Monday, December 12, 2016

കരുണാവാൻ നബി മുത്തുരത്നമോ?

പുരുഷാകൃതി പൂണ്ട ദൈവമോ? 
നരദിവ്യാകൃതി പൂണ്ട ധർമ്മമോ? 
പരമേശപവിത്രപുത്രനോ? 
കരുണാവാൻ നബി മുത്തുരത്നമോ? 

ശ്രീനാരായണഗുരുദേവന്റെ അനുകമ്പാദശകത്തിലെ നാലുവരികളാണ്.

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും

എന്ന് തുടങ്ങുന്നു അനുകമ്പാദശകം.

കരുണാകരനായ ഭഗവാനേ, ഒരു എറുമ്പിനു പോലും ഒരു പീഡയും വരുത്തരുത് എന്നുള്ള അനുകമ്പയും, സദാ നിന്റെ ഓർമ്മയും മനസ്സിലുണ്ടാ‍വണേ എന്നുമുള്ള മനോഹരമായ പ്രാർത്ഥന.

അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിനെ മാറ്റുമല്ലലിൻ
കരുവാകും കരുവാമിതേതിനും.

അരുളാൽ അതായത് യഥാർത്ഥ അറിവിനാൽ സുഖമുണ്ടാകും. സ്നേഹമില്ലാത്ത ഹൃദയത്താൽ ദുഃഖങ്ങളും വന്ന് ചേരും. അജ്ഞതയാകുന്ന ഇരുൾ സ്നേഹമില്ലാതെയാക്കും. അതുകൊണ്ട് അജ്ഞാനം സകല വിഷമങ്ങൾക്കും കരണമാകും. എന്ന് ഗുരുദേവൻ ഉറപ്പിച്ചു പറയുകയാണ്. കരുണയറ്റ ഹൃദയമാണ് സകല ആപത്തിനും കാരണം.

ഒരു പടി കൂടെ കടന്ന് ഗുരുദേവൻ പറയുന്നു.

അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
'അരുളുളളവനാണു ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.

ജ്ഞാനം സ്നേഹം കാരുണ്യം, ഇത് മൂന്നിനും അർത്ഥം ഒന്ന് തന്നെ.ആ സത്യമാണ് ജീവനെ സംസാരദുഃഖങ്ങളുടെ മറുകരയെത്തിയ്ക്കുന്നത്. എന്നിട്ട് ഒരു മഹാമന്ത്രം ഗുരുദേവൻ പറഞ്ഞുതരുന്നു. “അരുളുള്ളവനാണ് ജീവി“ അതായത് യഥാർത്ഥ ജ്ഞാനമുള്ളവനാണ് ശരിയായി ജീവിയ്ക്കുന്നവൻ. ഈ ഒൻപത് അക്ഷരമുള്ള മന്ത്രം (നവാക്ഷരി) സദാ ഉരുവിടുക.

അങ്ങനെ ഈ ലോകത്തെ അനുകമ്പയാർന്നവരുടെ പേരുകൾ ഗുരുദേവൻ പറയുന്നു.

പരമാർത്ഥമുരച്ചു തേർ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാവൻ?

പരമസത്യം പറഞ്ഞ് തന്ന് തേരോടിയ്ക്കുന്ന പരം പൊരുളായ ശ്രീകൃഷ്ണഭഗവാനോ? അതോ ജീവകാരുണ്യമൂർത്തിയായ ഭൂതദയയുടെ സാഗരമായ ബുദ്ധഭഗവാനോ? അതോ ഭഗവത്ഗീതയ്ക്കും ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുക്കൾക്കും ഭാഷ്യം രചിച്ച ശ്രീ ശങ്കരാചാര്യരാണോ? അവരെല്ലാം അനുകമ്പാമൂർത്തികളാ‍ണ്.

ഒരു മതമേയുള്ളൂ എന്ന് പ്രഖ്യാപിച്ച ഗുരുദേവൻ ലോകത്തെ സകല മഹാഗുരുക്കന്മാരും ഒരു മതത്തിലുള്ളവരാണെന്നും ജീവിതത്തിന്റെ പരമമായ ലക്ഷ്യം പരമസത്യം അനുഭവിച്ചറിയുകയാണെന്നും മതഭേദങ്ങൾ വെറും ഇരുളാണെന്നും അനുകമ്പാദശകത്തിൽ തീർത്തും വ്യക്തമാക്കുന്നു.

അടുത്ത വരികളിൽ

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ?

എന്ന് ഗുരുദേവൻ ചോദിയ്ക്കുന്നു. പുരുഷവേഷം ധരിച്ചെത്തിയ സാക്ഷാൽ ദൈവമായ വ്യാസഭഗവാനാണോ? മനുഷ്യവേഷം പൂണ്ട ധർമ്മമൂർത്തിയായ ശ്രീരാമഭഗവാനാണോ? അതോ പരമേശ്വരന്റെ പവിത്രപുത്രനായ സാക്ഷാൽ കൃസ്തുഭഗവാനോ? അതോ കാരുണ്യവാനായ നബി മുത്തുരത്നമോ? ആരാണ് അനുകമ്പയാണ്ടവൻ?

ശ്രീരാമനേയും വ്യാസഭഗവാനേയും കൃസ്തുദേവനേയും മുത്തുരത്നമായ നബിതിരുമേനിയേയും ഒരു വരിയിൽ ബന്ധിയ്ക്കുകയാണ് ഗുരുദേവൻ ചെയ്യുന്നത്. അത് വഴി മതഭേദങ്ങൾ, എന്റെ മതം നിങ്ങളുടെ മതം എന്റെ ദൈവം എന്റെ പ്രവാചകൻ എന്നിങ്ങനെയുള്ള ഭേദങ്ങൾ ഇല്ലാത്തതാണെന്ന് ഗുരുദേവൻ അസന്നിഗ്ധമായി പ്രഖ്യാപിയ്ക്കുന്നു.

ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവു കെടുത്ത സിദ്ധനോ

അപ്പർ, സുന്ദരർ മാണിക്യവാചകർ, തിരുജ്ഞാനസംബന്ധർ എന്നിങ്ങനെയുള്ള മഹാസിദ്ധർ തമിഴ്നാട്ടിൽ ജീവിച്ചിരുന്നു. ഗുരുദേവനും ആ മഹാസിദ്ധരുടെ പരമ്പരയുടെ ഭാഗമാണെന്ന് വിശ്വസിയ്ക്കുന്നവരുണ്ട്. അതിൽ തിരുജ്ഞാനസംബന്ധർ എന്ന മഹാസിദ്ധൻ കബ്ജപാണ്ഡ്യരുടെ ജ്വരം വെറും ഭസ്മം പൂശി വാശിയാക്കുകയുണ്ടായി. അതുപോലെ അപ്പർ സ്വന്തം വയറുവേദന മാറാ‍ൻ നമഃശിവായ മന്ത്രം ജപിച്ചിരിയ്ക്കുമ്പോഴാണ് ശിവദർശനമുണ്ടായത്. തമിഴ്നാട്ടിലെ ആ മഹത്തായ സിദ്ധമുനിമാരുടെ കഥകൾ ഗുരുദേവൻ ഇനിയും സൂചിപ്പിയ്ക്കുന്നു.

ഹരനന്നെഴുതി പ്രസിദ്ധമാം
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടു പോയൊര-
പ്പരമേശന്റെ പരാർത്ഥ്യഭക്തനോ?

മാണിയ്ക്കവാചകർ എഴുതിയ തിരുവാചകം സാക്ഷാൽ പരമശിവനാണ് എഴുതിയെടുത്തത്. ഒരു വൃദ്ധന്റെ രൂപത്തിൽ മാണിയ്ക്കവാചകരുടെ അടുത്തെത്തിയ പരമേശ്വരൻ നിന്റെ പാട്ടുകൾ ഞാൻ എഴുതിയെടുക്കാം എന്ന് പറഞ്ഞത്രേ. അങ്ങനെ എഴുതിയെടുത്ത താളിയോലക്കെട്ടുകൾ പിറ്റേന്ന് പൂജാരി ക്ഷേത്രനട തുറന്നപ്പോൾ മാണിയ്ക്കവാചകർ ചൊല്ലിക്കേൾപ്പിച്ച് നടരാജൻ കുറിച്ചിട്ടതെന്ന അവതാരികയോടുകൂടി ശ്രീകോവിലിലുണ്ടായിരുന്നു. തിരുവാചകത്തെ ഗുരുദേവൻ മറ അഥവാ വേദം എന്ന് തന്നെയാണ് വിശേഷിപ്പിയ്ക്കുന്നത്.

ചേരമാൻ പെരുമാൾ കേരളം ഭരിച്ചിരുന്ന സമയത്ത് ജീവിച്ചിരുന്ന സുന്ദരമൂർത്തി നായനാർ ശിവഭക്തികൊണ്ട് അവസാനം വെള്ളാനയുടെ പുറത്ത് ഉടലോടെ കൈലാസത്തുപോയി എന്നാണ് പ്രസിദ്ധി. ഗുരുശുശ്രൂഷ ചെയ്ത് ഭക്തനായി ജീവിച്ച ചേരമാൻ പെരുമാളും ഗുരുവിനൊപ്പം കൈലാസത്തിലേയ്ക്ക് പോയി സാക്ഷാത്കാരം ലഭിച്ചു എന്നാണ് പ്രസിദ്ധി. ആ കഥയാണ് ഗുരുദേവൻ സൂചിപ്പിയ്ക്കുന്നത്.

അരുമാമറയോതുമർത്ഥവും
ഗുരുവോതും മുനിയോതുമർത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താൻ
പൊരുളോർത്താലഖിലാഗമത്തിനും.

എന്നതാണ് അനുകമ്പാദശകത്തിനു ഫലശ്രുതിയായി ഗുരുദേവൻ എഴുതിയിരിയ്ക്കുന്നത്. ദിവ്യങ്ങളായ മഹാവേദങ്ങൾ പറഞ്ഞുതരുന്ന അർത്ഥവും ജ്ഞാനസിദ്ധരായ മുനിമാരുടെ വാക്കുകളും ഒന്നു തന്നെയാണ്. ലോകത്തെ എല്ലാ ആഗമങ്ങൾക്കും, ശൈവവൈഷ്ണവ പ്രമാണഗ്രന്ഥങ്ങൾക്കും എല്ലാ മതപ്രമാണങ്ങൾക്കും ഒരേ ഒരു പൊരുളാണുള്ളത്.

ആത്മോപദേശശതകത്തിൽ ഗുരുദേവൻ പറയുന്നു

പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.

അവരവരുടെ മതമാണ് വലുതെന്ന് വിചാരിച്ച് അന്ധർ ആനയെക്കണ്ടപോലെ പല വിധയുക്തികൾ പറഞ്ഞ് മഠയന്മാർ അലയുന്നു . എല്ലാ മതങ്ങളുടെ സാരവും ഒന്ന് തന്നെയാണ് എന്ന് കണ്ട് അവർ അലയുന്നത് പോലെ അലയാതെ ശാന്തമായി സത്യം തിരയണം.

നബിനിനാശംസകൾ. കരുണാവാനായ നബി മുത്തുരത്നം എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ.

1 comment:

  1. Guru was born in1856 and died in 1928.During this period koran and hadith was not translated in to malayam nor Guru know Arabic. Koran was translated in the later half of 20th century
    those who read these books will not agree what is said to be Sri Guru's words

    ReplyDelete