ബ്രിട്ടന്റെ കാര്യം കേരളത്തിലെപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ലേബർ പാർട്ടി ഭരിച്ച് ഒരുവിധം ജനക്ഷേമപരമായ ചിലതൊക്കെ നടത്തും, കൺസർവേറ്റീവുകൾ വന്ന് അതിനെയെല്ലാം പിറകോട്ടടിയ്ക്കും.കഴിഞ്ഞ കൺസർവേറ്റീവ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറായിരുന്നു. നമ്മുടെ നാട്ടിലൊന്നും ഒരൊറ്റ രാഷ്ട്രീയക്കാരനേയും - കുഞ്ഞാലിക്കുട്ടിയെപ്പോലും ഇത്രയും വൈരാഗ്യത്തോടേ, മിക്ക ജനങ്ങളും തെറിപറയുന്നത് ഞാൻ കേട്ടിട്ടില്ല. സ്റ്റാഫ്റൂമിലിരുന്ന് മാർഗരറ്റ് താച്ചറെന്നെങ്ങാൻ പറഞ്ഞാൽ ദാറ്റ് ബിച്ച് എന്നതു വച്ചാണ് തുടങ്ങുക. ഇത് ഞങ്ങളു വർക്കിങ്ങ് ക്ലാസിന്റെ കാര്യമാണേ. ഡയറക്ടർമാരും മാനേയർമാരും ഇങ്ങനെതന്നെയാവുമോ പറയുന്നതെന്നറിയാൻ അവരോടൊപ്പമിരുന്ന് ഒരു ചായപോലും കുടിച്ചിട്ടില്ല.:)
ആഗോളമുതലാളിമാർ വാതുവച്ച് കളിച്ചപ്പോൾ തകർന്നടിഞ്ഞ ലോകസമ്പദ്‌വ്യവസ്ഥയുടെ കുറ്റം മുഴുവൻ അപ്പോൾ ഭരിച്ചിരുന്ന ലേബർ ഭരണകൂടത്തിന്റെ തലയിൽ കെട്ടിവച്ചിട്ടാണ് കൺസർവേറ്റീവുകൾ വോട്ട് പിടിച്ച് ജയിച്ചത്.കാമറ കാണുമ്പൊ ചിരിയ്ക്കാൻ മറന്നുപോവുന്ന ഒട്ടും പോപ്പുലറല്ലാത്ത ഗോർഡൻ ബ്രൗൺ എന്ന പ്രധാനമന്ത്രിയോട് എല്ലാർക്കും അത്ര പിടിയുമില്ലാരുന്നു.
ജയിച്ചോ??അതുമില്ല.. പരമ്പരാഗതമായി ലേബറിനൊപ്പം നിന്നിരുന്ന മിക്ക മാധ്യമങ്ങളും കൺസർവേറ്റീവുകളുടെ കൂടേയായിരുന്നു ഇപ്രാവശ്യം. നാട്ടിലെപ്പോലെ ന്യൂട്രൽ പിടിച്ച് വലതോട്ട് തിരിച്ച് വച്ചല്ല, പരസ്യമായി പറഞ്ഞിട്ടാണ് ഇവിടത്തെ മാധ്യമപ്രവർത്തനം.എന്നിട്ട് കൂടി കണസ്ർവേറ്റീവുകൾക്ക് ഭൂരിപക്ഷം കിട്ടിയില്ല.സ്കോട്ട്ലാന്റ് ഏതാണ്ട് മുഴുവനായിത്തന്നെ ലേബർ പിടിയ്ക്കുകയും ചെയ്തു. ലിബറൽ ഡെമോക്രാറ്റുകൾ എന്ന ഇടതിലെ നടുക്കഷണക്കാർ അകത്ത് നിന്ന് പിന്തുണയ്ക്കുന്ന കൂട്ടുകക്ഷി ഭരണമാണ് ഇപ്പോഴുള്ളത്.
ലിബറൽ ഡെമോക്രാറ്റുകൾക്ക് കൈതമുള്ളേൽ പിടിച്ചപോലെയാണ്. കൺസർവേറ്റീവുകളെ പിന്തുണച്ചില്ലെങ്കിൽ ഗവണ്മെന്റ് മറിച്ചിട്ടവർ എന്ന പേര്, പിന്തുണച്ചാൽ കൺസർവേറ്റീവുകളുടെ ജനവിരുദ്ധ കുത്തകസ്നേഹ നടപടികൾക്ക് മുഴുവൻ പഴി കേൾക്കേണ്ടി വരും. ലിബറൽ ഡെമോക്രാറ്റുകൾക്ക് ഒരു വോട്ട്ബാങ്കുണ്ട്. ലേബർ പാർട്ടി വിരുദ്ധരായ ഇടതരാണവർ. നാട്ടിലെപ്പോലെ പാർട്ടിഗ്രാമങ്ങളൊന്നുമില്ലാത്തതുകൊണ്ട് കൺസർവേറ്റീവുകളുടെ കൂടെ നിന്നതിന് അവരിനി ലിബറൽ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യില്ല. കൺസർവേറ്റീവുകളേ പിന്തുണയ്ക്കുക ആത്മഹത്യാപരമാണ് എന്നറിയാവുന്നതു കൊണ്ട് തന്നെയാവണം ലിബറൽ ഡെമോക്രാറ്റുകൾ ഉപപ്രധാനമന്തി പദം ചോദിച്ച് വാങ്ങിയത്. പഴി പകുതി അവന്റെ തലയിൽ കെട്ടാം എന്നതുകൊണ്ട് സന്തോഷത്തോടെ കൺസർവേറ്റീവ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ലിബറൽ ഡെമോക്രാറ്റിലെ നിക് ക്ലഗിനെ ഉപപ്രധാനമന്ത്രിയാക്കുകയും ചെയ്തു.രണ്ടുപേരും ഭാര്യാഭർത്താക്കന്മാരാണെന്നാണ് ഇപ്പൊ ബ്രിട്ടീഷ് തമാശക്കാരൊക്കെ കളിയാക്കുന്നത്.ജയലളിതയും ശശികലയും പോലെ ഒരുമയാണവർക്കിപ്പൊ.
ഇലക്ഷനു മുൻപ് കൺസർവേറ്റീവുകളെ പറഞ്ഞ തെറിയൊക്കെ വിഴുങ്ങുകയാണ് ഉപപ്രധാനമന്ത്രി. ഏറ്റവും വലിയ തമാശ ഞങ്ങൾ അധികാരത്തിൽ വന്നാൽ യൂണീവേഴ്സിറ്റി ഫീസ് കൂട്ടില്ലെന്ന് നിക്ക് ക്ളഗ് ഒരു വിദ്യാർത്ഥി ഗ്രൂപ്പിന് എഴുതിയൊപ്പിട്ട് കൊടുത്തിരുന്നു.ആ പിള്ളേര് അതു പൊക്കിപ്പിടിച്ചാണിപ്പൊ സമരം.
കയറിയിട്ട് ആദ്യം തന്നെ ചെയ്തത് യൂണിവേഴ്സിറ്റികളിലെ ഫീസ് ഇരട്ടിയോളം കൂട്ടുകയായിരുന്നു. ഇവിടെ യൂണിവേഴ്സിറ്റികളിൽ, അതായത് ബിരുദതലം മുതൽ പഠിയ്ക്കുകയെന്നത് നാട്ടിലേപ്പോലെ എളുപ്പമല്ല. കാശുള്ളവനേ പഠിയ്ക്കാൻ പറ്റൂ .നേഴ്സിങ്ങ് തുടങ്ങിയ വളരെക്കുറച്ച് ബിരുദങ്ങളേ സൗജന്യമായി നൽകുന്നുള്ളൂ. അതുതന്നെ നൽകുന്നത് സൗജന്യമായി ഒരു വർക്ക്ഫോഴ്സിനെ കിട്ടും എന്നതുകൊണ്ടാണ്. അല്ലാതെ പഠിയ്ക്കുന്നത് കാശുള്ള അച്ഛനമ്മമാരുടെ മക്കളോ, ജോലി ചെയ്ത് കാശു സമ്പാദിച്ച് പഠിയ്ക്കുന്നവരോ, ലോണെടുത്ത് പഠിയ്ക്കുന്നവരോ ആണ്. ഫീസ് ഇരട്ടിയോളമാക്കിയപ്പൊ രണ്ടൂം മൂന്നും ഗ്രൂപ്പുകാർക്ക് ബിരുദതലം മുതലുള്ള പഠനം അപ്രാപ്യമായി. പിള്ളേരു സമരം ചെയ്തു. ഒരു വ്യത്യാസവും വന്നില്ല.
സൗജന്യമായ വിദ്യാഭ്യാസം നൽകുന്നത് സൗജന്യമായി ജോലിചെയ്യുന്ന ഒരു ഗ്രൂപ്പിനെ കിട്ടും എന്നതുകൊണ്ടാണെന്ന് പറഞ്ഞല്ലോ. അതിനുദാഹരണം നേഴ്സിങ്ങാണ്. നാട്ടിലെപ്പോലെ നേഴ്സിങ്ങ് പഠനത്തിലെ നാലുകൊല്ലം മുഴുവൻ മുറിയിലിരുന്ന് പ്രഭാഷണങ്ങൾ കേൾക്കുകയും കുറച്ച് സമയം ആശുപതി സന്ദർശനവുമല്ല ഇവിടത്തെ രീതി. ആദ്യ ആഴ്ച മുതൽ തന്നെ ആശുപത്രികളിൽ പണി തുടങ്ങും. മിക്ക അവിദഗ്ധ ജോലികളും സ്വന്തമായിത്തന്നെ ചെയ്യണം. വിദ്യാർത്ഥികളെക്കൊണ്ട് അങ്ങനെ പണിയെടുപ്പിയ്ക്കുന്നത് ആദ്യമൊക്കെ നമുക്ക് ഉൾക്കൊള്ളാൻ വലിയ പ്രയാസമായിരിയ്ക്കും. ഇവിടത്തെ ക്ലാസ് സ്ട്രക്ചർ മനസ്സിലാക്കുമ്പോ പിന്നെ ശീലമായിക്കൊളും.നേഴ്സാവാൻ വരുന്നത് താഴേത്തട്ടിലുള്ളവരായിരിയ്ക്കും. പാവങ്ങൾ പണിയെടുക്കണം. നമ്മുടെ നാട്ടിലെപ്പോലെ ഇടത്തരക്കാർ എന്നത് ഇവിടെ സാധാരണക്കാരെ സൂചിപ്പിയ്ക്കുന്ന പദമല്ല. മിഡിൽ ക്ലാസ് എന്നാൽ നാട്ടിലെ അഞ്ച് അണ്ടിയാപ്പീസൊക്കെയുള്ള മൊതലാളിമാരാണ് അപ്പൊ മുകൾത്തട്ടുകാരോ? അത് അംബാനി, ബിർല ഒക്കെ.
പിന്നെയും വെട്ടിക്കുറയ്ക്കലുകൾ, സ്കൂളുകൾ പണിയുന്നത്, റോഡുകളുടെ അറ്റകുറ്റപ്പണികൾ, ആരോഗ്യമേഖലയിലെ ബജറ്റ് കുറച്ച് പതിയെ സ്വകാര്യവൽക്കരിയ്ക്കാനുള്ള നീക്കങ്ങൾ (അത് പൊള്ളുന്ന വിഷയമാണ്), ക്ഷേമനിധികളും പെൻഷനുകളും കുറയ്ക്കൽ, ലോക്കൽ കൗൺസിലുകളുടെ(പഞ്ചായത്ത് മുനിസിപ്പാലിറ്റി) ബജറ്റ് വെട്ടിക്കുറയ്ക്കൽ ഒക്കെ ആകെ നാശമാണ്. ബാങ്കുകളിലേയും മറ്റും വമ്പന്മാർ പഴയപോലെ മില്യനുകൾ ബോണസും കൊണ്ട് പോകാനും തുടങ്ങി. പറയുന്ന പോലെ സാമ്പത്തിക രംഗം വളരുന്നുമില്ല.
എന്ത് പറഞ്ഞാലും പഴി പഴയ ലേബർ ഗവണ്മെന്റ് ഖജനാവ് കാലിയാക്കി എന്നതാണ്. ഖജനാവ് കാലിയാക്കിയത് ഇവന്മാർ തന്നെ പിന്തുണയ്ക്കുന്ന വൻകിട ബാങ്കിങ്ങ് കുത്തകകളുടെ വഴിവിട്ട ചൂതുകളിയെന്ന് ജനത്തിനെല്ലാമറിയാം പിന്നെ എന്തിനും പഴികേൾക്കാൻ ഒരു മുഖം വേണമല്ലോ . അതിന് ഗോർഡൻ ബ്രൗൺ എന്ന പഴയ പ്രധാനമന്ത്രിയെ കിട്ടി. നമ്മുടെ പിണറായി എല്ലാത്തിലേം വില്ലനാവുന്ന പോലെ. ടോണീ ബ്ലെയർ എന്ന വലതുപക്ഷ മൂരാച്ചിയെ പുകച്ചിട്ടാണ് ഗോർഡൻ പ്രധാനമന്ത്രിയായത്. അതുകൊണ്ട് ടോണി ബ്ലേയറിന് ഒരു രക്തസാക്ഷി പരിവേഷം കിട്ടുകയും ചെയ്തു.
അങ്ങനെ നാടിന്റെ നാനാഭാഗത്തുനിന്നും കലാപങ്ങളും മാർച്ചുകളും തുടങ്ങുകയാണ്. കൺസർവേറ്റീവുകൾക്കതറിയാം. താച്ചറിന്റെ സമയത്തും ഇതിലപ്പുറം മാർച്ചുകളും കലാപങ്ങളും പണിമുടക്കുകളും നടന്നിരുന്നു. ബ്രിട്ടന്റെ നട്ടെല്ലായിരുന്ന ഖനിത്തൊഴിലാളികളുടെ നട്ടെല്ലൊടിച്ചവരാണ് കൺസർവേറ്റീവുകൾ. അന്നൊക്കെ വൻ സമരങ്ങൾ നടന്നു. ഒന്നും സംഭവിച്ചില്ല. കുത്തകകളെ സംരക്ഷിയ്ക്കുന്ന പ്രവർത്തനങ്ങൾ എങ്ങനെ നടത്തണമെന്നും ഈ എതിർപ്പുകളെയൊക്കെ എങ്ങനെ ഒതുക്കണമെന്നും മുതലാളിത്തത്തിനറിയാം.
പ്രതീക്ഷ തരുന്നത് പ്രതിപക്ഷ നേതാവും ലേബർ പാർട്ടിയിലെ പുതിയ നേതാവുമായ എഡ് മിലിബാന്റ് ആണ്. കണ്ടിടത്തോളം മിടുക്കനായ നേതാവാണ് . ടോണീ ബ്ലെയറിന്റെ കാലത്ത് ലേബർ പാർട്ടി ഉണ്ടാക്കിയെടുത്ത വലതുപക്ഷ മുഖം കളഞ്ഞ് ജനപക്ഷത്തുനിന്ന് കാര്യം നടത്താൻ എഡ് മിലിബാന്റിനു കഴിയും എന്ന് സാധാരണക്കാരായ ബ്രിട്ടീഷുകാർ വിശ്വസിയ്ക്കുന്നു. പാർട്ടി തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഇദ്ദേഹത്തിന്റെ തന്നെ ജ്യേഷ്ഠൻ ഡേവിഡ് മിലിബാന്റ് വലതുപക്ഷമായിരുന്നു താനും.വലതൻ ചായ്‌വുണ്ടായിരുന്ന ജ്യേഷ്ഠനെ അവസാനവട്ടം വോട്ടെടുപ്പിൽ തൊഴിലാളിസംഘടനകളുടെ പിന്തുണയോടേ അട്ടിമറിച്ചാണ് എഡ് ലേബർപാർട്ടി ലീഡറായത്. ബ്രിട്ടണിലെ പ്രമുഖനായ സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് നേതാവായിരുന്ന റാൽഫ് മിലിബാന്റിന്റെ മക്കളാണിരുവരും.
കൂടെ ജോലിചെയ്യുന്ന ഡേവ് ആഡംസ് വെള്ളിയാഴ്ച പറഞ്ഞു. “ഡേയ് ഞാൻ ലണ്ടനിൽ സമരം ചെയ്യാൻ പോകുകയാണ്. ടീവീൽ നോക്കിക്കോണം. ഞങ്ങൾ അനാർക്കിസ്റ്റുകളുടെ ശക്തി കാണിച്ചുകൊടുത്തിട്ടേ ഇനിയുള്ളൂ.”
എന്തു പറ്റിയോ ആവോ?
ഒരു പാട്ട് കേൾക്കൂ
ഇതൂടൊക്കെ നോക്കിയാ ഒരു രസം:
ചിത്രം കടപ്പാട്:ഗാർഡിയൻ പത്രം
Kaanarillalo ippol .
ReplyDeleteKathirikkukayayirunnu .
iniyum nalla postukal eazuthanam .
Thanks for you return .
By
Anas babu
Thanks Anas
ReplyDelete