Sunday, June 07, 2015

ജാതിവ്യവസ്ഥയും ഭാരതവും

ജാതിവ്യവസ്ഥ

ദൗർഭാഗ്യവശാൽ ജാതിവ്യവസ്ഥ ഭാരതത്തിൽ ഏതാണ്ട് രണ്ടായിരം കൊല്ലങ്ങളായി തുടരുന്ന ഒരു വൃത്തികെട്ട അനാചാരമാണ്. അതിനെ എതിർക്കാൻ ഭീഷണിയോ ബലമോ ഉപയോഗിയ്ക്കേണ്ടി വന്നാൽ അത് ചെയ്യണം എന്ന പക്ഷക്കാരനാണ് ഞാനും. കാരണം അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിയ്ക്കുന്ന ആളുകൾക്ക് ജനാധിപത്യപരമായി മാറാ‍ൻ ഒരുപാട് സമയം കൊടുത്ത് കഴിഞ്ഞു.

വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ ഒക്കെയാണ് ഹിന്ദുക്കൾ ഇന്ന് അവരുടെ മതപരമായത് എന്ന് കരുതുന്ന/ഉപയോഗിയ്ക്കുന്ന ഗ്രന്ഥങ്ങൾ. പുണ്യഗ്രന്ഥങ്ങൾ എന്ന് പറയാനാകില്ല. കാരണം അങ്ങനെയൊരു കൺസെപ്റ്റ് എവിടെയുമില്ല. വേദങ്ങൾ ഉപനിഷത്തുക്കൾ മുതലായവ ശ്രുതി അതായത് 'കേട്ടത്' എന്നും നിയമവും മറ്റും അനുശാസിയ്ക്കുന്ന മറ്റുള്ളവ സ്മൃതി അതായത് 'ഓർത്തെടുക്കുന്നത്' എന്നും തിരിയ്ക്കാം എന്നാണ് അവർ തന്നെ പറയുന്നത്. അതിൽ കേട്ടതിൽ വരുന്നത് വേദങ്ങളാണ്. ഉപനിഷത്തുക്കൾ അതിൽപ്പെടും.

വേദങ്ങൾ

അതിലെ പുരുഷസൂക്തമാണ് ആദ്യം പറയേണ്ടത്. അതിൽ വിരാട് പുരുഷന്റെ വായിൽ നിന്ന് ബ്രാഹ്മണനും കയ്യിൽ നിന്ന് ക്ഷത്രിയനും തുടയിൽ നിന്ന് വൈശ്യനും കാലിൽ നിന്ന് ശൂദ്രനും ഉണ്ടാകുന്നു എന്ന് പറഞ്ഞിരിയ്ക്കുന്നു. ഇൻഡ്യയെപ്പറ്റി വളരെക്കുറച്ച് മാത്രം അറിയാവുന്ന,മാക്സ് മുള്ളർ (ന്യൂട്രൽ ആയുള്ള അഭിപ്രായം എന്ന നിലയിൽ പറഞ്ഞതാണ്) ആ വരികൾ ആ ഭാഗത്ത് പിൽക്കാലത്ത് കയറ്റി വച്ചതാണ് എന്നാണ് അഭിപ്രായപ്പെട്ടിരിയ്ക്കുന്നത്. മാക്സ് മുള്ളർ അങ്ങനെ ഒരുപാട് സംഭവങ്ങൾ പറഞ്ഞിട്ടുണ്ട്. അതൊന്നും അംഗീകരിയ്ക്കാൻ വയ്യ.

എന്നാൽ വേദപണ്ഡിതർ അതിനെയെങ്ങനെ വ്യാഖ്യാനിയ്ക്കുന്നു? പാദം ഒരു മോശം അവയവമായി എങ്ങിനെയാണു നമുക്ക് തോന്നിയത്? പാദം ഇൻഡ്യയിൽ പൂജിയ്ക്കപ്പെടേണ്ട അവയവമാണ്. ഗുരുവിന്റെയായാലും മുതിർന്നവരുടെയായാലും പാദനമസ്കാരവും പാദപൂജയും ഒക്കെയാണു ചെയ്യുക. കയ്യോ, തലയോ ഒന്നുമല്ല പൂജിയ്ക്കുന്നത്. അതുകൊണ്ട് ആ സൂക്തത്തിൽ യാതൊരു കുഴപ്പവുമില്ല, വേണമെങ്കിൽ പണിയെടുക്കുന്ന ശൂദ്രനെ പൂജിയ്ക്കണം എന്നാണു പുരുഷസൂക്തത്തിൽ പറഞ്ഞിരിയ്ക്കുന്നത് എന്ന് വാദിയ്ക്കാം. അങ്ങനെ പറഞ്ഞ് പൂജിയ്ക്കുന്ന ആശ്രമങ്ങൾ പോലും ഉണ്ടിന്ന്.

മാക്സ് മുള്ളറുടേതായാലും മറ്റു ചില വേദ പണ്ഡിതരുടേതായാലും രണ്ട് വ്യാഖ്യാനങ്ങളും എടുക്കാതെ ന്യൂട്രൽ ആയി പുരുഷസൂക്തം വായിച്ചാലും എവിടേയും ശൂദ്രൻ മോശക്കാരനാണ് എന്നൊരു സൂചന അതിലെവിടേയുമില്ല.

ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമനാണ് മറ്റൊരു കഥാപാത്രം. ജബാല എന്ന ദാസിയുടെ മകനാണു സത്യകാമൻ. ഗൗതമൻ എന്ന മഹർഷിയുടെ അടുത്ത് സത്യകാമൻ ചെന്നപ്പൊ നിന്റെ ഗോത്രമേത് എന്ന് ഗുരു ചോദിച്ചു. ഗോത്രം അമ്മയോട് ചോദിച്ചപ്പൊ അമ്മ പറഞ്ഞു, നിന്റെ അച്ഛൻ ആരെന്ന് എനിയ്ക്കറിയില്ല. ഒരുപാടു പേരുമായി ദാസികൾക്ക് ബന്ധം പുലർത്തേണ്ടി വരുമല്ലോ. സത്യകാമൻ നേരേ ചെന്ന് എന്റെ അച്ഛനാരെന്ന് അമ്മയ്ക്കറിയില്ല ജബാല എന്ന ദാസിയുടെ മകനാണ് അതിനാൽ സത്യകാമ ജബാലയാണു ഞാനെന്ന് ഗുരുവിന്റെയരികിൽ അന്തസ്സോടെ പറഞ്ഞു. സത്യം പറഞ്ഞതിനാൽ നീ ബ്രാഹ്മണൻ തന്നെ എന്ന് ഗുരു പറഞ്ഞിട്ട് സത്യകാമനു ബ്രഹ്മോപദേശം നൽകി എന്നാണു കഥ. ഈ സത്യകാമ ജബാല (ഇന്നത്തെ ഫാഷനു അമ്മയുടെ പേരു പിറകിൽ വയ്ക്കുന്ന പോലെയല്ല.) പിന്നീട് മന്ത്രദ്രഷ്ടാവായ ഉപനിഷത്ത് ഋഷിയാണ്.

ഇതേ ഛാന്ദോഗ്യോപനിഷത്തിൽ തന്നെ വേറൊരു ഭാഗവുമുണ്ട്. ജാനശ്രുതിയായ പൗത്രായണന്റെ കഥ. പുള്ളി ഒരു രാജാവാണ്. രണ്ട് അരയന്നങ്ങൾ പറന്ന് പോയപ്പോൾ അവരിൽ ഒരാൾ പൗത്രായണനെ പുകഴ്ത്തി. അപ്പോൾ മറ്റേയാൾ പറഞ്ഞു ഈ പൗത്രായണനു വണ്ടിക്കാരനായ രൈക്വനോട് തുല്യനാകാൻ എന്ത് മഹത്വമാണുള്ളത് എന്ന്. ഇത് കേട്ട് പൗത്രായണനു വലിയ വിഷമവും സങ്കടവുമായി. ഈ വണ്ടിക്കാരനായ രൈക്വൻ ആരാണെന്ന് മനസ്സിലാക്കണാമെന്നും കഴിഞ്ഞാൽ പുള്ളിയുടെ മഹത്വത്തിനു കാരണമായ വിദ്യ ഒന്ന് കിട്ടണമെന്നും ആഗ്രഹിച്ച് പൗത്രായണൻ രൈക്വനെ തിരക്കി പോകുന്നു. രൈക്വൻ പുള്ളിയെ ആവശ്യത്തിനു പള്ള് വിളിച്ച് ഓടിയ്ക്കുന്നു. പൗത്രായണൻ രാജാവാണ് രൈക്വൻ വണ്ടിക്കാരനും എന്നോർക്കണം. പക്ഷേ രൈക്വൻ പൗത്രായണനെ സംബോധന ചെയ്യുന്നത്, ഹേ ശൂദ്ര എന്നാണ്.

ഇതേ പൗത്രായണൻ പിന്നീട് വണ്ടിക്കാരനായ രൈക്വനെ രണ്ട് മൂന്ന് പ്രാവശ്യം വന്ന് കണ്ട് കുറേ സമ്മാനങ്ങളുമൊക്കെ കൊടുത്ത്, പിന്നെ അവസാനം തന്റെ മകളെ കല്യാണവും കഴിപ്പിച്ച് കൊടുത്ത് സോപ്പിട്ട് അവസാനം രൈക്വനു സന്തോഷമായി പൗത്രായണന്റെ ആഗ്രഹം ജനുവിൻ ആണെന്ന് മനസ്സിലാക്കി പുള്ളിയ്ക്ക് തന്റെ വിദ്യ പറഞ്ഞ് കൊടുത്തു എന്നാണു കഥ. ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം?

1) ശൂദ്രൻ രാജാവായിരുന്നു.
2)വണ്ടിക്കാരനായ രൈക്വൻ രാജാവിനെയും കാൾ മഹത്തരമായ വിദ്യ കൈവശമുള്ളയാളായിരുന്നു.
3)ശൂദ്രനു രൈക്വൻ വിദ്യ പറഞ്ഞ് കൊടുത്തു. അതായത് അതിൽ യാതൊരു തടസ്സവുമില്ലായിരുന്നു.

തൈത്തിരീയ സംഹിതയിൽ ഗാർഹപത്യാതി അഗ്നികൾ സൂക്ഷിയ്ക്കുന്നില്ല എന്നതുകൊണ്ട് യജ്ഞം നടത്താൻ ശൂദ്രനു സാമർത്ഥ്യമില്ല എന്ന് പറയുന്നുണ്ട്. അവിടേയും ജന്മനാ ശൂദ്രനെന്നോ, അവനു അധികാരമില്ലെന്നോ അല്ല, സാമർത്ഥ്യമില്ല എന്നാണ്. യജ്ഞം ചെയ്യാൻ സാമർത്ഥ്യമുണ്ടാക്കുന്ന അഗ്നിയെ അയാൾ സൂക്ഷിയ്ക്കുന്നില്ല എന്ന് കാരണം.

ഒരുദാഹരണം ഇപ്പൊപ്പറയാം, നേഴ്സിനു പ്രിസ്ക്രിപ്ഷൻ ചെയ്യാൻ സാമർത്ഥ്യമില്ല.  

പടപണ്ടാരം പോലെയുള്ള വേദങ്ങളിൽ ജാതിയെ സൂചിപ്പിയ്ക്കുന്ന ഭാഗങ്ങളിത്രയും ആണ്. ഇതിലെവിടേയും ജന്മം കൊണ്ടുള്ള ജാതിയോ, ജാതിയുടേ പേരിലുള്ള അയിത്തമോ വേറുതിരിവോ സമൂഹത്തിലെ ഉച്ച നീചത്വമോ ഒന്നും പറയുന്നില്ല. മാത്രവുമല്ല ജാതി ജന്മസിദ്ധമല്ല എന്നും ഓരോരുത്തരും അവരവരുടെ ഇഷ്ടമനുസ്സരിച്ച് വിവിധ ജാതികൾ സ്വീകരിയ്ക്കുന്നതിനെപ്പറ്റിയും കഥകളുണ്ട്. അതായത് അന്ന് ജാതിയെന്നത് ഒരു സോഷ്യോളജിക് ക്ളാ‍സിഫിക്കേഷൻ മാത്രമായിരുന്നു. ബൂർഷ്വാസി, പെറ്റി ബൂർഷ്വാസി പ്രൊലറ്റേറിയേറ്റ് എന്ന മട്ടിൽ. അത്തരം വിഭജനങ്ങൾക്കതീതമായ സമൂഹം തന്നെയാണ് ശരി.

ഇതിഹാസങ്ങൾ

ഇനി വരുന്നത് ഇതിഹാസങ്ങളാണ്. വിശദമായി വിവിധ വർണ്ണങ്ങളും അതിന്റെ സാമൂഹ്യ നിലപാടുകളും ഇതിഹാസങ്ങൾ പറയുന്നുണ്ട്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ ഇങ്ങനെ ഓരോന്ന്. അതിൽ മഹാഭാരതത്തിൽ യുധിഷ്ഠിരൻ ആരണ്യപർവത്തിൽ വിശദമായി ഈ വർണ്ണങ്ങളേപ്പറ്റിയൊക്കെ ചർച്ച ചെയ്യുന്നുണ്ട്. പുള്ളി ധർമ്മരാജാവാണല്ലോ. ഭീമസേനനെ ഒരു നാഗം വിഴുങ്ങാൻ തുടങ്ങുമ്പോൾ യുധിഷ്ഠിരൻ അവിടെയെത്തി നാഗത്തോട് (നാഗം നഹുഷൻ എന്ന രാജാവാണ്) സംസാരിയ്ക്കുന്ന ഒരു ഭാഗമുണ്ട്. അതിൽ ബ്രാഹ്മണൻ ആരാണ് എന്ന നാഗത്തിന്റെ ചോദ്യത്തിനു വിശദമായിത്തന്നെ ജന്മം കൊണ്ട് ഒരാളും ബ്രാഹ്മണനോ ശൂദ്രനോ ആകുന്നില്ലെന്നും ചില ഗുണങ്ങൾ ഉള്ളതുകൊണ്ട് ജന്മനാ ബ്രാഹ്മണനായവനെ ശൂദ്രനെന്നോ ജന്മനാ ശൂദ്രനായവനെ ബ്രാഹ്മണനെന്നോ കരുതാം എന്ന് വ്യക്തമായും കൃത്യമായും പറയുന്നുണ്ട്.

യുധിഷ്ഠിരനെ മഹാഭാരതം കഥയുടെ ഒരു നീതിയുടെ ശബ്ദം (Voice of Justice) എന്ന് കരുതാമെങ്കിൽ മഹാഭാരതത്തിൽ ജന്മം കൊണ്ടുള്ള ജാതിവ്യവസ്ഥ അംഗീകരിയ്ക്കുന്നില്ലന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അവിടെ വേറൊരു കാര്യം കൂടി പറയണം. മഹാഭാരതത്തിലെ, ഏറ്റവും വലിയ വേദശാസ്ത്രങ്ങളിലെല്ലാം ജ്ഞാനിയും ഒരുപക്ഷേ എല്ലാ കഥാപാത്രങ്ങളിലും വച്ച് Voice of wisdom എന്ന് പറയാവുന്നയാളുമായ വിദുരൻ ഒരു ശൂദ്രനാണ്. അദ്ദേഹം അവസാനം ഈ മതത്തിന്റെ അവസാന പടിയായ സത്യജ്ഞാനം നേടുന്നു എന്ന് ഭാഗവതവും പറഞ്ഞിരിയ്ക്കുന്നു.

പക്ഷേ അവിടേയും ഒരു കാര്യം ശ്രദ്ധിയ്ക്കണം. വേദങ്ങളിൽ മിക്കയിടത്തും ഉള്ള നിസ്സംഗമായ ഭാവമല്ല മഹാഭാരതത്തിൽ. ജന്മം കൊണ്ടായാലും കർമ്മം കൊണ്ടായാലും ബ്രാഹ്മണൻ ആവുന്നത് മെച്ചപ്പെട്ട കാര്യമായിത്തന്നെയാണ് കരുതുന്നത്.

ഒരു നേഴ്സിനോട് നീയൊരു ഡോക്ടറേക്കാൾ മിടുക്കിയാണ് എന്ന് പറയുമ്പോലെ.

The serpent said, 'O Yudhishthira, say--Who is a Brahmana and what should be known? By thy speech I infer thee to be highly intelligent.'

"Yudhishthira said, 'O foremost of serpents, he, it is asserted by the wise, in whom are seen truth, charity, forgiveness, good conduct, benevolence, observance of the rites of his order and mercy is a Brahmana. And, O serpent, that which should be known is even the supreme Brahma, in which is neither happiness nor misery--and attaining which beings are not affected with misery; what is thy opinion?'

"The serpent said, 'O Yudhishthira, truth, charity, forgiveness, benevolence, benignity, kindness and the Veda 1 which worketh the benefit of the four orders, which is the authority in matters of religion and which is true, are seen even in the Sudra. As regards the object to be known and which thou allegest is without both happiness and misery, I do not see any such that is devoid of these.'

"Yudhishthira said, Those characteristics that are present in a Sudra, do not exist in a Brahmana; nor do those that are in a Brahmana exist in a Sudra. And a Sudra is not a Sudra by birth alone--nor a Brahmana is Brahmana by birth alone. He, it is said by the wise, in whom are seen those virtues is a Brahmana. And people term him a Sudra in whom those qualities do not exist, even though he be a Brahmana by birth. And again, as for thy assertion that the object to be known (as asserted by me) doth not exist, because nothing exists that is devoid of both (happiness and misery), such indeed is the opinion, O serpent, that nothing exists that is without (them) both. But as in cold, heat doth not exist, nor in heat, cold, so there cannot exist an object in which both (happiness and misery) cannot exist?"

"The serpent said, 'O king, if thou recognise him as a Brahmana by characteristics, then, O long-lived one, the distinction of caste becometh futile as long as conduct doth not come into play.'

"Yudhishthira said, 'In human society, O mighty and highly intelligent serpent, it is difficult to ascertain one's caste, because of promiscuous intercourse among the four orders. This is my opinion. Men belonging to all orders (promiscuously) beget offspring upon women of all the orders. And of men, speech, sexual intercourse, birth and death are common. And to this the Rishis have borne testimony by using as the beginning of a sacrifice such expressions as--of what caste so ever we may be, we celebrate the sacrifice. Therefore, those that are wise have asserted that character is the chief essential requisite. The natal ceremony of a person is performed before division of the umbilical cord. His mother then acts as its Savitri and his father officiates as priest. He is considered as a Sudra as long as he is not initiated in the Vedas. Doubts having arisen on this point, O prince; of serpents, Swayambhuba Manu has declared, that the mixed castes are to be regarded as better than the (other) classes, if having gone through the ceremonies of purification, the latter do not conform to the rules of good conduct, O excellent snake! Whosoever now conforms to the rules of pure and virtuous conduct, him have I, ere now, designated as a Brahmana.'

The serpent replied, 'O Yudhishthira, thou art acquainted with all that is fit to be known and having listened to thy words, how can I (now) eat up thy brother Vrikodara!"

(Swayambhuba Manu has declared, that the mixed castes are to be regarded as better than the other classes എന്നത് ശ്രദ്ധിച്ചോ? വർണ്ണസങ്കരം നല്ലതാണെന്നും അത് ആരോഗ്യമുള്ള സമൂഹത്തെയുണ്ടാക്കുമെന്നും ഇൻബ്രീഡിങ്ങ് മോശമാണെന്നുമുള്ള എല്ലാ സമൂഹങ്ങളിലും അറിയാമായിരുന്ന എന്നാൽ ജാതി വ്യവസ്ഥ നിരാകരിച്ചിരുന്ന അറിവല്ലേ അത്?)
ഭഗവത് ഗീത

ഇനി ഭഗവത് ഗീത. അതിൽ ജാതിവ്യവസ്ഥയൊക്കെ ഒരു പുല്ലുമല്ല നീ അടിയെടേ എന്നാണു പറഞ്ഞിരിയ്ക്കുന്നത്. ബ്രാഹ്മണരും പിന്നീട് അവരെ എതിർത്തവരും ഒരുപാട് കിടന്ന് ഉരുളുന്ന സ്ഥലമാണ് "ചാതുർവർണ്യം മയാ സൃഷ്ടം ഗുണ കർമ്മ വിഭാഗശ്ച" എന്ന വരി. അത് വളരെ വ്യക്തമാണ്.

ഭഗവത്ഗീത അർജ്ജുനന്റെ സംശയങ്ങൾക്കുള്ള മറുപടിയാണ്. അർജ്ജുനന്റെ ഏറ്റവും വലിയ കരച്ചിൽ ഇവിടെ യുദ്ധം നടന്നാൽ അവസാനം അനാർക്കി വരും കമ്പ്ലീറ്റ് വർണ്ണസങ്കരം ഉണ്ടാവും രാജ്യം നശിയ്ക്കും എന്നും.

ഇവിടെ വർണ്ണസങ്കരം ഒന്നും ഒരു ചുക്കുമല്ല, ചാതുർവർണ്യമൊക്കെ ഗുണത്തിനും കർമ്മത്തിനും അനുസരിച്ച് ഭഗവാൻ ഉണ്ടാക്കിവച്ചതാണ് നീയതിൽ വിഷമിയ്ക്കണ്ട, നീ നിന്റെ പണിയായ യുദ്ധം ചെയ്യുക എന്നാണ് കൃഷ്ണൻ പറഞ്ഞിരിയ്ക്കുന്നത്.

ബ്രാഹ്മണനായാലും സ്ത്രീയായാലും ശൂദ്രനായാലുമൊക്കെ സത്യം മനസ്സിലാക്കാൻ ആർക്കും ഒരു തടസ്സവുമില്ല എന്നാണ് ഭഗവത്ഗീത ആവർത്തിച്ച് പ്രഖ്യാപിയ്ക്കുന്നത്.

രാമായണം

രാമായണത്തിൽ (യേത് രാമായണമെന്ന് വേറേ ചോദിക്കണം) ശൂദ്രനായ ശംബൂകനെ രാമൻ വധിയ്ക്കുന്നുണ്ട്. നാട്ടിൽ ബാലമരണം ഉണ്ടായത് ശംബൂകൻ തപസ്സ് ചെയ്തത് കൊണ്ടാണെന്നും അത് കൊണ്ട് അദ്ദേഹത്തെ കൊല്ലുന്നുവെന്നുമാണ്. അതിനു രണ്ട് വിശദീകരണമുണ്ട്. ഉത്തരകാണ്ഡം ആകമാനം പ്രക്ഷിപ്തം (പിന്നീട് കൂട്ടിച്ചേർത്തത്) എന്നാണ് ആദ്യ വാദം. മിക്ക ഗവേഷകരും അംഗീകരിയ്ക്കുന്ന വാദവുമാണത്. എന്നാൽ എവിടെയൊക്കെ നമുക്ക് അംഗീകരിയ്ക്കാൻ പറ്റാത്ത കാര്യങ്ങളുണ്ടോ അവയെല്ലാം പ്രക്ഷിപ്തമാണെന്ന് പറയുന്നത് നല്ല സൗകര്യമാണല്ലോ ;-). വേറൊരു വാദം ശംബൂകന്റെ ജാതിയല്ല അദ്ദേഹത്തിന്റെ തപസ്സിന്റെ രീതി അതായത് മരത്തിൽ തലകീഴായിക്കിടന്നാണ് തപസ്സ്. അതും ഉടലോടെ സ്വർഗ്ഗത്ത് പോകുവാൻ. ആഭിചാരമായ ആ കുറ്റമാണ് വധിയ്ക്കുന്നതിനർഹനാക്കിയതെന്നാണ്.

ഉടലോടെ സ്വർഗ്ഗത്ത് പോകുവാൻ രാമന്റെ അപ്പൂപ്പൻ ത്രിശങ്കു ഉണ്ടാക്കിയ പുകിലൊന്നും മറന്ന് കൂട. അത്തരം ആഭിചാരക്രീയ ചെയ്തതിനും രാജ്യത്തിൽ ബാലമരണം സൃഷ്ടിച്ചതിനും രാമൻ അയാളെകൊന്നു എന്നും വാദം. ഈ ശംബുകവധം ഇന്നും ഇന്നലെയൊന്നുമല്ല മനുഷ്യരെ വിഷമിപ്പിയ്ക്കുന്നത്, ഉത്തരരാമചരിതത്തിൽ ഭവഭൂതി പോലും ആ കഥയെ ഒന്ന് വെളുപ്പിച്ചെടുത്ത് ശംബൂകനെ രാമന്റെ സുഹൃത്താക്കി മാറ്റി. ഇങ്ങനെയൊരു റേസിസ്റ്റാണു രാമൻ എന്ന് വേറേയൊരിടത്തും രാമായണത്തിൽ പറയുന്നുമില്ല. ഗുഹൻ എന്ന ഒരു കാട്ടാളൻ മുതൽ ശബരി വരെ രാമന്റെ അടുത്ത ആളുകളാണ്. ശൂദ്രൻ തപസ്സ് ചെയ്തതിനു കൊല്ലണമെങ്കിൽ ആദ്യം ശബരിയെ കൊല്ലണമല്ലോ. അങ്ങനെ ന്യായങ്ങൾ അനവധി പറയാം.

ഇവിടെ ഒരു കാര്യം പറയാതെ വയ്യ. രാമായണം ഒരു ആര്യ ദ്രാവിഡ യുദ്ധത്തിന്റെ കഥയല്ല. ആര്യൻ ദ്രാവിഡൻ എന്നൊക്കെയുള്ള വംശങ്ങൾ ഉണ്ടായിരുന്നു എന്നതിനു യാതൊരു തെളിവുമില്ല. ഞങ്ങൾ സായിപ്പന്മാരുടെ പിന്മുറക്കാരാണ് എന്ന് പൊങ്ങച്ചം പറയുന്ന സവർണ്ണരും ദ്രാവിഡമുന്നേറ്റം എന്ന് പറഞ്ഞ് ഇലക്ഷനു വോട്ടുകിട്ടാൻ ചില രാഷ്ട്രീയക്കാരും നടത്തുന്ന പീക്കാബൂ ആണീ ആര്യ ദ്രാവിഡ മിത്ത്. ആ പ്രൊപ്പഗാണ്ടയുടെ കള്ളത്തരം മനസ്സിലാകണമെങ്കിൽ ഒരുപാട് എഴുതണം.

ഇനി അദ്ധ്യാത്മരാമായണമായാലോ? ശൂദ്രനായ എഴുത്തച്ഛന്റെ രാമായണം തന്നെ നോക്കാം. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ എഴുത്തച്ഛൻ പറയുന്നത്

    ജാതിനിന്ദിതൻ പരസ്‌ത്രീധനഹാരി പാപി
    മാതൃഘാതകൻ പിതൃഘാതകൻ ബ്രഹ്‌മഹന്താ
    യോഗിവൃന്ദാപകാരി സുവർണ്ണസ്തേയി ദുഷ്ടൻ
    ലോകനിന്ദിതനേറ്റമെങ്കിലുമവൻ ഭക്ത്യാ
    രാമനാമത്തെജ്ജപിച്ചീടുകിൽ ദേവകളാ-
    ലാമോദപൂർവം പൂജ്യനായ്‌വരുമത്രയല്ല
    യോഗീന്ദ്രന്മാരാൽപ്പോലുമലഭ്യമായ വിഷ്ണു-
    ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും.

കൂടുതൽ പറയേണ്ടല്ലോ. നല്ല വ്യക്തമായ മലയാളമാണ്. അതായത് ഐസിസിലിലുള്ളവനായാലും ഭക്ത്യാ രാമനാമം ജപിച്ചാൽ പണി കിട്ടും എന്നാണ് എഴുത്തച്ഛന്റെ മതം. രാമൻ ആരാണെന്നും കഥ എന്താണെന്നും വ്യക്തമായി എഴുത്തച്ഛൻ പറയുന്നുണ്ട്. അത് വേറെ വിശദമായി എഴുതണം.രാമജന്മഭൂമിയൊക്കെ ആ നിമിഷം നിൽക്കും. (വേണമെന്നുള്ളവർക്ക്. പരമതദ്വേഷം സ്വഭാവമായിപ്പോയാൽ പിന്നൊരു രക്ഷയുമില്ല. ഒരുപാട് കഷ്ടപ്പെടണം.)

മനുസ്മൃതിയും പ്രൊപ്പഗാണ്ടയും

ഇനി നമ്മൾ മനുസ്മൃതിയിലേക്ക് വരികയാണ്. ശുദ്ധപോക്രിത്തരം എഴുതി വച്ചിരിയ്ക്കുന്ന പുസ്തകമാണത്. മനുസ്മൃതിയോടെ CE രണ്ടൂമുതൽ അഞ്ചു വരെയുള്ള നൂറ്റാണ്ടൂകളിൽ  ഈ സാംസ്കാരിക ഭൂപടത്തിൽ നടന്ന വലിയൊരു ഗൂഡാലോചനയേയും മനപ്പൂർവം ചരിത്രവും രേഖകളും സൃഷ്ടിക്കപ്പെട്ടതിന്റേയും കഥകൾ ചരിത്രകാരന്മാർ ഇന്ന് വരെ മനസ്സിലാക്കിയിട്ടില്ല. ഈ സമയത്താണ് ഇൻഡ്യയിലാകമാനം ബ്രാഹ്മണരെ കൂടിയ ജാതിയായും ബാക്കിയുള്ളവർ പ്രത്യേകിച്ച് ശൂദ്രരും അതിൽത്താഴെയുള്ളവരും കുറഞ്ഞതുമാണെന്ന കൊടും പ്രചാരണങ്ങൾ നടന്നത്.

കേരളമാഹാത്മ്യം, കേരളോൽപ്പത്തി തുടങ്ങിയ പ്രൊപ്പഗാണ്ട ഗ്രന്ധങ്ങളെല്ലാം രചിച്ചത് ഏതാണ്ട് ആ സമയത്താണ്. അതിനു മുന്നേ കാലത്ത് സമൂഹത്തിൽ വളരെ ഉയർന്ന സ്ഥാനമുണ്ടായിരുന്ന പുലയനും പറയനും സ്ത്രീയും ഒക്കെ (പല സ്ഥലങ്ങളിലും പ്രമുഖ പൂജാരിമാരും സ്ത്രീകളായിരുന്നു. പ്രമുഖ സന്യാസിനിമാരും സ്ത്രീകളായിരുന്നു) അന്യവൽക്കരിക്കപ്പെട്ടത് ഈ സമയത്താണ്. ഓണം എന്ന ഒരു ആഘോഷം മഹാബലി എന്നൊരു കള്ളക്കഥയുടെ തേരിലേറി വന്നതും ആ സമയത്താണ് എന്നത് ആശ്ചര്യമല്ലേ. തൃക്കാക്കരയപ്പനും ഓണവും മഹാബലിയെ ചവുട്ടിത്താഴ്ത്തിയ കഥയുമൊക്കെ ഈ സമയത്തിനടുപ്പിച്ചാണ് ഉണ്ടായത്. അതിൽ മഹാബലിയെപ്പറ്റി അൽപ്പം കൂടുതൽ പറയണം.

മഹാബലിയുടെ കഥ ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ട്. അതിൽ അങ്ങേരെ ചവുട്ടിത്താഴ്ത്തിയ ആര്യൻ ദൈവത്തിന്റെ കഥയല്ല. ഭക്തന്റെ ബ്രഹ്മനിഷ്ഠയെ പരീക്ഷിച്ചശേഷം സ്വർഗ്ഗത്തേക്കാൾ ഉപരിയായ സുതലം നൽകി അനുഗ്രഹിച്ച എന്നും അയാളുടെ ദാസനായി അവിടെ വിളിപ്പുറത്ത് നിൽക്കും എന്ന് അനുഗ്രഹം നൽകുന്ന ഒരു രൂപത്തിന്റെ കഥയാണ് ഭാഗവതത്തിൽ പറഞ്ഞിരിയ്ക്കുന്നത്. ഭാഗവതത്തിലെ മിക്ക കഥകളും സിംബോളിക് ആയതിനാൽ ഈ കഥയെപ്പറ്റി ആ നിലയിലും വളരെ പഠനങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അതിൽ മഹാബലിയെ ചവിട്ടിത്താഴ്ത്തി ജയിച്ച് പോകുന്ന ഒരു വാമനനല്ല. ആ കഥയെ ഇന്നത്തെ ഓണക്കഥയാക്കി മാറ്റിയതിൽ ഒരു കേന്ദ്രീകൃതമായ പ്രൊപ്പഗാണ്ടാ മെഷീൻ പണിയെടുത്തിട്ടുണ്ട്.

 ഈ കേന്ദ്രീകൃതമായ പ്രൊപ്പഗാണ്ടാ മെഷീൻ എന്ന ഒരു വാദമാണ് ഇവിടെ എനിയ്ക്ക് സ്വന്തമായി പറയാനുള്ളത്. മനുസ്മൃതിയും കേരളമാഹാത്മ്യവും മറ്റു സ്മൃതികളും ജാതി ഭ്രാന്തിനെ ഉണ്ടാക്കിയ സ്ക്രിപ്ചേഴ്സുമെല്ലാം ഒറ്റ പ്രൊപ്പഗാണ്ടാ മെഷീനിൽ നിന്ന് വന്നതായിരിയ്ക്കണം. അന്യോന്യം എന്നൊക്കെപ്പോലെയുള്ള ബ്രാഹ്മണരുടെ കളക്റ്റീവ് ആയുള്ള കോൺഫറൻസുകൾ ഇവയൊക്കെ ചമയ്ക്കാനും പ്രചരിപ്പിയ്ക്കാനും ഉപയോഗിച്ചിരിയ്ക്കാം. ഇത് സംഭവിയ്ക്കുന്നത് ഏതാണ്ട് ഒരേ കാലത്താണെന്നതും, ഈ പ്രൊപ്പഗാണ്ടയ്ക്കെല്ലാം കേന്ദ്രീകൃതമായ സ്വഭാവമുണ്ടെന്നതും ഇതിന്റെ തെളിവാണ്. ചുമ്മാ ഓരോരുത്തർ പരസ്പരം പരിചയമില്ലാതെയിരുന്ന് ഇങ്ങനെ കൃത്യമായി സോഷ്യൽ എഞ്ചിനീയറിങ്ങ് ചെയ്യുക അസാധ്യമാണ്. യൂറോപ്പിൽ കൃസ്തുമതം പേഗൻ ആചാരങ്ങളെ എങ്ങനെ തങ്ങളുടേതാക്കി മാറ്റിയോ (മഹാബലി കഥ ഓണത്തിനെന്ന പോലെ തന്നെയാണ് കൃസ്തുമസ്സ് കൃസ്തുവിന്റെ ജന്മദിനവും ഈസ്റ്റർ ഉയർത്തെഴുനേൽപ്പുമാകുന്നത്) അതേ പോലെ കൃത്യമായും കണിശമായും നടത്തിയ ഒരു ഐഡിയോളജിക്കൽ യുദ്ധം.

 ആദിശങ്കരാചാര്യർ

ഇതിനു ശേഷമാണ് ആദിശങ്കരാചാര്യർ വരുന്നത്. മാണ്ഡൂക്യകാരിക എഴുതിയ ഗൗഡപാദാചാര്യരുടെ സ്കൂളാണ് ശങ്കരന്റെ മതം. പക്ഷേ അപ്പോഴേയ്ക്കും ജാതിവ്യവസ്ഥ മതപരമായി പഠിപ്പിച്ചു കഴിഞ്ഞിരുന്നു. നാസി ജർമ്മനിയിൽ യൂജനിക്സും വംശശുദ്ധിയും ശാസ്ത്രീയമായി പഠിപ്പിച്ചതു പോലെ, അല്ലെങ്കിൽ ഇന്നത്തെ യൂണിവേഴ്സിറ്റികളിൽ മാർക്സിന്റെ മണ്ടത്തരങ്ങളും ഹെഗലിയൻ ഡൈലക്റ്റിക്സും ഫിലോസഫി എന്ന പേരിൽ പഠിപ്പിയ്ക്കുന്ന പോലെ അക്കാഡമിയയുടെ ഭാഗമായി ജാതിവ്യവസ്ഥ മാറിയിരുന്നു.

ശങ്കരനും ബ്രഹ്മസൂത്രഭാഷ്യവും


ശങ്കരൻ ആദ്യം ഭാഷ്യങ്ങൾ എഴുതുകയായിരുന്നു. ഉപനിഷത്തുക്കൾക്കും ഭഗവത്ഗീതയ്ക്കും ബ്രഹ്മസൂത്രങ്ങൾക്കും ഭാഷ്യങ്ങൾ. ഈ ഉപനിഷത്തുക്കൾ, ഭഗവത് ഗീത, ബ്രഹ്മസൂത്രങ്ങൾ എന്നിവയ്ക്ക് ഒരു പൊതു ഘടകം ഉണ്ട്. അന്നുവരെ നിലവിലിരുന്ന മതസംഹിതകളിൽ തത്വശാസ്ത്രപരം എന്ന് പറയാവുന്നത് ഇത് മൂന്നുമാണ്. ബാക്കിയൊക്കെ ആചാരങ്ങളാണ്. യജ്ഞങ്ങൾ, മന്ത്രവാദം, ഒക്കെ ആചാരങ്ങളും ഉപനിഷത്തുക്കൾ തത്വശാസ്ത്രവുമാണ്. വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം തത്വശാസ്ത്രവും പാർലമെന്ററി ജനാധിപത്യം അടവു നയവും പോലെ.

ബ്രഹ്മസൂത്രം എന്നത് അതിലും രസമാണ്. അവ സൂത്രങ്ങളാണ്. എന്തിനുള്ള സൂത്രങ്ങൾ? ബ്രഹ്മത്തെപ്പറ്റി ഉള്ള സൂത്രങ്ങൾ. സൂത്രമെന്നാൽ ഫോർമുല എന്നാണർത്ഥം. അന്ന് എഴുതി വയ്ക്കുന്ന ശീലം കുറവായതിനാൽ ബ്രഹ്മത്തെപ്പറ്റിയുള്ള അറിവ് എളുപ്പം ഓർക്കാൻ സൂത്ര രൂപത്തിൽ എന്നേ അർത്ഥമുള്ളൂ ബ്രഹ്മസൂത്രത്തിനു.

ആരാണ് ഇത് സൂത്ര രൂപത്തിലാക്കി പഠിപ്പിച്ചത്? ബാദരായണവ്യാസൻ ആണെന്നാണു പ്രശസ്തി. സൂത്രമെന്നാൽ ആകെ ഒന്നോ രണ്ടോ വാക്കുകളേ ഉണ്ടാവൂ. 'അഥാതോ ബ്രഹ്മജിജ്ഞാസ' എന്നതാണ് ആദ്യ സൂത്രം അങ്ങനെ 555 സൂത്രങ്ങൾ. തത്വശാസ്ത്രപരമായ കാര്യങ്ങൾ മാത്രമാണ് പറയുന്നുണ്ടെങ്കിലും അപശൂദ്രാധികരണം എന്ന നാലു സൂത്രങ്ങളാണ് അതിൽ ആകെ ശൂദ്രൻ വിദ്യയ്ക്ക് അധികാരിയല്ല എന്ന് പറയുന്നത്.ശൂദ്രനു മാത്രമല്ല അതിനു മുന്നത്തെ നാലു സൂത്രം ദേവതാധികരണം, ദേവന്മാർക്കും വിദ്യയ്ക്ക് അധികാരമില്ല എന്ന് പറയുന്നു. രസമെന്തെന്നാൽ ആകെ ഈ എട്ടെണ്ണം മാത്രമേ ഫിലോസഫിക്കലല്ലാതെ എന്തെങ്കിലും അധികാരഭേദങ്ങളോ പൊളിറ്റിക്സോ പറയുന്ന സൂത്രങ്ങൾ ഉള്ളൂ.

ആ നാലു സൂക്തങ്ങൾ ബാക്കിയുള്ള ബ്രഹ്മസൂത്രങ്ങൾക്ക് ചേരാതെ മുഴച്ച് നിൽക്കുന്നത് വ്യക്തമായി അത് വായിയ്ക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. പക്ഷേ അത് വീണ്ടും നമ്മുടെ, ഇപ്പൊ ഇത് മോശമായോണ്ട് അത് പ്രക്ഷിപ്തം എന്ന് പറയുന്നതാണെന്ന വാദത്തിൽ വരും.

ശങ്കരാചാര്യർ വളരെ വിശദമായി ഇതിനെ വ്യാഖ്യാനിച്ചിട്ടുമുണ്ട്. പക്ഷേ ശങ്കരൻ ഒരു പടി കൂടി കടന്ന് ഇതിനെ മനുസ്മൃതിയേയും മറ്റും കോട്ട് ചെയ്ത് വ്യാഖ്യനിച്ച് തകർത്തിരിയ്ക്കുന്നു. മനുവിന്റെ നിയമം ശങ്കരാചാര്യർ ആവർത്തിയ്ക്കുന്നു. നേരത്തേ നമ്മൾ ചർച്ച ചെയ്ത ജാനശ്രുതി പൗത്രായണന്റെ കഥയൊക്കെ പറഞ്ഞിട്ടുണ്ട്.

മനീഷാ പഞ്ചകം

ഭാഷ്യങ്ങൾ എഴുതിക്കഴിഞ്ഞ് കാശിയിൽ താമസിയ്ക്കുമ്പോഴാണ് ശങ്കരാചാര്യർക്ക് അദ്വൈതികൾ പറയുന്ന അപരോക്ഷാനുഭൂതി എന്ന അവസ്ഥയിൽ എത്തിച്ചേരാൻ കാരണമായ കഥ നടക്കുന്നത്. ശങ്കരാചാര്യർക്ക് ഒരുവിധം എല്ലാം മനസ്സിലായെന്നും എന്നാൽ ജാതിഭ്രാന്ത് അദ്ദേഹത്തിൽ മുഴുവനായും മാറിയിട്ടില്ലെന്നും മനസ്സിലായ പരമശിവൻ (മാറിയിട്ടില്ല എന്ന് അദ്ദേഹം മുൻപെഴുതിയ ഭാഷ്യങ്ങൾ തെളിവല്ലേ) ഒരു ചണ്ഡാലന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ചണ്ഡാളനോട് വഴിമാറിപ്പോകാൻ പറഞ്ഞ ശങ്കരാചാര്യരോട്,

"യതിവര്യാ, ഭക്ഷണം കൊണ്ട് ഉണ്ടാക്കിയ ഒരു ശരീരം ഭക്ഷണത്താൽ തന്നെ ഉണ്ടാക്കിയ മറ്റൊരു ശരീരത്തിൽ നിന്നാണോ, അതോ എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന ബോധം ബോധത്തിൽ നിന്നാണോ? ഏത് ഏതിൽനിന്നാണു മാറേണ്ടത്?" എന്ന് ചോദ്യം ചെയ്യുന്നു.

ആ നിമിഷം തന്നെ പൂർണ്ണ ബോധോദയമുണ്ടായ ആചാര്യൻ മനീഷാ പഞ്ചകം എന്ന പ്രശസ്തമായ പദ്യം രചിച്ച് ഇങ്ങനെ പാടി

"ഉണർവിലും സ്വപ്നത്തിലും സുഷുപ്തിയിലും സ്ഫുടമായി എന്താണോ തെളിഞ്ഞിരിയ്ക്കുന്നത്,

ബ്രഹ്മാവു മുതൽ ഉറുമ്പു വരെയുള്ള ശരീരങ്ങൾ പ്രപഞ്ചത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് എന്തിനാലാണോ കോർത്തിണക്കപ്പെട്ടിരിയ്ക്കുന്നത്,
അത് തന്നെയാണ് "ഞാൻ" ഇക്കാണുന്ന വസ്തുക്കളൊന്നും തന്നെയല്ല,

ഇതുപ്രകാരമുള്ള ഉറപ്പായ അറിവെങ്കിലും ഒരാൾക്കുണ്ടെങ്കിൽ അയാൾ ചണ്ഡാളനായിക്കൊള്ളട്ടേ ബ്രാഹ്മണനായിക്കൊള്ളട്ടേ എന്റെ ഗുരുവാണ്. ഇതെന്റെ ഉറച്ച ബുദ്ധിയാണ് "

പുള്ളിയെ അപശൂദ്രാധികരണം മനുസ്മൃതി വച്ച് വ്യാഖ്യാനിച്ചതിനു നമുക്ക് വിട്ടുകളയാവുന്നതേ ഉള്ളൂ അല്ലേ. :-) ഇതിനാണ് ഭഗവാൻ തന്നെ  പണികൊടുക്കും എന്ന് പറയുന്നത്.



(ആദി ശങ്കരാചാര്യർ സിനിമയിലെ രംഗം. സംവിധാനം: ജീ വീ അയ്യർ)

വ്യാസനും പറയനും

ഇനി ഇതൊക്കെ എഴുതിയതായി പറയുന്ന വ്യാസൻ ആരാണ്? സത്യവതി എന്ന ഒരു മുക്കുവത്തിയുടെ മകൻ. അദ്ദേഹത്തിന്റെ അച്ഛനായ പരാശരമുനിയോ അദൃശ്യന്തി എന്ന ഒരു പറയിയുടെ മകൻ. വേദവ്യാസൻ എന്ന മുക്കുവത്തിയുടെ മകൻ, പറയിയുടെ ചെറുമകൻ വേദങ്ങളെ പകുത്തു, മഹാഭാരതവും ഭഗവത്ഗീതയും എഴുതി, ഭാഗവതം രചിച്ചു, ബ്രഹ്മസൂത്രവും അദ്ദേഹത്തിന്റെ രചനയാണ്. എന്നിട്ട് ആ ബ്രഹ്മസൂത്രത്തിൽ ഈ ഭാഗവതത്തിലും മഹാഭാരതത്തിലും വേദങ്ങളിലും ഒന്നുമില്ലാത്ത നാല് അപശൂദ്രാധികരണം ശൂദ്രനായ അദ്ദേഹം തന്നെ എഴുതി വച്ചെന്ന് പറഞ്ഞാൽ?

നാരായണഗുരു

ഇവിടെ ഒരു മഹാമുനിയുണ്ടായിരുന്നു. നാരായണഗുരു എന്ന പേരിൽ. വ്യാസഭഗവാനും ശങ്കരാചാര്യരും എഴുതിയതിനൊപ്പം ഗരിമയുള്ള മതമായിരുന്നു അദ്ദേഹത്തിന്റേത്. മലയാളത്തിൽ പോരെങ്കിൽ സംസ്കൃതത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.

അതായത് പശുവിനു പശുവിന്റെ ജാതി എന്ന പോലെ മനുഷ്യനു മനുഷ്യത്തമാണു ജാതി. ബ്രാഹ്മണർ തുടങ്ങിയ ജാതിയൊക്കെ യാതൊരു യുക്തിയുമില്ലാത്തതാണ്. ആരും അതറിയുന്നില്ല.

ക്ഷത്രിയനായിരുന്ന വിശ്വാമിത്രൻ രാജ്യം വെടിഞ്ഞ് അതിഘോരമായ തപസ്സുചെയ്ത്  സകല ദിവ്യശക്തികളും സംഭരിച്ചിട്ടും വിശ്വാമിത്രൻ ബ്രഹ്മർഷിയാണെന്നു വസിഷ്ഠൻ സമ്മതിക്കാഞ്ഞതിനെക്കുറിച്ച് ഗുരു ഒരിയ്ക്കൽ പറഞ്ഞു.

“വസിഷ്ടൻ ബ്രാഹ്മണനും വിശ്വാമിത്രൻ ക്ഷത്രിയനുമാണ്.ബ്രാഹ്മണനും ക്ഷത്രിയനും തമ്മിൽ ഒരംഗുലത്തിന്റെ വ്യത്യാസമേയുള്ളൂ.അത്ര അടുത്തു നിൽക്കുന്ന ക്ഷത്രിയൻ ബ്രാഹ്മണനാവാൻ ശ്രമിച്ചിട്ടുണ്ടായ പാടാണത്.ആ സ്ഥിതിയ്ക്ക് എത്രയോ ദണ്ഡ് അകലെക്കിടക്കുന്ന മറ്റു ജാതിക്കാർ ബ്രാഹ്മണ്യത്തിനു ശ്രമിച്ചാലുള്ള കഥ എന്തായിരിയ്ക്കും” .

ഹിന്ദുമതത്തിലിരുന്നാൽ ആ ദണ്ഡ് അവിടെത്തന്നെ കാണുമെന്ന് മനസ്സിലാക്കിയാണ് ബാബാസാഹിബ് ബുദ്ധമതത്തിലേക്ക് മാറാൻ ദളിതരോട് ആഹ്വാനം ചെയ്തത്.  ഒരു മതം ഉണ്ടാവണമെന്ന് നിർബന്ധമെങ്കിൽ അതിനേക്കാൾ നല്ലൊരു മാർഗ്ഗമില്ല. ഇന്നത്തെ ഹിന്ദുമതത്തിൽ ദളിതരായി ജീവിയ്ക്കുന്നതിലും എത്രയോ നല്ലതാണ് ബുദ്ധമതക്കാരാവുന്നത്.(മനോജ് ബ്രൈറ്റ് അതിനെ പൊളിച്ച് വച്ചിട്ടുണ്ട് . തൽക്കാലം അദ്ദേഹത്തെ ഇഗ്നോർ ചെയ്യുക :-))


സഹോദരൻ
ഇതെഴുതുമ്പൊ സഹോദരൻ അയ്യപ്പനും ശ്രീ നാരായണഗുരുവുമായുള്ള ഒരു സംഭാഷണം വായിച്ചതാണ് ഓർമ്മ വരുന്നത്. അതിവിടെ ചേർക്കാം.

സ്വാമി: അയ്യപ്പാ, ഡോക്ടർ മതം മാറണമെന്ന് പറയുന്നല്ലോ?

(ഡോക്ടർ എന്നത് ഡോക്ടർ പൽ‌പ്പുവിനെ ഉദ്ദേശിച്ചാണ്. ഈഴവർ ബുദ്ധമതം സ്വീകരിയ്ക്കണമെന്ന് ഡോക്ടർ പൽ‌പ്പു ആ സമയത്ത് വാദിച്ചിരുന്നു..).

സഹോദരൻ: മതം മാറണമെന്ന് ചിലർക്കെല്ലാം അഭിപ്രായമുണ്ട്.

സ്വാമി:മനുഷ്യൻ നന്നായാൽ പോരായോ? മതം മാറ്റം അതല്ലേ? അല്ലാതുള്ള മാറ്റമാണോ എല്ലാവരും പറയുന്നത്?

സഹോദരൻ:മനുഷ്യൻ നന്നാവാനുള്ള മാർഗ്ഗങ്ങൾ അധികം കാണുന്നത് ബുദ്ധമതത്തിലാണ്.

സ്വാമി: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യന്മാരാണോ? മത്സ്യം തിന്നുന്നവരും, കള്ളുകുടിയ്ക്കുന്നവരും, അസമത്വമാചരിയ്ക്കുന്നവരും ധാരാളമുണ്ടെന്ന് നാമറിയുന്നു.

സഹോദരൻ:ഇപ്പോഴുള്ള ബുദ്ധമതക്കാരിൽ നല്ലവർ വളരെക്കുറയും എന്നുവേണം പറയാൻ.

സ്വാമി:അങ്ങനെയാണോ? നാമും അത് കേട്ടു. ബുദ്ധസന്യാസിമാർ കിട്ടുന്നതെല്ലാം ഭക്ഷിയ്ക്കണം.മാംസമായാലുംതിന്നും. കൊടുക്കുന്നതൊന്നും വേണ്ടെന്ന് പറയാൻ പാടില്ല. ഇല്ലേ? അങ്ങനെ മാംസത്തിനു രുചിപിടിച്ച് അത്യധികം ഇഷ്ടമാകും. ആളുകൾ ഇഷ്ടം നോക്കി മാംസം തന്നെ കൊടുക്കും ഇതു നല്ലതാണോ?

സഹോദരൻ: ഇടക്കാലത്തു ബുദ്ധമതവും ദുഷിച്ചു. എങ്കിലും മനുഷ്യൻ നന്നാവാൻ ബുദ്ധന്റെ ഉപദേശങ്ങളോളം നല്ല ഉപദേശമില്ല.

സ്വാമി:കൃസ്തുവിന്റെ ഉപദേശം നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ. ആ മതക്കാരിൽ‌പ്പെട്ട എല്ലാവരും യോഗ്യന്മാരാണോ? അപ്പോൾ മതമേതായാലും മനുഷ്യൻ നന്നാവാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കണം. അല്ലെങ്കിൽ അധഃപതിയ്ക്കും. പ്രവൃത്തി ശുദ്ധമായിരിയ്ക്കണം. വാക്കും വിചാരവും ശുദ്ധമായിരിയ്ക്കണം.ഈ മൂന്നുവിധത്തിലും തെറ്റുകൾ വരരുത്.തെറ്റുകൾ വന്നശേഷം , ഹേ! തെറ്റിപ്പോയല്ലോ എന്നു തിരിത്താൻ സംഗതി വരാത്തവണ്ണം മനസ്സ് ശുദ്ധമായിരിയ്ക്കണം. അതാണ് ജീവന്മുക്താവസ്ഥ.

സഹോദരൻ:ബുദ്ധമതക്കാർ അതിനു നിർവ്വാണം എന്നു പറയുന്നു.

സ്വാമി:ആയിരിയ്ക്കാം. ജാതി മനുഷ്യരിൽ കയറി മൂത്തുപോയി.ശങ്കരാചാര്യരും അതിൽ തെറ്റുകാരനാണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസൻ തന്നെ ചാതുർവർണ്യത്തെക്കുറിച്ച് രണ്ടിടത്തു രണ്ടുവിധം പറഞ്ഞിരിയ്ക്കുന്നു. ജാതി കളയണം. അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരു സമുദായമാണല്ലോ. ആ നില വരത്തക്കവണ്ണം ജാതിയെ ഉപേക്ഷിയ്ക്കണം. മതം മാറ്റത്തെപ്പറ്റി കുമാരനാശാന്റെ അഭിപ്രായമെന്താണ്? .
സഹോദരൻ: സ്വാമി തൃപ്പാദങ്ങളുടെ അഭിപ്രായമറിയാതെ മതം മാറുന്നത് സ്വാമിയെ പ്രത്യക്ഷത്തിൽ അവഗണിയ്ക്കുന്നതായിരിയ്ക്കുമെന്നാണു ആശാന്റെ അഭിപ്രായം.

സ്വാമി:അങ്ങനെയാണൊ?

സഹോദരൻ: ഈ സംഗതിയിൽ സ്വാമിയുടെ അഭിപ്രായം പ്രത്യേകം അറിയണമെന്നാണ് ആശാൻ പറയുന്നത്.

സ്വാമി:നമ്മുടെ അഭിപ്രായം ഇതുവരെ അറിഞ്ഞിട്ടില്ലേ? അയ്യപ്പനറിയാമോ നമ്മുടെ അഭിപ്രായം? .

സഹോദരൻ: അറിയാം. തൃപ്പാദങ്ങൾക്ക് ഒരു മതത്തോടും വെറുപ്പില്ല.മനുഷ്യന്റെ മതം , വേഷം, ഭാഷ, മുതലായവ എങ്ങനെയിരുന്നാലും അവർ തമ്മിൽ ഒരു സമുദായമായി കഴിയണമെന്നാണ് സ്വാമിയുടെ അഭിപ്രായമെന്നറിയാം.

സ്വാമി:അതാണ് നമ്മുടെ അഭിപ്രായം.മതം എന്നുവച്ചാൽ അഭിപ്രായം. അതേതായാലും മനുഷ്യനു ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. അതാണു വേണ്ടത്. അതു സാധിയ്ക്കും. നിശ്ചയമായും സാധിയ്ക്കും. സത്യവ്രതനെ നോക്ക്. സത്യവ്രതനു അശേഷം ജാതിയില്ല. ഉണ്ടോ?

സഹോദരൻ:സത്യവ്രതസ്വാമികൾക്ക് അശേഷം ജാതിയില്ല
(ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സത്യവ്രതസ്വാമികൾ നായർ സമുദായത്തിൽ ജനിച്ചയാളായിരുന്നു).

സ്വാമി: നമുക്കാർക്കും അത്രയ്ക്ക് ജാതി പോയിട്ടില്ലെന്നു തോന്നുന്നു.ബുദ്ധനു കൂടി ഇത്രയ്ക്കു ജാതിപോയിരുന്നോ എന്ന് സംശയമാണ്. സത്യവ്രതൻ അത്ര വ്യത്യാസമില്ലാത്ത ആളാണ്.അങ്ങനെ ജീവിയ്ക്കാമല്ലോ. ഹിന്ദുമതത്തിനു എന്താണു കുറ്റം. ആര്യസമാജക്കാരും ബ്രഹ്മസമാജക്കാരും ഹിന്ദുക്കളാണല്ലോ. അവർക്ക് ജാതിയില്ലല്ലോ?

സഹോദരൻ:അവർ ഹിന്ദുക്കളല്ല. അവരുടെ സംഘത്തിൽ ആളുകൾ അധികപ്പെടാനായി അവർ ഹിന്ദുക്കളെന്ന് പറയുകയാണ്.ആര്യസമാജക്കാർ വേദങ്ങളെ സ്വീകരിയ്ക്കുന്നു. പക്ഷേ അതിനും അവർ വേറേ വ്യഖ്യാനം കൊടുത്താണു പ്രമാണമാക്കുന്നത്.

സ്വാമി:അങ്ങനെയാണൊ?

സഹോദരൻ:തീയർ മതം മാറുന്നു എന്ന് കേട്ട് സ്വാമിയോട് മറ്റുള്ളവർക്കെല്ലാം വലിയ ബഹുമാനമായിരിയ്ക്കുകയാണ്.

സ്വാമി:(ചിരിച്ചുകൊണ്ട്) അതുകൊള്ളാം. ബഹുമാനമുണ്ടാകുമല്ലോ.

സഹോദരൻ:അവർ ചോദിയ്ക്കുന്നു. എന്തിനു മതം മാറുന്നു. ? നമുക്ക് ശ്രീനാരായണ മതം പോരയോ എന്ന്. എന്നാൽ നിങ്ങൾ ശ്രീനാരായണമതം സ്വീകരിയ്ക്കിൻ എന്ന് പറഞ്ഞിട്ട് അവർക്കത്ര ഇഷ്ടമാകുന്നുമില്ല.

സ്വാമി:അതെന്തിന്? അവരവർക്ക് ഇഷ്ടമുള്ള മതം സ്വീകരിയ്ക്കാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ? മതം ഏതുമാകട്ടെ.

സഹോദരൻ: സ്വാമിയുടെ മുമ്പേയുള്ള അഭിപ്രായം എന്താണ്?

സ്വാമി:നമുക്കിപ്പോഴുള്ള അഭിപ്രായവും അതുതന്നെ. മതം മാറണാമെന്നു തോന്നിയാൽ ഉടനേ മാറണം. അതിന്നു സ്വാതന്ത്ര്യം വേണം. മതം ഓരോരുത്തരുടെ ഇഷ്ടം പോലെയായിരിയ്ക്കും.അച്ഛന്റെ മതമല്ലായിരിയ്ക്കാം മകനിഷ്ടം. മനുഷ്യനു മതസ്വാതന്ത്ര്യം വേണ്ടതാണ്. അതാണു നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ?

സഹോദരൻ:പറയുന്നുണ്ട്. ഞാൻ ഈയിടെ ഒരാധാരത്തിൽ ‘ബുദ്ധമതം‘ എന്നു ചേർത്തു.

സ്വാമി:(ചിരിച്ചുകൊണ്ട്) ജാതി എഴുതിയില്ല അല്ലേ. അതുകൊള്ളാം. ജാതി വരരുത്. ഒരിടത്തും ജാതി ഉണ്ടായിരിയ്ക്കരുത്. മനുഷ്യൻ ഒരു ജാതിയായി ജീവിയ്ക്കണം. ഈ അഭിപ്രായം എല്ലായിടത്തും പരക്കണം.അതിരിയ്ക്കട്ടെ. മതം മാറണമെന്ന് പറയുന്നവർ ഹിന്ദു മതത്തിന് എന്തു ദൂഷ്യമാണ് പറയുന്നത്?

ഒരു ശിഷ്യൻ: ഹിന്ദുമത സാഹിത്യം ദുഷിച്ചതാണെന്നു പറയുന്നു.വേദവും ഗീതയുമെല്ലാം ജന്തുബലിയും ബഹുദൈവാരാധനയും ജാതിയും ഉപദേശിയ്ക്കുന്നുണ്ടെന്ന് പറയുന്നു.

സ്വാമി:വേദം അങ്ങനെയായിരിയ്ക്കാം. എന്നാലും അവയിൽ കൊള്ളാവുന്ന തത്വങ്ങൾ കാണാം. മതസാഹിത്യം നല്ലതായിട്ടുള്ള മതം അനുഷ്ഠിയ്ക്കുന്നവരുടെ ആചാരവും നല്ലതല്ലല്ലോ. അപ്പോൾ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യൻ ദുഷിച്ചാൽ ഫലമില്ല. മനുഷ്യൻ നന്നാവണം. പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം. അതാണാവശ്യം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി. അതാണ് നമ്മുടെ അഭിപ്രായം.

(എം കേ സാനു, നാരായണഗുരുസ്വാമി, എച് &സി ബുക്ക്സ്, പുറം 270-272)

ആകാശവും നക്ഷത്രങ്ങളും...

ഒരിയ്ക്കൽ  സിലോണിലെ വിജ്ഞാനോദയം സഭക്കാർ ഏകദേശം അയ്യായിരം രൂപവരുന്ന ഭൂമി സ്വാമിയ്ക്ക് ദാനം ചെയ്തെന്ന ആധാരം കാൽക്കൽ വച്ച് അത് സദയം സ്വീകരിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.

"എന്താണിത് നമുക്ക് ഭൂമിയോ?”

“ഉവ്വ് ഞങ്ങളുടെ ആദരവിന്റെ സൂചനയായി സ്വാമി ഇത് സ്വീകരിയ്ക്കണം”
“നമുക്ക് ഭൂമി ആവശ്യമില്ലല്ലോ.അതുകൊണ്ട് നമുക്കെന്താണൊരു പ്രയോജനം. ? നാം ലോകമടയനാണ്. ഇത് വല്ലവർക്കും നൽകാനല്ലാതെ ഉപയോഗിയ്ക്കാനുള്ള വഴി നമുക്കറിഞ്ഞുകൂടല്ലോ".

ഇത്രയും പറഞ്ഞിട്ട് സ്വാമി പുഞ്ചിരിയോടെ തുടർന്നു.
“ആകാശവും നക്ഷത്രങ്ങളും നമുക്കെഴുതി രജിസ്ട്രാക്കിത്തരാൻ നിങ്ങൾക്കു കഴിയുമോ? എങ്കിൽ കൊള്ളാം. അതേക്കുറിച്ച് അവകാശത്തർക്കങ്ങളൊന്നും ഉണ്ടാവുകയുമില്ലല്ലോ"

ആകാശവും നക്ഷത്രങ്ങളും....

ആകാശവും നക്ഷത്രങ്ങളും സ്വന്തമാക്കി ജാതിയും മതവുമില്ലാതെ ജിവിയ്ക്കാം. ഇനി മതമൊന്ന് വേണമെന്നുണ്ടെങ്കിൽ ശ്രീനാരായണ ഗുരുവിന്റെ മതം തന്നെ ധൈര്യസമേതം സ്വീകരിച്ച് ജീവിയ്ക്കാം. ശ്രീനാരായണമതം. ഏത് മതത്തേക്കാളും ഗരിമയുള്ള തത്വശാസ്ത്രവും പ്രയോഗവും ആ മതത്തിലുണ്ട്. സംശയിക്കേണ്ട.

ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

No comments:

Post a Comment