭീകരമായ തള്ള്. മിക്കവാറും മനപൂര്‍വമാണോ എന്നറിയില്ല വൈകുന്നേര സമയങ്ങളില്‍ ലിഫ്റ്റ് കേടായിരിയ്ക്കും.ഹോസ്റ്റല്‍ ഏഴാം നിലയ്ക്ക് മുകളിലാണെന്നതിനാല്‍ ജീവനക്കാരികളാണ് അനുഭവിയ്ക്കുന്നത്. രോഗിശ്രുശ്രൂഷകര്‍ക്കൊക്കെ ഗസ്റ്റ് ഹൌസ് ഏഴാം നിലയ്ക്ക് തഴെയൊക്കെയായതിനാല്‍ കോണിപ്പടി കയറാം.ജോലിയും കഴിഞ്ഞ് മാനസികമായും ശാരീരികമായും തളര്‍ന്ന് വരുന്നവരെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷിയ്ക്കാനും കൊളസ്റ്റ്രോള്‍ കുറയ്ക്കാനും ദൈവം തന്നെയാകണം ഏഴു നിലകള്‍ക്ക് മേല്‍ പാര്‍പ്പിച്ചിട്ട് ലിഫ്റ്റ് സ്ഥിരം കേടാക്കുന്നത്.

എന്നാല്‍ ആറുനിലകള്‍ മാത്രമുള്ള ആശുപത്രിയില്‍ വമ്പന്‍ പന്ത്രണ്ട് ലിഫ്റ്റുകളാണുള്ളത്.ഒരു ദിവസം മാനേജ്മെന്റിലെ ഒരു മുന്തിയയാളായ(ജനറല്‍ മാനേജര്‍?) സുധാകര്‍ ജയറാമിന്റെ വകയായി ഒരു മെമ്മോ കണ്ടു. ഡോക്ടര്‍മാരല്ലാത്ത ജീവനക്കാര്‍ ലിഫ്റ്റിന്റെ ഉപയോഗം കുറയ്കണം കറണ്ട് ചിലവാകുന്നുവെന്ന്. ഡോക്ടര്‍മാരുപയോഗിച്ചാല്‍ കറണ്ട് ചിലവാകില്ലേ എന്ന് എന്റെ മനസ്സിലൂടെ പോയി.അത്യാഹിത ആവശ്യങ്ങള്‍ക്കായാണ് ഡോക്ടര്‍മാരെ ഒഴിവാക്കിയതെന്ന് ഇന്ന് മറുപടി പറയും ചുമ്മാതെയാണാ വാദം. കാരണം അത്യാഹിത ഘട്ടങ്ങളില്‍ ഡോക്ടര്‍മാരേക്കാള്‍ അലൈഡ് മെഡിയ്ക്കല്‍ സ്റ്റാഫിനാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് പെട്ടെന്നെത്തിച്ചേരേണ്ട ആവശ്യം വരിക.എമര്‍ജെന്‍സി ക്രാഷ് ടീമില്‍ ഒന്നോ രണ്ടോ ഡോക്ട്ര്‍മാരേ ഉണ്ടാവുകയുള്ളൂ.ബാക്കിയെല്ലാം അനുബന്ധ വൈദ്യ വിദഗ്ധരായിരിയ്ക്കും.

സാധാരണ യൂ ജീ സീ സ്കെയിലിലാണ് ഡോക്ടര്‍മാര്‍ക്ക് ശമ്പളം കൊടുക്കുക. ശമ്പള വര്‍ദ്ധനവ് കാലാകാലങ്ങളില്‍ മുറതെറ്റാതെയുണ്ടാകും. നാലായിരം അയ്യായിരം രൂപയൊക്കെ ആണ് ശമ്പളം ഒറ്റയടിയ്ക്ക് കൂടുക. എന്റെ കൂടെ ജോലിചെയ്യുന്ന ഒരാള്‍ക്ക് ഒരു കൊല്ലം കഴിഞ്ഞ് നൂറുരൂപാ കൂട്ടിക്കൊടുത്തു..അദ്ദേഹം സീനിയര്‍ ടെക്നോളജിസ്റ്റായിരുന്നു.

ഡ്യൂട്ടി സമയമാണ് അസാധ്യ കൊള്ള. ഡബിള്‍ ഡ്യൂട്ടയൊക്കെ(15 മണിയ്ക്കൂര്‍) സര്‍വ സാധാരണം.അതിനു തക്ക അലവന്‍സോ ലീവോ ഒന്നുമില്ല താനും.മിക്കപ്പോഴും തളര്‍ന്ന് തണ്ടൊടിഞ്ഞ അവസ്ഥയിലായിരിയ്ക്കും എല്ലാവരും.ശാരീരികമായല്ല മാനസികമായും.ഒരു ആശുപത്രിയുടെ കാര്യമല്ല എല്ലാ ആശുപത്രിയുടെ കാര്യവുമിതു തന്നെ.

രോഗ ചികിത്സയിലും രോഗശ്രുശ്രൂഷയിലും ഒരു വിദഗ്ധ നേഴ്സ് ഡോക്ടറോളം തന്നെ അവിഭാജ്യഘടകമാണ്. രോഗം കണ്ടെത്തിയാല്‍ ശ്രുശ്രൂഷയില്‍ ഡോക്ടറേക്കാള്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് അവരാണ്.പക്ഷേ പരിതാപകരമാണ് അവരോടുള്ള രോഗികളുടെ പെരുമാറ്റം.ഒരു പ്രൊഫഷണലിനു സാധാരണ കൊടുക്കുന്ന യാതൊരു പരിഗണനയും രോഗികള്‍/ കൂടെയുള്ളവര്‍ അവരോട് കാണിയ്ക്കാറില്ല.‍.അവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ രോഗികള്‍ മുഖവിലയ്ക്കെടുക്കാറേയില്ല.രോഗികളെക്കണ്ട പരിചയവും ജ്ഞാനവും മിക്കവാറും അവര്‍ക്കായിരിയ്ക്കും കൂടുതല്‍.ഉദാഹരണത്തിന് എന്റെ അനിയന് ഒരു അസുഖം വന്ന് കുറച്ച് നാള്‍ കിടക്കേണ്ടി വന്നപ്പോ അയലത്തുള്ള ഒരു റിട്ടയര്‍ ചെയ്ത നേഴ്സമ്മയാണ് ‘മറ്റൊന്നിനും രുചിയുണ്ടാകില്ല ധാരാളം ചോക്കലേറ്റ് വാങ്ങിക്കൊടുക്കാന്‍‘ പറഞ്ഞത്.അന്ന് കഴിച്ച ഫൈവ് സ്റ്റാറും ഡയറി മില്‍ക്കുമൊക്കെയാണ് ഒന്നും കഴിയ്ക്കാതെ കിടന്ന അവനെയൊന്ന് പൊക്കിയെടുത്തത്. ഒരു പ്രൊഫസറും അത് പറഞ്ഞതുമില്ല.

പക്ഷെ സാധാരണയായി ആള്‍ക്കാര്‍ , ബഹുമാനം പോട്ടേ സ്നേഹം പോലും കാണിയ്ക്കാറില്ല.
“ആ പെണ്ണ്” എന്നാണ് മിക്കവരും നേഴ്സിനെ സംബോധന ചെയ്യുക.(കേള്‍ക്കാത്തപ്പോള്‍).

“അവളുമാരുടെയൊക്കെ ജാട കണ്ടാല്‍ വല്ല പ്രൊഫസറുമാരുമാന്നു തോന്നും.എന്നോടേ ഓഡറിടുന്നു.”

എന്നെന്റെയൊരു സുഹ്രത്ത് പറഞ്ഞത് പനി കൂടുമ്പോ തുണി നനച്ച് തുടയ്ക്കണം എന്ന് ഒരു നേഴ്സ് നിര്‍ബന്ധമായി പറഞ്ഞതിനാണ് ..അത് ഡൊക്ടര്‍ പറഞ്ഞാലോ? തുണി നനച്ച് തുടയ്ക്കാത്തതിന് ഇന്നലേം ഡോക്ടര്‍ വഴക്കു പറഞ്ഞു എന്നാവും. ആര്‍ക്ക് വേണ്ടി പറഞ്ഞു എന്നതാണ് ചോദ്യം.:)

മറ്റ് അനുബന്ധ മെഡിയ്ക്കല്‍ ജീവനക്കരേയുമതേ.പലരും ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞവരായിരിയ്ക്കും എന്നാലും എല്ലാര്‍ക്കും അവര്‍ പെണ്ണു തന്നെ.അല്ലെങ്കില്‍ ചുവപ്പ് വെള്ളം, വെള്ളം ചേര്‍ത്ത് മറിച്ച് വില്‍ക്കുന്ന കമ്പൌണ്ടര്‍.(ഒരു ഡിഗ്രിയും കഴിഞ്ഞില്ലെങ്കിലും അവര്‍ മനുഷ്യരാണ്.)

എന്റെയൊരു സുഹൃത്തിന്റെ ബന്ധു ഡയബറ്റിക് ഗാംഗ്രീനായി ഒരിയ്ക്കല്‍ അമൃതയില്‍ വന്നു. കാലു മുറിച്ചു കളയുന്ന ശസ്ത്രക്രീയ ചെയ്യേണ്ടി വന്നു. കാലു മുറിച്ച് രോഗിയുടെ മുറിവ് ഉണങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആ മനുഷ്യന്റെ ജീവിതം അനക്കിക്കൊടുക്കുന്നതില്‍ ഒരു പ്രമുഖ പങ്ക് ഫിസിയോതെറാപ്പിസ്റ്റിനാണ്. എന്റെ കോളേജില്‍ എന്റെ സ്കൂളില്‍ (സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷന്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല) കൂടെ പഠിച്ച ഒരാളായിരുന്നു അവിടുത്തെ ആ വകുപ്പിലെ ഫിസിയോതെറാപ്പിസ്റ്റ്.

പ്രമേഹരോഗത്തിനനുബന്ധമായുള്ള കാലിലെ പ്രശ്നങ്ങളില്‍ വളരെ വിദഗ്ധമായ പരിശീലനം കിട്ടിയയാളായിരുന്നു അയാള്‍. പഠനം , മറ്റുള്ളവര്‍ക്ക് നന്മ ചെയ്യല്‍ തുടങ്ങിയവയിലൊക്കെ വ്യാപ്രതനായ ഒരു ചെറുപ്പക്കാരന്‍‍. അദ്ദേഹത്തെ ഞങ്ങള്‍ ‍ആ രോഗിയ്ക്ക് പരിചയപ്പെടുത്തി .പ്രത്യേക താല്‍പ്പര്യമെടുത്ത് അയാള്‍ ആ രൊഗിയെ നോക്കുകയും ചെയ്തു.പക്ഷേ ഒരു ദിവസം കാണാന്‍ ചെന്നപ്പോ രോഗിയുടെ കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞത് കേട്ട് സങ്കടം വന്നു..

“ഫിസിയോതെറാപ്പിസ്റ്റാണെങ്കിലും ഡോക്ടറുടെ ഗമയാ”

അയാള്‍ സ്വതവേ അല്‍പ്പം അന്തര്‍മുഖനാണെന്ന കാരണത്താല്‍, നല്ല വസ്ത്രം ധരിച്ചിരിയ്ക്കുന്നെന്ന കാരണത്താല്‍ ഡോക്ടറുടെ ഗമയാത്രേ.നാലു വര്‍ഷ ഫിസിയോതെറാപ്പി ബിരുദം, ഇന്റേണ്‍ഷിപ്പ് വേറേ , ഡയബറ്റിക് ഫുട് കെയറില്‍ വിദഗ്ധ പഠനം ഒക്കെയുള്ള അയാള്‍ക്ക് ഗമയുണ്ടാക്കന്‍ പാടില്ല എന്നാണോ?

എന്റെ കൂടെ എന്റെ കോഴ്സ് പഠിച്ചവരില്‍ നാട്ടിലുള്ളവരിലധികവും ഇത്തരം അപമാനം കാരണം ജോലി വിട്ടവരാണ്.(.ഇതുവരെയിറങ്ങിയ ഏകദേശം 200 പേരില്‍ പ്രൊഫഷനില്‍ തുടരുന്നവര്‍ കൂടുതലും വിദേശത്തുള്ളവരാണ്. ഇരുപതോളമാള്‍ക്കാര്‍ ഈ യൂ കേയില്‍ തന്നെയുണ്ട്. ഗള്‍ഫ്, അമേരിയ്ക്ക, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍(മലേഷ്യ, സിംഗപ്പൂര്‍ ഒക്കെ) തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയെടുത്താല്‍ ഏകദേശം നൂറില്‍പ്പുറത്താകും.വിദേശത്തെത്തുന്നത് മിടുക്കാണെന്ന രീതിയിലല്ല. മറ്റൊരു വികസിത രാജ്യത്തെ സര്‍ട്ടിഫിക്കേഷന്‍ സമ്പാദിച്ചെന്നുള്ള രീതിയില്‍ കോമ്പീറ്റന്‍സിയെപ്പറ്റി പറഞ്ഞതാണ്.സായിപ്പ് വിശ്വാസമില്ലാത്തവനെ അവന്റെ ശരീരം ചികിത്സിയ്ക്കാന്‍ ഏല്‍പ്പിയ്ക്കാറില്ല)

ഈയിടേ ഞാനറിഞ്ഞു എന്റെ കൂടെ ഫിസിയോ തെറാപ്പിയ്ക്ക്(ബീ പീ റ്റി) പഠിച്ച ഒരാള്‍ എം ബീ ഏ എടുത്ത് ദുബായില്‍ ബാങ്കിംഗ് രംഗത്ത് കണ്‍സള്‍ട്ടെന്റ് ആയി ജോലി ചെയ്യുന്നുവെന്ന്. കാരണം മറ്റൊന്നുമാവാന്‍ വഴിയില്ല.

നാട്ടില്‍ ചിക്കന്‍ ഗുനിയയും പകര്‍ച്ചവ്യാധികളും പടര്‍ന്ന് പിടിയ്ക്കുമ്പോള്‍ മെഡിയ്ക്കല്‍ മൈക്രോബയോളജിയില്‍(വൈദ്യ സൂഷ്മാണുശാസ്ത്രം) നാലുവര്‍ഷ ബിരുദവും രണ്ട് വര്‍ഷ ബിരുദാനന്തര ബിരുദവുമെടുത്ത (ആറു വര്‍ഷം അതു തന്നെ പഠിച്ച) എന്റെ കൂട്ടുകാര്‍ വിദേശത്തല്ലാത്തവര്‍ നാട്ടില്‍ ഏതെങ്കിലും ബയോടേക് / ഫാര്‍മാ കമ്പനിയ്ക്ക് വേണ്ടി മാര്‍ക്കറ്റിംഗ് ചെയ്യുന്നു. നല്ല അന്തസ്സുള്ള ജോലിയായതു കാരണം. സര്‍ക്കാരില്‍ അവര്‍ക്കിന്നും ഒരു പോസ്റ്റില്ല.സ്വകാര്യ ആശുപത്രികളില്‍ അവര്‍ ടെക്നീഷ്യനായി 2000 രൂപാ വാങ്ങിച്ചോണം.

ചിക്കന്‍ ഗുനിയയെപ്പറ്റി വിദഗ്ധാഭിപ്രായം പറയുന്നതോ? മൈക്രോ ബയോളജി അനന്തരാമന്റെ പുസ്തകമെന്നും പബ്ബ്ലിക് ഹെല്‍ത്തെന്നാല്‍ പാര്‍ക്കിന്റെ പുസ്തകമെന്നും അഞ്ചുവര്‍ഷത്തിലെ നൂറായിരം പേപ്പറുകളിലൊന്നായി പഠിച്ചവന്‍ ഡോക്ടറായതുകാരണം അവന്‍ കാര്‍ഡിയോളജിസ്റ്റായാലും കുഴപ്പമില്ല, അണുക്കളേപ്പറ്റി അഭിപ്രായം പറയുന്നു, അന്വേഷിയ്ക്കുന്നു..അത് വേണ്ടെന്നല്ല. (അതിനെപറ്റി പിന്നീട് പറയാം..)പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദമെടുത്തവന്‍ തേരാപ്പാരാ നടക്കുന്നു. ആറുകൊല്ലം വൈദ്യസൂക്ഷ്മാണുശാസ്ത്രം പഠിച്ച് ബിരുദാനന്തര ബിരുദവും ഡൊക്ട്രേറ്റുമെടുത്തവന്‍ ലാബുകളില്‍ കിറ്റ് വില്‍ക്കാന്‍ നടക്കുന്നു.അവന് ശബ്ദമില്ലാഞ്ഞ് കൊണ്ട് തന്നെ.അല്ലാതെ കാശുണ്ടാക്കി മറിയ്ക്കാനൊന്നുമല്ല.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദധാരികള്‍ റിസപ്ഷനിസ്റ്റായി പണി ചെയ്യുന്നു. മെഡിയ്ക്കല്‍ ഡൊക്യുമെന്റേഷനില്‍ ബിരുദാനന്തര ബിരിദധാരിണിയായ എന്റെയൊരു ചേച്ചി ടീ ടീ സീ എടുത്ത് ലോവര്‍ പ്രൈമറി സ്കൂള്‍ കുട്ടികളെ പഠിപ്പിയ്ക്കുന്നു.അത് ഒട്ടും കുറഞ്ഞ ജൊലിയല്ല.പക്ഷേ ടീ ടീ സീ യ്ക്ക് പ്രീ ഡിഗ്രീ കഴിഞ്ഞപ്പോഴേ പോകാമായിരുന്നു.തൊഴിലധിഷ്ഠിത എം എസ് സീ കഴിയുന്നത് വരെ കാത്തിരിയ്ക്കേണ്ടാ‍യിരുന്നു.

ഈ രാജ്യത്തെ ഇത്രയും നല്ല ഒരു സിസ്റ്റത്തിലെ തൊഴില്‍ പരിശീലനത്തിനു ശേഷവും എനിയ്ക്കും ഗൌരീപ്രസാദിനും നാട്ടില്‍ പോകേണ്ടി വരികയാണെങ്കില്‍ അവിടെ കഴിവതും ഈ ജോലി ചെയ്യാതിരിയ്ക്കാന്‍ ഞങ്ങള്‍ ശ്രമിയ്ക്കും.പട്ടിണി കിടക്കേണ്ടി വന്നില്ലെങ്കില്‍.

വൈദ്യശാ‍സ്ത്രത്തില്‍ സഹായികളായും പൂരകമായും തുടങ്ങിയ പ്രൊഫഷനുകളുണ്ട് .
ഉദാഹരണത്തിന് നേഴ്സിംഗ് എന്നത് രോഗികളുടെ ശ്രുഷൂഷയും ഡോക്ടറുടേ കൈയ്യാളും എന്ന നിലയില്‍ തുടങ്ങി ഇന്ന് എല്ലാ നിലയിലും അങ്ങനെയല്ലാതെ രോഗിയുടെ മാത്രം ശ്രുശ്രൂഷയും മികച്ച അക്കാഡമികവൈദഗ്ധ്യവും മനസാനിധ്യവും പല രീതിയിലുള്ള കഴിവുകളും ഒക്കെ വേണ്ടുന്ന നിലയിലെത്തി നില്‍ക്കുന്ന പ്രൊഫഷനാണ്. പക്ഷേ റേഡിയേഷന്‍ ടെക്നോളജി എന്നത് എക്സ്രേ കണ്ടു പിടിച്ചപ്പോള്‍ വൈദ്യ രംഗത്ത് അത് ഉപയോഗിയ്ക്കായി വന്ന എഞ്ചിനീയറന്മാരിലും സാങ്കേതികവിദഗ്ധരിലും തുടങ്ങി, ഇടക്കാലത്ത് എക്സ് റേ എന്നത് അധികം സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്ത ഒന്നായപ്പോള്‍ വലിയ അക്കാഡമിക വൈദഗ്ധ്യമില്ലാത്ത ടെക്നീഷ്യന്മാര്‍ ചെയ്ത് പിന്നീട് സ്കാനിംഗും പല മാനങ്ങളിലുള്ള ഇമേജിംഗും ഒക്കെയായി വളര്‍ന്നപ്പോള്‍ വീണ്ടും അക്കാഡമിക വൈദഗ്ധ്യവും വൈദ്യ രംഗത്തുള്ള അറിവുമൊക്കെ ഉള്ള വിദഗ്ധര്‍ ചെയ്യുന്ന തൊഴിലാണ്.മൈക്രോബയോളജിയുടേയും ബയോ കെമിസ്ട്രിയുടേയും ഒക്കെ കഥ പറയേണ്ടല്ലോ.

അതായത് ഡോക്ടര്‍മാര്‍ എന്ന രാജാക്കന്മാര്‍ രോഗം വന്നവനെ ചികിത്സിയ്ക്കുന്നു. ബാക്കിയുള്ളവര്‍. സേവകരും എന്ന നിലയിലാണെങ്കില്‍ വൈദ്യശാസ്ത്രം ഇപ്പൊഴും നൂറു കൊല്ലം പിറകില്‍ നില്‍ക്കേണ്ടി വന്നേനേ.ഇന്നത്തെ വൈദ്യ ശാസ്ത്രം അതല്ല.ഒരു മള്‍ട്ടി ഡിസിപ്ലിനറി മനേജ്മെന്റ് എന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഇന്നത്തെ രോഗചികിത്സ.ചികിത്സകന്‍ അവരില്‍ ഒരാള്‍ മാത്രം.ഒരു പക്ഷേ ഒരു ഫ്രണ്ട് എന്റ് എന്ന് വിചാരിയ്ക്കാം. ഗ്രാഫിയ്ക്കല്‍ യൂസര്‍ ഇന്റെര്‍ഫെയ്സ് എന്നു പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകുമായിരിയ്ക്കും.:)പക്ഷേ ഭാരതത്തില്‍ ഇന്നും ആ നില ജോലിയില്‍‍ വന്നിട്ടുണ്ടെങ്കിലും ജോലിസ്ഥലത്തെ അംഗീകാരത്തില്‍ വന്നിട്ടില്ല.

എന്റെ ജീവിതത്തിലെ വളരെ ചെറിയ കാലയളവിലുണ്ടായ കുറേ അനുഭവങ്ങള്‍ പറഞ്ഞതാണിത്.ഇതില്‍ പറഞ്ഞിരിയ്ക്കുന്ന ഓരോ വാക്കുകളും സത്യമാണ്.ഒട്ടും അതിശയോക്തി യാതൊരു രീതിയിലും കലര്‍ത്തിയിട്ടില്ല. സംഭാഷണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് അതുപോലെ ചേര്‍ത്തിരിയ്ക്കുന്നു.പേരുകളും കൊടുത്തിരിയ്ക്കുന്നത് സത്യം തന്നെ.

ഇത് ഡൊക്ടര്‍മാര്‍ക്കെതിരേയോ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കെതിരേയോ ഉള്ള പ്രൊപ്പഗാണ്ടയല്ല.എന്റെ ഏറ്റവും അടുത്ത കൂട്ടുകാരില്‍ പലരും ഡൊക്ടര്‍മാരാണ്. അവരാരും ഇത്തരം ചെയ്തികളെ അനുകൂലിയ്ക്കുന്നവരുമല്ല. ഒരു വെറും ന്യൂനപക്ഷമാണിതിനു പിറകില്‍.അവര്‍ ഡോക്ടര്‍മാര്‍ തന്നെ ആയിരിയ്ക്കണമെന്നില്ല എന്നതാണിതിന്റെ രസം.
ഇത് ബ്ലോഗിലിടുന്നത് മറ്റ് മാധ്യമങ്ങളില്‍ എനിയ്ക്ക് ആക്സസ്സ് ഇല്ലാത്തതു കൊണ്ട് മാത്രമാണ്. കൂടുതല്‍ വ്യാപ്തിയുള്ള ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിയ്ക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അതാവാം.അത് സഹായകവുമായിരിയ്ക്കും.എന്റെ പേരുപോലും നല്‍കണമെന്നില്ല.പക്ഷേ വ്യക്തികളെ/സ്ഥാപനങ്ങളേ പറ്റി പറയുന്ന ഭാഗങ്ങള്‍ എന്റെ അനുവാദമില്ലാതെയും എന്നെ കാണിയ്ക്കാതേയും പ്രസിദ്ധീകരിയ്ക്കരുതെന്ന് അപേക്ഷയുണ്ട്.ആരും ദുരുപയോഗം ചെയ്യാതിരിയ്ക്കാനുള്ള ഒരു മുന്‍ കരുതല്‍.അത്ര മാത്രം.

ചിലര്‍ക്കൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഒത്തിരിയുണ്ടാകും.ലോകത്ത് പലയിടത്തുനിന്നും ഇതിലും വലിയ അനുഭവങ്ങള്‍ അനുഭവിച്ചവരുണ്ടാകും.പക്ഷേ ഇത് നടന്നിട്ടുള്ളത് സാക്ഷരകേരളത്തിലെ നിങ്ങള്‍ എല്ലാരുമറിയുന്ന രണ്ട് ആശുപത്രികളിലാണ്. നിങ്ങള്‍ എല്ലാരുടേയും കണ്മുന്നിലാണ്. കമ്മ്യൂണിസവും സോഷ്യലിസവും 24/7 ചര്‍ച്ച ചെയ്യുന്ന ഒരു സമൂഹത്തിലാണ്.തീണ്ടലും അയിത്തവും നൂറ്റാണ്ട് മുന്നേ തകര്‍ത്തെറിഞ്ഞ ഒരു സമൂഹത്തിലാണ്.രണ്ട് ആശുപത്രികളും സ്വകാര്യ ആശുപത്രികളുമല്ല എന്നത് പ്രത്യേകം ആലോചിയ്ക്കേണ്ടതാണ്.

ഒന്ന് ഒരു പ്രമുഖ സമുദായമായ നായര്‍മാരുടെ ആരോഗ്യ സേവനത്തിന്റെ തലസ്ഥാനം എന്നു പറയാവുന്നയിടം.എന്ന് മെഡിയ്ക്കല്‍ കോളേജാവുന്നു എന്ന് മുട്ടി നില്‍ക്കുന്ന സ്ഥലം. മറ്റൊന്ന് ഒരു ആശ്രമം നടത്തുന്ന, വസുധൈവകുടുംബകമെന്നും സഹ നാവവതുവെന്നുമൊക്കെ ..സ്നേഹമെന്നും സേവനമെന്നുമൊക്കെ മണിയ്ക്കൂറിന് നൂറുവട്ടം പറയുന്ന ഒരു ഗുരുവിന്റെ ശിഷ്യര്‍ നടത്തുന്നയിടം.ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ആള്‍ക്കാരെത്തിയിട്ടുള്ള, അമേരിയ്ക്കയില്‍ നിന്നും യൂ കേയില്‍ നിന്നും പരിശീലനം നേടിയവരെക്കൊണ്ട് മുട്ടി, നടക്കാന്‍ വയ്യാത്തയിടം. ദൈനം ദിന ഭരണത്തില്‍ ഗുരു തന്നെ നേരിട്ട് ഇടപെടുന്നു എന്ന് പറയപ്പെടുന്നയിടം..

ഇവിടെയൊക്കെ ക്രൂരമായ മനുഷ്യാവകാശധ്വംസനം എന്നു പറയാവുന്ന തരത്തിലൊക്കെയുള്ള കാ‍ര്യങ്ങള്‍ നടന്നുവെങ്കില്‍ വേറേയെവിടേയും നടക്കാം.പ്രൈവറ്റ് സ്ഥാപനങ്ങളില്‍ എന്തു നടക്കുന്നു എന്ന് ആലോചിയ്ക്കാന്‍ പൊലും അശക്തരാണ് .

ഈ സ്ഥലങ്ങളില്‍ ഇതുവരെ ആരും ഒരുകാലും ചിറകുകളും വിടര്‍ത്തി വിറപ്പിച്ച് എന്റെ പെങ്ങന്മാരുടെ നേരേ ചെല്ലാന്‍ ധൈര്യപ്പെട്ടിട്ടില്ല. എന്റെ സഹോദരന്മാര്‍ തിരിഞ്ഞ് നിന്ന് ചോദിച്ചതിന് പരമാവധി പിരിച്ച് വിടലല്ലാതെ, പല കഷണങ്ങളായി ഒഴുകി നടക്കേണ്ടി വന്നിട്ടില്ല.അതിശയോക്തിയായേക്കാം എന്നാലതും നടക്കാന്‍ അധിക സമയമൊന്നും വേണ്ടാ..

വ്യക്തിപരമായി എനിയ്ക്കിപ്പോ സുഖമാണ്..ആരും ഒന്നും പറയില്ല‍. യാതൊരു വിവേചനവുമില്ല. അപ്പുറത്തെ മുറികളില്‍ ഡോക്ടര്‍മാര്‍ ഉറങ്ങുന്നു. അവര്‍ക്ക് ഞങ്ങള്‍ ഇപ്പുറത്തെ മുറികളില്‍ താമസിയ്ക്കുന്നത് കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. എനിയ്ക്കും തുല്യ കഴിവുകളും ബിരുദവുമുള്ള ഡോക്ടര്‍ക്കും ഒരേ ശമ്പളമാണ്..തൊഴില്‍ സ്ഥലത്തെ അന്തരീക്ഷം , എനിയ്ക്ക് ജോലി ചെയ്യാന്‍ പരമാവധി അനുകൂലമാക്കുന്നതില്‍ എന്റെ തൊഴിലുടമ ബാധ്യസ്ഥനാണ്. എന്റെ മുറി വൃത്തിയാക്കാന്‍ വരുന്ന ചേച്ചി ഇവിടുത്തെ അക്കൊമൊഡേഷന്‍ മാനേജരുടെ മകളാണ്. അവര്‍ എന്നെക്കാളും ചെറിയ ജോലിയാണ് ചെയ്യുന്നുവെന്ന് എനിയ്ക്കോ അവര്‍ക്കോ വിചാരമില്ല.ലോണ്‍ മുറിയ്ക്കാന്‍ വരുന്ന ചേട്ടന്‍ ഹോര്‍ട്ടിക്കള്‍ച്ചറില്‍ എനിയ്ക്ക് റേഡിയോളജിയിലുള്ള അറിവ് പോലെ തന്നെ അറിവുള്ളായാളാണ്. സോഫ്റ്റ്വേര്‍ എഞ്ചിനീയറാന്മാര്‍ ഇവിടെ ജോലി മടുക്കുമ്പോള്‍ ചുടുകട്ടയടുക്കുകാരായി പരിശീലനം നേടി (എഞ്ചിനീയറാണെന്ന് പറഞ്ഞ് നേരേ ജോലി ചെയ്യാന്‍ പറ്റില്ല.)ജോലി ചെയ്യുന്നു. എന്റെ വര്‍ക്പ്ലേസിലെ കസേര കൊടുക്കണമെന്ന് പറഞ്ഞാല്‍ "പോയി പണി നോക്ക് രാമാ " എന്ന് എനിയ്ക്ക് ഇതിന്റെ ഡയറക്ടറോട് പോലും പറയാം.ഡോക്ടേഴ്സ് ഒണ്‍ലി എന്നെങ്ങാനുമൊരു ബോര്‍ഡ് വച്ചാല്‍ തൊഴില്‍ വകുപ്പ് ആശുപത്രി പൂട്ടി സീലു ചെയ്യും.

അപ്പോഴാണ് ഞാനനുഭവിച്ചതൊക്കെ അപമാനമായിരുന്നെന്ന് എനിയ്ക്ക് മനസ്സിലായത്.ഇപ്പോഴും എന്റെ സഹോദരങ്ങള്‍ അതനുഭവിയ്ക്കുന്നു.ദിവസേന...ആ അപമാനം ഒട്ടും ഇനി സഹിയ്ക്കാന്‍ വയ്യ..പാടില്ല..

എന്റെ പോസ്റ്റുകളില്‍ ആരും കമന്റിടണമെന്നോ വായിയ്ക്കണമെന്നോ ഞാന്‍ ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല.പക്ഷേ ഇതില്‍ അങ്ങനെയൊരാഗ്രഹമുണ്ട്.ഇതൊരു ചര്‍ച്ചയുടെ ആരംഭമാകട്ടേ. വൈദ്യരംഗത്തുനിന്നും തുടങ്ങി എല്ലാ രംഗങ്ങളിലുമുള്ള ജോലിസ്ഥലത്തെ വിവേചനത്തിനെതിരേ ഒരു തുള്ളിയുപ്പെങ്കിലത്.. അതാവട്ടേ..

ഇതിനൊക്കെയെതിരേ എന്ത് ചെയ്യണമെന്ന് അറിവുള്ളവര്‍ പറഞ്ഞ് തരിക. നിയമപരമായും അല്ലാതേയും...

Thursday, May 10, 2007

പതിനായിരങ്ങള്‍ക്ക് നിര്‍വൃതിയായി പുതിയകാവില്‍ പൊങ്കാല

അപ്സരാ ജംഗ്ഷനിലെത്തുമ്പോള്‍ എന്നും എനിയ്ക്ക് ഉറക്കം വരും.
എപ്പോഴും അങ്ങനെയാണ്. അതുവരെ ഉറങ്ങാതെ കുത്തിയിരുന്നിട്ട് ഇറങ്ങേണ്ട സ്റ്റോപ്പിന് രണ്ട് സ്റ്റോപ്പ് മുന്നില്‍ വച്ച് ഉറക്കം വരും. കണ്ണ് തുറക്കാനേ തോന്നില്ല .

മൃദുവായ സുഖമായ ഉറക്കം.
എനിയ്ക്ക് റെയില്വേ സ്റ്റേഷനിലായിരുന്നു പോകേണ്ടത്

ചെമ്മാമ്മുക്കില്‍ നിന്ന് വണ്ടി നേരേ പോയപ്പോഴും, ചിന്തിയ്ക്കാന്‍ മനസ്സു വന്നെങ്കിലും ഉറക്കം അപ്പോഴേയ്കും ചിന്തകളെ കീഴ്പ്പെടുത്തിയിരുന്നു.
കടപ്പാക്കടയിലെത്തിയപ്പോള്‍ ഒന്ന് കണ്ണുതുറന്നു.

ഓ , ഈ ബസ് റെയില്വേ സ്റ്റേഷനില്‍ പോകുന്നതല്ലല്ലോ..കടപ്പാക്കട വഴിയാണ്..
സാരമില്ല..ചിന്നക്കടേന്ന് ഗോഡൌണ്‍ വഴി സ്റ്റേഷനിലോട്ട് കയറാം.
എനിയ്ക്ക് ധാരാളം സമയമുണ്ട്.
വഞ്ചിനാട് പിടിച്ചാല്‍ മതി. തിരുവനന്തപുരത്തോട്ട്.അടുത്ത അഞ്ച് മിനിട്ട് ഒന്നു കണ്ണടയ്ക്കുകയുമാവാം.

ചെക്കന്‍ ചിന്നക്കടയെന്ന് വിളിച്ച് കൂവുന്നതിനിടയില്‍ ഒരുറക്കം കൂടി കഴിഞ്ഞിരുന്നു.കണ്ണുകളെ വലിച്ചുതുറന്ന് അവിടെയിറങ്ങി.
യാതൊരു മാറ്റവുമില്ല. ആളുകളും ആട്ടോകളും.

ടൌണ്‍ പതുക്കെ ഉണര്‍ന്നു വരുന്നു. ഗസ്റ്റ് ഹൌസിനെതിരെയായാണ് ബസ് നിര്‍ത്തിയത്. പൂക്കളുടെ സൌമ്യമായ മണം.

ഗോഡൌണ്‍ വഴി സ്റ്റേഷനിലോട്ട് കുറച്ചേറെ ആള്‍ക്കാര്‍ നടക്കാനുണ്ടായിരുന്നു.ഗോഡൌണിലേയ്ക്ക് ചിന്നക്കടയില്‍ നിന്നും തിരിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്.

റെയില്വേയുടെ സ്ഥലത്തെല്ലാം നൂറുകനക്കിനാള്‍ക്കാര്‍. കൂടുതലും സ്ത്രീകള്‍. എന്തോ ഉത്സവം ഉള്ള പോലെ. അല്ല ഇവിടെ അവര്‍ പൊങ്കാലയിടാനുള്ള ഒരുക്കത്തിലാണല്ലോ..ഇവിടെയെന്ത് പൊങ്കാല ? ഏതമ്പലം ?
ഒരു ചേച്ചിയോട് ചോദിച്ചു. ചേച്ചി ചിരിച്ചു. ഇവനേതു നാട്ടുകാരനെടാ ?
“പുതിയകാവില്‍ പൊങ്കാല“

ഓ..അതാണ് ബസ് വഴിതിരിച്ച് വിട്ടത്. ഹൊ..അന്നേരം ചെമ്മാമ്മുക്ക് തൊട്ട് റെയില്വേ സ്റ്റേഷന്‍ വഴിയുള്ള വഴിയെല്ലാം ബ്ലോക്കായോ?

തിരുവനന്തപുരത്തുനിന്ന് ബസ് ഏതുവഴിവരും. ലൈബ്രറിയുടെ മുന്നിലൂടെ കേറി പോകുവാരിയ്ക്കും..ആകെ സ്ഥലമില്ലാത്ത ആ റോഡില്‍ ഒരു തീവണ്ടി ഗേറ്റുമുണ്ട്. തിരുവനന്തപുരത്തുനിന്ന് ആ വഴി വണ്ടിയെല്ലാം കൂടേ ചിന്നക്കടെകയറി വരുന്നതിന്റെ പുകില് എന്തായിരിയ്ക്കും?

ഗോഡൌണ്‍, ആപ്പീസുകള്‍ എല്ലാറ്റിന്റേയും മുറ്റം പൊങ്കാല സ്ഥലമായി മാറിയിരിയ്ക്കുന്നു. റെയില്വേ പ്ലാറ്റ്ഫോമിലൂടെ ഞാന്‍ സ്റ്റേഷന്റെ മുന്നിലെത്തി.
ജന സാഗരം. സ്റ്റേഷന്റെ മുന്നില്‍ മുഴുവന്‍ പാര്‍ക്കിംഗ് ഏരിയായിലെല്ലാം പൊങ്കാലയിടാന്‍ ആള്‍ക്കാര്‍ സ്ഥലം പിടിച്ചിരിയ്ക്കുന്നു.

കാവി മുണ്ടും ചന്ദനകളര്‍ ഷര്‍ട്ടും കാവി ഷാളും കൂടാതെ കാവിയില്‍ ഒരു ക്രോസ് ബെല്‍റ്റും അണിഞ്ഞ് ചേട്ടന്മാര്‍ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നു.
അങ്ങനെയങ്ങ് പോലീസുകാരെയൊന്നും കണ്ടില്ല. ഒന്നുരണ്ട് വടീം കുറ്റീമൊക്കെയായി ചിരിച്ച് കളിച്ച് ചെല ഏമാന്‍മാര്‍ അവിടെയിവിടെയൊക്കെ നില്‍പ്പുണ്ട്

ഇതിനിടയില്‍ ചില ആള്‍ക്കാര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ വന്നു
"ഇവിടെ പൊങ്കാലയാണ്. പാര്‍ക്ക് ചെയ്യാന്‍ പറ്റില്ല“
വിദൂരതയിലെവിടോട്ടോ ചേട്ടന്മാര്‍ ചൂണ്ടിക്കാട്ടി.എന്തായാലും എന്‍ എചില്‍ സ്റ്റേറ്റ് ബാങ്ക് വരെയും ഇപ്പുറം ക്യാമ്പ് വരെയും അങ്ങ് ചിന്നക്കട വരെയും നേരേ ഫാത്തിമ വരേയും പാര്‍ക്ക് ചെയ്യാന്‍ പറ്റില്ല.

(ഈ ആള്‍ക്കാരുടെയിടയിലൂടെ അവരെങ്ങനെ വണ്ടിയും കൊണ്ടിവിടെയെത്തി എന്ന് ചിന്തിയ്ക്കുകയായിരുന്നു ഞാന്‍)

തിരുവനന്തപുരത്തോട്ടും കോട്ടയത്തോട്ടുമൊക്കെ ജോലിയ്ക്ക് പോകാന്‍ വന്ന ചേട്ടന്മാരാണ്. എവിടെയെങ്കിലുമൊക്കെ പാര്‍ക്ക് ചെയ്തിട്ട് വിശ്വസിച്ച് എങ്ങനെ പോകും ?

ആരോ എന്തോ ഒന്നുകൂടി ചോദിച്ചു.
"ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പ റ്റി ല്ല"
സംഘ ബോധത്തിന്റെ അച്ചടക്കത്തില്‍ നിന്ന് വരുന്ന ദയയില്ലാത്ത മറുപടി..അതു പറയാന്‍ അവരാര്?

ബാഗില്‍ കാമറയുണ്ട്. ഫൊട്ടോയെടുക്കാം. പുറത്തേയ്ക്കിറങ്ങി നടന്നു .റോഡിലെത്തി. എവിടെയും നില്‍ക്കാന്‍ വയ്യ. നില്‍ക്കാന്‍ കഴിഞ്ഞയിടങ്ങളില്‍ നിന്ന് ക്ലിക്കി.


ഇത്ര ആളുകള്‍ കൂടുന്നയിടത്ത് പോലീസെവിടെ? ഇങ്ങനത്തതൊക്കെ നിയന്ത്രിയ്ക്കുന്നത് പോലീസാവണ്ടെ..കാവിചേട്ടന്മാരാണൊ?എന്തിനാണ് ഇത്രയും ദേശീയപാത അടച്ച് വച്ച് ,റെയില്വേസ്റ്റേഷന്റെ പ്രവര്‍ത്തനവും ഭാഗികമായി സ്തംഭിപ്പിച്ച് പൊങ്കാല? കൊല്ലത്ത് എത്ര മൈതാനങ്ങളും സ്റ്റേഡിയങ്ങളുമുണ്ട്.

അല്ല ഈ അമ്പലം തന്നെ റെയില്വേയുറ്റെ കയ്യിലിരുന്ന സ്ഥലത്തെങ്ങനെയുണ്ടായെന്ന് , അന്നതന്വേഷിയ്ക്കാന്‍ വന്ന കമ്മീഷന്‍ മാത്രമേ അറിയാനുള്ളല്ലോ.(.പൂര്‍ണ്ണമായറിയാവുന്ന കൊല്ലംകാരാരെങ്കിലും എഴുതുക:))

നമ്മളെന്താണ് ഈ ആഘോഷങ്ങളൊക്കെ മറ്റുള്ളവരുടെ സൌകര്യം കൂടി നോക്കി നടത്താത്തത്? നമ്മളെന്തുകൊണ്ടാണ് നമ്മളല്ലാത്തവരോട് ഒട്ടും പരിഗണന കാണീയ്ക്കാത്തത്?
റെയില്വേ സ്റ്റേഷനില ചെടികള്‍ നനയ്ക്കുന്ന സ്പ്രിംഗ്ലര്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടായിരുന്നു..ഒരു അനൌണ്‍സ് മെന്റ് മൈക്കിലൂടെ കേട്ടു

"റെയില്വേ അധികാരികളുടെ ശ്രദ്ധയ്ക്ക് ..ചെടികള്‍ നനയ്ക്കുന്നത് ഉടന്‍ തന്നെ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.”

രണ്ടാമതും മൂന്നാമതും ഇതേ അറിയിപ്പ് ശബ്ദത്തിന്റെ മുറുകലിന്റെ ആരോഹണക്രമമനുസരിച്ച് തുടര്‍ന്നു..

ആരാണ് റെയില്വേ സ്റ്റേഷന്‍ ഒരു ദിവസത്തേന് ആര്‍ എസ് എസ്സിന് തീറെഴുതിക്കൊടുത്തത്?
നാളെ എന്‍ ഡി എഫ് ഇനും കൊടുക്കും.പിന്നെ വേണമെങ്കില്‍ സഖാക്കള്‍ക്ക് സമസ്ഥാന സമ്മേളനം നടത്താന്‍. എല്ലാം പൊതുവഴിയിലും പൊതുജനമെന്ന കഴുതയുടെയും നെഞ്ഞത്ത് കയറിനിന്ന്.

ഇതില്‍ വലിയ കാര്യമൊന്നുമില്ലെങ്കിലും എനിയ്ക്ക് എന്തോ അസ്വസ്ഥത തോന്നി.

എസ് യൂ റ്റീയില്‍ കുട്ടികള്‍ അണുബാധയേറ്റ് മരിയ്ക്കുമ്പോല്‍, ബന്ദിന്റെ പേരു പറഞ്ഞ് റോഡുകള്‍ സ്ഥാപനങ്ങള്‍ എല്ലാം ഒരു ദിവസം സ്തംഭിപ്പിയ്ക്കുമ്പോള്‍ ഒരുദിനമെങ്കിലൊരുദിനം. ഈ ചേച്ചിമാരും അമ്മമാരും കുഞ്ഞുങ്ങളുമൊക്കെ ചേര്‍ന്ന് ദേശീയപാത അടയ്ക്കട്ടെ. സന്തോഷം..

അപ്പൊഴും കാവി മുണ്ടും ചന്ദന കളര്‍ ഷര്‍‍ട്ടും കാവി ഷോളും കാവി ക്രോസ് ബെല്‍റ്റും ധരിച്ച് ചേട്ടന്മാര്‍ മനസ്സിനു കുറുകേ നടക്കുന്നു. തന്റെ ദേഷ്യം പുരണ്ട കണ്ണുകളാല്‍ സേവനം ചെയ്യുന്നു. എല്ലാം നിയന്ത്രിയ്ക്കുന്നു.

ഇവരുടെ ദേഷ്യത്തിനും വെറുപ്പിനും അഹംകാരത്തിനും പൊങ്കാലയിടാന്‍ നമ്മുടെ അമ്മപെങ്ങന്മാരെന്തിനു പോകുന്നു ?

പുട്ടുകുറ്റിയും എസ് എല്‍ ആരുമായി ചില പത്രയണ്ണന്മാര്‍ റോന്ത് ചുറ്റുന്നു..
മുഷിഞ്ഞ വസ്ത്രവും സഞ്ചിയും അതിനു ചേരാത്ത കാമറയും വച്ച് പടമെടുക്കുന്ന എന്നെ അവര്‍ ശ്രദ്ധിച്ചു.

ഞാന്‍ നാളത്തെ പത്ര തലക്കെട്ട് ആലോചിയ്ക്കുകയായിരുന്നു..

"പതിനായിരങ്ങള്‍ക്ക് നിര്‍വൃതിയായി പുതിയകാവില്‍ പൊങ്കാല”

എനിയ്ക്ക് പൊങ്കാലയിടാന്‍ സമയമില്ല. തിരുവനന്തപുരത്തിന് തീവണ്ടി പിടിയ്ക്കണം. വെയിലേറും മുന്‍പ് പാല്‍ക്കുളങ്ങരയെത്തണം.