Monday, December 01, 2008

പോംവഴികള്‍

മുസ്ലീങ്ങളും ഹൈന്ദവരും കൃസ്ത്യാനികളുമല്ല..ഏതാണ്ട് ഇരുനൂറോളം മനുഷ്യരാണ് മുംബേയില്‍ പട്ടികളെപ്പോലെ ചത്ത് വീണത്.ചത്തുപോയാല്‍ ചീയുമെന്നതൊഴിച്ചാല്‍ ഒരാള്‍ക്കും ഒരു മതവുമില്ല.

ഇസ്ലാം മതത്തില്‍പ്പെട്ടവരെയെല്ലാം തീവ്രവാദികളെന്ന് മുദ്രകുത്തി മറ്റ് മതഭ്രാന്തന്മാരുടെ വോട്ടുതട്ടിയ്ക്കാന്‍ നാണമില്ലാത്ത ചില ഹിന്ദുത്വക്കാര്‍ തലങ്ങും വിലങ്ങും ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവനകളിറക്കിക്കൊണ്ടിരിയ്ക്കുന്നു.. കോണ്‍ഗ്രസ്സുകാരും ബീജേപീയും കിട്ടിയ അവസരം എങ്ങനെ മുതലാക്കാം എന്ന് കിണഞ്ഞ് പരിശ്രമിയ്ക്കുന്നു. മാധ്യമങ്ങള്‍ ഓരോ ജീവനേയും വിലപറഞ്ഞ് വില്‍ക്കുന്നു. മൊത്തത്തില്‍ നോക്കിയാല്‍ ഭാരതമാകെ, ഇവന്മാരാകെ, ഇങ്ങനെ കുറേപ്പേര്‍ ചത്ത് കിട്ടാനും ശവം തിന്നാനും നോക്കിയിരുന്നതോ എന്ന് തോന്നിപ്പോകുന്നു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സംസ്കാരത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഒന്നൊഴിയാതെ എല്ലാ പ്രതിപക്ഷക്കാരനേയും ഓടിച്ചിട്ട് തല്ലിക്കൊല്ലാന്‍ തോന്നി.മരണം നോക്കി രാഷ്ട്രീയലാഭം ഉണ്ടാക്കാനിരിയ്ക്കുന്ന വൃത്തികെട്ടവന്മാര്‍.

അതേ അവസരത്തില്‍ത്തന്നെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം നല്‍കിയ ഹേമന്ത് കാര്‍ക്കറെയുടെ കുടുംബം മോഡിയെപ്പോലെയൊരാളോട് പ്രതികരിച്ച രീതിയില്‍ നിന്ന് അന്തസ്സിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും മറ്റൊരു മുഖവും നമ്മളെല്ലാം കണ്ടു.

തികച്ചും.. തികച്ചും വ്യത്യസ്തമായ രണ്ട് വാര്‍ത്തകള്‍ ആ അവസരത്തിലാണ് കണ്ണില്പെട്ടത്.

ഒന്ന് ദേശാഭിമാനിയിലെ ഈ വാര്‍ത്ത. ഈ ബ്ലോഗില്‍ നിന്ന്. അവരുടെ ആര്‍ക്കൈവ്സ് തപ്പിനോക്കിയതില്‍ നിന്ന് ഇങ്ങനെയൊരു വാര്‍ത്ത കിട്ടിയില്ല. അതുകൊണ്ട് സത്യമോ എന്നറിയില്ല. (ഈ വാർത്ത നീക്കം ചെയ്തെന്ന് പിന്നീടറിഞ്ഞു)

രണ്ട് തേജസ്സിലെ വാര്‍ത്ത. അവരുടെ സൈറ്റില്‍ നിന്ന്.

ഇവരൊക്കെ ആര്‍ക്ക് വേണ്ടി എന്തിനു വേണ്ടിയാണ് എഴുതുന്നത്?

ഇത് ഹൈന്ദവ തീവ്രവാദമെന്ന് വരുത്തിയാല്‍ മാര്‍ക്സിസ്റ്റുകാര്‍ക്കെന്ത് ലാഭമാണുള്ളത്?
ആ ദുഷ്ടന്മാര്‍ അയ്യായിരം പേരെ കൊല്ലാനല്ല..കരഞ്ഞ് കാലുപിടിച്ചവരെ വിട്ടു എന്ന് വരുത്തിയാല്‍ തേജസ്സിനെന്ത് നേട്ടം.??

-->
ഒന്നൊഴിയാതെ എല്ലാ രാഷ്ട്രീയക്കാരുടേയും ഒന്നൊഴിയാതെ എല്ലാ മാധ്യമങ്ങളുടേയും പ്രതികരണം വായിച്ചപ്പോള്‍ ഇങ്ങനെ ചാവുന്നതും നോക്കിയിരിയ്ക്കുന്ന ശവം തീനികളേ ഓര്‍ത്തു. ഇവരെല്ലാം നമ്മളില്‍ നിന്നന്യരല്ല. നമ്മുടെയിടയില്‍ നിന്നു തന്നെയാണ് രാഷ്ട്രീയക്കാരനും കച്ചവടക്കാരനും എല്ലാം ഉണ്ടായത്. പൊതുവില്‍ ശരാശരി ഭാരതീയന്‍ ഇവരെപ്പോലെ നാറികളാണോ?
അറിയില്ല..ഞാനും ഈയവസരത്തില്‍ ഇങ്ങനെയൊക്കെയേ പെരുമാറുകയുള്ളോ?

തീവ്രവാദികള്‍ ഭ്രാന്തന്മാരെന്ന് പറഞ്ഞാല്‍ മാനസിക രോഗം മൂലം ഭ്രാന്ത് അനുഭവിയ്ക്കുന്നവര്‍ക്ക് വിഷമമാകും. എന്നാലും വേറൊരു വാക്കില്ല. ഇവന്മാര്‍ക്ക് ഭ്രാന്താണ്. അല്ലാതെ യാതൊരു മതവുമില്ല.

ഇവിടെ ബീ ബീ സീ ഉള്‍പ്പെടെയുള്ള മാധ്യമ വ്യഭിചാരികള്‍ കുറ്റം ഇന്‍ഡ്യയിലെ മുസ്ലീങ്ങളാ‍ണ്, (ഇന്‍ഡ്യയില്‍ തന്നെയുള്ള മുസ്ലീം തീവ്രവാദമാണ് ).പാകിസ്ഥാനോ പുറത്തുന്നുള്ളാ മറ്റാരുമോ അല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിയ്ക്കുന്നത് കണ്ട് അമ്പരന്ന് പോയി. മുന്‍ സീ ഐ ഏ ഉള്‍പ്പെടെയുള്ള അനലിസ്റ്റ് ----മക്കള്‍ നിരന്നിരുന്ന് പലതും പറയുന്നുണ്ടായിരുന്നു. (പാകിസ്ഥാന്‍ സ്റ്റേറ്റ് ഇത് ചെയ്തെന്ന് ഞാന്‍ വിചാരിയ്ക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല.)

തല്‍ക്കാല പോംവഴികള്‍.
ഈ ആപത്ത് സമയത്ത് എന്ത് വായിച്ചാലും ആയിരം തവണ ആലോചിയ്ക്കണമെന്ന് അറിയാവുന്നവരോടൊക്കെ പറയുക മാത്രം വഴി.

ഞാന്‍ ഹൈന്ദവനല്ല.ഒരു മത വിശ്വാസിയുമല്ല. ഹിന്ദു മതക്കാരാണ് എന്റെ കുടുംബവും പല സുഹൃത്തുക്കളും. അതോണ്ട് ഹൈന്ദവര്‍ എന്ന് വിചാരിയ്ക്കുന്ന മനുഷ്യരോട് ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. എന്‍ എസ് മാധവന്റെ തിരുത്ത് എന്ന കഥ ഒരു തവണ വായിയ്ക്കണം. ഡോ. ഇക്ബാല്‍ എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ എന്തെന്ന് നൂറുതവണ മനസ്സിലാക്കണം. മുസ്ലീം പേരുകൊണ്ട് മുദ്രകുത്തപ്പെട്ടവനെ ഒരു പ്രശ്നങ്ങളുടേയും പേരില്‍ അന്യവല്‍ക്കരിയ്ക്കാല്‍ ഒരു കാരണവശാലും അനുവദിയ്ക്കരുത്. ഹിന്ദുക്കളുടെയിടയില്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മുസ്ലീം മതമാണെന്ന് വരുത്താന്‍ അനൌപചാരികമായും ഔപചാരികമായും പലരും ശ്രമിയ്ക്കുന്നുണ്ടാകും. അവരെ കണ്ടാല്‍ ഓടിയൊളിയ്ക്കണം.പറ്റിയാല്‍ ഓടിയ്ക്കണം. മതേതരവാദികളെന്ന് നടിയ്ക്കുന്ന പലര്‍ക്കും ഇത് തുറന്ന് പറയാന്‍ വിഷമമുണ്ടാകും. അതുകൊണ്ട് ഞാനങ്ങ് പറയുന്നു.

കൂടുതലൊന്നും പറയാനുമില്ല.


6 comments:

  1. കൂടുതല്‍ പറയേണ്ടതുമില്ല. ഇത് വാഗ്മിത. നന്ദി.

    ReplyDelete
  2. Excellent observations, You are absolutely correct...
    Jayahari
    jayharikm@yahoo.co.in

    ReplyDelete
  3. ഇസങ്ങളിലൊന്നും മുങ്ങാതെ നില്‍ക്കുന്ന സാധാരണക്കാരന്റെ രോഷം അംബിയുടെ എഴുത്തിലുണ്ട്, അതില്‍ ശിശുവും പങ്ക് ചേരുന്നു. ഇവിടെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും പിന്നെ കോണ്‍ഗ്രസും ബിജെപിയും കമ്യൂണിസ്റ്റുമൊക്കെയേ ഉള്ളൂ അംബീ.. ഇവരുടെ ചെയ്തികളില്‍ ശ്വാസംമുട്ടി മനുഷ്യന്‍ എന്ന വര്‍ഗ്ഗം മരിച്ചുപോയിരിക്കുന്നു. ചിലമിന്നലാട്ടങ്ങള്‍ മാത്രം അവിടെയുമിവിടെയും, അത് കെടാതെ ഊതിപ്പെരുപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  4. ഡബിള്‍ സല്യൂട്ട്. !!

    ReplyDelete
  5. Ambi ,
    ഒന്നു കൂടി പറഞ്ഞൊട്ടെ?
    ഈ മരിക്കുന്നവരു ആരുടെയൊക്കൊയൊ മക്കള്‍, സഹോദങള്‍..ആരക്ക്യൊ അവറ് മടങ്ങിവരുന്നതും കാത്തു കാത്തിരിക്കുന്നുണ്ടാവും ..ജാതിമത വ്യതാസമില്ലാത്ത നഷ്ടങ്ങള്‍..:(
    qw_er_ty

    ReplyDelete