Monday, February 18, 2008

വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം. ആമുഖം

തമ്പാനൂരിലെ ഒരു മഴ
ഒരു മഴപെയ്തതാണ്. തമ്പാന്നൂരു വന്നുപെട്ടു ആ കുട്ടി. മോഡല്‍ സ്കൂളീന്ന് വീട്ടിലേയ്ക്ക് പോകുവാരുന്നു.
ചെറുമഴ പെയ്താലും തമ്പാന്നൂര് കൊളമായല്ലോ ...
നടന്ന വഴിയ്ക്ക് ഒരോടയുടെ സ്ലാബില്ലാതെ കിടക്കുന്നു. കവിഞ്ഞ് വെള്ളമൊഴുകുമ്പോള്‍ എന്ത് കാണാന്‍.? അവന്‍ ഓടയില്‍ വീണു.

“അന്നു തുടങ്ങിയതാ പനി. ഇതിപ്പം രണ്ടാഴ്ചയായി, മാറുന്നില്ല. രാവിലേ പഠിയ്ക്കാന്‍ വിളിയ്ക്കുമ്പോള്‍ നെഞ്ചുവേദനേന്ന് പറയും.എടയ്ക്കെടയ്ക്കുണ്ട് നെഞ്ചുവേദന.പരിക്ഷയിങ്ങ് അടുക്കുകയും ചെയ്തു. ഇതിപ്പം ഇവന് എപ്പൊഴും ക്ഷീണമാണ്.”

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയായിരുന്നു. നെഞ്ചുവേദനയും പനിയുമായി വന്ന ഒരു പതിനഞ്ചുകാരനെ ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ മോഹന്‍ പരിശോധിയ്ക്കുന്നു.കുട്ടിയുടെ അമ്മയുമുണ്ട് കൂടെ..

“ടേയ് നിനക്ക് പത്താം ക്ലാസിലെ പരീക്ഷയൊക്കെ വരുന്നതിന്റെ ടെന്‍ഷനാണെന്ന് തോന്നുന്നു. അല്ലാതെ നിനക്കെന്തോന്ന് നെഞ്ചുവേദന വരാന്‍“?
ഡോക്ടര്‍ തമാശ പറഞ്ഞു.

“എന്നാലും നോക്കട്ട് ഇനി ഈ സീ ജീ യും കൂടെയുള്ളൂ നോക്കാന്‍. എന്തായാലും നമുക്കൊരു ഈ സീ ജീ എട്ത്ത് നോക്കാം.അത് കഴിഞ്ഞ് മര്യാദയ്ക്ക് പോയിരുന്ന് പഠിച്ചോണം“

ഈ സീ ജീ എടുത്ത് നോക്കിയ അദ്ദേഹം അത് ഒന്നൂടെ ആവര്‍ത്തിച്ചു. മെഷീന്റെ തകരാറാണെന്ന് വിചാരിച്ച് വേറൊരു മിഷീന്‍ വച്ച് നോക്കി.

ആ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് അന്നുണ്ടായിരുന്നില്ല.
മോഹന്‍ അവനുമൊത്ത് സ്വന്തം കാറില്‍ തന്നെ കാര്‍ഡിയോളജിസ്റ്റിന്റെ വീട്ടില്‍ പോയി. അദ്ദേഹത്തെ കാണിച്ചു.
തിരുവനതപുരത്തെ പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റ്.

“ഇത് കണ്ടിട്ട് പെരി കാര്‍ഡൈറ്റിസ് ആണെന്നു തോന്നുന്നു.മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്യണം.“

അമ്മയോടായി അദ്ദേഹം പറഞ്ഞു.

“ഹൃദയത്തിന്റെ ആവരണമായ പെരികാര്‍ഡിയത്തില്‍ ഉണ്ടാകുന്ന അണുബാധയാകും കാരണം. വിശദമായി പരിശോധിയ്ക്കണം. ശ്രീ ചിത്രയിലും മെഡിയ്ക്കല്‍ കോളേജിലുമൊക്കെയേ അതിനുള്ള സൌകര്യമുള്ളൂ. തീര്‍ച്ചയായും അങ്ങോട്ട് കൊണ്ട് പോണം. വേറൊരു ആശുപത്രിയിലും തിരുവനന്തപുരത്ത് അതിനുള്ള സൌകര്യമില്ല.“


അവന്റെ അച്ഛന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അമ്മ അച്ഛനെ ഫോണില്‍ വിളിച്ചു. കൊല്ലത്ത് നിന്നും അച്ഛന്‍ എത്തുമ്പോഴേയ്ക്കും ആംബുലന്‍സില്‍ മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോകാനുള്ള സൌകര്യങ്ങള്‍ ചെയ്തിരുന്നു ഡോ:മോഹന്‍.

"ആംബുലന്‍സ് വേണ്ടാ. വണ്ടിയുണ്ട്." അച്ഛന്‍ പറഞ്ഞു.
"ഏത് സമയത്തും എന്നെ വിളിയ്ക്ക്ക്കാം. വിവരങ്ങള്‍ അറിയിയ്ക്കണം.“ മോഹന്‍ ഓര്‍മ്മിപ്പിച്ചു


മെഡിയ്ക്കല്‍ കോളേജ് കാഷ്വാല്റ്റി.

ഡോക്ടര്‍ യുവാവ് ചീട്ട് വാങ്ങിച്ച് നോക്കി. ഈ സീ ജീ എട്ത്ത് നോക്കി

......ST - elevation.. ? Pericarditis കാര്‍ഡിയോളജിസ്റ്റ് എഴുതിയിരിയ്ക്കുന്നു.

ഈ സീ ജീ എന്തിയേ?

ഈ സീ ജി കൊടുത്തു.

ഇതില്‍ കുഴപ്പമൊന്നുമില്ല. വീട്ടിപ്പൊക്കോ

അത് സാര്‍ ..ഇവിടെ അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞു.
ആര് ??
ഡോ. ടൈനീ നായര്‍ ..

അയാളാന്നോ ഇവിടെ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുന്നത്?

ഫര്‍തര്‍ ചെക്കപ്പ് വേണമെന്ന് പറഞ്ഞു. സര്‍...പ്ലീസ്

ങാ..രണ്ടാം വാര്‍ഡില്‍ സ്ഥലമുണ്ടേല്‍ പോയിക്കെടന്നോ..അയാള്‍ ദയാലുവായി.

കിടക്കയില്ല. ഒരു പായും തലയിണയും വാങ്ങിച്ചു.

ഫ്യൂര്‍ഡാന്‍ കുടിച്ച് മനോനില തെറ്റിക്കിടന്ന ഒരാളുടെ കിടക്കയ്ക്ക് കീഴിലാണ് സ്ഥലം കിട്ടിയത്. അവിടെ കിടന്നു.

നൂറ് കണക്കിനാള്‍ക്കാര്‍ നിരനിരയായി അട്ടിവച്ച് കിടക്കുന്ന വാര്‍ഡ്..ഒടിയാറായ തുരുമ്പു പിടിച്ച കട്ടില്‍, പെയിന്റ് ഓര്‍മ്മ മാത്രമായ ഡ്രിപ്പ് സ്റ്റാന്റുകള്‍, പഴകിപ്പോളിഞ്ഞ മെത്ത (കട്ടില്‍ കിട്ടിയവര്‍ക്ക് അതൊരു പരീക്ഷണമാണ്) തറയില്‍ നിറച്ച് അഴുക്ക്, ചെളി, പൊടി,..ചിലര്‍ കരയുന്നു, ചിലര്‍ ഛര്‍ദ്ദിയ്ക്കുന്നു. ചിലര്‍ രക്തമൊലിപ്പിയ്ക്കുന്നു. ഈച്ച..കൊതുക് ..പൊട്ടിയൊലിയ്ക്കുന്ന കക്കൂസില്‍ നിന്നുള്ള നാറ്റം.എങ്ങടവുമെത്താതെ ഓടുന്ന നേഴ്സുമാര്‍, നിലാവത്തെ കോഴികളെപ്പോലെ നടക്കുന്ന ഡോക്ടര്‍മാര്‍...

അകെ പുകില് തന്നെ.

അതിനിടയില്‍ തന്നെ പനി വന്നവരുണ്ട്, എയിഡ്സ് ബാധിച്ചവരുണ്ട്, മഞ്ഞപ്പിത്തം ബാധിച്ചവരുണ്ട്, എലിപ്പനി വന്നവരുണ്ട്, വിഷം കഴിച്ചവരുണ്ട്, ഡെങ്കിപ്പനി വന്നവരുണ്ട്, ന്യുമോണിയ വന്നവരുണ്ട്, വൃണങ്ങള്‍ വന്നവരുണ്ട്....അവരുടെയൊക്കെ കൂടെവന്നവരുണ്ട്.

കുട്ടിയ്ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ഒന്നുമില്ലെന്ന് കാഷ്വാല്‍റ്റിയിലെ ഡോക്ടര്‍ പറഞ്ഞല്ലോ. പനിയും മറ്റും കുറഞ്ഞു. അവന്‍ അവിടവിടെ എഴുനേറ്റ് നടക്കാനും കാണാന്‍ വന്ന കൂട്ടുകാര്‍ പിള്ളേരോട് ചുറ്റിത്തിരിയാനും തുടങ്ങി.
ഏതൊക്കെയോ ഡൊക്ടര്‍മാര്‍ വന്ന് പനിയൊക്കെ നോക്കി.

“നാളേ വീട്ടില്പോകാം കേട്ടോ..“ ആരോ പറഞ്ഞു.

അവന്‍ അന്ന് വൈകുന്നേരം മൂത്രമൊഴിയ്ക്കാന്‍ പോയ സമയത്ത് അവന്റെ വശത്ത് കിടക്കയില്‍ കിടന്നിരുന്ന, വിഷമടിച്ച് മനോനില തെറ്റിക്കിടന്നയാള്‍ വിളിച്ച് കൂവി വെപ്രാളം കാണിച്ച് കട്ടിലുമായി താഴെ വീണത് അവന്‍ കിടന്നിരുന്ന പായയില്‍. അവനവിടുണ്ടായിരുന്നേല്‍ അപ്പൊത്തന്നെ കാര്യം തീര്‍ന്നു കിട്ടിയേനേ (അയാളുടെ കയ്യും കാലും കിടക്കയോട് ചേര്‍ത്ത് കെട്ടിയിരിയ്ക്കുകയാണ്. ബോധമില്ലാതെ നിലവിളിയ്ക്കുകയും വെപ്രാളം കാണിയ്ക്കുകയും ചെവി പൊട്ടും വിധം തെറി വിളിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നയാള്‍‍)

പിന്നെ ഒന്നും നോക്കിയില്ല. നാളെ പോവുക തന്നെ. ഇവിടെ വയ്യ.

കുട്ടിയുടെ ഒരു അമ്മാവന്റെ ബന്ധു അവിടെ ഹൌസ് സര്‍ജന്‍സി ചെയ്യുന്നുണ്ടായിരുന്നു.മെഡിസിന്‍ വിഭാഗം തലവനെ കുറിപ്പുകള്‍ കാണിയ്ക്കാം എന്ന് ആ ബന്ധു ഏറ്റു.
എന്നാല്‍ അത് കഴിഞ്ഞ് പോകാം.

കുറിപ്പുകള്‍ വായിച്ച് ഈ സീ ജീ യും കണ്ട ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ചോദിച്ചു.

അവനെവിടെ..?
അവന്‍ വാര്‍ഡിന്റെ അങ്ങേയറ്റത്ത് നിന്ന് കളിയ്ക്കുന്നു.

അവിടെ നില്ല്..നടക്കരുത്. ഗായത്രീ സ്ടെച്ചര്‍ പറയൂ. ഐ സീ യൂ വില്‍ അഡ്മിറ്റ് ചെയ്യണം. ദിസ് ഇസ് വെരി ക്രിട്ടിക്കല്‍.

എല്ലാരും അമ്പരന്ന് പോയി..അവന് കണ്ടാല്‍ ഒരു കുഴപ്പവുമില്ലല്ലോ?കഴിഞ്ഞ രണ്ട് ദിവസമായി അവന്‍ ഇവിടെത്തന്നെ നില്‍ക്കുവാരുന്നല്ലോ?

സ്ടെച്ചറുമായി അവന്‍ നിന്നിടത്ത് പോയെടുത്ത് മെഡിക്കല്‍ കോളേജിലെ ഐ സീ യൂ വില്‍ കിടത്തിയ അവനെ രണ്ടാഴ്ച കഴിഞ്ഞാണ് അവിടുന്ന് പുറത്ത് വിട്ടത്. പിന്നീട് രണ്ട് മൂന്ന് മാസം പൂര്‍ണ്ണ വിശ്രമം.സ്റ്റീറോയ്ഡുകള്‍ കയറ്റി ഞരമ്പുകള്‍ വെന്തുപോയി. ഒരോ ഇടവേളയിലും രക്തസമ്മര്‍ദ്ദം നോക്കി. മരുന്നുകള്‍ കയറ്റി പുറത്തും അകത്തുമായി നൂറായിരം ടെസ്റ്റുകള്‍ നടത്തി....

വൈറല്‍ പെരികാര്‍ഡൈറ്റിസായിരുന്നു,ഭാഗ്യത്തിന് ഹൃദയ പേശികള്‍ക്ക് തകരാറൊന്നും പറ്റിയില്ല. സമയത്തിനു വൈദ്യസഹായം കിട്ടിയതിനാല്‍.

ഇപ്പൊ സുഖമായിരിയ്ക്കുന്നു.അഹംകാരി..

ആ ഹൌസ് സര്‍ജനെ അറിയാതിരുന്നെങ്കിലോ???

ആ കുട്ടി എന്റെ അനിയനാണേയ്.....
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------------

ഇരുനൂറ് രൂപാ

ഞാന്‍ ജോലി ചെയ്തിരുന്ന ആശുപത്രി. ഒരു രാത്രി വിളി.

“സിസ്റ്ററേ ...ഒരു ഇരുനൂറ് രൂപയുടെ കുറവല്ലേയുള്ളൂ. എന്റെ കയ്യില്‍ ഇപ്പൊ ഇല്ലാഞ്ഞിട്ടാണ്. ഞാന്‍ ഇത് നടത്തിയേച്ച് വീട്ടീന്ന് കൊണ്ട് വരാം.“
ഞാന്‍ കയറിച്ചെല്ലുമ്പോ ഒരാള്‍ നിന്ന് കരയുന്നതാണ് കണ്ടത്.
“അതിപ്പം ഞാനെന്തോ ചെയ്യാനാ..ഇരുനൂറ് രൂപയ്ക്ക് ഇരുനൂറ് രൂപ വേണ്ടേ?“
“എന്താ സിസ്റ്ററേ?“ ഞാന്‍ ചോദിച്ചു
സീ റ്റി യുടേ കാശടയ്ക്കാന്‍ ഒരു ഇരുനൂറ് രൂപയുടെ കുറവുണ്ട്.

“സാറേ മോന്‍‍ സൈക്കളെന്നൊന്ന് വീണതാ? അന്നേരം ബോധമില്ലാരുന്നു. ഒന്ന് രണ്ട് തവണ ച്ഛര്‍ദ്ദിച്ചു. സീ റ്റീ എടുക്കണമെന്ന്. രാത്രിയായിപ്പോയി. ആശൂത്രീല്‍ വീട്ടുകാരി മാത്രമേ ഒണ്ടാരുന്നുള്ളൂ. ഒരിരുനൂറ് രൂപയുടെ കൊറവുണ്ട്....“
അങ്ങേര്‍ കരയുകയായിരുന്നു.

ഞാന്‍ പോക്കറ്റില്‍ തപ്പി. ഒരു നയാ പൈസയില്ല.എന്റെ കയ്യിലെവിടെ മാസാവസാനം ഇരുനൂറ് രൂപാ. വല്ലവരോടും ചോദിയ്ക്കാന്‍ എല്ലാവനും ഒറങ്ങുകയായിരിയ്ക്കും.

ഞാനാ കുഞ്ഞിനെ നോക്കി.തലയിലൊരു കെട്ടുമൊക്കെയാ‍യി അവന്‍ ..ഒരു നാലഞ്ച് വയസ്സ് കാണും.ഒറങ്ങുവാണ്..പാവം

“ഇദ്ദേഹം ഇരുനൂറ് രൂപാ നാളെ തരും അല്ലേല്‍ ഇരുനൂറ് രൂപാ നാളെ ഞാന്‍ തരാം. എന്റെ പേരിലെഴുതിയ്ക്കോ..“
ഞാന്‍ കാഷ്യറോട് പറഞ്ഞു.

“അങ്ങനെ പറഞ്ഞാലെങ്ങനാ സാറേ..അതെങ്ങനാ ഞാന്‍ ബില്ലാക്കുന്നത്? “

“ഹ ഞാന്‍ ഇവിടെ ജോലി ചെയ്യുന്നവനല്ലേ. ഇയാള്‍ കൊണ്ടത്തന്നില്ലെങ്കില്‍ ഞാന്‍ നാളെ തരാം ഇപ്പം എന്റെ കയ്യിലില്ല. നിങ്ങക്ക് പാതിരാത്രീലാരേം കണക്ക് ബോധിപ്പിയ്ക്കണ്ടല്ലോ?“

മനസ്സില്ലാ മനസ്സോടെ അവര്‍ സമ്മതിച്ചു. അങ്ങേര് പിറ്റേന്ന് കാശുകൊണ്ടുക്കൊടുത്തു.
‌‌‌‌‌‌‌‌‌‌‌‌‌‌സീ ടീ ചെയ്തപ്പോള്‍ അവന്റെ തലച്ചോറിന്റെ ആവരണങ്ങളിലൊന്നില്‍ രക്തസ്രാവം ഉണ്ടായിരുന്നു. ‌‌
--------------------------------------------------------

തിരക്കിനിടയിലൂടെ നൂണ്ട് ഒരു ഗവണ്മെന്റ് ആശുപത്രിയുടെ ഓപീ ഡിവിഷനില്‍ ചെന്ന് കാശുനിറച്ച പൊതി ഡോക്ടറെ ഏല്‍പ്പിയ്ക്കുമ്പോള്‍ ചുറ്റിനും നിറഞ്ഞ് നില്‍ക്കുന്ന ആള്‍ക്കാരെ വകവയ്ക്കാതെ, ഒരുളുപ്പുമില്ലാതെ അയാള്‍ പറഞ്ഞു.

“ട്രിവാണ്ട്രം സ്കാന്‍സ്‌കാരു എണ്ണൂറു രൂപയാ ഇപ്പം കട്ട് തരുന്നേ. ഞാനിനി അവിടേയ്ക്കേ ആളെ അയയ്ക്കുകയുള്ളൂ..ഹും..“

ശരി. ആളു വന്നില്ലേല്‍ എന്റെ ജോലി അത്രയും കുറഞ്ഞിരിയ്ക്കും എന്നു ഞാന്‍ മനസ്സില്‍ കരുതി.
ഒരാശുപത്രിയുടേ പീ ആര്‍ ഓ ആയിരുന്നു ഞാന്‍ അന്ന്.

ഫിനാന്‍സ് ആപ്പീസര്‍ കാശെല്ലാം കവറിലിട്ട് പേരെഴുതി തരും. ഞാന്‍ ജീപ്പില്‍ അതാതിടത്ത് പോയി അത് വിതരണം ചെയ്യണം. സീ ടീ ചെയ്യാന്‍ ആളേ വിടണമെന്ന് പറയണം എന്ന് ഒരു ജോലികൂടെ ചെയ്യണം എന്നാണ് നിയമം. പോസ്റ്റ്മാന്റെ പണി ചെയ്യുന്നത് തന്നെ വലിയ വിഷമിച്ചാ..:)
തലയുടെ സ്കാനിങ്ങ് 500 രൂപ
ഡൈ കുത്തിവച്ച് ചെയ്തിട്ടാ‍ണേല്‍ 600 രൂപാ
നെഞ്ച് വയറ് ഒക്കെ സ്കാന്‍ ചെയ്യണേല്‍ 650 രൂപാ ആയിരുന്നു പറഞ്ഞ് വിടുന്ന ഡോക്ടര്‍മാര്‍ക്കുള്ള കമ്മീഷന്‍ അന്ന്.
----------------------------------------------


അതിനൊക്കെ കുറെ നാള്‍ മുന്‍പ്..എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റിങ്ങിന് നില്‍ക്കുന്ന സമയം(ഡിഗ്രിയുടെ ഭാഗമായ ട്രെയിനിങ്ങ്) അള്‍ട്രാസൌണ്ട് സ്കാനിങ്ങിലായിരുന്നു അന്നത്തെ ട്രെയിനിങ്ങ്.

ആദ്യത്തെ ദിവസം അവിടുത്തെ അള്‍ട്രാസൌണ്ട് സ്കാനിങ്ങ് വിഭാഗം എവിടെയെന്ന് ഞാന്‍ അവിടെ കണ്ട ഒരു അറ്റന്ററോട് ചോദിച്ചു.(എന്നെ കണ്ടാല്‍ വിദ്യാര്‍ത്ഥിയെന്ന് തിരിച്ചറിയുന്ന രീതിയിലുള്ള വേഷമായിരുന്നില്ല അന്ന്.:)
“ ഇവിടെ ആ സ്കാനിങ്ങില്ല.അതിന് പുറത്ത് പോണം..എന്താ പേര് ?“ എന്നു പറഞ്ഞ് അങ്ങേരെനിയ്ക്ക് എറണാകുളത്തെ പ്രശസ്തമായ ഒരു ഡയഗ്ണോസ്റ്റിക് സെന്ററിന്റെ പേരു പറഞ്ഞു തന്നു.
(കാര്യം മനസ്സിലാക്കിയ ഞാന്‍ ഒന്ന് ചിരിച്ച് നന്ദിയും പറഞ്ഞ് രണ്ട് ചുവട് മുന്നോട്ട് പോയപ്പോള്‍ സ്കാനിങ്ങ് വിഭാഗത്തിനു മുന്നില്‍ തന്നെയെത്തി)
--------------------------------------------------

ഞങ്ങളുടെ കോളേജില്‍ ട്രെയിനിങ്ങിനായി വച്ചിരുന്ന അള്‍ട്രാസൌണ്ട് സ്കാനിങ്ങ് യന്ത്രം രോഗികള്‍ക്ക് ഉപകരിയ്ക്കാതെ ചുമ്മായിരിയ്ക്കുവാണല്ലോ എന്ന് വിചാരിച്ച് ഞങ്ങളുടെ വകുപ്പ് തലവനും, ഞങ്ങളുടെ സീനിയറായി പഠിച്ച് അവിടെത്തന്നെ ലക്ചറര്‍ ആയ ഒരാളും മുന്‍‌കൈ എടുത്ത് ചെറിയ തുകയ്ക്ക് ഒരു അള്‍ട്രാസൌണ്ട് ചെയ്തു കൊടുക്കുന്ന ക്ലിനിക്ക് തുടങ്ങി.

വെളിയില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ നാനുറ്റമ്പത് രൂപയൊക്കെ വാങ്ങുമ്പോള്‍ അവിടെ നൂറ്റമ്പത് രൂപാ.

ഇടയ്ക്ക് വച്ച് രോഗികള്‍ തീരെ വരാതായി. ഞങ്ങള്‍ വിചാരിച്ചു കാശുകുറച്ച് കൊടുക്കുന്ന സേവനം വേണ്ടാ എന്നു തീരുമാനിയ്ക്കത്തക്കവണ്ണം മലയാളികള്‍ കാശുകാരായെന്ന് :)

പരിചയമുള്ള ഒരു ഓട്ടോ‍ ഓടിയ്ക്കുന്ന ചേട്ടനാണത് പറഞ്ഞത്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ രോഗികളെ ഞങ്ങളുടെ സ്കൂളിലേയ്ക്ക് കൊണ്ട് വരാതിരിയ്ക്കാനും (പൂട്ടിപ്പോയെന്ന് കള്ളം പറയുക )അവരെ സ്വകാര്യ സ്ഥാപനങ്ങളിലെത്തിയ്ക്കുന്നതിനും കോട്ടയം മെഡിയ്ക്കല്‍ കോളേജ് സ്റ്റാന്റിലെ ഓട്ടോക്കാര്‍ക്ക് കമ്മീഷന്‍ കൊടുക്കുമായിരുന്നത്രേ..

എന്തായാലും അതൊന്നും അധികകാലം നിന്നില്ല ചില നല്ല ഡോക്ടര്‍മാര്‍ മെഡിയ്ക്കല്‍ കോളേജില്‍ വരുന്ന കാശിനു ബുദ്ധിമുട്ടുള്ള രോഗികളെ പ്രത്യേകം അവിടേയ്ക്ക് തന്നെ പറഞ്ഞയയ്ക്കാന്‍ തുടങ്ങി. ചില ഡോക്ടര്‍മാര്‍ വഴിയൊക്കെ വരച്ച് കൊടുത്ത് വിടുമായിരുന്നു.

അപ്പോള്‍ സ്വകാര്യക്കാര്‍ വേറേ വഴിനോക്കിക്കാണും...കാണുമല്ലോ....

ഒരു സുപ്രഭാതത്തില്‍ കേരളത്തിലെ മാന്യമഹാപത്രക്കടലാസുകളെല്ലാം ഞങ്ങളുടെ വകുപ്പ് ക്ലിനിക്കില്‍ “കോടികളുടെ തട്ടിപ്പ് “ എന്ന് വെണ്ടക്കാ നിരത്തി.(ദിവസം ഒന്നോ രണ്ടൊ സ്കാന്‍. അതായത് 150+150 രൂപാ. മാസം എങ്ങനെ പോയാലും 10000 രൂപയിലധികം സ്കാനിങ്ങൊന്നും നടക്കാത്ത വകുപ്പ് രണ്ട് കൊല്ലം പൂര്‍ത്തിയാക്കുന്നതിനു മുന്‍പാണീ “കോടികളുടെ തട്ടിപ്പ്“ വെണ്ടക്കാ നിരന്നത് എന്നോര്‍ക്കണം.

എന്തായാലും കാര്യം അറിയാവുന്നത് കൊണ്ട് ആരും പതറിയില്ല. ( ക്ലിനിക് തുടങ്ങുവാന്‍ മുന്‍‌കൈ എടുത്ത ലക്ചറര്‍ കുറച്ച് വിഷാദവാനായി എന്നത് നേര്..മനുഷ്യര്‍ക്ക് നല്ലതു ചെയ്യാന്‍ പോയ ഞാനിങ്ങനെ കേട്ടല്ലോ കര്‍ത്താവേ സ്റ്റയിലില്‍) ..എന്തായാലും യൂണിവേഴ്സിറ്റി വിജിലന്‍സ് കാര്യം അന്വേഷിച്ചു.

അത് കൊണ്ട് നന്നായി

ഒന്ന് : കണക്കുകളേല്ലാം യൂണിവേഴ്സിറ്റിയ്ക്ക് ബോധ്യമായി. ഇനിയൊരു സംശയം വരാത്ത രീതിയില്‍ .

രണ്ട്: പത്രവാര്‍ത്തയില്‍ നിന്ന് ഇങ്ങനെയൊരു ക്ലിനിക്ക് നടക്കുന്ന കാര്യമറിഞ്ഞ രോഗികള്‍ അവിടേയ്ക്ക് നേരിട്ട് വരാന്‍ തുടങ്ങി. രോഗികളുടെ എണ്ണം ഇരട്ടിയിലധികമായി.

എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ?? ????
ഇതെന്തിനാ ചേട്ടാ ഈ രോഗിയെ സീ റ്റീ എടുക്കാന്‍ ഇയാള്‍ പറഞ്ഞ് വിട്ടത്. ഇത് സൈനസൈറ്റിസാണേന്ന് ഉറപ്പല്ലേ?
“ചുമ്മാ കിട്ടുന്ന അറുനൂറ് രൂപാ വേണ്ടെന്ന് വയ്ക്കുമോ, ആരെങ്കിലും?“

ഈ ഹോമിയോ ഡോക്ടറെന്തിനാ സ്ഥിരം രോഗികളെ സീ ടീ എടുക്കാന്‍ വിടുന്നത്?
മോനേ ഞാന്‍ ഇനിയും ഉത്തരം പറയണോ?

ഇതെന്താ കാല്‍പ്പാദത്തിന്റെ സീടീ യോ? കാലുവേദനയ്ക്ക്..അതും പറഞ്ഞ് വിട്ടിരിയ്ക്കുന്നത് ഒരു കഷ്വാല്‍റ്റി മെഡിയ്ക്കല്‍ ആപ്പീസറോ?
“നീയിനി ഇങ്ങനൊന്നും മേലാ ചോദിയ്ക്കരുത്..“

ഈ ജനറല്‍ മെഡിസിന്‍ വിദഗ്ധനെന്തിനാ ഈ തലച്ചോറില്‍ രക്തസ്രാവമുള്ള രോഗിയെ ന്യൂറോ സര്‍ജനുള്ള ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യാതെയിരിയ്ക്കുന്നത്? ഇപ്പത്തന്നെ മൂന്ന് സീ റ്റീ ഒരാഴ്ചയ്ക്കുള്ളിലായല്ലോ?
“നീ സീ ടീ എടുത്താല്‍ പോരേ..കുഴിയെണ്ണുന്നതെന്തിന്?”

ഷോള്‍ഡര്‍ ഡിസ്ലൊക്കേഷനായി വന്ന രോഗിയെ സീ ടീ എടുപ്പിയ്ക്കണതെന്തിന്?

ഇതെന്താ ഈ റേഡിയോളജിസ്റ്റ് റിപ്പോര്‍ട്ടില്‍ മിക്കവാറും രോഗനിര്‍ണ്ണയം ഉറപ്പായിരുന്നാലും സജസ്റ്റ് എം ആര്‍ ഐ എന്നെഴുതുന്നത്?

ഇതെന്താ ഈ ഒവേറിയന്‍ സിസ്റ്റിന്റെ വലിപ്പം ഇയാള്‍ മനപൂര്‍വം കൂട്ടിയെഴുതുന്നത്?

അല്ല ഇതെന്താ ഈ സ്കൂട്ടറെന്ന് വീണ് മുട്ട് മുറിഞ്ഞയാളുടെ മുട്ടിന്റെ എം ആര്‍ ഐ എടുക്കാന്‍ പറയുന്നത്?

ഇതെന്താ....
ച്ഛി മിണ്ടാണ്ടിരിയെടാ..

-------‌‌‌‌-----------------------------------------

ചാരിറ്റബിള്‍ ആശുപത്രി
എറണാകുളത്തെ പ്രശസ്തമായ ചാരിറ്റബിള്‍ ആശുപത്രി.

ഞാന്‍ അവിടേയും ജോലി ചെയ്തിട്ടുണ്ട്

രോഗിസഹായ വകുപ്പിന്റെ മുന്നിലൂടെ വേണം അകത്തേയ്ക്ക് കയറാനുമിറങ്ങാനും.
ഒരു ദിവസം ഉച്ചയൂണിനു പോകുമ്പോള്‍ അവിടെ ഒരു മനുഷ്യന്‍ വല്ലാതെ നില്‍ക്കുന്നു.വല്ലാതെ വിഷമിച്ച്.

ഞാനങ്ങേരുടെ മുഖത്ത് നോക്കി.

സാര്‍..
എന്താ ചേട്ടാ...?

“ഞാനേ ഇവിടെ പേഷ്യന്റ് സര്‍വീസത്തില്‍ വന്നതാണേ. ഭാര്യയുടെ ഹാര്‍ട്ടാപ്പറേഷനും പതിനായിരം രൂപാ ഇവിടുന്ന് കുറച്ച് കൊടുക്കാംന്ന്. അമ്മയെ പറ്റി എന്തെങ്കിലും എഴുതിത്തരണം.“

ഞാനെന്തെഴുതാനാ ചേട്ടാ‍?

“എനിയ്ക്കേ എഴുത്തും വായനയും അറിയില്ല. എന്തെങ്കിലും എഴുതിത്തരണം. എഴുതിക്കൊടുക്കാതെ കാശ് കൊറച്ച് തരത്തില്ല.“
അയാളുടെ കണ്ണ് നിറഞ്ഞു.

ചേട്ടന്‍ പറ..ഞാനെഴുതാം.
അതിപ്പം സാറങ്ങെഴുതിയാല്‍ മതി..
ചേട്ടന്‍ പറ. ഞാന്‍ അതുപോലെയെഴുതാം.

എന്റെ ഭാര്യ........................ഞാന്‍ ......യൊട് വളരെ നന്ദി............‌‌‌---------ന്ദമയി അമ്മ..........കാശ് കൊറച്ച് തന്ന......നന്ദി.....ആ കാശ് കൂടെയൊണ്ടാക്കാന്‍ പാട്......നന്ദി.....
..........................................

ആ കണ്ണുകള്‍ നിറഞ്ഞഞ്ഞൊഴുകിയത് നന്ദി കാരണമായിരുന്നില്ല.

ഞാനെഴുതാം ചേട്ടാ...
എഴുതി...ചോറിറങ്ങിയില്ല...

--------------------------------------------------

എനിയ്ക്കറിയാവുന്ന മറ്റൊരാള്‍ നാട്ടില്‍ നിന്ന് അവിടെ ചികിത്സയ്ക്ക് വന്നു. കാശു കുറച്ച് തരാന്‍ പേഷ്യന്റ് സര്‍വീസില്‍ അപേക്ഷ നല്‍കി. പാവപ്പെട്ട മനുഷ്യര്‍. ചെറിയ എന്തോ ജൊലി ചെയ്യുന്നവര്‍..
“കാശില്ലെങ്കില്‍ വല്ല സര്‍ക്കാരാശുപത്രീലും പോയിക്കൂടേന്ന് ചോദിച്ചു..... അവരുടെ വലിയ ഭക്തനൊക്കെ തന്നെ ഞാന്‍. പക്ഷേങ്കീ അവിട്ന്നൊള്ള ചോദ്യങ്ങള്‍ കേട്ടാ തൊലിയങ്ങ് പൊളിഞ്ഞ് പോവും കേട്ടോ.“
ആളും അമ്പാരിയുമൊന്നുമില്ലാതിരുന്നപ്പോഴേ പ്രവചനം കേള്‍ക്കാന്‍ അവിടെ പൊയ്ക്കൊണ്ടിരുന്ന അയാള്‍ പറഞ്ഞു.

അയാളുടെ ചികിത്സ ആര്‍ സീ സീ യില്‍ ചെയ്യുന്നതിന് പരമാവധി പതിനായിരം രൂപയാകും.

ചാരിറ്റി ആശുപത്രിയില്‍ അമ്പതിനായിരം രൂപയില്‍ നിന്ന് പതിനായിരം കുറച്ച് നല്‍കി.(ചികിത്സ ആര്‍ സീ സീ യിലും അവിടെയും യാതൊരു വ്യത്യാസവുമില്ല.).

മുതുപഴകിയ തുണിക്കട ബിസിനസ് തന്ത്രം തന്നെ. അമ്പത് രൂപയുടെ ഷര്‍ട്ടിന് മുന്നൂറ് രൂപ വിലയിട്ട് അമ്പത് ശതമാനം റിഡക്ഷന്‍..

എന്നാലും അത് ഭേദമാകുന്ന തരം കാന്‍സറായിരുന്നു..
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌----------------------------------------------------

സുലൈമാന് ശ്വാസകോശത്തില്‍ നിന്ന് എല്ലുകളിലേയ്ക്ക് പടര്‍ന്ന കാന്‍സര്‍ ആയിരുന്നു. അവസാന ഘട്ടം. കൂലിപ്പണിക്കാരനായിരുന്നു. നാട്ടുകാര്‍ പിരിവിട്ടാണ് ചികിത്സ നടത്തുന്നത്. . റേഡിയേഷന്‍ ചികിത്സ എടുക്കാനായി സേവനം നടത്തുന്ന ആശുപത്രിയില്‍ വന്നു.വേദനമാറാനുള്ള ചികിത്സയായിരുന്നു ആവശ്യം.

ഇരുപതിനായിരം രൂപയോളം റേഡിയേഷനാകും എന്നവരോട് പറഞ്ഞു. അവസാനം പതിനായിരം കുറച്ച് നല്‍കി. പിരിവിട്ട് അവരത് നല്‍കി.

തൊട്ടപ്പുറത്ത് ജനറല്‍ ആശുപത്രിയില്‍ ആ ചികിത്സ സൌജന്യമാണ്. അതവരോടാരും പറഞ്ഞില്ല.വേദന മാറാനുള്ള റേഡിയേഷന്‍ ചികിത്സയ്ക്ക് ഹൈടെക്കും സെന്‍‌ട്രലൈസ്ഡ് ഏ സീ യും ഒന്നും വേണ്ടാ.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------
ഇതൊന്നും ഒന്നുമല്ല. ഞാന്‍ നേരിട്ട് അനുഭവിച്ചതില്‍ തന്നെ വളരെ കുറച്ചും സത്യമായും വസ്തുതകളെന്ന് അറിയാവുന്നവയുമാണ് ഇവിടെ എഴുതിയിരിയ്ക്കുന്നത്. നേരിട്ടുള്ള അനുഭവം മാത്രമേ എഴുതിയിട്ടുള്ളൂ. പറഞ്ഞ് കേട്ടത് എഴുതിയാല്‍ ശരിയായ തെളിവുകള്‍ എപ്പോഴും നല്‍കാന്‍ പറ്റില്ല എന്നതുകൊണ്ടാണത്. ഇത് വായിയ്ക്കുന്നവരില്‍ ഓരോരുത്തര്‍ക്കും ഇതിലുപരി പറയാനുണ്ടാകും. അതുകൊണ്ട് തന്നെ ദയവായി പറയുക.കമന്റുകള്‍ ഇവിടെ എനിയ്ക്കാവശ്യമുണ്ട്.-----------------------------------------------------

അല്ലടെ ചെക്കാ നീ എന്തായിപ്പൊ പറയാനുദ്ദേശിയ്ക്കുന്നേ ????
ഒന്നുമില്ല..അങ്ങനെ ഞാനൊരു അഞ്ചര മണിയ്ക്കൂര്‍ ഇങ്ങ് പിറകിലെത്തി.

മുതലാളിത്ത ഫാസിസ്റ്റ് മൂരാച്ചികള്‍.തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിന്റെ കൊടും ശത്രുക്കള്‍. മുതലാളിത്ത ഭീകരതയുടെ ക്രൂരമുഖം..നമ്മളെ ഭരിച്ച് മുടിച്ച ഭീകരര്‍..ഹോ..

സംസ്കാരമില്ലാത്ത ആള്‍ക്കാര്‍.. നമ്മളുപനിഷത്തെഴുതിക്കൊണ്ടിരുന്നപ്പൊ കാടന്മാരായി നടന്ന വാലില്ലാക്കുരങ്ങന്മാരുടെ നാട് ..

വൃത്തികെട്ടവന്മാര്‍.കുളിക്കില്ല. ചന്തികഴുകില്ല....ഹേയ്..കണ്ട പെണ്ണുങ്ങളേയെല്ല്ലാം കേറി ഭോഗിയ്ക്കും..മരിയുവാനയും ഹാഷിഷുമൊക്കെ തിന്ന് നടക്കുന്നവന്മാര്‍.

മാടിന്റെ കൊടലില്‍ വരെ എറച്ചി വച്ച് തിന്നുമത്രേ

മക്കളേ അവിടെ അവരെ നോക്കാന്‍ ആരുമില്ല. എല്ലാവരും സ്വന്തം കാര്യം മാത്രം..കുടുംബമില്ല..മക്കളില്ല..അച്ഛനില്ല...മക്കള്‍ക്കച്ഛനില്ല അമ്മയില്ല വിവാഹമോചനമാണ് കൂടുതല്‍..പണമുണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം?

മദാമ്മമാരൊക്കെ എവനെ വലവീശിപ്പിടിച്ച് കളയും. ഇവനെ കെട്ടിച്ചിട്ട് വിട്ടാല്‍ മതിയാരുന്നു..

പെണ്‍ ഭരണമല്ലിയോ. രാജ്ഞിയല്ലിയോ ഭരണം. ?എങ്ങനെ ശരിയാവും?

അവിടെ ഭയങ്കര ചിലവാ....ഇവിടൊന്നും നിനക്ക് സെവ് ചെയ്യാന്‍ പറ്റൂല്ലെന്നേ..

വല്ല മദാമ്മമാരേം ഒപ്പിച്ചോടാ...ങ്മും.. കള്ളന്‍ പിന്നേ ചക്കരക്കൊടത്തീ കൈയ്യിട്ടാല്‍ ആരും നക്കാതിരിക്കുവല്ലേ..

അവിടെ ഭയങ്കര റേസിസമാണ്. ജോലി സ്ഥലത്തൊക്കെ നിന്നെ ഒറ്റപ്പെടുത്തും. സായിപ്പ് ശരിയല്ല. അവര്‍ ചൂഷകരാണ്.

അവസാനം നീയും മുതലാളിത്തകെണിയില്‍ വീണു അല്ലേ.

മാന്‍ ഇസ് ദ പ്രൊഡക്റ്റ് ഒഫ് എന്‍‌വയോന്മെന്റ് എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്

‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------

ഇവിടുത്തെ ആശുപത്രിയില്‍ പൈസ എവിടെയാ കൊടുക്കുന്നേ? (നാട്ടിലിതാ ഗതിയെങ്കില്‍ ഇവിടെ മുതലാളിത്ത ഭീകരതയുടെ താണ്ഡവമായിരിയ്ക്കുമല്ലോ?)

ആരും പൈസ കൊടുക്കണ്ടാ..

ചുമ്മാ പോഡാ..പൈസ ബാങ്കീന്ന് പിടിയ്ക്കുമാരിയ്ക്കും.എല്ലാം ഇപ്പം ഏ ടീ എം അല്ലേ..

അങ്ങനെയങ്ങനെയിരിക്കേ..

ഒരു ദിവസം എന്റെ കണ്ണ് ചുവന്ന് തടിച്ചു. കോണ്ടാക്ട് ലെന്‍സ് ഇട്ടപ്പോഴേയ്ക്കും കണ്ണ് കൊളമായി. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ പോയി.

ഇതൊന്നുമില്ല. സാധാരണ കണ്ണുതുള്ളിമരുന്നൊഴിച്ചാല്‍ മതി. ഫാര്‍മസിയില്‍ ചെന്നു വാങ്ങിയ്ക്കൂ.

മരുന്നിനെഴുതി തന്നു. ഫാര്‍മസിയില്‍ ചെന്നു. ആറുപൌണ്ട് ചില്ലറ.(നാനൂറ്റമ്പത് രൂപാ ഒരു ചെറിയ ഡപ്പി ആന്റിബയീട്ടിക് കണ്ണ് മരുന്നിന്)

മരുന്നിന്റെ വെല അപാരം തന്നെ. പക്ഷേ മരുന്നിന്റെ വാണിജ്യനാമം അല്ല ഉപയോഗിച്ചിരിയ്ക്കുന്നത് എന്ന് ശ്രദ്ധിച്ചോ. അവന്മാര്‍ ട്രേഡ് നേം മറച്ച് സ്റ്റിക്കറൊട്ടിച്ച് കൊണ്ട് രാസവസ്തുവിന്റെ ജെനറിക് പേര് ഉപയോഗിച്ചിരിയ്ക്കുന്നു.അത് കൊള്ളാം.എന്നാലും മരുന്നിന്റെ വെല അപാരം..

പിന്നീടൊരിയ്ക്കല്‍ കാലുവേദന വന്നു. എക്സ്രേ ....രക്തപരിശോധന..എന്റെ കാശുകുറേ പോകും.

ഹേയ് ഇല്ലില്ല ...പരിശോധന ഫ്രീ...
ഹമ്മേ പരിശോധനകളെല്ലാം സൌജന്യമോ..പക്ഷേ മരുന്നിന് കാശാകുമല്ലോ?

മരുന്നോ?

ഒരു കൂട്ടം മരുന്നെഴുതിത്തന്നു. തകര്‍ന്നു. കണ്ണിലൊഴിയ്ക്കാന്‍ ഒരു കുഞ്ഞ് കുപ്പി മരുന്നിന് വെല ആറ് പൌണ്ടെങ്കില്‍ ...ഇത് കുറേ കടുക്കും.

അല്ല ,മണിയാ..ഈ മരുന്നിനെല്ലാം കൂടേ വീണ്ടും ആറ് പൌണ്ടേ ആയുള്ളൂ.

അതെങ്ങനെ?

അതങ്ങനാ. ഒരു രൂപായുടെ മരുന്നിനും ഒരു ലക്ഷം രൂപായുടെതിനും ആറു പൌണ്ട്. അത് മരുന്നിന്റെ വിലയല്ല.ഒരു ടൊക്കൺ മാത്രം. ഇന്‍ പേഷ്യന്റ്(ആശുപത്രിയില്‍ താമസിച്ചുള്ള രോഗചികിത്സ) ആണെങ്കില്‍ മരുന്ന് ഫ്രീ.

അത് ഞാനീ ആശുപത്രി ജോലിക്കാരനായിട്ടാണൊ..?

ഹേയ് അല്ല ഇന്നാട്ടിലുള്ളവര്‍ക്കെല്ലാം ഫ്രീ ആണത്രേ..ഇവിടത്തെ പൌരന്മാര്‍ക്ക് മാത്രമല്ല. ഇവിടെ താമസിയ്ക്കുന്നവര്‍ക്കെല്ലാം സൌജന്യം.

ഹേയ് അതുവരുമോ.നമ്മള് പത്ത് അറുപത് കൊല്ലമായി കമ്മ്യൂണിസ്റ്റ്കാരും, മാര്‍ക്സിസ്റ്റുകളും, ഹ്യൂമനിസ്റ്റുകളും, സോഷ്യലിസ്റ്റുകാരും, ഡെമോക്രാറ്റുകളും, കര്‍ഷക സോഷ്യലിസ്റ്റുകളും, മുതലാളിത്ത സോഷ്യലിസ്റ്റുകളും ഒരുമിച്ചും ഒറ്റയ്ക്കും ഭരിച്ച് ഭരിച്ച് ഭാരിയിട്ടും നാട്ടിലുള്ളയെല്ലാര്‍ക്കും ഫ്രീ പരിശോധനയും മരുന്നും കൊടുത്തിട്ടില്ല. മെഡിയ്ക്കല്‍ കോളേജില്‍ പോലും പുറത്ത് നിന്ന് മരുന്ന് വാങ്ങിച്ച് വരണം.പിന്നല്ലേ മുതലാളിത്ത മൂരാച്ചികള്‍..

പക്ഷേ ഇവിടെ എങ്ങനെ പുറത്ത് പോയി മരുന്ന് വാങ്ങിയ്ക്കും മെഡിക്കല്‍ ഷോപ്പൊന്നും കാണുന്നില്ലല്ലോ?

എല്ലാ മരുന്നും ആശുപത്രിയിലുണ്ട് മാഷേ. ഒന്നിനും പുറത്ത് പോണ്ടാ. എല്ലാം സൌജന്യം ആണ്. ഇവിടെ ഡയഗ്ഗ്ണോസ്റ്റിക് സെന്ററും മെഡിയ്ക്കല്‍ ഷോപ്പും ഒന്നുമില്ല. എല്ലാം എന്‍ എച് എസ്.

അതേ മരുന്നിന് ആറുപൌണ്ടും ടോക്കണ്‍ കൊടുക്കാനില്ലാത്തവരെന്ത് ചെയ്യും?

പതിനെട്ട് വയസ്സിനു താഴെയോ അറുപത് വയസ്സിന്‍ മേലോ ഉള്ളവര്‍ കാശു കൊടുക്കണ്ടാ. നീണ്ട് നില്‍ക്കുന്ന, എന്നും മരുന്ന് വേണ്ടുന്ന രോഗങ്ങള്‍ (ഉദാ: ഡയബറ്റിസ്) ഉള്ളവര്‍ പൈസ കൊടുക്കണ്ടാ.വൈകല്യങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍...ഒന്നും പൈസ കൊടുക്കണ്ടാ..

ഈ അപ്പൂപ്പനമ്മൂമ്മമാരൊക്കെ എങ്ങനെ ബസ് കയറി എല്ലാ ദിവസത്തേയും ചികിത്സ വരുന്നോ ആവോ?

അതോ ? അത് ആശുപത്രി സൌജന്യ ഗതാഗത സൌകര്യം ഒരുക്കിയിട്ടുണ്ട്.

ഇവിടെ കിടക്കുന്നവര്‍ക്ക് ആരു ചോറുകൊണ്ട് കൊടുക്കും?

ആശുപത്രി രോഗികള്‍ക്ക് സൌജന്യമായി എല്ലാ നേരവും ഭക്ഷണം നല്‍കും.



ഞാന്‍ യൂ കേ യിലല്ലേ നില്‍ക്കുന്നത്. ഇതാണോ സമത്വ സുന്ദര സോവിയറ്റ്.... ഭഗവാനേ നാട് തെറ്റിയോ..എവിടെ സ്റ്റാലിന്‍ ????

നീ മുതലാളിത്ത മൂരാച്ചി ബ്രിട്ടീഷ് ഏകീകൃത സാമ്രാജ്യത്തില്‍ തന്നെ മോനേ നില്‍ക്കുന്നത്.

അതുവ്വോ?

അതുവ്വ് തന്നെ..

ഇതെപ്പം തുടങ്ങി?

അത് പറയാം
--------------------------------------------

(തുടരും..
അടുത്ത ഭാഗം ...“ ചൊട്ട മുതല്‍ ചുടല വരെ” )

കണ്ണില്‍ മണ്ണെണ്ണയൊഴിച്ച് കാത്തിരിയ്ക്കുക....:)

29 comments:

  1. ഒരു പുതിയ പോസ്റ്റ്. വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം.

    ഇത് വായിയ്ക്കുന്നവരില്‍ ഓരോരുത്തര്‍ക്കും ഇതിലുപരി പറയാനുണ്ടാകും. അതുകൊണ്ട് തന്നെ ദയവായി പറയുക.കമന്റുകള്‍ ഇവിടെ എനിയ്ക്കാവശ്യമുണ്ട്.

    ReplyDelete
  2. കലക്കി അംബി.

    കമ്മിഷന്‍ വാങ്ങിക്കുന്ന ഡോക്ക്ടര്‍മാര്‍, ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെടുന്ന രോഗികള്‍, തൊഴുത്തിനെ വെല്ലുന്ന ആശുപത്രികള്‍.

    ഇതു തന്നെ നമ്മുടെ കേരളം.

    NHS നെ ക്കുറിച്ചു പറഞ്ഞതിനോട്‌ യോജിക്കുന്നു. ഞാനും അവിടെ ആദ്യം എത്തിയപ്പോള്‍ അന്തം വിട്ടു പോയി. അതു മാത്രമല്ല.

    - റോഡ്‌ ക്രോസ്‌ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ സായിപ്പന്മാര്‍ വണ്ടി നിര്‍ത്തിത്തരുന്നു. (ങേ, ഇനി ക്രോസ്‌ ചെയ്യുമ്പോള്‍ ഇടിച്ചു വീഴ്ത്താന്‍ വേണ്ടിയാണോ?)

    -വഴി ചോദിച്ചാല്‍ "എടാ പോടാ " വിളിയില്ലാതെ പോലീസുകാര്‍ വഴി പറഞ്ഞുതരുന്നു.

    നമ്മുടെ മുന്നില്‍ പോകുന്നയാള്‍ നമുക്കുവേണ്ടി വാതില്‍ തുറന്നു പിടിച്ചു തരുന്നു.

    പക്ഷേ ഇവരൊക്കെ റേസിസ്റ്റുകളും മുതലാളിത്ത കഴുകന്മാരാണെന്നാണല്ലോ കേട്ടിരിക്കുന്നത്‌?

    അംബി പറഞ്ഞതുപോലെ ചിലപ്പോള്‍ റഷ്യയിലായിരിക്കും ഞാനും പോയിരുന്നത്‌.

    ReplyDelete
  3. ചികില്‍സ ഒരു വലിയ ബിസിനസ്‌ ആണു കേരളത്തില്‍.

    നമ്മുടെ നേതാക്കള്‍ക്കാര്‍ക്കെങ്കിലും ഇതു പോലെ തറയില്‍ കിടക്കേണ്ടി വന്നിട്ടുണ്ടോ എന്നു സംശയം. ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണ്‌ സാധാരണ കേരളീയരുടെ സ്ഥിതിയെന്ന് അവന്മാര്‍ക്ക്‌ അറിഞ്ഞുകൂടാത്തതുകൊണ്ടാണോ ഈ ആശുപത്രികള്‍ ഈ സ്ഥിതിയില്‍ തന്നെ മുന്നോട്ടു പോകുന്നത്‌?

    ReplyDelete
  4. പതിവുപോലെ നല്ല പോസ്റ്റ്...എങ്കിലും അവസാന ഭാഗത്തെ ചില പരാമര്‍ശങ്ങള്‍ വേണമായിരുന്നോ എന്ന് തോന്നി.

    പൊതു ആരോഗ്യ വ്യവസ്ഥ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിലെ അവസ്ഥ അംബി അവസാനം പറഞ്ഞത് പോലെയായിരിക്കില്ലേ? ഈ വ്യവസ്ഥയില്‍ ആരോഗ്യപരിപാലനം എന്നത് ഒരു പൌരന്റെ അവകാശമാണ്; ആരുടേയെങ്കിലും ഔദാര്യമല്ല. ഇത് ഓരോ വ്യക്തിക്കും ആരോഗ്യപരിപാലനം ഉറപ്പ് വരുത്തുന്നു. അര്‍ജന്റീന, ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ക്യൂബ, ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് കിങ്ങ്ഡം, ചൈന, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവ ഈ രീതി അവലംബിച്ചിട്ടുള്ള ചില രാജ്യങ്ങളാണ്. ഇതില്‍ത്തന്നെ ക്യൂബയുടേയും ബ്രിട്ടന്റേയും കാനഡയുടേയും ആരോഗ്യരംഗം മാതൃകാപരം എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

    പണ്ട് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു.(പരസ്യമല്ലേ)

    ReplyDelete
  5. പ്രിയ അമ്പീ , ഇതൊന്നും വായിച്ചാല്‍ തുറക്കുന്ന കണ്ണുകള്‍ ഉണ്ടെന്നു തോന്നുന്നില്ല, അഥവാ തുറക്കണമെന്നു വിചാരിച്ചാല്‍ തുറപ്പിക്കാതിരിക്കാനും കാണും ശക്തികള്‍
    നന്നായി, തുടരുക

    ReplyDelete
  6. വൈദ്യം ദൈവീകമായി ലഭിച്ച ഒരു സിദ്ധിയായാണ്,പണ്ട് കണ്ടിരുന്നത്. ഒരിക്കലും പ്രതിഫലം ചോദിച്ച് വാങ്ങരുത് എന്നത് ഒരു അലിഖിത നിയമമായിരുന്നു.വൈദ്യനെ ദൈവതുല്യനായി കണക്കാക്കിയിരുന്നു ഒരിക്കല്‍.
    കാലാന്തരത്തില്‍ കച്ചവടം സേവനത്തിനുമേല്‍ ആധിപത്യം നേടിയപ്പോള്‍ ധനസമ്പാദനം മാത്രമായി മിക്ക ഭിഷഗ്വരന്മാരുടേയും ലക്ഷ്യം.

    പണവും മുഷ്ക്കും അധികാരസ്ഥാനത്ത് ഇരിക്കുന്ന ഒരു സമൂഹത്തില്‍ എന്ത് നന്മ പ്രതീക്ഷിക്കാനാവും?

    ReplyDelete
  7. “പണവും മുഷ്ക്കും അധികാരസ്ഥാനത്ത് ഇരിക്കുന്ന ഒരു സമൂഹത്തില്‍ എന്ത് നന്മ പ്രതീക്ഷിക്കാനാവും?”

    “വീണ്ടുമൊരുനാള്‍ വരും....
    ചുടലപ്പറമ്പിനെ കടലെടുക്കും...
    ...അതിലെന്റെ കരളിന്റെ ........”

    ReplyDelete
  8. അംബി പറഞത് ശരിയാണു. ഇതിലു കൂടുതല്‍ പറയാനും അറിയുന്നവരുമുണ്ടാവും നമ്മുടെ കൂട്ടത്തില്‍. എവിടെ പറയും? എങ്ങനെ പറയും? പറഞിട്ട്? എന്ന് മാറും കേരളത്തിലേ സ്ഥിതി? മാറി മാറി വരുന്ന സര്‍ക്കാര്‍ (കോളറ മാറി, ക്യാന്‍സര്‍ വരുന്ന പോലെ) അത് ഏതായാലും, പ്രതിപക്ഷത്ത് വരുന്നവര്‍, ഭരിയ്ക്കാന്‍ സമ്മതിയ്ക്കാണ്ടെ, എല്ലാ സര്‍ക്ക്കാര്‍ വകുപ്പിലും രാഷ്ട്രീയം കുത്തി നിറച്ച്, ദൈന്യം ദിന പ്രവര്‍ത്തനം പോലും അലങ്കോല പെടുത്തുന്നു. പൊതുജനത്തിനേം പറയണം, സാധാരണ ഒരു ക്യൂ പോലും നില്‍ക്കാന്‍ മെനക്കെടാത്ത മലയാളി. അവന്‍ വേഗം പേഴ്സ് തുറക്കുന്നു, വച്ച് നീട്ടുന്നു, കാര്യം കണ്ട് പോകുന്നു. എല്ലാര്‍ക്കും വേണ്ടത് കാര്യം നടക്കലാണു. പിന്നെ വിളിച്ച് പറയിപ്പ്പിയ്ക്കലും. എന്തിനും ഏതിനും ലോക്കല്‍ സെക്രട്ടറീനെ കൊണ്ട് പറയിപ്പിയ്ക്കുന്ന രീതി. പ്രൈവറ്റേസേഷന്‍ വന്നപ്പോ, ഞാനും കുറെ എതിര്‍ത്തതാണു. പക്ഷെ ഇപ്പോ തോന്നുന്നു, ബി.ഓ.ടി സംവിധാനങ്ങളൊക്കെ വിജയകരമായി കണ്ടപ്പോഴ്, എല്ലാ തലങ്ങളിലും ഇതൊക്കെ വേണ്ടി വരുമെന്ന്. (നഖം പഴുത്തപ്പോഴ് പോലും തലയ്ക്ക് സ്ക്കാനിങ്ങ് നടത്താന്‍ പറഞ്, അതും ചിറ്റൂര്‍ റോഡിലെ, എസ്.ആര്‍.വീടേ അടുത്തുള്ള സ്ക്കാനിങ്ങ് സെന്ററില്‍ തന്നെ പോണം എന്ന് കടും പിടുത്തം പിടിച്ച മാര്‍ക്ക് കേസില്‍ പെട്ട് ഡോക്ടറെ എനിക്ക് അറിയാം. ബന്ധുവാണു എന്റെ. അതൊണ്ട് പേരു പറയുന്നില്ല ഞാന്‍. രണ്ട് കൊല്ലം മുമ്പ് സ്കാനിങ്ങിനോ മറ്റൊ ചീട്ട് എഴുതുമ്പോഴ്, മുത്തശ്ശന്, തീരെ അവ് അവശ നിലയിലായിട്ട് പോലും, ആ ചീട്ടും പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴ്, സ്ക്കാനിങ്ഗിനു എങ്ങനെ കൊണ്ട് പോകും, ആദ്യം സ്റ്റ്രേച്ചറിനും എവിടെ പറയണം, ഡ്യൂട്ടി റൂമില്‍ പോവുമ്പോഴ്, റൂമില്‍ ആരെങ്കിലും വേണ്ടേ? അറ്റന്‍ഡര്‍ എവിടെ യുണ്ടാവും? ആരാണു സാധാരണ സ്കാന്നിങ് പേഷ്യ്യന്‍സിനെ സ്റ്റെച്ചറിലാക്കി കൊണ്ട് പോവുക? കൂടെ ആരു പോവും? കൂളായിട്ട്, രണ്ട് അറ്റന്‍ഡര്‍ വന്ന് തീരെ ഒരു ജഡ പരുവമായിട്ട് ഇരിയ്ക്കുന്ന മുത്തശ്ശനെ (അങ്ങേരു അറിയപെടുന്ന സുപ്രീം കോടതി ജഡ്ജ് ആയിരുന്നു), ഇങ്ങട് കൈ മാറ്റ് പിടിക്ക്, അങ്ങനെ വയ്ക്ക്, സ്റ്റ്രേച്ചറില്‍ നിന്ന് തൂങ്ങി പുറത്തേയ്ക്ക് കിടക്കുന്ന് വയറുകള്‍, എന്ത് ഏത് എന്നും പോലും നോക്കാണ്ടെ, എല്ലാം കൂടെ ചുരുട്ടി കൂട്ടി മുകളിലേയ്ക്ക് ഇട്ട്, ജൂണിലെ കോരി ചൊരിയുന്ന മഴയില്‍, വരാന്തയിലെത്തിച്ച്, അവിടുന്ന്,ആംബുലന്‍സിലേയ്ക്കും. അത് കഴിഞ്ജ് അറ്റന്‍ഡര്‍ ഇറങി പോവാന്‍ പുറപ്പെട്ടു. മഴയത്ത് നില്‍ക്കുന്ന ഞാനും, അകത്ത് മുത്തശ്ശനും. ഞാന്‍ ചോദിച്ചു, സ്ക്കാനിങ്ങ് ഇവരെ ഇറക്കണ്ടേ റ്റേബിളിലേയ്ക്ക്? അത് ഇവിടുത്തെ ആളുകള്‍ടേ പണിയല്ല. അവിടെ പോയാല് ആളുണ്ടാവും. അലപ്ം ദൂരമേയുള്ളു. അയ്യോ ആവൂന്ന് വിളിയ്ക്കുന്ന, അങ്ങേരുമായി, സ്ക്കാനിങ്ങ് സെന്ററിലേയ്ക്ക്. വണ്ടി നിര്‍ത്തി, ആസ്പത്രി ഡ്രേവര്‍ ഒരു ബാധ്യതേം ഇല്ലാത്ത പോലെ അതിന്റെ അടുത്ത് നാ‍ളികേര വികസന ബോര്‍ഡിന്റെ അടുത്ത് റ്റാക്സി സ്റ്റാന്‍ഡീലുള്ള ചായ ക്കടയിലേയ്ക്ക്. സ്ക്കാനിങിലുള്ള റിസപ്ഷനിസ്റ്റ് അകത്തേയ്ക്കും പുറത്തേയ്ക്കുമായിട്ട് പോവുന്നു. നമ്മള്‍ പറയുമ്പോഴ്, ശരി ശരി എന്ന് പറയുന്നു. അല്പം നേരം കഴിഞപ്പോഴ്, വണ്ടി നിറുത്തിയിരിയ്ക്കുന്നത് ശരിയല്ലാന്നും പറഞ്, ബസ്സ് കാരുടെ നിര്‍ത്താത്ത ഹോണടി. വണ്ടീടെ അകത്തേയ്ക്ക് എല്ലാരും നോക്കുന്നു. അത് കണ്ടെങ്കിലും ആരെങ്കിലും വരുമെന്ന് കരുതി. റിസപ്ഷനിസ്റ്റ് പറഞു, രണ്ട് പേരുണ്ടായിരുന്നു, രോഗീനെ ഇറക്കാന്‍, ഇപ്പോ അങ്ങട് മാറിയേ യുള്ളു. നിങ്ങള്‍ വിളിച്ച് പറഞില്ലല്ലോ വരുന്നുണ്ടെന്ന്? ഞാനാണോ പറയേണ്ടത്? ഒരുവിധത്തില്‍ രണ്ട് പേരു വന്നു, സ്റ്റ്രേച്ചറീന്ന്, ഇങ്ങേരെ ഇറക്കി. തീരെ ഇടുങ്ങിയ വാതിലുകള്‍. സ്റ്റ്രെച്ചര്‍ ചെരിച്ചാണു രോഗിയെ അകത്ത് കിടത്തീത്. മുത്ര സഞ്ചി,വാതിലില്‍ ഉരഞ് താഴെയ്ക്ക് വീണു!. അപ്പോ തന്നെ തിരിച്ച് വന്ന്, ഡോ. ...നെ വീട്ടില്‍ പോയി (മുകളില്‍ തന്നെ അവരു താമസിയ്ക്കുന്നതും,) പൊതിരെ ചീത്ത പറഞു. (രണ്ട് ദിവസം കഴിഞപ്പോഴ് മുത്തശ്ശന്‍ മരിച്ചു) ഇത് ബന്ധു എന്ന നിലയില്‍ നടന്നത്. അപ്പോ അവന്‍ എന്നോട് പറഞു, അക്കാ, ഇതെല്ലാം ഇങത്തേ രീതി. നീ ദുബായ് ആയിട്ട് കമ്പയര്‍ പണ്ണി പാക്കാതെ ന്ന്. ഒരു കാര്യം ഓര്‍ഗനെസെഡ് ആയിട്ട് ചെയ്യാന്‍ പോലും അറിയാത്ത ഒരു ആസ്പ്ത്രിയോ? ഒന്നുമില്ലെങ്കില്‍ ഒരു പ്രോസീജിയര്‍ ലിസ്റ്റ് എങ്കിലും എവിടെയെങ്കിലും ഒട്ടിച്ചൂടെ. സ്ക്കാനിങ്ങ് ന്ന് പറഞ് ലിസ്റ്റും പിടിച്ച് നില്‍ക്കുമ്പോഴ്, ആദ്യം ആരോട് പറയണം.? എപ്പോ പോകും? എല്ലാ ആസ്പത്രിയും ഇങ്ങനെ ആണെന്നല്ല ഞാന്‍ പറഞത്. ചിലപ്പ്പൊഴ് ചില സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ ഒക്കെ അനുഭവിയ്ക്കേണ്ടീ വന്നു എന്ന് പറഞതാണു. കോടി ക്കണക്കിനു ആസ്പത്രി മിഷനറികള്‍ സര്‍ക്കാരാശുപത്രികള്‍ ഇറക്കു മതി നടത്തുന്നുണ്ട്. കുറച്ച് നാളു കഴിയുമ്പോഴ് പ്രോപ്പറ് മെന്റനസ് ഇല്ലാണ്ടെ (എന്തിനു ഈ മിഷിനിന്റെ ഒക്കെ ഒരു ഫ്യൂസ് പോയാല്‍ അത് ഒന്നു നോക്കുകയോ മറ്റോ ചെയ്യാത്ത എത്രയോ സ്ഥലങ്ങളുണ്ട്) കിടക്കുന്നു. അപ്പടീം ഡിപ്പാര്‍ട്ട്മെന്റ് തിരിയ്ക്കലാണു. ആണി അടിയ്ക്കണമെങ്കില്‍, വര്‍ക്ക്സ്. ഇഞ്ചിന്നിയര്‍/ഇല്‍ക്കട്രിയ്ക്കല്‍/ വകുപ്പ് വേറെ, പിന്നെ വയറ് വേണോങ്കി, പര്‍ച്ചേസില്‍ പറയണം.. ഇങ്ങനെ പോകുന്നു ഇത്. ആളില്ലാത്തതതിന്റെ കുറവാണോ? ആളുകള്‍ എവിടെ? നഴ്സിങ് പാസ്സായ കുട്ടികള്‍ എവിടേ? ഫാര്‍മസിസ്റ്റുകള്‍ എവിടേ? എന്ത് കൊണ്ട് അവരു നാട്ടീന്ന് പോകുന്നു? അംബി പറഞ മനം മടുപ്പാണു കാരണം. തന്റെ പഠിത്തതിനും, പിന്നീടുള്ള ഉയര്‍ച്ചയ്ക്കും ഒരു വിധേനയും ഉപകരിയ്ക്കാത്ത സിസ്റ്റമുള്ള നാട്ടില്‍ എന്ത് നേടാനാണു? ഇങ്ങനെ വരുമ്പോഴ് പുറത്തേയ്ക് പോവാത്തവരു സ്വന്തം ക്ലിനീക്കോ സെന്ററുകളോ നടത്തുന്നു. അപ്പോഴോ? എന്തിനും ഏതിനും കോഴേം കവറും. 50 ലക്ഷം വരെ ചിലവഴിച്ച് (കൈക്കൂലി ഇനത്തില്‍)ലിസി ജംഗക്ഷനില്‍ സ്ക്കാനിങ്ങ് സെന്റര്‍ നടത്തുന്നത്, പണ്ട് എന്റെ ഫ്ലാറ്റ് സ്മുച്ചയത്തില്‍ തന്നെ താമസിച്ചിരുന്ന ഒരു റേഡിയോളജിസ്റ്റാണു. ഇറക്കിയ കാശ് (മിഷിനറി കൂടാണ്ടേ) എങ്ങനെ തിരിച്ച് വരും? അപ്പോഴ് വരുന്ന രോഗികള്‍ടേ പഴ്സ് തന്നെ ശരണം. ചിന്തിയ്ക്കാറില്ല എന്നാണു പറയുന്നത്, കാരണം, ചിന്തിച്ചാല്‍, ഏറി പോകുന്നത്, ബാങ്ക് ലോണിന്റെ പലിശയാണു. അപ്പോഴ് ഒരു സെന്റിമെന്റ്സും വര്‍ക്കാവില്ല എന്നതാണു അതിന്റെ ശരി.

    എന്നാല്‍ ഇനി അംബി പറഞ പോലെ ദുബായിലെ ഒരു സീന്‍.

    വിസിറ്റ് വിസയില്‍ ഇവിടെ ഒരു പയ്യനെ ഞങ്ങള്‍ എത്തിയ്ക്കുന്നു. കഴിഞ ദിവസം, വേഗം വായ്യോ എന്ന് ഫോണ്‍ കേട്ടപടി റൂമില്‍ എത്തിയ ഞങ്ങള്‍ കണ്ടത്, വായില്‍ നിന്ന് പതയും മറ്റുമായി കിടക്കുന്ന പയ്യനെ. രാത്രി മണി ഒന്ന്. വാച്ച് മാന്‍ ഫോണ്‍ ചെയ്തതനുസരിച്ച് ഞങ്ങള്‍ എത്തുന്നതിനു മുമ്പേ എത്തിയ പോലീസ് ആംബുലന്‍സ്. നേരെ ബര്‍ദുബായ് അല്‍ രഫാ സെന്റര്‍. എല്ലാം പോലീസാണു ചെയ്യുന്നത്. അവരു പറയുന്നു, രഷീദയില്‍ കൊണ്ട് പോണം, സീ‍രിയസ്സാണു. ഞങ്ങളേ ഒപ്പം തന്നെ സമാധാനിപ്പിച്ച് കൊണ്ട്, അവര്‍ പയ്യനെ എത്തിച്ചു, രഷീദിയില്‍. രാവിലെ മണി 3. മരിച്ചുവെന്ന് പോലീസിനെ ഡോക്ടര്‍ അറിയിയ്ക്കുന്നു. ഇറ്റ് ഈസ് അള്ളാസ് വിഷ്, വീ ആര്‍ വിത്ത് യൂ എന്ന് പറഞ്, ഞങ്ങള്‍ടേ ഒപ്പം തന്നെ ഇരിയ്ക്കുന്ന പോലീസുകാര്‍. ഇടയ്ക്ക് ഇടയ്ക്ക് കോഫീ മിഷിനില്‍ നിന്ന് കാപ്പി എടുത്ത് തരുന്നു. പെണ്ണ്ണുങ്ങള്‍ ഞങ്ങള്‍ രണ്ട് പേര്‍. വേഗം ഒരു പോലീസ് വന്ന് പറയുന്നു, ലേഡീസ് ഗോ റ്റു റെസ്റ്റ് റൂം. അതിഭയങ്കരമായ തണുപ്പ്. വേഗം ഒരു പുതിയ കവര്‍ പൊട്ടിച്ച് രണ്ട് ബ്ലാങ്കറ്റ്. രാവിലെ മണി ഏഴ്. ഇപ്പോഴുള്ള ഡ്യ്യൂട്ടിയിലുള്ള പോലീസുകാര്‍ മാറി പുതിയവര്‍ വരുന്നു. ഇതൊന്നും വിളിച്ച് പറയുന്നുത് പോലും കണ്ടില്ല ഞങ്ങളാരും. എന്നിട്ട് പറഞു, ഇനി ആരും വേണ്ട ഇവിടെ. നിങ്ങളു വീട്ടില്‍ പോയി ഫ്രഷ് ആവൂ. ആരും ഡ്രൈവ് ചെയ്യണ്ട. വീ വില്‍ ഡ്രൊപ്പ് യൂ. അതിന്റെ ഇടയ്ക്ക് ഞാന്‍ പറഞു, എനിക്ക് ഷാര്‍ജയ്യിലാണു പോവണ്ടത് വീട്ടില്‍ കുട്ടി ഒറ്റയ്ക്ക്. അപ്പോ തന്നെ ഞങ്ങള്‍ ഗിസൈസ് പോലീസ് സ്റ്റേഷന്‍ എത്തുന്നതിനു മുമ്പേ തന്നെ, എന്നെ ഷാര്‍ജയില്‍ എത്തിയ്ക്കാനുള്ള കാര്‍ അവിടേ തയ്യാറായിട്ട് നിന്നു. പലരും പല വഴിയ്ക്കും വിളിയ്ക്കുമ്പോഴ്, ഈശ്വര, ഇവിടെയൊക്കെ വിസിറ്റ് വിസയില്‍ ഒക്കെ വന്നിട്ട് മരിയ്ക്കുമ്പോഴ്, കൊണ്ട് വന്ന കാശോ പോട്ടെ, ഇനീം ഒരാശ്ച്ച മോര്‍ച്ചറി, പോസ്റ്റ് മാര്‍ട്ടം, പ്ലെയിനില്‍ നാട്ടിലെത്തിയ്ക്കല്‍.. കുറെ കാശാവും നിങ്ങള്‍ക്ക്. നിങ്ങളല്ലാണ്ടെ ഇങനെയൊക്കെ ചെയ്യോ ഈ കാലത്ത്. പേടിച്ചിട്ട് കാര്യമില്ലല്ലോ. പിന്നീട് ബില്ല് വരും എന്ന് തന്നെ ഞാനും കരുതി. അതിനെ കുറിച്ച് അങ്ങോട്ടും ഇങ്ങോട്ടൂം ഒന്നും മിണ്ടിയില്ല ആരും. കാര്യങ്ങള്‍ നടത്തുക തന്നെ. നാളെ നമുക്കും ഒക്ക് ഇങ്ങനെ വരാമല്ലോ. ഒരാശ്ച്ച കഴിഞ്, പോസ്റ്റ് മാര്‍ട്ടം നടന്നു. അവര്‍ അപ്പോഴ് അപ്പ്പോഴ് തന്നെ ഞങ്ങളെ വിവരം അറിയിച്ച് കൊണ്ടിരുന്നു. നാച്ചുറല്‍ ഡേത്ത് എന്ന് വിധിയും വന്നു. ആശ്വാസം. ഇനി ബോഡി.? ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ വരാമെന്ന് പറയുമ്പോഴോക്കേയും അവര്‍ പറഞു,വീ വില്‍ സെന്റ് അവര്‍ പേഴ്സണ്‍ന്ന്. അങ്ങനെ എല്ലാ കാര്യത്തിനും അവര്‍ വീട്ടിലോ അപ്പീസിലോ എത്തി ഡിസ്കസ്സ് ചെയ്ത്, ഇവിടെ തന്നെ നടത്തി ബുധനാശ്ച ഫുണറല്‍. എന്ന സമയത്ത്, പോലീസ് ക്ലിനിക്കില്‍ എത്തണമെന്ന് മാത്റം പറഞു. എപ്പോ ബോഡില്‍ രഷീദയില്‍ നിന്ന് ഇവിടെ എത്തിയെന്നോ, എങ്ങനെ വന്നുവെന്നോ ഒന്നും ഞങ്ങള്‍ അറിഞില്ല. വളരെ വിനയത്തോടേ, ബോഡിയുള്ള റൂമിലേയ്ക്ക് ഞങ്ങളേ കൊണ്ട് പോയി, സമാധാനിപ്പിച്ച്, വലിയ സ്ഥാനമാനമുള്ള ആളുകളുടേ അന്ത്യ കര്‍മ്മം പോലെ, ഒരു ആംബുലന്‍സില്‍ അവരും ബോഡിയും, ബാക്കി രണ്ട് ട്രക്കില്‍ ഞങ്ങളുമായിട്ട് അല്‍ക്കൂസിലെത്തി കര്‍മ്മങ്നള്‍ ഒക്കെ കഴിച്ചു. ഇതിന്റെ ഒക്കെ ബില്ല് അപ്പോഴും ഒന്നിച്ച് തന്നെ അപ്പോള്‍ തന്നെ തീര്‍ക്കണമെന്ന് തീര്‍മാനിച്ചത് കൊണ്ട്, ഞങ്ങള്‍ ചോദിച്ചു, വീ ഹാവ് റ്റു സെറ്റില്‍ എക്കൌണ്ട്സ്? അതിനു മറുപടിയായി, ശര്‍മാജീടെ കൈ പിടിച്ച്, ആ‍ പോലീസ് കാരന്‍ പറഞു, അള്ള ഹാഡ് സെറ്റില്‍ഡ് എവരിത്തിങ് ഫോറ് ദിസ് പേഴ്സണ്‍! എന്ന് പറഞ് രണ്ട് കൈ പത്തികളും മുകള്‍പ്പോട്ട് ഉയര്‍ത്തി! ഈ സമയം കൊണ്ട്, ആദ്യം അല്‍ റഫാ ക്ലിനിക്കില്‍ നിന്ന് രഷീദയില്‍ എത്തിച്ച പോലീസുകാരും വന്നു ഞങ്ങളേ അല്‍ഭുത പെടുത്തി കൊണ്ട്. ഇന്ന ദിവസം ഇന്ന ആളുടെ ഫുണറല്‍ ഉണ്ടാവുമെന്ന് എല്ലാര്‍ക്ക്കും ഇമെയില്‍ പോവുമെന്ന്. അത് നോക്കിയാണു അവര്‍ പാഞെത്തിയത്.

    അപ്പോ പറഞ് വന്നത്, ഇത് പോലെയൊക്കെ പെരുമാറാന്‍ നമ്മടേ കേരളത്തിലെ വകുപ്പുകളില്‍ ആളുകള്‍ക്ക് ആണോ പഞം? അതോ പൈസേടേ കുറവാണോ? അതോ മനസ്സില്ലാഞിട്ടാണോ?

    അംബി, വികാരം കൊണ്ട് പറഞ് പോയതാണു. ക്ഷമീര്.

    ReplyDelete
  9. അംബിയണ്ണാ,

    ഒരു ബിഗ് ഷേക് ഹാന്റ് !
    ശാസ്ത്രം വെറുതേ വിഴുങ്ങാനുള്ളതല്ല, അതു തലച്ചോറില്‍ നിന്ന് ഹൃദയത്തിലൂടെ ഒഴുകിവേണം വിരല്‍ത്തുമ്പത്ത് എത്താന്‍...ഇല്ലെങ്കില്‍ കച്ചോടം മാത്രമായി അത് ചുരുങ്ങിപ്പോകും എന്ന് സുന്ദരമായി വിളിച്ചുപറഞ്ഞു. അഭിവാദ്യങ്ങള്‍.

    പിന്നെ NHS-നെ പറ്റിയെഴുതിയത് ഒന്നു വിപുലീകരിച്ച് ഒരു പോസ്റ്റാക്കാമോ. കാരണം സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമേ അത്രയും ‘ചെലവില്‍’ ഒരു സാമൂഹ്യാ‍രോഗ്യ സിസ്റ്റം ഉരുത്തിരിച്ചെടുക്കാനാവൂ എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. വാസ്തവമതല്ലല്ലോ. ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഴുവനുമായി പൊതുജന ആരോഗ്യരംഗത്തിനു ചെലവിടുന്നതിന്റെ 275% ആണ് നാം ആയുധങ്ങള്‍ വാങ്ങാനും മറ്റു പ്രതിരോധ ഉപാധികള്‍ക്കും അതിന്റെ വിസ്ഥാപനത്തിനുമൊക്കെയായി ചെലവിടുന്നത്!

    അപ്പോള്‍ സംഗതി സാമ്പത്തികപരാധീനതയല്ല, നമ്മുടെ ആസൂത്രണ വീരന്മാരുടെ മുന്‍ഗണനകളുടേതാണ്. ഇത് അത്തരമൊരു പൊസ്റ്റില്‍ വിശദമാക്കാനാകും എന്നൊരു സാധ്യതയുണ്ട്. അംബിയണ്ണന്‍ എഴുതുമ്പോള്‍ ഒരു ഇന്‍സൈഡേഴ്സ് വ്യൂ കിട്ടും. ബാക്കി ചര്‍ച്ചകളിലുരുത്തിരിഞ്ഞോളും.
    എല്ലാ ഭാവുകങ്ങളും.!

    ReplyDelete
  10. അംബീ,

    സത്യങ്ങള്‍ പതിവ് പോലെ വിശദമായിത്തന്നെ എഴുതിയിരിക്കുന്നൂ.
    വായിച്ചപ്പോല്‍ നാട്ടിലെ കാര്യങ്ങള്‍ ഓര്‍ത്തു, ഒപ്പം ദുബായിലെയും.അതുല്യ എഴുതിയതില്‍ കൂടുതല്‍ ഒന്നും എനിക്കും പറയാനില്ലാത്തതിനാല്‍ രണ്ട് പേര്‍ക്ക് മുന്നിലും നമിക്കുന്നു.

    ReplyDelete
  11. അംബിയുടെ "ഡോക്ടേഴ്സ് ഒണ്‍ലി" എന്ന പോസ്റ്റിന് ഞാന്‍ ഒരു കമെന്റിട്ടിരുന്നു. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും വ്യവസ്ഥിതിയും അതേ പോലെ നിലനില്‍ക്കുന്ന അവസരത്തില്‍ അതു തന്നെ വീണ്ടും ഇവിടെ എടുത്ത് പതിക്കുന്നു.

    അംബീ ഇടയ്ക്കെങ്കിലും ഉള്ള ഈ അഭിഭാഷണത്തിലെ സത്യങ്ങള്‍ മനസിലാക്കി ജനം പ്രതികരിക്കട്ടെ എന്ന് മാത്രം പ്രതീക്ഷിച്ചുകൊണ്ട് (യെവടെ?)

    അംബിയുടെ മുന്‍ പോസ്റ്റിലിട്ട കമെന്റ് താഴെ.

    -----------------------------

    അംബീ,
    തികച്ചും ഞെട്ടിപ്പിക്കുന്ന ലേഖനം. നീണ്ട ലേഖനമാണെങ്കില്‍ കൂടി ഒറ്റ ഇരുപ്പിനു തീര്‍ത്തു.
    തീര്‍ച്ചയായും ഇത് മറ്റു മാദ്ധ്യമങ്ങളിലും വരേണ്ടതാണ്. ഈ അസമത്വം എന്നിലെ അഡ്രിനാലിന്റെ അളവ് കൂട്ടുന്നോ എന്ന് സംശയം. “എല്ലാത്തിന്റേയും കൂമ്പിടിച്ച് വാട്ടാന്‍“ തോന്നുന്നു.

    ഓഫ്.ടൊ
    2 വര്‍ഷം മുന്‍പ് അമൃതയില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പറയാം. ബൈക്ക് ആക്സിഡന്റില്‍ പെട്ട് കിടക്കുന്ന ഒരു സുഹൃത്തിനെ കാണാന്‍ ചെന്നതായിരുന്നു. വാര്‍ഡില്‍ സുഹൃത്തിനടുത്ത് വേറൊരു രോഗി കിടക്കുന്നു, അരികിലായി ഒരു 50 വയസിനോടടുത്ത സ്ത്രീയും, 20 വയസിനടുത്ത ഒരു പെണ്‍കുട്ടിയും കരയുന്നു. പെണ്‍കുട്ടി എന്തോ എഴുതുന്നും ഉണ്ട്. രോഗിക്കാണെങ്കില്‍ കാലില്‍ പ്ലാസ്റ്ററും, തലയില്‍ കെട്ടും ഉണ്ട്. കാഴ്ചയില്‍ ഗുരുതരാവസ്ഥ അല്ലതാനും. സുഹൃത്താണ് കഥ പറഞ്ഞത്. ഒരു ലോറി ഡ്രൈവറായിരുന്നു ആക്സിഡെന്റില്‍ പെട്ട് അവിടെ കിടന്നിരുന്നത്.അപകടത്തില്‍ പരിക്ക് വളരെ ഗുരുതരം ആയിരുന്നു.ദരിദ്ര കുടുംബത്തിലെ അംഗം ആയതിനാല്‍ മഠവുമായി ബന്ധപ്പെട്ട ചിലര്‍ ചേര്‍ന്ന് അവിടെ എത്തിച്ചു. തലയ്ക്കും കാലിനും സര്‍ജറി ഉണ്ടായിരുന്നു. സാമ്പത്തിക പരാധീനത കണക്കിലെടുത്ത് ചിലവിന്റെ 25%ഓളം മഠം ഇളവ് അനുവദിച്ചു. എന്നാല്‍ ഡിസ്ചാര്‍ജ്ജ് ആകുന്ന അന്ന് ആ 25%ന് പകരമായി ‘അമ്മ‘യുടെ കരുണയെ പ്രകീര്‍ത്തിച്ച് എഴുതിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ച് ഒരു സ്വാമിനി പോയത്രേ. വിദ്യഭ്യാസം തീരെ കുറവായ ആ പെണ്‍കുട്ടി അക്ഷരത്തെറ്റിലും, മോശമായ കൈപ്പടയിലും എഴുതിയ ഒരു കുറിച്ച് ഒരു തവണ ‘റിജെക്റ്റ്‘ ആയിരിക്കുന്നു. 25% ഇളവ് പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ നന്നായി ഒന്നുകൂടെ എഴുതാന്‍ പറഞ്ഞത്രെ. അതാണ് ആ കുട്ടി കരഞ്ഞ്കൊണ്ട് എഴിതീരുന്നത്. കേട്ട് ഞാന്‍ അത്ഭുതപ്പെട്ട് പോയി. ആ കടലാസില്‍ കരുണ,ദയ,സഹതാപം എന്നിവയുടെ ഓര്‍മ്മയില്‍ ഉള്ള എല്ലാ പര്യായങ്ങളും ചേര്‍ത്ത് 2 ഖണ്ഡിക എഴുതി കൊടുത്ത് അവിടെ നിന്ന് പുറത്തിറങ്ങി. ആ കുടുംബത്തിന് ഇളവ് കിട്ടിയോ ആവോ? (സ്വാനുഭവം ആണ്. അവിടെ നിന്ന് നല്ല റെസ്പോണ്‍സ് കിട്ടിയവര്‍ ഉണ്ടാകാം ,എങ്കിലും അപവാദങ്ങളും ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രം ആണ് ഓഫടി)

    ReplyDelete
  12. അംബിയുടെ ആത്മാര്‍ത്ഥതയും,സ്നേഹവും നിറഞ്ഞൊഴുകുന്ന മറ്റൊരു പോസ്റ്റ്കൂടി!!!
    വിദേശ രാജ്യങ്ങളിലെ സംബ്രദായങ്ങള്‍ മറ്റൊരു പോസ്റ്റായി കുറച്ചുകൂടി വിശദമായി വായിക്കാന്‍ ആഗ്രഹിക്കുന്നു.
    ചിത്രകാരന്റെ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍.

    ReplyDelete
  13. സമൂഹത്തിനുള്ള വൈദ്യന്മാരെ കുറിച്ചുള്ള mythical concepts ഒരു ഭാരമാണ്. ജീവിക്കാന്‍ വേണ്ടി ഒരുക്കൂട്ടം മനുഷ്യര്‍ ചെയുന്ന തൊഴില്‍ മാത്രമാണിതെന്നു സാമൂഹം സൌകര്യപൂര്‍വം മറക്കുന്നു .അതങ്ങീകരിചാല്‍ വൈദ്യന്മാരെ എന്ത് പറഞ്ഞു പിന്നെ Emotional Black Mail ചെയ്യും ?
    അവര്‍ പിന്നെ കുറ്റബോധമില്ലാതെ കൂടുതല്‍ ശമ്പളം ചോതിക്കും ,കമ്മീഷന്‍ വാങ്ങും ,ലീവെടുക്കും, സമരം ചെയ്യും,സ്വകാര്യ ആശുപത്രിയിലോ മറ്റു രാജ്യങ്ങളിലോ പോകും...

    ഇത്തരം ബ്ലോഗുകളിലൂടെ മാത്രമെ വൈദ്യന്മാര്‍ക്ക് മോചനമുള്ളു

    വൈദ്യന്മാര്‍ക്ക് പിന്നെ ഇനിയും മോചനം കിട്ടാത്ത ചില അമ്പല പൂജരിമാരെ പോലുള്ളവരെ പൈസയുടെ കണക്കു പറയുമ്പോള്‍ ചീത്തവിളിക്കാന്‍ മറ്റുള്ളവരുടെ കൂടെ കൂടാം .

    ReplyDelete
  14. NHS നെപ്പറ്റി എഴുതിത്തുടങ്ങിയതാണ്. ചില മുന്‍‌വര്‍ത്തമാനങ്ങള്‍ പറയാതെ അതങ്ങോട്ട് തുടങ്ങാനാവില്ലെന്ന് കരുതിയാണ് ഈ പോസ്റ്റിട്ടത്.
    രാജേഷ് നന്ദി.
    മൂര്‍ത്തിമാഷേ പൊതു ആരോഗ്യ വ്യവസ്ഥയെന്നതിനെപ്പറ്റി എനിയ്ക്ക് ചില മുന്‍‌ധാരണകളുണ്ടായിരുന്നു. പ്രത്യേകിച്ചും ആഗോള കമ്പോളവത്കരണത്തിന്റെ സമയത്ത് ... മാത്രമല്ല ഇന്‍ഷൂറന്‍സ് നിയന്ത്രിത ആരോഗ്യവ്യവസ്ഥയെ പൊതു ആരോഗ്യ വ്യവസ്ഥയെന്ന് വിശേഷിപ്പിയ്ക്കാനേ കഴിയില്ല. ഇതൊരു മലമറിയ്ക്കുന്ന പരിപാടിയും അല്ല.സൂരജ് പറഞ്ഞപോലെ ചില മുന്‍‌ഗണനകളാണിതിനു കാരണം.ആ മുന്‍‌ഗണനകള്‍ ചിലരുടെ പക്ഷത്തുനിന്നുണ്ടായില്ല എന്നത് നിരാശാജനകം തന്നെയാണ്. അതുകൊണ്ടാണ് അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായത്.കേരളാ മോഡല്‍ വികസനം എന്നത് ഒരിയ്ക്കലും ഒരു സസ്റ്റൈനബിള്‍ മോഡലാകുന്നില്ല.അത് ഗവണ്മെന്റ് എന്തെങ്കിലും മറിച്ചിട്ടും അല്ല ഉണ്ടായിട്ടുള്ളത്.പൊതു സാമ്പത്തികവ്യവസ്ഥ ശക്തമായപ്പോള്‍(ഗള്‍ഫ്കാരന്റെ വിയര്‍പ്പ് മുഖ്യ കാരണം) ജനം കൂടുതല്‍ ഡിമാന്റ് ചെയ്യാന്‍ തുടങ്ങി. പൊതുജനാരോഗ്യ രംഗം അപ്പോഴൊക്കെ മരവിച്ച് നിന്നിട്ടേ ഉള്ളൂ. അങ്ങനെയായപ്പൊ ജനം അത് കാശുകൊടുത്ത് വാങ്ങുകയാണ് കേരളത്തിലുണ്ടായത്. അതിനെ ഒരു മാതൃകയെന്നേ പറയാന്‍ പറ്റില്ല.(കൂടുതല്‍ അടുത്തുള്ള പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം.)

    ഇന്‍ഡ്യാഹെറിറ്റേജ് , തഥാഗതന്‍, ജോജൂ നന്ദി.
    അതുല്യേച്ചീ..നമ്മുടെ ആരോഗ്യരംഗത്തിന്റെ പിടിപ്പ്കേടുകളെക്കുറിച്ചുള്ള അനുഭവങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ കമന്റുകളുടെ രൂപത്തിലുണ്ടാവണമെന്ന് ഞാനാശിച്ചിരുന്നു. നന്ദി.
    സൂരജ്. തീര്‍ച്ചയായും. ആസൂത്രണ പരാധീനതകളും മുന്‍‌ഗണനകളുടെ അഭാവവും ആണ് ഞാന്‍ മുഖ്യമായും പറയാന്‍ ഉദ്ദേശിച്ചിരുന്നത്.ഒത്തിരി മുന്‍‌വായന ആവശ്യപ്പെടുന്ന കാര്യമാണത്(മടി:)

    കൈതമുള്ള, ചിത്രകാരന്‍ നന്ദി.
    ഡിങ്കാ..നന്ദി..

    ഡിങ്കന്റെ ആ കമന്റില്‍ നിന്നാണ് ഇതെഴുതാനുള്ള ഒരു മുന്നൊരുക്കം തുടങ്ങിയത്.എഴുതിവന്ന് ഇത്രയുമായി..ആ കമന്റ് ഇവിടെ പേസ്റ്റ് ചെയ്യണമെന്ന് ഞാന്‍ വിചാരിച്ചിരുന്നതുമാണ്.

    സജുദിവാകര്‍..വൈദ്യം ഒരു തൊഴിലു തന്നെയാണ്.ഡോക്ടറും , നേഴ്സും, മറ്റു പ്രൊഫഷണലുകളും അതു ചെയ്യുന്ന തൊഴിലാളികളുമാണ്. പക്ഷേ എവിടേയും അംഗീകൃത വേതനത്തിനപ്പുറം(അതുതന്നെ രാഷ്ട്ര ശരാശരിയേക്കാള്‍ എത്ര കൂടുതല്‍???) കമ്മീഷന്‍ വേണം എന്ന് ഒരു തൊഴിലാളി പറഞ്ഞ് തുടങ്ങുന്നയിടത്ത് പ്രൊഫഷണല്‍ എത്തിക്സ് നഷ്ടപ്പെടുന്നു.അത് ചെയ്യരുത് എന്ന് പറയുന്നത് ഇമോഷണല്‍ ബ്ലാക്മെയിലിങ്ങായി കാണേണ്ടാ.അഴിമതിയുടെ കാര്യം പറയുകയേ വേണ്ടാ..

    കുറ്റബോധമില്ലാതെ ശമ്പളം കൂട്ടിചോദിയ്ക്കണം.തിര്‍ച്ചയായും.പക്ഷേ,സമരം ചെയ്യുമ്പോള്‍ തൊഴിലാളി ട്രാന്‍സ്പോര്‍ട്ട് ബസിലല്ല തൊഴില്‍ ചെയ്യുന്നത് ഓപ്പറേഷന്‍ തീയറ്ററിലോ, അല്ലെങ്കില്‍ കാഷ്വാല്‍റ്റിയിലോ ആവും എന്നോര്‍ത്തിരുന്നാല്‍ സമരത്തിന്റെ രീതിവിധാനവും മാറ്റി ചിന്തിയ്ക്കേണ്ടി വരും. അതിപ്പൊ എയര്‍ ട്രാഫിക് കണ്ട്രോളര്‍ മിന്നല്‍ പണിമുടക്ക് നടത്തുമോ എന്നു ചോദിയ്ക്കുന്നപോലെയേ ഉള്ളൂ. എയര്‍ ട്രാഫിക് കണ്ട്രോളര്‍മാര്‍ അങ്ങനെ ചെയ്തിട്ടില്ലെങ്കിലും നമ്മുടെ നാട്ടിലെ ആരോഗ്യ തൊഴിലാളികള്‍ ആ നെറികേട് ഒത്തിരി ചെയ്തിട്ടുമുണ്ട്.
    പിന്നെ ചെയ്യുന്നത് ഒരു തൊഴില്‍ മാത്രമാണെന്ന് വ്യക്തിപരമായി അങ്ങ് ഓര്‍ക്കുമെന്ന് നേര്.
    (എനിയ്ക്ക് താങ്കളെ നന്നായറിയാവുന്നത് കൊണ്ട് സംശയമില്ല).പക്ഷേ ഒരു സമൂഹം എന്ന നിലയില്‍ കൂടെയുള്ള എത്രപേര്‍ അത് ആഗ്രഹിയ്ക്കുന്നു?. സാദാ സമൂഹത്തില്‍ നിന്ന് അല്‍പ്പം ഉയര്‍ത്തി നിര്‍ത്തണമെന്ന് തന്നെയാണ് ഭൂരിഭാഗം വരുന്ന ഏതൊരു ആരോഗ്യതൊഴിലാളിയുടേയും ആഗ്രഹം .
    (എന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.)ലോകം മുഴുവനുമുള്ള ഡൊക്ടര്‍മാരുടെ വേതനസ്കെയില്‍ എടുത്ത് നോക്കൂ. തത്തുല്യ ജോലി ചെയ്യുന്നുവെന്ന് ഞാന്‍ കരുതുന്ന ഒരു കോളേജ് അധ്യാപകനേക്കാള്‍ എത്ര മടങ്ങ് അത് കൂടുതലായിരിയ്ക്കുമെന്ന് അന്വേഷിയ്ക്കുന്നത് സാമ്പത്തികപരമായി നിലനില്‍ക്കുന്ന സ്വയം ഏലിനേഷന്റെ ഏറ്റവും നല്ല ഉദാഹരണമായിരിയ്ക്കും.

    അതും അങ്ങ് തന്നെ പറഞ്ഞ ഉദാഹരണത്തിലെ പുരോഹിതനും ഒരുപോലെതന്നെ. ഒരു പുകമറ തനിയ്ക്കു ചുറ്റും ഉണ്ടാക്കിയാലേ നിലനില്‍പ്പുള്ളൂ എന്ന് രണ്ട് പേര്‍ക്കും നന്നായറിയാം.(ഇത് ഡോക്ടര്‍മാരുടെ മാത്രമല്ല ഏതൊരു ആരോഗ്യ രംഗത്തെ തൊഴിലാളിയും ആഗോളവ്യാപകമായി (ലോകം ഞാന്‍ കണ്ട ഭാരതവും യൂറൊപ്പുമല്ല എന്ന് മറക്കുന്നില്ല.)ചെയ്യുന്നതായി എനിയ്ക്കു തന്നെ തോന്നിയതാണ്)

    വൈദ്യന്മാര്‍ മാത്രമല്ല, ചീഞ്ഞ് നാറി ആകെ അലോസരം സൃഷ്ടിച്ച് നില്‍ക്കുന്ന നമ്മുടേ നാട്ടിലെ ആരോഗ്യവ്യവസ്ഥയെ ആകെ മാറ്റിയില്ലെങ്കില്‍ നാം അഭിമുഖീകരിയ്ക്കാന്‍ പോകുന്ന അവസ്ഥ പരിതാപകരമായിരിയ്ക്കും. ചിലര്‍ തീര്‍ച്ചയായും സര്‍വൈവ് ചെയ്യും സംശയമില്ല..ആരാവും ആ ചിലരെന്ന സംശയമേ ഉള്ളൂ.

    ReplyDelete
  15. അമ്പി, അനക്കൊരു സലാം.

    യുക്കെയില്‍ അപ്പോ നിര്‍ബന്ധമായും എടുക്കേണ്ട ഇന്‍ഷുറന്‍സൊന്നും ഇല്ലേ?

    ReplyDelete
  16. ഒരാശുപത്രിയിലേക്ക് ഓടി വരുന്ന മനുഷ്യന്‍, എത്രമാത്രം മാനസിക സംഘര്‍ഷവും ഭയവും വിഷമവും സങ്കടങ്ങളുമായിട്ടാവും വരുന്നത് അവിടെ അവനവന്‍റെ കര്‍മ്മം മറക്കുന്ന ഡോക്ടര്‍മാര്‍, ബിസിനസ് മാത്രം മുന്നില്‍ കാണുന്ന മാനേജ്മെന്‍റ്.

    ഭരിക്കാന്‍ സമ്മതിക്കാത്ത പാര്‍ട്ടി, ജീവിക്കാന്‍ സമ്മതിക്കാത്ത പ്രതിപക്ഷം, കൊല്ലാന്‍ വരുന്ന പോലീസ്, അമ്മമാര്‍ക്കും പെങ്ങന്മാര്‍ക്കും പുറകെയുള്ള കഴുകന്മാര്‍, കൈക്കൂലി വാങ്ങിക്കുന്ന ഉദ്യോഗസ്ഥന്‍, മനസാക്ഷി ഇല്ലാത്ത മനുഷ്യര്‍.

    ഞാന്‍ മരിച്ചതിനു ശേഷം നരകത്തിലാണോ ഇപ്പോള്‍?

    ReplyDelete
  17. അഭിവാദ്യങ്ങള്‍!

    ReplyDelete
  18. അംബീ, സല്യൂട്ട്.

    കേരളത്തിലെ സ്ഥിതിയ്ക്ക് ഏതാണ്ട് തുല്യം തന്നെ തമിഴ് നാട്ടിലുമെന്നു തോന്നുന്നു. നേരിട്ടുള്ള അനുഭവമൊന്ന് ഇങ്ങനെ: ഭാര്യ ഒരു ദിവസം രാവിലെ അടുക്കളയില്‍ കുഴഞ്ഞു വീണു.
    താങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സംസാരിക്കാനൊന്നും കഴിയാത്ത അവസ്ഥ. അഡ്‌മിറ്റ് ചെയ്ത് പതിവുപരിശോധനയൊക്കെ കഴിഞ്ഞു ഉച്ചയോടെ സ്കാനിങ്ങ്.
    തലച്ചോറിന്റെ മുന്‍‌ഭാഗത്ത് ചെറിയൊരു ഏരിയയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ടെന്നു റിപോര്‍‌ട്ട്. ഐസിയുവിലാക്കി ചികിത്സ തുടങ്ങി. ഡോക്‍ടറോട് ചോദിച്ചപ്പോള്‍ “പേടിക്കണ്ട. പെട്ടെന്നു തന്നെ ശരിയാകും”
    എന്നു മറുപടി. നിറയെ ജനം ആശ്രയിക്കുന്ന ആശുപത്രിയായതു കൊണ്ട് സംശയിച്ചില്ല. രോഗി മിക്കപ്പോഴും അര്‍‌ദ്ധബോധാവസ്ഥയില്‍‌‌ . കാണുമ്പോഴെല്ലാം “ഒന്നും കുഴപ്പമില്ല” എന്ന മട്ട് ഡോക്ടറിനും.
    അവരാണ് ആശുപത്രി നടത്തുന്നത്. (ന്യൂറോ സര്‍‌ജന്‍ വല്ലപ്പോഴും വന്നു പോകുകയേയുള്ളുവെന്നറിഞ്ഞതു പിന്നീടാണ്.) ഒരാഴ്ച കഴിഞ്ഞ് വീണ്ടും സ്കാന്‍ ചെയ്ത റിപോര്‍‌ട്ട് കണ്ടപ്പോള്‍ ഇടതുഭാഗത്ത്
    മാത്രമുണ്ടായിരുന്ന ക്ലോട്ട് വലതു ഭാഗത്തേയ്ക്കും പടര്‍‌ന്നു വലുതായതായി മനസ്സിലായി. എന്റെ ബോസ് ആണ് രണ്ട് റിപോര്‍‌ട്ടുമെടുത്ത് മറ്റൊരു ആശുപത്രിയിലെ അതിവിദഗ്ദനായ, പ്രായം ചെന്നൊരു ന്യൂറോ സര്‍‌ജന്റെ അടുത്തേക്ക് കൊടുത്തയച്ചത്. അപ്പോള്‍ തന്നെ അവിടെ എത്തിക്കാന്‍ അദ്ദേഹം നിര്‍‌ദ്ദേശിച്ചു. പക്ഷേ, ആദ്യത്തെ ഹോസ്പിറ്റലുകാര്‍ രോഗിയെ കൊണ്ടു പോകേണ്ട ആവശ്യമില്ലെന്ന നിലപാടില്‍ . “അകത്ത് ബെഡില്‍ കിടക്കുന്നത് നിങ്ങള്‍‌ക്ക് പരീക്ഷണം നടത്താനുള്ള വസ്തുവല്ല.” എന്നു കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഡിസ്‌ചാര്‍‌ജ്ജ് ചെയ്തു തന്നു. (നല്ലൊരു തുക അതിനകം ചിലവായിരുന്നുവെന്നത് വേറെ കാര്യം.) എന്തായാലും പരിചയസമ്പന്നനായ ആ നല്ല ഡോക്ടറിന്റെ കയ്യിലെത്തിപ്പെട്ടതു കൊണ്ട് ആളിനെ തിരികെ കിട്ടി.

    പഴയൊരു ‘കൈക്കൂലിപ്രശ്ന’വും ഓര്‍‌മ്മ വരുന്നു. നാട്ടില്‍ വച്ചു നടന്നതാണ്. കൈക്കൂലി കൊടുക്കാന്‍ സ്വതവേയുള്ള മടിയ്ക്കു പുറമേ സര്‍‌ക്കാരാശുപത്രിയിലെ പ്രൌഢയും സുന്ദരിയുമായ ഡോക്ടര്‍‌ക്ക് 500 രൂപാ കവറിലിട്ടു നീട്ടിയാല്‍ അവരെ അപമാനിക്കുന്ന പോലാകില്ലേയെന്ന വിഡ്ഢിത്തോന്നലിന്റെയും ഫലമായി “ലവന്‍ നയാപ്പൈസ തന്നില്ലെ”ന്നു ആ മഹതി യാതൊരുളുപ്പുമില്ലാതെ പറഞ്ഞതായി
    ഒരു നെഴ്‌സ് സുഹൃത്തില്‍ നിന്നറിഞ്ഞു, പിന്നീട്. :)

    ReplyDelete
  19. ചിത്രകാരന്‍, അങ്കിള്‍, പാമരന്‍..നന്ദി.

    ഡാലീ. ജോലിചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ഉണ്ട്. പക്ഷേ അത് ആരോഗ്യ സേവനം കിട്ടുന്നതിനായല്ല. നാഷണല്‍ ഇന്‍ഷൂറന്‍സ് അടയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് എന്‍ എച് എസിലെ സേവനങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല. വിശദമായി അടുത്ത പോസ്റ്റില്‍ എഴുതാം.

    പച്ചാളം..നരകം തന്നെയെന്ന് ചിലപ്പോഴൊക്കെ തോന്നും.അനോണി ആന്റണിയുടെ ബാബാ ആംതേയെപ്പറ്റിയുള്ള ഒരു പോസ്റ്റ് വായിച്ചിരിയ്ക്കുകയാണ് ഞാനിപ്പൊ..എന്തെങ്കിലുമൊക്കെ ചെയ്യുന്നതിന് അത്തരമാള്‍ക്കാരുടെ ഓര്‍മ്മ പോലും ഉത്തേജനം നല്‍കും.:). എന്തെങ്കിലും ചെയ്യേണ്ടിയിരിയ്ക്കുന്നു.

    പരാജിതനണ്ണാ ,
    Acute Cerebral Haemorrhage ജനറല്‍ മെഡിസിന്‍ വിഭാഗം മാത്രമുള്ള ആശുപത്രികളില്‍ വച്ചുകൊണ്ടിരിക്കുന്നത് പലതവണ ഞാന്‍ കണ്ടിട്ടുള്ളതാണ്. ബ്ലീഡിംഗ് നിയന്ത്രിയ്ക്കാനായില്ലേല്‍ ന്യൂറോസര്‍ജിയ്ക്കല്‍ ഇന്റെര്‍വെന്‍ഷന്‍ ചിലപ്പോ വേണ്ടി വന്നേയ്ക്കാം.അവസാന നിമിഷം എടുപിടീന്ന് എങ്ങോട്ടെങ്കിലും മാറ്റാന്‍ പറയുന്നതിലും നല്ലത് നല്ല ഒരു സ്ട്രോക്ക് യൂണിറ്റ് ഉള്ളിടത്തേയ്ക്ക് മാറ്റാന്‍ പറയുന്നതാണ്.പക്ഷേ മിക്കവരും അതൊന്നും നോക്കില്ല.കാരണം കാശുതന്നെ ..ഒരു ‘കേസ്’ കിട്ടിയതല്ലേ. രോഗികളുടെ കൂടെയുള്ളവര്‍ വല്ലാത്ത ഒരു മാനസികാവസ്ഥയായിരിയ്ക്കും. ഒരു ഡോക്ടറുടെ സ്ഥിരം നമ്പര്‍ മാറ്റുന്നതിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറുള്ളവര്‍ എഴുതിത്തരണം എന്നാണ്. കൂടെയുള്ളവരാരും, ആംബുലന്‍സില്‍ വച്ചെങ്ങാനും എന്തെങ്കിലും സംഭവിച്ചേക്കുമോ എന്ന് ഭയന്ന് പിന്നീടൊന്നും ചെയ്യില്ല. Ischemic Stroke ചിലപ്പോള്‍ ജനറല്‍ മെഡിസിന്‍ വിദഗ്ധര്‍ക്ക് മാനേജ് ചെയ്യാന്‍ പറ്റിയേക്കും. പക്ഷേ
    hemorrhagic stroke അതല്ല കാര്യം.പ്രത്യേകിച്ചും ബ്ലീഡിംഗ് നിയന്ത്രിയ്ക്കാനായില്ലേല്‍.

    മേല്‍പ്പറഞ്ഞ ഡോക്ടറുടെ നമ്പര്‍ നല്ല കാര്യത്തിനായി ഉപയോഗിയ്ക്കുന്ന ഡോക്ടര്‍മാരേയും എനിയ്ക്കറിയാം. ഒരിയ്ക്കല്‍ ഒരു രോഗി ഹാര്‍ട്ടറ്റാക്കായി വന്നു. എന്റെ ഒരു സുഹൃത്ത് ഡൊക്ടറാ‍ണ് കാര്‍ഡിയാക് ഐ സീ യൂ വിന്റെ ചുമതല. ഞാനും അവിടെ ഉണ്ടായിരുന്നു. നെഞ്ചുവേദനയുടെ കാര്യത്തില്‍ Myocardial Infarction ആണെന്ന് കണ്ടാല്‍ എത്രയും പെട്ടെന്ന് ബാക്കിയുള്ള ഹൃദയ പേശികളേ രക്ഷിയ്ക്കാന്‍/രക്തക്കട്ട മാറ്റാനുള്ള പരിപാടികള്‍ തുടങ്ങുക.”സമയം പേശികളാണ്”(time is muscle), എന്നാണ് ആപ്തവാക്യം. അന്ന് രോഗിയുടെ കൂടെവന്ന ഒരു ബന്ധുവിന് വലിയ സംശയം.അമൃതയില്‍ കൊണ്ട് പോണം. ഇവിടേ ഒരു കാര്‍ഡിയോളജിസ്റ്റല്ലേയുള്ളൂ.. നിങ്ങളുടെ ബിരുദമെന്താ? ഇവിടെ ആഞ്ചിയോ ചെയ്യാന്‍ പറ്റുമോ?ബൈപ്പാസ് ചെയ്യണ്ടേ? തുടങ്ങി ഒരായിരം സംശയങ്ങള്‍. ആ നേരം എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങുക എന്നതാണ് മുഖ്യം.സെറ്റിലായിക്കഴിഞ്ഞ് നമുക്ക് ബാക്കി കാര്യം ചെയ്യാം.എന്റെ സുഹൃത്ത് ഡൊക്ടര്‍ കാര്യമെല്ലാം വിശദീകരിച്ചു. ബന്ധു ഒരു രക്ഷയുമില്ല. പിന്നെന്തിനാ താങ്കള്‍ ഇങ്ങോട്ട് കൊണ്ട് വന്നേ എന്ന ചോദ്യത്തിന് ഉത്തരവുമില്ല. അവസാനം ഡോക്ക്ടര്‍ മേല്‍പ്പറാഞ്ഞ നമ്പരിട്ടു. ആംബുലന്‍സില്‍ വച്ചെന്തെങ്കിലും പറ്റിയാല്‍ താങ്കള്‍ ഉത്തരവാദിത്തം എടുക്കുമോ എന്ന്. പിന്നെ ഉത്സാഹക്കമറ്റികാരന് യാതൊരു കുഴപ്പവുമില്ല. അടുത്ത ബന്ധുക്കള്‍ മിക്കപ്പോഴും ഒരുതരം മരവിച്ച അവസ്ഥയിലായിരിയ്ക്കും.അവര്‍ക്ക് ആരുപറയുന്നത് കേള്‍ക്കണമെന്ന് യാതൊരു ഊഹവുമുണ്ടായിരിയ്ക്കുകയില്ല.

    കൈക്കൂലി സുന്ദരി ഡൊക്ടറുടെ മറ്റൊരു കാര്യം ഓര്‍മ്മ വരുന്നു.അതും അഞ്ഞൂറ് രൂപാ തന്നെയായിരുന്നു.ഡോക്ടര്‍ സുന്ദരിയും ആയിരുന്നു.എന്റെ ഒരു സുഹൃത്തിന്റെ കാര്യമായിരുന്നു.യാതൊരു ഉളുപ്പുമില്ലാതെ കയ്യില്‍ വാങ്ങി വച്ചു.അതും അയാള്‍ ഒരു ആതുര ശ്രുഷൂഷാ ജോലിക്കാരനെന്ന് അറിഞ്ഞ് തന്നെ.ഒരേ ജോലി ചെയ്യുന്നവന് കൊള്ളക്കാര്‍ പോലും അല്‍പ്പം കണ്‍സെഷനൊക്കെ കൊടുക്കും. ഏറ്റവും പ്രധാനപ്പെട്ടത് രോഗചികിത്സയ്ക്കായിരുന്നില്ല അത് വാങ്ങിച്ചത് എന്നാണ്.അവര്‍ നിര്‍ബന്ധമായും ചെയ്യേണ്ടുന്ന ഒരു ജോലിയ്ക്ക്..ആ ദിവസം ആവശ്യക്കാരന്‍ അയാളായിപ്പോയി എന്ന ഒറ്റ കാരണത്താല്‍.

    ReplyDelete
  20. മുഴുവന്‍ വായിച്ചിട്ട് ഒരു സല്യൂട്ട് പറയാതെ പോകാനാകുന്നില്ല. പല യൂറോപ്യന്‍ രാജ്യങ്ങളിലെയും ആരോഗ്യരംഗത്തെക്കുറിച്ച് മൂറിന്റെ ‘സിക്കോ’യില്‍ പറയുന്നുണ്ട്. ഇവിടെ അമേരിക്കയില്‍ രോഗം വന്ന് മരിച്ചില്ലെങ്കില്‍ ഇന്‍ഷൂറന്‍സുകാര്‍ കൊന്നു തരും.

    കേരളത്തിലെ മറ്റൊരു കഥ...പെങ്ങള്‍ പറഞ്ഞു കേട്ട അറിവു മാത്രമാണെന്നു ജാമ്യം.

    എന്റെ ചേച്ചി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്സിംഗ് ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ ഒരു സര്‍ജറിയില്‍ കൂടെ നിന്നു, സീനിയര്‍ നേഴ്സിനെ അസിസ്റ്റ് ചെയ്യാന്‍. ഇടയ്ക്ക് ഡോക്ടര്‍ എന്തോ സാധനം ആവശ്യപ്പെട്ടു. സീനിയര്‍ നേഴ്സ് എടുത്ത് കൊടുത്തതു മാറിപ്പോയി. ദേഷ്യം വന്ന ഡോക്ടര്‍ അതെറിഞ്ഞു കളഞ്ഞു. കുറെ കഴിഞ്ഞപ്പോള്‍ എറിഞ്ഞ സാധനം ആവശ്യപ്പെട്ടു. വേറെയില്ലെന്ന് നഴ്സ്. പുറത്തു നിന്നു കൊണ്ടുവരാന്‍ അല്പം സമയമെടുക്കും. ദേഷ്യം വന്ന ഡോക്ടര്‍ സര്‍ജറി നിര്‍ത്തി പോയി. രോഗി മരിച്ചു പോലും..!

    ReplyDelete
  21. റോബീ,
    സിക്കോ കണ്ടത് പൊതു ആരോഗ്യവ്യവസ്ഥയെപ്പറ്റി വളരെയേറെചിന്തിയ്ക്കാന്‍ വകനല്‍കി. (മൂറിന്റെ അസാധ്യ ആരാധകനാണ് ഞാന്‍. ഒരുവിധപ്പെട്ട സിനിമകളെല്ലാം കയ്യിലുണ്ട്..ആരെങ്കിലും സിക്കൊയെപ്പറ്റി പറയും എന്ന് പോസ്റ്റെഴുതുമ്പോഴേ തോന്നി.:)

    കമന്റുകള്‍ വഴി തുടരന്‍ പോസ്റ്റിലേയ്ക്കുള്ള കണ്ടന്റ് ഉണ്ടാക്കാം എന്ന് കരുതി. റോബിയുടെ വക അനുഭവം വിട്ടുപോയിരുന്ന ഒരുകാര്യം ചേര്‍ക്കാന്‍ വഴിനല്‍കി. നന്ദി.

    ReplyDelete
  22. അംബീ, വായിച്ചെന്ന് അറിയിക്കാന്‍ മാത്രമാണ്‌ ഈ കമന്റ്. ചില കാര്യങ്ങള്‍ക്ക് നീളന്‍ കമന്റ് പിന്നാലെ വരുന്നുണ്ട്, ശകലം സമയം എടുത്ത് എഴുതേണ്ട സംഭവങ്ങള്‍ ഉള്ളതുകൊണ്ടാണേ.

    ReplyDelete
  23. ഹഹഹ,
    അതേ ഭയങ്കരന്‍ പ്രശസ്ത ഡോക്ടര്‍ തന്നെ 12 കൊല്ലം മുമ്പ് എനിക്ക് രക്തസമ്മര്‍ദ്ദത്തിന് മരുന്നു കുറിച്ച് തന്നയുടനെ പറഞ്ഞതോര്‍മ്മയുണ്ട്-
    ഇനി നിര്‍ത്താമ്പാടില്ല.

    ഞാന്‍ ഇന്നോളം അതേപടി ചെയ്യുന്നു.
    ഒരു മരുന്നിന് ഞാന്‍ അടിമയായിരിക്കുന്നു.

    ReplyDelete
  24. വളരെ അപൂര്‍വ്വമായി മാത്രം ചികിത്സ തേടുന്നയാളാണു് ഞാന്‍. എന്നാല്‍ ആശുപത്രിയില്‍ പോകാതെ നിവൃത്തിയില്ലാത്ത ഘട്ടങ്ങള്‍ വന്നപ്പോഴൊക്കെ സര്‍ക്കാരാശുപത്രിയില്‍ തന്നെ പോയിട്ടുമുണ്ടു്. അതു് ചികിത്സയ്ക്കു് പണമടയ്ക്കാന്‍ ഇല്ലാത്തതുകൊണ്ടല്ല. സ്വകാര്യ ആശുപത്രികളെക്കാള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പരിചയസമ്പന്നതയില്‍ വിശ്വാസമുള്ളതുകൊണ്ടാണു്. ധാരാളം നല്ല അനുഭവങ്ങള്‍ എനിക്കും എന്റെ പരിചയക്കാര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭിച്ചിട്ടുണ്ടു്. ചില ചീത്ത അനുഭവങ്ങളും. എന്നാല്‍ കൂടുതല്‍ നന്മയെ മറയ്ക്കാന്‍ മാത്രം മോശപ്പെട്ട അനുഭവങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. അതൊരു ഭാഗ്യമാണെന്നു് ഇതുവായിച്ചപ്പോള്‍ തോന്നുന്നു.

    ReplyDelete
  25. ആത്മാര്‍ത്ഥതയുള്ള വാക്കുകള്‍. നമോവാകം!

    ReplyDelete
  26. അമ്പീ, ആത്മാര്‍ത്ഥ്തയ്ക്കു് മുന്നില്‍ ഞാനും. ഞാനെന്തെഴുതും. തുടരുക...

    ReplyDelete
  27. Thanks Ambi chetta..

    Kannu niranju poyi...

    Thanks suraj for the guideline :-)

    ReplyDelete