Monday, July 09, 2007

ചതിക്കുഴികള്‍


ഒരിയ്ക്കല്‍ കോട്ടയത്ത് സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷനില്‍ പഠിച്ചിരുന്ന സമയത്ത് ഒരു ദിവസം കേരളത്തിലെ ഒരു പ്രമുഖ പത്രവമായി ഒരു സീനിയര്‍ എത്തി.
"ഹ ഹ..ഇതൊന്ന് നോക്കെടാ.."

ഒരു പരസ്യമായിരുന്നു അത്..കുറുവിലങ്ങാട്ടുള്ള , ക്രൈസ്തവ സന്യാസിനിമാര്‍ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ പരസ്യം..'പാരാ' മെഡിയ്ക്കല്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നു..താഴെയൊരു ചിത്രവുമുണ്ട്
'കുട്ടികളെ തലയുടേ എക്സ്റേ എടുക്കാന്‍ പഠിപ്പിയ്ക്കുന്നു' എന്ന് അടിക്കുറിപ്പ്..
യഥാര്‍ത്ഥത്തില്‍ അതിലെ ചിത്രം കയ്യുടെ എക്സ്റെ എടുക്കുന്നതായിരുന്നു
തീര്‍ച്ചയായും പൊസിഷനിംഗ് റേഡിയോഗ്രാഫിയിലെ അറിവ് വേണ്ട, സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും മനസ്സിലാവുന്ന ഒന്നാണാ അബദ്ധം.തീര്‍ച്ചയായും അവര്‍ക്ക് ഒരു അബദ്ധം പറ്റിയതാവാനേ വഴിയുള്ളൂ..പക്ഷേ അത്തരം സ്ഥാപനങ്ങളെപ്പറ്റി ഒരു കാര്‍ട്ടൂണ്‍ ആയെങ്കിലും കാണാവുന്ന ഒന്നാണ് ആ പരസ്യം എന്നെനിയ്ക്ക് തോന്നിയിരുന്നു.


അതിന്നു മുന്‍പേ തോന്നിയതാണ്..
നമ്മെ ആരാണ് ചികിത്സിയ്ക്കുന്നത്/ ആരാണ് നമ്മുടേ രോഗം നിര്‍ണ്ണയിയ്ക്കുന്ന പരിശോധനകള്‍ നടത്തുന്നത്?
ഈ ചോദ്യം ആദ്യം ചോദിയ്ക്കുന്നത് രണ്ടാം വര്‍ഷത്തില്‍ ജീവിതത്തിലെ ആദ്യ ക്ലിനിയ്ക്കല്‍ പോസ്റ്റിംഗ് തുടങ്ങിയപ്പോഴാണ്.
ഞങ്ങള്‍ക്ക് പോസ്റ്റിംഗ് കിട്ടിയ ആശുപത്രികളിലും രോഗപരിശോധനാ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നവരെല്ലാം എവിടെ നിന്ന് പഠിച്ചവരാണെന്നുള്ള ചോദ്യം നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ കയറിവരുന്ന നിരുപദ്രവകരമായ ഒരു അന്വേഷണമായിരുന്നു ..ആദ്യമൊക്കെ..
(പിന്നെ അത് ബോധപൂര്‍വം ചോദിയ്ക്കാന്‍ തുടങ്ങി:)

തൊണ്ണൂറു ശതമാനം ആള്‍ക്കാരും പ്രത്യേക പരിശീലനം ഒന്നുമില്ലാത്തവരായിരുന്നു എന്നത് പുത്തനൊരറിവായിരുന്നു..
അപ്പോള്‍ ഇതിന് കൗണ്‍സിലൊന്നുമില്ലേ..മെഡിയ്ക്കല്‍ കൗണ്‍‍സില്‍, ദന്തല്‍ കൗണ്‍സില്‍ ഒക്കെപ്പോലെ...?

ഫാര്‍മസി , നേഴ്സിംഗ് എന്ന ജോലികളൊഴിച്ച് അനുബന്ധ വൈദ്യ വിഷയങ്ങളില്‍ ജോലി ചെയ്യാന്‍ നിയമപരമായി ആര്‍ക്കും യാതൊരു തടസ്സങ്ങളൊന്നുമില്ല എന്ന അറിവ് പുതിയതായിരുന്നു.(ആര്‍ക്കും)
മാത്രമല്ല പല ആശുപത്രികളും അങ്ങനെ അക്കാഡമിക പ്രാഗല്‍ഭ്യം ഇല്ലാതെയുള്ളവര്‍ക്കാണ് ജോലിയ്ക്കായി മുന്‍ഗണന നല്‍കുക.ശമ്പളം കുറച്ച് നല്‍കിയാല്‍ മതിയല്ലോ .
എന്തുകൊണ്ടാണ് അത് സംഭവിയ്ക്കുന്നത്? കഴിവും അക്കാഡമിക പ്രാഗത്ഭ്യവുമുള്ളവര്‍ ഇല്ലാഞ്ഞിട്ടാണോ?

അന്ന് കേരളത്തില്‍ ആകെയുണ്ടായിരുന്ന കോഴ്സുകള്‍ മെഡിയ്ക്കല്‍ കോളേജില്‍ നിന്നുള്ള രണ്ട് വര്‍ഷ ഡിപ്ലോമയാണ്. പ്രീ ഡിഗ്രീ സയന്‍സ് വിഷയങ്ങള്‍ കഴിഞ്ഞ ശേഷം നല്‍കുന്ന ഡിപ്ലോമ. മെഡിയ്ക്കല്‍ കോളേജില്‍ നിന്ന് ആ വിഷയങ്ങളില്‍ ഡിപ്ലോമയും കഴിഞ്ഞിറങ്ങുന്നവരുടെ തൊഴിലില്ലായ്മ വളരെ കൂടുതലാണെന്ന് പിന്നീടാണ് മനസ്സിലായത്.

ആ ജോലിയിലുള്ളവര്‍ക്ക് കഴിവും പ്രാഗത്ഭ്യവും വേണ്ടാഞ്ഞാണോ?
റേഡിയോളജി, മൈക്രോ ബയോളജി, ലബോറട്ടറി സയന്‍സ്, ബയോ കെമിസ്ട്രി ഫിസിയോതെറാപ്പി ഒപ്റ്റോമെട്രി.....തുടങ്ങിയ മേഖലയിലൊക്കെ ജോലി ചെയ്യുന്നവര്‍ക്ക് കഴിവും പ്രാഗത്ഭ്യവും വേണ്ടേ?
അതിനെക്കുറിച്ച് ചെറിയ ഒരു അന്വേഷണം നടത്തി നോക്കി..

ആദ്യമായി കൗണ്‍സിലും കൂട്ടവുമൊക്കെയുള്ള നേഴ്സിംഗ് ജോലിയുടെ കാര്യം നോക്കാം..
(പണ്ട് നമ്മുടെ സമൂഹത്തില്‍ രണ്ട് ജോലികളെ ഉണ്ടായിരുന്നുള്ളൂ.മൂന്നു തരം കുട്ടികളും..
ഒരു നാലു കൊല്ലം മുന്‍പ് വരെ പത്താം ക്ലാസ്സ് കഴിഞ്ഞവന്‍ ഫസ്റ്റ് ഗ്രൂപ്പ് എടുത്താല്‍ എഞ്ചിനീയറെന്നും സെക്കന്റ് ഗ്രൂപ്പ് എടുത്താല്‍ ഡൊക്ടറെന്നും മുദ്രകുത്തും. പിന്നെ പ്രീ ഡിഗ്രീ കഴിയുമ്പോള്‍ അത് കിട്ടാത്തവന്‍ മോശക്കാരന്‍..അത് മൂന്നാമത്തെ വിഭാഗം.പിന്നെയവന്‍ ശാസ്ത്രജ്ഞനായാലും, കവിയായാലും ചിത്രകാരനായാലും അക്കൗണ്ടന്റ് ആയാലും രാഷ്ട്രീയക്കാരന്‍ ആയാലും മിടുക്കനായ ആശാരിയായാലും, സമൂഹത്തിന് അവനെക്കൊണ്ട് എന്ത് ഗുണമുണ്ടായാലും എണ്ട്രന്‍സ് എഴുതിപ്പോയാല്‍..അത് കിട്ടാതെയായാല്‍ മൂന്നാമത്തെ വിഭാഗം തന്നെ.മോശക്കാരന്‍..
ഇന്ന് നാലാമതൊരു വിഭാഗം കൂടി ഉണ്ടായി വന്നിരിയ്ക്കുന്നു. നേഴ്സിംഗ്. മോശക്കാരന്‍ മോശക്കാരി അല്ലാതെയാകണമെങ്കില്‍ ഏതെങ്കിലും നേഴ്സിംഗ് കോളേജില്‍ അഡ്മിഷന്‍ വാങ്ങിയാലും മതി..അല്ലേല്‍ നേഴ്സിംഗ് കോളെജില്‍ അഡ്മിഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യണം.)
കാര്യത്തിലേയ്ക്ക് വരാം..

നേഴ്സിംഗ്

നേഴ്സിംഗ് പഠനത്തിനും സ്ഥാപനങ്ങളുടെ അംഗീകാരത്തിനും വേണ്ടിയുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റും നേഴ്സിംഗ് കൗണ്‍സില്‍ നടപ്പിലാക്കുന്നുണ്ട്. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന നേഴ്സുമാരുടെ എണ്ണം ഈ രാജ്യത്തെ ആവശ്യത്തിനു ആനുപാതികമായിട്ടാണൊ എന്നവര്‍ അന്വേഷിയ്ക്കുന്നുണ്ടോ എന്നറിയില്ല.(ഒരു കോഴ്സിനും ആരും അത് അന്വേഷിയ്ക്കുന്നുണ്ടാവില്ല.എന്നാലും വിദേശത്തുള്ള തൊഴില്‍ എന്ന വാതായനം കുറച്ച് നാള്‍ക്കകം അടഞ്ഞ് പോകും. യൂ എസ് ഏ യിലും യൂ കേയിലും അവര്‍ അത് അടച്ച് കഴിഞ്ഞു എന്ന കാര്യവും ഇവിടെ ഓര്‍മ്മിപ്പിയ്ക്കട്ടെ..)

ഒരു വിധം നേഴ്സിംഗ് കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് കേരളത്തിലും പുറത്തും ചില സ്ഥാപനങ്ങളെങ്കിലും നടത്തുന്നുണ്ട്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഒന്നുപോലും നടത്തിയിട്ടില്ലെങ്കിലും അഴിമതിയിലൂടേയും മറ്റും അംഗീകാരം വാങ്ങിയെടുത്ത സ്ഥാപനങ്ങളുമുണ്ടായിട്ടുണ്ട് എന്ന് വാര്‍ത്തകള്‍ പറയുന്നു. എന്തായാലും ഒന്നുമില്ലെങ്കിലും നേഴ്സിംഗില്‍ തോന്നിയപോലെ സിലബസുണ്ടാക്കാനും കരിക്കുലമുണ്ടാക്കാനും ഒരു സ്ഥാപനത്തിനും ഇന്ന് കഴിയുകയില്ല. ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ്വൈഫറി പഠിയ്ക്കണമെങ്കില്‍ ഹയര്‍ സെക്കന്ററി സയന്‍സ് സ്ട്രീം കഴിഞ്ഞ് മൂന്ന് കൊല്ലവും , നേഴ്സിംഗില്‍ ബിരുദമെടുക്കണമെങ്കില്‍ നാലുകൊല്ലവും പഠിച്ചേ മതിയാകൂ..കര്‍ശനമായ രീതിയില്‍ തന്നെ കരിക്കുലവും മറ്റും നിരീക്ഷണവിധേയമാക്കുന്നുമുണ്ട്.

പക്ഷേ ഈ നേഴ്സിംഗ് എന്നത് ആശുപത്രിയിലെത്തുമ്പോഴോ..ഈ കാര്യമെല്ലാം മാഞ്ഞു പോകുന്നു. മിക്ക ആശുപത്രികളിലും നേഴ്സുമാരെ ജോലിക്കെടുക്കാറില്ല. പലയിടത്തും നേഴ്സുമാരുടെ ജോലി ചെയ്യുന്നത് നേഴ്സിംഗ് അസിസ്റ്റന്റുമാര്‍ എന്ന ഓക്സിലറി നേഴ്സുമാരാണ്.

പത്താം കളാസു കഴിഞ്ഞ് ഒന്നോ രണ്ടോ കൊല്ലം നീണ്ട് നില്‍ക്കുന്ന ഇവരുടെ പരിശീലനം പണ്ട് തുടങ്ങിയതാണ് നമ്മുടെ നാട്ടില്‍. ഇന്ന് നേഴ്സമാരെ സഹായിയ്ക്കേണ്ട ജോലിയെടുക്കേണ്ടവരായി അവരെ പരിശീലിപ്പിയ്ക്കുന്നു.

ആശുപത്രിയില്‍ യഥാര്‍ത്ഥ നേഴ്സുമാരെ ജോലിയ്ക്കെടുത്താല്‍ അവര്‍ക്ക് മികച്ച ശമ്പളവും ആനുകൂല്യങ്ങളും നല്‍കേണ്ടി വരും എന്ന ഭയം മൂലമാകാം നേഴ്സിംഗ് അസിസ്റ്റന്റുമാരെ നേഴ്സുമാര്‍ക്ക് പകരം ജോലിയ്ക്കെടുക്കുന്നത്. സാമാന്യമുണ്ടാകേണ്ട വൈദ്യശാസ്ത്ര ജ്ഞാനമോ, പശ്ചാത്തല വിവരമോ നേഴ്സിംഗ് എന്ന വിഷയത്തില്‍ ഈ ആളുകള്‍ക്കില്ല.ഒരു അടിയന്തിര ഘട്ടത്തില്‍ എങ്ങനെ രോഗിപരിചരണം സാധ്യമാക്കും എന്നും അവര്‍ക്കറിയണമെന്നില്ല..

മിടുക്കര്‍/മിടുക്കികള്‍ എന്നും ഉണ്ടാകും .പക്ഷേ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം എന്ന നിലയില്‍ പൊതുവായി നേഴ്സിംഗ് ജോലി ചെയ്യേണ്ടുന്നവര്‍ക്ക് പകരം അവരെക്കൊണ്ട് ജോലി ചെയ്യിയ്ക്കുന്നത് ഒരു സ്പെഷ്യലിസ്റ്റ് കാര്‍ഡിയോളജിസ്റ്റിന്റെ സ്ഥാനത്ത് ഒരു എം ബീ ബീ എസു കാരനെക്കൊണ്ട് ജോലി ചെയ്യിയ്ക്കുന്നത് പോലെയാണ്. (അത്ര പോലും എന്ന് പറയാന്‍ കഴിയില്ല.കാരണം മിടുക്കനാണെങ്കില്‍ കാര്‍ഡിയോളജിസ്റ്റിന്റെ ജോലിയൊക്കെ പരിശീലനം കിട്ടിയ എം ബീ ബീ എസുകാരന് ചെയ്യാന്‍ സാധിയ്ക്കും.വൈദ്യത്തില്‍ ഉപരിപഠനം മിക്കതും പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.അതുകൊണ്ട് തന്നെയാണ് യൂ കേ യിലും മറ്റും ഉപരിപഠന ബിരുദങ്ങള്‍ക്ക് പകരം പരിശീലനത്തെ ആസ്പദമാക്കി ഫെലോഷിപ്പുകള്‍ നല്‍‍കുന്നത്.)

ഉദാഹരണമായി ഞാന്‍ അമൃതയിലെ കാര്യം തന്നെ പറയാം.പേരെടുത്ത് ഒന്നും പറയുന്നില്ല.അവിടെ ഉടുപ്പിന്റെ കയ്യില്‍ ചുവന്ന വളയമുള്ളവരെല്ലാം നേഴ്സുമാരല്ല നേഴ്സിംഗ് അസിസ്റ്റന്റുമാരാണ്.നേഴ്സുമാര്‍ വളയങ്ങളൊന്നുമില്ലാത്ത വെളുത്ത ഉടുപ്പാണ് ധരിയ്ക്കുക. അടുത്ത തവണ അവിടെപോകാന്‍ അവസരം കിട്ടുമ്പോള്‍ എവിടേയൊക്കെ നിങ്ങളവരെ കണ്ടു എന്ന് നോക്കുക. ആ ജോലി അവര്‍തന്നെയാണൊ ചെയ്യേണ്ടതെന്ന് നിങ്ങള്‍ തന്നെ തീരുമാനിയ്ക്കുക.

ഫാര്‍മസി

ഫാര്‍മസി കൗണ്‍സില്‍ രണ്ടു തരം കൊഴ്സുകള്‍ക്ക് അംഗീകാരം നല്‍‍കിയിട്ടുണ്ട്.ഹയര്‍ സെക്കന്ററി രണ്ടു വര്‍ഷം സയന്‍സ് സ്ട്രീമില്‍ പഠിച്ചവര്‍ക്കായി നടത്തുന്ന രണ്ട് വര്‍ഷ ഡിപ്ലൊമയും നാലു വര്‍ഷ ഡിഗ്രിയും കഴിഞ്ഞവര്‍ക്കൊക്കെ ഫാര്‍മസിസ്റ്റ് എന്ന പേരു വയ്ക്കാന്‍ ഇന്ന് അവകാശമുണ്ട്.

എന്തുകൊണ്ടാണന്നറിയില്ല ഫാര്‍മസിസ്റ്റിനെ ഒരു ആശുപത്രിയില്‍ വളരെകുറച്ചേ ആവശ്യമുള്ളൂ എന്നുകൊണ്ടാവണം ഈ യോഗ്യതകളുള്ളവരെ മാത്രമേ ഞാന്‍ ജോലി ചെയ്ത ആശുപത്രികളില്‍ കണ്ടിരുന്നുള്ളൂ.

പക്ഷേ മെഡിയ്ക്കല്‍ ഷോപ്പുകള്‍ നടത്താനുള്ള ലൈസന്‍സ് ഒരു അംഗീകൃത ഫാര്‍മസിസ്റ്റിനേ കിട്ടുകയുള്ളൂ എന്നുള്ളത് കൊണ്ട് കാശുകൊടുത്ത് മറ്റുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി, യോഗ്യതയില്ലാത്തവര്‍ മെഡിയ്ക്കല്‍ ഷോപ്പുകള്‍ നടത്തുന്നത് നമ്മുടെ നാട്ടില്‍ ഏതാണ്ട് അംഗീകരിക്കപ്പെട്ട പോലെയാണ്.
എന്തായാലും, വിദേശരാജ്യങ്ങളിലെപ്പോലെയൊക്കെ നമ്മുടെ നാട്ടില്‍ ഫര്‍മസിസ്റ്റിന് മരുന്നിന്റെ അളവ് നിര്‍ണ്ണയിയ്ക്കുന്നതിലും, മരുന്ന് തിരഞ്ഞെടുക്കുന്നതിലും കാര്യമില്ലാത്തതുകൊണ്ട്, അത്യാഹിതങ്ങളൊന്നുമുണ്ടാകാതെ കാര്യങ്ങള്‍ നടന്നു പോകുന്നു.(വികസിത രാജ്യങ്ങളില്‍ മരുന്നിന്റെ അളവ്, ഏത് മരുന്ന് എന്നതൊക്കെ നിര്‍ണ്ണയിയ്ക്കുന്നതില്‍ ഫാര്‍മസിസ്റ്റിന്റെ തീരുമാനവും നിര്‍ണ്ണായകമാണ്.നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാര്‍ തന്നെ ആ ജോലി ചെയ്യും)

എന്നാലും അടുത്ത തവണ മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ മരുന്ന് ഷാപ്പില്‍ തൂക്കിയിട്ടിരിയ്ക്കുന്ന ലൈസന്‍സ് പത്രത്തിലുള്ളയാളല്ല മരുന്നെടുത്ത് തരുന്നതെങ്കില്‍ ശരിയായ മരുന്ന് തന്നെയോ അത് എന്ന് രണ്ട് പ്രാവശ്യം വായിച്ച് നോക്കുക.ഡൊക്ടറെ/നേഴ്സിനെ/വൈദ്യ വിദഗ്ധരെ കാണാതെയോ സ്വയം അറിയാതേയോ ഫാര്‍മസിസ്റ്റല്ലാത്തയളോട്/ അത്തരമാള്‍ക്കാരോട് അസുഖവിവരം പറഞ്ഞ് മരുന്ന് വാങ്ങാതിരിയ്ക്കുക.

ഈ രണ്ട് ജോലികളും കഴിഞ്ഞാല്‍ പിന്നെ കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന മട്ടിലാണ് കാര്യങ്ങള്‍..അതായത് ഈ രണ്ട് ജോലികള്‍ക്കുമല്ലാതെ അനുബന്ധ വൈദ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് വേണ്ട യോഗ്യതകളെപ്പറ്റി നമ്മുടെ ഗവണ്മെന്റിന് യാതൊരു നിര്‍ദ്ദേശങ്ങളുമില്ല.

റേഡിയോളജി

(റേഡിയോഗ്രാഫര്‍/ റേഡിയോളജിക് ടെക്നീഷ്യന്‍/ ടേക്നോളജിസ്റ്റ്......:))
എക്സ് റെ നമുക്കെല്ലാമറിയുന്ന ഒരു വൈദ്യ രോഗനിര്‍ണ്ണയോപാധിയാണ്. അതിന് ഒരുപക്ഷേ നമുക്കാര്‍ക്കുമറിയാത്ത ചില ദോഷ വശങ്ങളുമുണ്ട്.തിമിരം മുതല്‍ കാന്‍സര്‍ വരെ , എക്സ് റെയുടേയോ റേഡിയേഷന്റേയൊ ദോഷകരമായ ഉപയോഗം മൂലമുണ്ടകാം.അതുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ മികച്ച അക്കാഡമിക വൈദഗ്ധ്യം ഉള്ളവരെ മാത്രം റെഡിയോളജിയിലെ അനുബന്ധ വിദഗ്ധരായി പരിഗണിയ്ക്കുന്നത്. മിക്ക രാജ്യങ്ങളിലും ബിരുദമോ ബിരുദാനന്ദരബിരുദമോ അടിസ്ഥാന യോഗ്യതയായി വേണ്ടുന്ന ഒരു ജോലിയാണിത് .നമ്മുടെ നാട്ടിലോ?

കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷന്‍ പണ്ട് സര്‍ട്ടിഫൈഡ് റേഡിയേഷന്‍ അസിസ്റ്റന്റ് (CRA)എന്ന പേരില്‍ പ്രീ ഡിഗ്രീ സയന്‍സ് സ്ട്രീം കഴിഞ്ഞവര്‍ക്കായി രണ്ടുവര്‍ഷ ഡിപ്ലോമ നല്‍കിയിരുന്നു.അവരായിരുന്നു അംഗീകൃത റേഡിയോഗ്രാഫര്‍മാര്‍.ഈയിടെ ആ കോഴ്സ് ഡിപ്ലോമ ഇന്‍ റെഡിയോളജിയ്ക്കല്‍ ടെക്നോളജി (DRT)എന്നാക്കി മാറ്റി.ഇപ്പോഴും തുടരുന്നു.

ആ ഡിപ്ലോമ കഴിഞ്ഞവര്‍ക്കായി രണ്ടുവര്‍ഷത്തെ ഒരു പോസ്റ്റ് ഡിപ്ലോമ കോഴ്സ് , ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മെഡിയ്ക്കല്‍ ഇമേജിംഗ് ടേക്നിക്സ് (DAMIT)എന്ന പേരില്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സില്‍ നടത്തുന്നുണ്ട്.അതില്‍ ഒരു വര്‍ഷം രണ്ടോ മൂന്നോ സീറ്റുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ.

മഹാത്മാഗാന്ധി സര്വകലാശാല സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷന്‍ തുടങ്ങിയപ്പോള്‍ ഭാരതത്തിലാദ്യമായി നാലു വര്‍ഷത്തെ ഒരു ബിരുദം റേഡിയേഷന്‍ ടേക്നോളജിയില്‍ നല്‍കാനാരംഭിച്ചു.(BMRT) ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സില്‍ മൂന്നു കൊല്ലത്തെ ബിരുദം നല്‍കുന്നു.(BSc Hons In Radiology)മറ്റു പല സ്ഥാപനങ്ങളും മൂന്നു കൊല്ലത്തെ ബിരുദം നല്‍കി വരുന്നു.

എന്റെ അനുഭവത്തില്‍ നാലു കൊല്ലം കൊണ്ട് പതിനഞ്ച് പേപ്പറുകള്‍‍ മെയിന്‍ വിഷയങ്ങളായും ആറോളം വിഷയങ്ങള്‍ ഇന്റേണല്‍ വിഷയങ്ങളായും അവസാന വര്‍ഷം പ്രൊജക്റ്റ് വര്‍ക്കും പ്രാക്ടിക്കലുകളും പരീക്ഷയെഴുതി വിജയിച്ച് ക്ലിനിയ്ക്കല്‍ പോസ്റ്റിംഗും കഴിഞ്ഞ ശേഷവും അതാതു സ്ഥാനങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ശരിയായ രീതിയില്‍ പണിയെടുക്കണമെങ്കില്‍ വീണ്ടും മെനക്കെട്ടിരുന്ന് പഠിയ്ക്കുക/പരിശീലനം നേടുക തന്നെ വേണം ഈ ജോലിയ്ക്ക്.
ആരാണാ ജോലികള്‍ ഇന്ന് ചെയ്യുന്നത്.?

മിക്ക സ്കാനിംഗ് സെന്ററുകളിലും/എക്സ്റേ സെന്ററുകളിലും ആ ജോലി ചെയ്യുന്നത് പത്താം ക്ലാസ്സ് കഴിഞ്ഞ് ആറുമാസം കൊണ്ട് ചില സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കോഴ്സുകള്‍ കഴിഞ്ഞവരാണ്.
ആറു മാസമൊക്കെയായിരിയ്ക്കും കോഴ്സ്. ഞാന്‍ ആദ്യം ജോലിയ്ക്കായി കുറച്ച് നാള്‍ പോയ , കൊല്ലത്തുള്ള ട്രിവാന്‍ഡ്രം സ്കാന്‍സ് എന്ന സ്ഥാപനത്തില്‍ ഇത്തരം കോഴ്സ് (സീ ടീ സ്കാന്‍ ടേക്നീഷ്യന്‍) പഠിയ്ക്കാനായി വന്നിരുന്ന ഒരു വ്യക്തിയ്ക്ക് ഇംഗ്ലീഷില്‍ അനാട്ടമിയ്ക്കല്‍ ടേംസ് വായിയ്ക്കാന്‍ അറിയാന്‍പാടില്ലാഞ്ഞ് മലയാളത്തില്‍ എഴുതി കൊടുത്തത് ഓര്‍ക്കുന്നു. അന്നവിടെ ചീഫ് റേഡിയോഗ്രാഫര്‍ എന്ന പേരില്‍ ജോലി ചെയ്തിരുന്നയാളും അത്തരമൊരു കോഴ്സ് പഠിച്ചിറങ്ങിയ ആളാണ്.(ഇന്നും???)
(ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് അക്കാഡമിക വൈദഗ്ധ്യം ഇല്ല എന്നര്‍ത്ഥമാക്കുന്നില്ല.പൊതുവായുള്ള ഒരു രീതി സൂചിപ്പിയ്ക്കാന്‍ എഴുതിയെന്ന് മാത്രം.ആരേയും കുറച്ച് കാണാനുമല്ല ആ എഴുതിയത്.ഇതെഴുതുന്ന എനിയ്ക്കും ആംഗലേയം അത്ര വഴങ്ങാത്ത ഭാഷയാണ്.)

മെഡിയ്ക്കല്‍ കോളേജില്‍ നിന്നോ മറ്റോ അംഗീകൃത കോഴ്സുകള്‍ കഴിഞ്ഞിറങ്ങിയവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ ജോലി നല്‍കാറില്ല. അവര്‍ കേരളത്തിനു പുറത്തേയ്ക്ക് പോവുകയോ പീ എസ് സീ എന്ന മഴയ്ക്ക് വേഴാമ്പലിനെപ്പോലെ കാത്തിരുന്ന് നരയ്ക്കുന്നവരോ ആയി മാറും.

എങ്ങനെ മികച്ച വൈദഗ്ധ്യം വേണ്ടിടത്ത് അതില്ലാത്തവര്‍ക്ക് ജോലി ചെയ്യാന്‍ സാധിയ്ക്കുന്നു?
ഉത്തരം വളരെ ലളിതമാണ്. മിക്ക സ്ഥലങ്ങളിലും(മിക്ക പ്രൊഫഷനുകളിലും) സാധാരണ(routine) ജോലികള്‍ ചെയ്യുവാനായി വൈദഗ്ധ്യം ഒന്നും ആവശ്യമില്ല. ആ സ്വിച്ച് ഞെക്കണം, ഈ സ്വിച്ച് ഞെക്കണം എന്ന മട്ടില്‍ കാര്യങ്ങള്‍ ഓര്‍ത്തിരുന്നാല്‍ ആര്‍ക്കും ആ ജോലികള്‍ ചെയ്യാം. ഒരു കോമ്പ്ലിക്കേഷന്‍ അല്ലെങ്കില്‍ സാധാരണയല്ലാത്ത ഒരു കാര്യം വരുമ്പോഴാണ് വൈദഗ്ധ്യം ഉള്ളവരുടെ ആവശ്യം വരുന്നത്.അത്തരം ജോലികള്‍ ചെയ്യാന്‍ മിക്കയിടത്തും ഡൊക്ടര്‍മാര്‍ തന്നെ അവരുടെ സ്ഥാനമേറ്റെടുക്കും. പക്ഷേ ഡൊക്ടര്‍മാര്‍ക്കും ഏറ്റെടുക്കാന്‍ കഴിയാത്ത ചില ജോലികളുണ്ട്.ടെക്നിക്കല്‍ ആയ ചില കാര്യങ്ങളില്‍ മിക്ക ഡൊക്ടര്‍മാര്‍ക്കും അറിവുണ്ടാകുകയില്ല.കിടക്കുന്ന രോഗിയുടെ ഭാഗ്യം പോലെ കാര്യങ്ങള്‍ നടക്കും.ഒത്താലൊത്തു.

പല റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റുകളിലും കൂടെ വന്നവരെ ആവശ്യത്തിനുള്ള സുരക്ഷാ വസ്ത്രങ്ങളില്ലാതെതന്നെ രോഗിയോടൊപ്പം ആ മുറിയ്ക്കുള്ളില്‍ നിര്‍ത്തുന്ന പതിവുണ്ട്. സ്ത്രീകളാണെങ്കില്‍ ഗര്‍ഭിണിയാണോ എന്നൊന്നും ആരും തിരക്കാറില്ല.ഗര്‍ഭത്തിന്റെ ആദ്യ സമയങ്ങളിലൊക്കെ രോഗനിര്‍ണ്ണയത്തിനുപയോഗിയ്ക്കുന്ന തരം എക്സ്റേ തന്നെ കുഞ്ഞിനു കിട്ടുന്നത് തന്നെ വളരെ ദോഷകരമാണ്.അതൊന്നും മിക്കവരും നോക്കുന്നതായി കാണാറില്ല.

ഇനിയെവിടെയെങ്കിലും രോഗിയോടൊപ്പം എക്സ് റെ മുറിയില്‍ നില്‍ക്കുവാന്‍ പറയുകയാണെങ്കില്‍ സുരക്ഷാ വസ്ത്രങ്ങള്‍ ചോദിയ്ക്കാന്‍ ആരും മറക്കരുത്. ഗര്‍ഭിണിയാണെന്ന് സംശയമുണ്ടെങ്കില്‍ സ്ത്രീകള്‍ നില്‍ക്കാതിരിയ്ക്കുക.
( ഗവണ്മെന്റ് ചെയ്യും എന്നൊന്നും വിചാരിച്ചിട്ട് കാര്യമില്ല.നമ്മള്‍ തന്നെ ഇതൊക്കെ ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.)

അമൃതയില്‍ റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ (ഡയഗണോസ്റ്റിക് റേഡിയോളജി) ഇത്തരം അംഗീകാരമില്ലാത്തവരെ ജോലിയ്ക്കെടുക്കുന്ന പ്രവണതയുണ്ട് .അവരെ റേഡിയോളജിക് ടെക്നീഷ്യന്മാര്‍ എന്നും ഗവണ്മെന്റ് അംഗീകാരമുള്ളവരെ റേഡിയോഗ്രാഫര്‍മാര്‍ എന്നുമാണ് വിളിയ്ക്കുക. ശമ്പളമൊക്കെ ഒന്നുതന്നെ.ചെയ്യുന്ന ജോലിയും.
പിന്നെ കാര്യമെന്താനു വച്ചാല്‍ മെഡിയ്ക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം എം ബീ ബീ എസ് കോഴ്സിനു നല്‍കുമ്പോള്‍ അവര്‍ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിയ്ക്കും.പലപ്പോഴും റേഡിയോളജിയിലെ അംഗീകാരമുള്ള ആളൂകളുടെ കോട്ടാ തികയ്ക്കാന്‍ കൗണ്‍സില്‍ പരിശോധനാ സമയത്ത് റേഡിയോ തെറാപ്പിയില്‍ ജോലി ചെയ്യുന്ന ഞങ്ങളില്‍ ചിലരെയൊക്കെ പേരു ചേര്‍ത്തിട്ടുണ്ട്. ഞാനുള്‍പ്പെടെ ഒന്നുരണ്ടു പേര്‍ അത് പറ്റില്ലയെന്ന് പറഞ്ഞു...നിര്‍ബന്ധിയ്ക്കാനൊക്കില്ലല്ലോ.അതുകാരണം സമ്മതിച്ചവരെയൊക്കെ പേരുചേര്‍ത്ത് കൊണ്ട് പോയി.

അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റേയും മറ്റും അംഗീകാരവും നിരീക്ഷണവും റെഡിയോതെറാപ്പി ഡിപ്പാര്‍ട്ട്മെന്റില്‍ ഉള്ളത് കൊണ്ട് ആ വകുപ്പില്‍ അത്തരം പരിപാടികളൊന്നും അത്ര കണ്ട് നടക്കില്ല താനും.എന്നാലും പല സ്വകാര്യ ആശുപത്രികളിലും അത്തരം നടപടികള്‍ നടക്കുന്നുണ്ട്.

റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റുകളില്‍ മാത്രമല്ല ഓപ്പറേഷന്‍ തീയേറ്ററുകളിലും ചിലപ്പോള്‍ റേഡിയോഗ്രാഫര്‍മരെ/ടെക്നീഷ്യന്മാരെ ആവശ്യമുണ്ടാകാറുണ്ട്. സര്‍ജറിയുടെ ഭാഗമായി പലപ്പോഴും എക്സ് റയും ഫ്ലൂറോസ്കോപ്പിയും മറ്റും എടുക്കേണ്ടി വരും. മിക്ക ആശുപത്രികളിലും യാതൊരു വിധ പ്രൊട്ടക്ഷനുമില്ലാതെയാണ് അത് എടുക്കുക.യാതൊരു വിധ അറിവുമില്ലാത്തവരാണ് അവിടെ അത്തരം ഉപകരണങ്ങള്‍ ഉപയോഗിയ്ക്കുക. രോഗിയ്ക്ക് മാത്രമല്ല മറ്റ് സ്റ്റാഫുകള്‍ക്കും(ഡൊക്ടര്‍ , നേഴ്സ്) ഇത് വളരെ അപകടകരമാണ്. സര്‍ജന്മാര്‍ക്കും നേഴ്സുമാര്‍ക്കും മറ്റും റേഡിയേഷന്‍ സുരക്ഷയിലുള്ള അറിവ് വളരെ കുറവാണെന്നാണ് എന്റെ അറിവ്. ഉപയോഗിയ്ക്കുന്നവനും അതില്‍ വലിയ ഗ്രാഹ്യമൊന്നുമില്ലാതെയാകുമമ്പോള്‍ കള്ളുകുടിച്ച വാനരനെ തേളു കടിച്ച പോലെയായിത്തീരും കാര്യങ്ങള്‍.(എതിരഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ ഈ സ്റ്റേറ്റ്മെന്റിനു കാരണമായ അനുഭവം എഴുതാം..വെറുതേ പേരുകള്‍ ഇതിനിടയിലേയ്ക്ക് വലിച്ചിഴയ്ക്കരുതല്ലോ)

എക്സ് റേ കൊണ്ട് ഉടന്‍ കുഴപ്പങ്ങളൊന്നുമുണ്ടാകാത്തത് കൊണ്ട് ആരും അതിനെപ്പറ്റി പഠിയ്ക്കാന്‍ മിനക്കെടുകയുമില്ല.മിക്ക ആശുപത്രികളിലും റേഡിയേഷന്‍ അളക്കുന്ന വ്യക്തി ബാഡ്‌ജുള്‍ (personal dosimeters)ഉപയോഗിയ്ക്കാറില്ല എന്നതുതന്നെ അതിനു തെളിവാണ്. ബാഡ്‌ജുള്‍ ഉപയോഗിയ്ക്കുന്നയിടത്ത് അത് നേരായ രീതിയിലല്ല ഉപയോഗിയ്ക്കുന്നതു താനും.

വിവരമില്ലാത്തയാള്‍ക്കാര്‍ ജോലി ചെയ്യുന്നതിന്റെ മറ്റൊരു കുഴപ്പമാണ് കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്ന അധിക അളവിലുള്ള റേഡിയേഷന്‍.പല രോഗനിര്‍ണ്ണയത്തിനുള്ള എക്സ് റേ, സീ ടീ സ്കാന്‍ പരിശോധനകളിലും കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവരുടേതിനേക്കാള്‍ കുറഞ്ഞ അളവില്‍ മാത്രം റേഡിയേഷന്‍ ഉപയോഗിച്ചാല്‍ മതിയാകും.അങ്ങനെ വേണമെന്നുള്ള അറ്റമിക് എനര്‍ജ്ജി റെഗുലേറ്ററി ബോര്‍ഡിന്റെ നിര്‍ദ്ദേശം എല്ലാ എക്സ് റേ ഉപകരണങ്ങളുപയോഗിയ്ക്കുന്നയിടത്തേയ്ക്കും അവര്‍ അയച്ചിട്ടുണ്ട്.എന്നാല്‍ പലയിടത്തും ഇത് പാലിയ്ക്കുന്നതായി കാണുന്നില്ല.(അത് വായിയ്ക്കാന്‍ അറിയണമല്ലോ..അതിശയോക്തിയല്ല)

സീ.ടീ സ്കാന്‍ ഉപകരണങ്ങളില്‍, ഉണ്ടാക്കുന്ന കമ്പനി തന്നെ കുഞ്ഞുങ്ങള്‍ക്കായി നേരത്തേ തയ്യാര്‍ ചെയ്ത പ്രൊട്ടോകളുകള്‍ കമ്പ്യൂട്ടറുകളില്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. സ്വ്യുച്ചുകള്‍ ഞെക്കുന്ന വിധം മനപാഠമാക്കി ജോലിചെയ്യുന്നയാള്‍ എങ്ങനെ അതു നോക്കും.? മുതിര്‍ന്നവര്‍ക്കുള്ള റേഡിയേഷന്‍ ഡോസ് തന്നെ വച്ച് താങ്ങും. റേഡിയേഷന്‍ കൊണ്ട് മുതിര്‍ന്നവരേക്കാള്‍ കുഞ്ഞുങ്ങള്‍ക്കാണ് കൂടുതല്‍ കുഴപ്പമുണ്ടാക്കുക.

നമ്മുടെ കുഞ്ഞുങ്ങളുടെ അത്തരം പരിശോധനകളില്‍ നമ്മള്‍ തന്നെ ഡോസിനേപ്പറ്റി ചോദിയ്ക്കുക.

മെഡിയ്ക്കല്‍ ലബോറട്ടറി

മെഡിയ്ക്കല്‍ ലബോറട്ടറിയില്‍ പലതരം ആള്‍ക്കാര്‍ ജോലി ചെയ്യുന്നു, ടെക്നീഷ്യന്മാര്‍, സയന്റിസ്റ്റുകള്‍,ഡൊക്ടര്‍മാര്‍(ഭിഷഗ്വരന്‍‍മാര്‍) ഒക്കെ.
ഇതില്‍ ഭിഷഗ്വരന്മാര്‍ക്കൊഴിച്ച് യാതൊരു വ്യവസ്ഥകളും നമ്മുടെ സര്‍ക്കാര്‍ വച്ചിട്ടില്ല.
ഗവണ്മെന്റില്‍ മെഡിയ്ക്കല്‍ കോളേജുകളില്‍ ഡീ എം എല്‍ ടീ എന്ന ഡിപ്ലോമയും ബീ എസ് സീ എം എല്‍ റ്റീ എന്ന നാലുവര്‍ഷ ബിരുദവും എം എസ് സീ എം എല്‍ ടീ എന്ന ബിരുദാനന്തര ബിരുദവും നടത്തുന്നുണ്ട്. മെഡിയ്ക്കല്‍ ബയോ കെമിസ്റ്റ്റി, മെഡിയ്ക്കല്‍‍ മൈക്രോ ബയോളജി , എന്നീ വിഷയങ്ങളില്‍ പല സര്വകലാശാലകളും ബിരുദ ബിരുദാനന്തര ബിരുദങ്ങള്‍ നടത്തുന്നു. സിലബസ് കരിക്കുലം കാര്യങ്ങളില്‍ യാതൊരു ഏകോപനവും ഇന്‍ഡ്യയൊട്ടാകെ ഇല്ല.പല സര്‍‌വകലാശാലകളും ബീ എസ് സീ എം എല്‍ ടീ മൂന്നുവര്‍ഷവും നാലു വര്‍ഷവും നടത്തുന്നുണ്ട്..അതൊക്കെയവിടേ നില്‍ക്കട്ടെ..മിനിമം അവര്‍ മൂന്നു വര്‍ഷമെങ്കിലും ഹയര്‍സെക്കണ്ടറി കഴിഞ്ഞ് പഠിയ്ക്കുന്നുണ്ടല്ലോ..

പക്ഷേ ലാബുകളില്‍ ആര്‍ക്കും ആ ജോലികളൊക്കെ ചെയ്യാം. മിക്ക ഡയഗ്ഗ്നോസ്റ്റിക് സെന്ററുകളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ പത്താം ക്ലാസ് തോറ്റോ ജയിച്ചോ ആറുമാസത്തെ കോഴ്സുകള്‍ പഠിച്ചരാണ്.(ക്ലാസ്സിഫൈഡ് കോളങ്ങളില്‍ Lab technician Course.SSLC Passed or failed.. കണ്ടിരിയ്ക്കുമല്ലോ.)
മിക്ക കോഴ്സുകള്‍ക്കും പഠിതാക്കളില്‍ നിന്ന് കനത്ത ഫീസ് ഈടാക്കുകയും ചെയ്യും.വ്യക്തമായൊന്നുമറിയാതെ പാവങ്ങള്‍ ഇത്തരം കോഴ്സ് നടത്തുന്നവരുടെ വലയില്‍ വീഴും.

ഇനിയവര്‍ ചെയ്യുന്ന ജോലികളുടെ കാര്യക്ഷമത.സ്വകാര്യ ലാബുകളിലെ റിസള്‍ട്ടുകള്‍ പലപ്പോഴും വിശ്വസിയ്ക്കാന്‍ പാടില്ലാത്തതാണേന്ന് ആരോടും പറഞ്ഞ് തരേണ്ട ആവശ്യമില്ല.വിശ്വാസയോഗ്യമല്ലാതെയായിത്തീരുന്നത് അവിടെ ജോലിയെടുക്കുന്നവര്‍ക്ക് മതിയായ അറിവില്ലാത്തതു കൊണ്ട് മാത്രമാണ്.

അനുബന്ധ വൈദ്യ വിദഗ്ധരെന്ന രീതിയില്‍ ഇത്തരം വ്യാജ വിദഗ്ധരെയായിരിയ്ക്കും മിക്കവാറും ആശുപത്രികളില്‍ നിങ്ങള്‍ കാണുന്നത്.രോഗികളെ മാത്രമല്ല ചൂഷണത്തിനു വിധേയമാക്കുന്നത്.

ചതിക്കുഴികള്‍

ഇത്തരം കോഴ്സുകള്‍ ഇന്ന് ആര്‍ക്കു വേണമെങ്കിലും തുടങ്ങാം. എനിയ്ക്കോ നിങ്ങള്‍ക്കോ. മാര്‍ക്കറ്റ് റേറ്റനുസരിച്ച് പതിനായിരമോ മറ്റോ ഫീസും വാങ്ങാം. വര്‍ഷം പന്ത്രണ്ട് പഠിതാക്കളെ കിട്ടിയാലും(ആറുമാസത്തെ കോഴ്സില്‍ ആറ് പേര്‍) യാതൊരു ചിലവുമില്ലാതെ നമുക്ക് പണമുണ്ടാക്കാം.ആകെ വേണ്ടുന്നത് ഏതെങ്കിലും ഡയഗ്ണോസ്റ്റിക് സെന്ററുമായുള്ള ചങ്ങാത്തം മാത്രം.ഈ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ട്രെയിനിംഗ് കൊടുക്കേണ്ട കാര്യ‌വുമില്ല.അവര്‍ ഡയഗ്ണോസ്റ്റിക് സെന്ററുകളിലെ തറ തുടച്ചും മിഷീന്‍ തുടച്ചുമൊക്കെ ആറുമാസം പൂര്‍ത്തിയാക്കിക്കൊള്ളും.നല്ലൊരു ഡീ ടീ പീ സെന്ററിന്റെ സഹായവുമുണ്ടെങ്കില്‍ ഒരു സര്‍ട്ടിഫിക്കറ്റ് അടിച്ചു നല്‍കാനും വലിയ പ്രയാസമുണ്ടാകില്ല.

അതായത് ഇത്തരം കോഴ്സുകള്‍ക്ക് ചേരുന്നവരാണ് ആദ്യം ചതിയില്‍ പെടുന്നത്.അറിഞ്ഞോ അറിയാതെയോ.പലപ്പോഴും സര്‍ക്കാര്‍ അംഗീകാരമൊക്കെയുണ്ടെന്നു പറഞ്ഞാവും അവരെ കോഴ്സുകള്‍ക്ക് ചേര്‍ക്കുക. AICTE അംഗീകാരമുണ്ടെന്ന് പലരും എഴുതിവച്ചിരിയ്ക്കുന്നത് കാണാം.അവരുടേ എന്തോ പ്രൊഫഷണല്‍ ഡെവലപ്പ്മെന്റ് കോഴ്സുകളില്‍ ചേര്‍ന്നു എന്നതിന്റെ സര്‍ട്ടിഫിക്കറ്റാവും നല്‍കുക.അതിനു പ്രത്യേക വിലയൊന്നുമില്ല.തെറ്റിദ്ധരിപ്പിയ്ക്കാന്‍ അതുതന്നെ ധാരാളം.

വര്‍ഷാവര്‍ഷം ആയിരക്കണക്കിനു കൂണുപോലുള്ള സ്ഥാപനങ്ങള്‍ ഭാരതത്തില്‍ മുളച്ച് പൊന്തുന്നു.പതിനായിരക്കണക്കിനാള്‍ക്കാര്‍ അവരുടെ ചതിയ്ക്ക് ഇരയാകുന്നു.ഇത്തരമാള്‍ക്കാരെ അഞ്ഞൂറോ ആയിരമോ രൂപയ്ക്കൊക്കെ പല സ്ഥാപനങ്ങളും ജോലിയ്ക്കെടുക്കുന്നു.മിക്കവാറും അങ്ങനെയുള്ളവര്‍ ജോലി ചെയ്യുന്നതിന്റെ യാതൊരു രേഖ പോലും കാണുകയില്ല.

എങ്ങനെയെങ്കിലും അറബിനാട്ടിലേയ്ക്കൊരു വിസാ എന്ന മോഹവുമായി അവര്‍ ജോലി ചെയ്യും ..നാട്ടില്‍ സര്‍ക്കാരില്‍ ജോലി കിട്ടില്ല.മിക്കവാറും പ്രൈവറ്റ് സ്ഥാപനങ്ങള്‍ ആയിരത്തിനപ്പുറം ശമ്പളം കൊടുക്കില്ല.ആരെയൊക്കെയോ പഴിച്ച് ജോലിചെയ്യുന്നതിനിടയില്‍ അവരുടെയിടയിലേയ്ക്ക് ഹതഭാഗ്യരായ രോഗികള്‍ കടന്നുവരുന്നു.

പിന്നെയായിരിയ്ക്കും അവരറിയുക ഗള്‍ഫുനാട്ടില്‍ എം ഓ എച് പരീക്ഷകളെഴുതിയില്ലേല്‍(M O H Exams) ഒന്നും സാധിയ്ക്കില്ലെന്ന്. ചിലരൊക്കെ ബന്ധുബലം കൊണ്ടോ മറ്റോ ഗള്‍ഫിലെ സ്വകാര്യആശുപത്രികളില്‍ തുച്ഛമായ ശമ്പളത്തിന് കടന്നുകയറും.യാതൊരു ഗതിയുമില്ലാത്തവന്‍ ജോലി വിടും..മറ്റെന്തെങ്കിലും ജോലി നോക്കും.ചിലര്‍ ഇതൊരു സൈഡ് ബിസിനസ്സാക്കി മറ്റ് പണികളുമായി നടക്കും.

കൊഴുക്കുന്നത് ഭീമമായ തുക ഫീസും വാങ്ങി സര്‍ട്ടിഫിക്കറ്റ് അടിച്ച് കൊടുത്ത ഇന്‍സ്റ്റിറ്റ്യൂഷന്‍‌കാര്‍ തന്നെ.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂണുകള്‍ പോലെ സര്‍‌വകലാശാലകള്‍ രാജ്യത്ത് മുളച്ച് വന്നു.പലതും കടലാസ് സര്‍‌വകലാശാലകള്‍ ആണ്. അലഹബാദ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി???? എന്ന പേരിലുള്ള സര്‍‌വകലാശാല അനുബന്ധ വൈദ്യ വിഷയങ്ങളില്‍ രാജ്യമൊട്ടാകെയുള്ള പല ആശുപത്രികളും കേന്ദ്രീകരിച്ച് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ബിരുദം നല്‍കുന്നും.BSc Radiology, BSc MLT എന്നിങ്ങനെ. കേരളത്തിലും അത്തരം കോഴ്സുകള്‍ നടക്കുന്നുണ്ട്. പ്രീ ഡിഗ്രീ ഏത് വിഷയമെടുത്ത് പഠിച്ചയാള്‍ക്കും ആ BSc യ്ക്ക് ചേരാം.
അതായത് കൊമേഴ്സ്/ആര്ട്സ് പ്ലസ്ടൂവിനു പഠിച്ചയാള്‍ക്കും അനുബന്ധ വൈദ്യ വിഷയങ്ങളില്‍ BSc.

അതിനു കുഴപ്പമില്ല.സയന്‍സ് പ്ലസ് ടൂവിനു വേണ്ടുന്ന അടിസ്ഥാന വിഷയങ്ങള്‍ അമേരിയ്ക്കന്‍ സര്‍‌വകലാശാലയിലൊക്കെ നല്‍കുന്ന രീതിയില്‍ കോഴ്സുകളായി നല്‍കിയാല്‍ എം ബീ ബീ എസു പോലും അങ്ങനെയുള്ളവര്‍ക്ക് നല്‍കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പക്ഷേ നമ്മുടെ ഗതികേടിന് അതൊന്നും നടക്കുന്നില്ല.മൂന്നുവര്‍ഷം ഫീസു കൊടുത്താല്‍ BSc.. അത്ര തന്നെ..

ആരാണ് കുറ്റവാളി?

മറ്റാരുമല്ല..കണ്മുന്നില്‍ ഇതൊക്കെ നടന്നിട്ടും അതിനെതിരേ ഒരു ചെറുവിരള്‍ പോലുമനക്കാത്ത നമ്മളൊക്കെത്തന്നെ. നമ്മള്‍ തിരഞ്ഞെടുത്ത സര്‍ക്കാരും.
ക്വാളിഫൈഡ് ആയിട്ടുള്ളവരുടെ സര്‍‌വീസ് സംഘടനകളുണ്ട്. അത് പലപ്പോഴും സര്‍ക്കാര്‍ ജോലി കിട്ടിയവരുടെ സംഘടനകളാണ്. പേ സ്കെയില്‍ റിവിഷനപ്പുറം അവര്‍ക്ക് വലിയ ചിന്തകളൊന്നുമില്ല.
ആറുമാസ കോഴ്സ് പഠിച്ചവര്‍ പിടിച്ചുനില്‍ക്കാനെന്നോണം സംഘടനകളും മറ്റും ഉണ്ടാക്കി ഇതിനെതിരേ ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ എതിര്‍ക്കാനൊരു ശ്രമവുമായൊക്കെ വരാറുണ്ട്.സഹതാപമല്ലാതെ മറ്റൊരു വികാരവും അവര്‍ അര്‍ഹിയ്ക്കുന്നില്ല.കളിയായി സഹതാപം എന്നെഴുതിയതല്ല.അവരുടെ ഗതികേടാണത്.

എന്ത് ചെയ്യണം?

൧)അനുബന്ധ വൈദ്യ വിഷയങ്ങളില്‍ മെഡിയ്ക്കല്‍ കൗണ്‍സില്‍, ഡന്‍ഡല്‍ കൗണ്‍സില്‍, ഫാര്‍മസി, നേഴ്സിംഗ് കൗണ്‍സിലുകള്‍ എന്നിവയുടെ മാതൃകയില്‍ രാജ്യവ്യാപകമായി ഒരു കൗണ്‍സില്‍ കൊണ്ട് വരിക.

൨)എല്ലാ അനുബന്ധ വൈദ്യശാസ്ത്ര പഠനവും രാജ്യവ്യാപകമായി ഏകോപിപ്പിയ്ക്കുക.അടിസ്ഥാന യോഗ്യതകള്‍ നിര്‍ണ്ണയിയ്ക്കുക.കരിക്കുലം, സിലബസ് എന്നിവ ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ കോഴ്സുകള്‍ നടത്തുക.

൩)എല്ലാ സംസ്ഥാനങ്ങളിലും ദേശീയ കൗണ്‍സിലിന്റെ മാതൃകയില്‍ കൗണ്‍സിലുകള്‍ രൂപീകരിയ്ക്കുക.ജോലികള്‍ വിഭജിച്ച് നല്‍കുക.

൪)ആറുമാസ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ യാതൊരു പരിഗണനയുമില്ലാതെ അടച്ചു പൂട്ടുക.അവര്‍ യാതൊരു പരിഗണനയും അര്‍ഹിയ്ക്കുന്നില്ല ശരിയ്ക്കും ചതിയ്ക്ക് എന്തെങ്കിലുംനിയമപരമായ വകുപ്പുകളുണ്ടെങ്കില്‍ അതുപയോഗിച്ച് അവര്‍ക്കെതിരേ കേസുകളെടുക്കണം.പൗരന്റെ ജീവനും സ്വത്തിനു ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനും അവര്‍ കോടതിയില്‍ ഉത്തരം പറയണം

൫)ഇപ്പോള്‍ പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്തുകൊണ്ടിരിയ്ക്കുന്ന , ഒരു പ്രത്യേക സമയത്തിനപ്പുറം പരിശീലനം ഉള്ളവര്‍ക്ക്( ഉദാ ൨വര്‍ഷം) ഓരോരുത്തരുടെയും അടിസ്ഥാന യോഗ്യതകളനുസരിച്ച് അധിക കോഴ്സുകള്‍ നല്‍കി അവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുക.

൬)അധിക കോഴ്സുകള്‍ അടിസ്ഥാന യോഗ്യതകളനുസരിച്ച് നല്‍കിയ ശേഷം മാത്രമേ സര്‍ട്ടിഫിക്കേഷന്‍ നല്‍കാവൂ.കൂടുതല്‍ നാള്‍ എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് എന്തെങ്കിലും പരീക്ഷകള്‍ പാസായി സര്‍ട്ടിഫിക്കേഷന്‍ നേടാനുള്ള അവസരങ്ങളുണ്ടാക്കണം.അതിന് ഒരു അവസാന തീയതി വയ്ക്കുക.അതിനു മുന്‍പ് എല്ലാവരും സര്‍ട്ടിഫൈഡ് ആകണമെന്ന് നിര്‍ബന്ധമായും നിയമം കൊണ്ട് വരിക. രണ്ടോ മൂന്നോ പ്രാവശ്യം പരീക്ഷകളും സപ്ലിമെന്ററി പരീക്ഷകളും നടത്താനുള്ള സമയം വിട്ടുകൊണ്ടായിരിയ്ക്കണം അത്.

൭)അധിക കോഴ്സുകള്‍ നല്‍കാന്‍ IGNOU (Indira Gandhi National Open University), PGIMSR(Post Graduate Institute of Medical Science and Reaearch) എന്നിവയുടെയൊക്കെ സഹായത്തോടെ നടത്തണം.അതിനു കേന്ദ്രീകൃതമായ ഒരു സ്വഭാവമുണ്ടാകണം.

൮)അതിനു ശേഷം കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ നടത്തുന്ന ഒരു കോഴ്സിനും അംഗീകാരം നല്‍കാതിരിയ്ക്കുക.

൯)പ്രൊഫഷണല്‍ ടൈറ്റിലുകള്‍(ഫിസിയോ തെറാഅപ്പിസ്റ്റ്, റേഡിയേഷന്‍ ടെക്നോളജിസ്റ്റ്, ലബോറട്ടറി സയന്റിസ്റ്റ്) പ്രൊക്ടക്ടഡ് ടൈറ്റിലുകളാക്കുക.അതായത് സ്റ്റേറ്റിന്റെയോ സ്റ്റേറ്റ് നിശ്ചയിയ്ക്കുന്ന കൗണ്‍സിലിന്റേയോ അനുവാദമിഉല്ലാതെ ആര്‍ക്കും ആ പദങ്ങള്‍ ഉപയോഗിയ്ക്കാന്‍ അവകാശമുണ്ടാകരുത്.

൧൦)അംഗീകാരമില്ലാത്ത കോഴ്സുകള്‍ പഠിച്ച് കുറെയേറെ വര്‍ഷമായി ജോലി ചെയ്യുന്ന(ഉദാ൧൦ വര്‍ഷം) ആര്‍ക്കെങ്കിലും രജിസ്ട്രേഷന്‍ കിട്ടാതെ പോയെങ്കില്‍ അവരെ ആ വകുപ്പിനുള്ളില്‍ തന്നെ പുനരധിവസിപ്പിയ്ക്കാനുള്ള നടപടികള്‍ കൈക്കോള്ളുക.കുറഞ്ഞ അറിവുകള്‍ വേണ്ടുന്ന മറ്റെന്തെകിലും ജോലികള്‍ ആ വകുപ്പിനുള്ളില്‍ തന്നെ നല്‍കാന്‍ ശ്ര‌മിയ്ക്കുക.ശമ്പളം കുറഞ്ഞുപോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.പക്ഷേ പ്രൊട്ടക്ടഡ് ടൈറ്റിലിലുള്ളവരുടെ മേല്‍നോട്ടത്തിലല്ലാതെ രോഗിയുടേയോ രോഗചികിത്സയുമായോ നേരിട്ട് ബന്ധമുള്ള കാര്യങ്ങളൊന്നും അദ്ദേഹം/അവര്‍ ചെയ്യുന്നില്ലയെന്ന് ഉറപ്പ് വരുത്തുക.

ഇത്രയുമൊക്കെ എത്രയും പെട്ടെന്ന് ചെയ്തില്ലെങ്കില്‍ നമ്മളുടെ രോഗചികിത്സാ രംഗം ഇനിയും വഷളാകും.
അനുഭവിയ്ക്കുന്നത് മന്ത്രിമാരല്ല.അവര്‍ രോഗം വന്നാല്‍ പുറത്തേയ്ക്ക് പറക്കും.
സ്വാധീനമുള്ളവര്‍ മെഡിയ്ക്കല്‍ കോളേജില്‍ പോകും.ആര്‍ക്കെങ്കിലും കാശുകൊടുത്ത് പേവാര്‍ഡ് വാങ്ങും.(അവിടെ യോഗ്യതയുള്ളവര്‍ മാത്രമല്ലേയുള്ളൂ) ..
രോഗചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിയ്ക്കുന്ന മനുഷ്യരും, മെഡിയ്ക്കല്‍ കോളെജുകളില്‍ നിന്ന് രക്തവും മൂത്രവുമായിട്ട് പുറത്തുള്ള തട്ടുകടകളിലേയ്ക്കോടുന്ന വാര്‍ഡുകളില്‍ കിടക്കുന്ന പാവങ്ങളും അനുഭവിയ്ക്കും.

നമ്മള്‍ അവരിലൊരാളാകാത്തയിടത്തോളം സമാധാനം സുഖം.
സ്വസ്തി....

16 comments:

  1. നല്ല ലേഖനം.

    ഇതില്‍പ്പറഞ്ഞതുപോലെ അല്ലാത്ത ആശുപത്രികളും ജോലിക്കാരും ഉണ്ടാവുമെന്നും നമ്മുടെ ആശ്വാസത്തിന് വിശ്വസിക്കാം.

    അം‌ബി പറഞ്ഞതുപോലെയുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകട്ടെ എന്ന് പ്രതീക്ഷിക്കാം. ഇതിനൊക്കെ ആരെങ്കിലും തുനിഞ്ഞിറങ്ങുമോ? ചെയ്യാന്‍ ശ്രമിച്ചാല്‍ത്തന്നെ എത്രത്തോളം സഹകരണം സര്‍ക്കാര്‍ തരും? അവരല്ലേ ശരിക്കും ഇതൊക്കെ കണ്ടറിഞ്ഞ് നടപടിയെടുക്കേണ്ടത്?

    പിന്നെ, അവസാനം പറഞ്ഞതുപോലെ, നമ്മളും അവരിലൊരാളെപ്പോലെ, ഒരു ചതിക്കുഴിയില്‍ എത്തുന്നവരെ, സന്തോഷമായിട്ട് ഇരിക്കാം.

    ReplyDelete
  2. അംബി, ഞാന്‍ ഒന്നു കൈയടിക്കട്ടെ, ഈ ലേഖനത്തിന്, വളരെ വിശദമായി എഴുതിയിരിക്കുന്നു,, ആരേയും അടിച്ചാക്ഷേപിക്കാതെ, ആവശ്യമില്ലാത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കി എഴുതിയ ഈ രചന ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ടതാണ്,
    ഇത് ഏതെങ്കിലും പ്രിന്റഡ് മാധ്യമത്തില്‍ വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു

    ReplyDelete
  3. അംബീ...ഇതൊരു “ഭയാനകമായ” ലേഖനമാണെന്ന് പറയാതെ വയ്യാ. ആശുപത്രികളിലെ ഇത്തരം പരിശോധനകള്‍ക്കു വിധേയമാവുന്നവരുടെ കാര്യം !! ഞാനും നില്‍ക്കേണ്ടി വന്നിട്ടുണ്ട് എക്സ് റേ റൂമില്‍ രോഗിയുടെ കൈയ്യും പിടിച്ച് യാതൊരു പ്രോട്ടക്ഷനും ഇല്ലാതെ! ചോദിച്ചിട്ടും അതില്ല എന്നായിരുന്നു മറുപടി. ഈ ലേഖനം ഒരു പത്രത്തില്‍ വരുത്താമോ എന്നു നോക്കണം.

    ReplyDelete
  4. കുറേ അപ്രിയ സത്യങ്ങള്‍ കൂടി വിളിച്ചു പറഞ്ഞു, അല്ലേ അംബീസേ?

    കാര്യമൊന്നുമുണ്ടാവില്ലായിരിക്കും. കഴിഞ്ഞ പോസ്റ്റ്‌ ഉയര്‍ത്തിയ ചര്‍ച്ച തണുത്തു കഴിഞ്ഞില്ലേ? അതോ, അത്‌ പത്രത്തില്‍ പ്രസിദ്ധീകരിക്കാനോ അമൃതാ കാര്യദര്‍ശികളുടെ ശ്രദ്ധയില്‍ കൊണ്ടു വരാനോ ആരെങ്കിലും ഇപ്പോഴും ശ്രമിക്കുന്നുണ്ടോ?

    പത്രത്തില്‍ വന്നാലും ഇല്ലെങ്കിലും, മറ്റുള്ളവര്‍ വായിച്ചാലും ഇല്ലെങ്കിലും, അംബി പറഞ്ഞ കാര്യങ്ങളില്‍ നമ്മള്‍ക്ക്‌ ചെയ്യാവുന്നത്‌ ചെയ്യുക- മരുന്നുകളും മോളിക്യൂളുകളും പരിശോധിക്കുക, X-Ray യന്ത്രത്തിന്റെ അടുത്ത്‌ പരിരക്ഷ ഇല്ലാതെ പോവാതിരിക്കുക, കുട്ടികള്‍ക്ക്‌ പ്രായത്തിനും തൂക്കത്തിനും അനുവദനീയമായ റേഡിയേഷന്‍ അളവുകള്‍ മനസ്സിലാക്കി വെച്ച്‌ അത്രയേ ഉപയോഗിക്കപ്പെടുന്നുള്ളു എന്ന് ഉറപ്പ്‌ വരുത്തുക, പ്രാഗത്ഭ്യം വേണ്ടുന്ന ചികിത്സ തേടേണ്ടി വരുമ്പോള്‍ വൈദ്യശുശ്രൂഷ നല്‍ക്കുന്നവരുടെ പ്രാവീണ്യം ഉറപ്പു വരുത്തുക, രാസപരിശോധനക്ക്‌ ശരീരദ്രവങ്ങള്‍ കൊടുക്കുമ്പോള്‍ അവ വൃത്തിയുള്ള പാത്രങ്ങളിലാണ്‌ ശേഖരിക്കപ്പെടുന്നതെന്നും, ശരിയായി ടാഗ്‌ ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പ്‌ വരുത്തുക, ഓരോ ഇഞ്ചക്ഷനും മുപും സിറിഞ്ചും, സൂചിയും പുതിയതാണെന്ന് ഉറപ്പ്‌ വരുത്തുക, അലര്‍ജിയോ അസ്വാസ്ഥ്യമോ തോന്നുന്ന മരുന്നുകളുടെ പേര്‌ നോക്കി വെച്ച്‌, എപ്പോള്‍ ഡോക്റ്ററെ കാണുമ്പോഴും ഈ മരുന്ന് അലര്‍ജിയുളവാക്കുന്നതാണെന്ന് നേരത്തെ അറിയിക്കുക ഇത്തരം കാര്യങ്ങളൊക്കെ നമ്മള്‍ തന്നെ ഉത്തരവാദിത്തം എടുത്ത്‌ ചെയ്യണം. കഴിയുന്നത്ര ഈ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുക. വൈദ്യ രംഗത്തുള്ളവര്‍ക്ക്‌ നമ്മുടേയും നമ്മുടെ കുട്ടികളുടേയും ജീവന്‌ വിലയില്ലെങ്കില്‍, നമുക്കെങ്കിലും അത്‌ വേണമല്ലോ.

    ReplyDelete
  5. അംബി,
    ലേഖനം കൊള്ളാം, പക്ഷേ ഇതൊക്കെ വായിച്ച് ഞെട്ടി പോയി!
    എന്തു ചെയ്യാനാ..:(

    ReplyDelete
  6. വളരെ വിശദമായ ലേഖനം. വായിച്ചു എന്ന് പറയാനല്ലാതെ തല്‍ക്കാലം വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല.

    ReplyDelete
  7. അപ്രിയ സത്യങ്ങള്‍ വായിച്ച് ഞെട്ടി പോയി!

    ReplyDelete
  8. പ്രിയ അംബി,

    വളരെ നന്നായിരിക്കുന്നു നമ്മുടെ ആതുരാലയങ്ങളുടെ ജീര്‍ണിച്ച അണിയറ വിശേഷങ്ങള്‍ .

    ബ്ലൊഗ്‌ .....അനുഭവ സാക്ഷ്യങ്ങളുടെയും, അപ്രിയ സത്യങ്ങളുടെയും കലവറയായി സമൂഹത്തിന്റെ മാര്‍ഗ്ഗദീപമായി മാറട്ടെ..... ഇത്തരം ലേഖനങ്ങളിലൂടെ.
    ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!!!!!!

    ReplyDelete
  9. അംബീ
    വളരെ നല്ല ലേഖനം.

    ഇതിന്റെ പുറകെ, നിലവിലുള്ള സാഹചര്യത്തില്‍ ഇതില്‍ പറഞ്ഞതു പോലുള്ള ഘട്ടങ്ങളില്‍ റേഡിയേഷന്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു വിശദമായ മാര്‍ഗ്ഗരേഖ കൂടി സാധാരണക്കാരായ വായനക്കാരുടെ അറിവിലെക്കായി തയ്യാറാക്കി പ്രസിദ്ധീകരിക്കും എന്നു കൂടി പ്രതീക്ഷിച്ചോട്ടെ?.

    ReplyDelete
  10. അംബീ, വളരെ കാലിക പ്രസക്തിയുള്ള കാര്യം അതിന്റെ പ്രാധാന്യത്തോടെ തന്നെ എഴുതിയിരിക്കുന്നു. അംബി പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നെങ്കില്‍..ഒരിക്കല്‍ കൂടി, ഈ നല്ല ലേഖനം എഴുതിയതിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  11. വളരെ നന്നായി.

    വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട, ഇനിയും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എങ്ങിനെ ഈ വിഷയങ്ങള്‍ ജനങ്ങളിലേത്തിക്കും, ജനപ്രതിനിധികളിലെത്തിക്കും?ഗവര്‍മ്മെന്റിലെത്തിക്കും? സംഘടനാശക്തി ഒന്നുകോണ്ടു തന്നെ...അംബി പറഞ്ഞതുപോലെ പേ റിവിഷിന്‍ മാത്രം സംഘടനാ അജണ്ടയില്‍ ഒതുക്കുന്ന സംഘടനകള്‍ ഉള്ളപ്പോള്‍, അതു സാധ്യമല്ലാതാകുന്നു.
    പിന്നെയുള്ളൊരു വഴി വിദ്യാഭ്യാസം ആകുന്നു. ബോധവല്‍ക്കരണം, ജനങ്ങളിലേക്ക് എത്രയും വേഗം എത്തിക്കുക.അംബിയെപ്പൊലെയുള്ളവരുടെ ലേഖനങ്ങള്‍ പത്രമാധ്യമങ്ങളില്‍ വരണം, allied medical profession എന്താണെന്നു ജനങ്ങള്‍ മനസ്സിലാക്കണം. ഒരു ഗവര്‍ണ്ണറെ മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോയി കൊന്നവരാണു നമ്മള്‍, എന്നാലും പഠിക്കുകയില്ല.
    എവിടെയാണു നമ്മള്‍ക്ക് തെറ്റ് പറ്റിയത്?
    ഒരളവു വരെ സമാന്തര ഗവര്‍മ്മെന്റ് ആശുപത്രികള്‍ നടത്തുന്ന ക്രിസ്തീയ സ്ഥാപനങ്ങളെ പഴി പറയേണ്ടീ വരും.അവര്‍ നടത്തുന്ന ജനസേവനങ്ങള്‍ കണ്ടെന്നു വക്കുന്നില്ല, എങ്കിലും ‘കോടിമാതാ യൂണീവേഴ്സിറ്റി’ കള്‍ സായിപ്പിന് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഇവര്‍ ചെയ്ത പങ്ക് ചെറുതല്ല.ആവശ്യം സൃഷ്ടിയുടെ മാതാവാണെന്നതാണ് സത്യം. കേരളത്തിലെ 5 മെഡിക്കല്‍ കോളെജുകളില്‍ നിന്നു കൂടി പുറത്തിറങ്ങുന്ന 150 allied medical profesionals നെക്കൊണ്ടു 3കോടി വരുന്ന കേരളത്തെ പരിചരിക്കുക എന്ന യാഥാര്‍ത്ഥ്യം സാധ്യമാകാത്തതുകൊണ്ട് കത്തനാരന്മാരുടെ ആശുപത്രികള്‍ നടത്തുന്ന 6 മാസത്തെയും, 1 വര്‍ഷത്തെയും ഡിപ്ലോമ പഠിച്ചിറങ്ങുന്നവരെ ഉപയോഗിച്ച് പൊതുജനാരോഗ്യം വളരെ ഭംഗിയായി നടത്തുകയാണ് സര്‍ക്കാര്‍. ഇവിടെയാണ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പു നയം. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് യോഗ്യത പോരെന്ന് പറഞ്ഞ് അവര്‍ക്ക് അംഗീകാരം കൊടുക്കാതിരിക്കുക, എന്നാല്‍ അംഗീകാരമില്ലാത്തവരെ കൊണ്ടു തന്നെ പൊതുജനാരോഗ്യ പരിപാലനം ഭംഗിയായി നടത്തുക. ഇവരുടെ അംഗീകാരം റദ്ദ് ചെയ്താല്‍ പിന്നെ കേരളം കട്ടപ്പൊഹ...അതുകൊണ്ടുതന്നെ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ക്ക് ഒന്നുകൊണ്ടും പേടിക്കാനില്ല, 6 മാസക്കാരനെ ഗവര്‍മ്മെന്റ് ഒരിക്കലും പുറത്താക്കാനും പോവുന്നുമില്ല, 4 വര്‍ഷം പഠിച്ചവനെയൊട്ട് എടുക്കാനും പോവുന്നുമില്ല(യെവനൊക്കെ എങ്ങിനെ കാശുകൊടുക്കാനാ). അതുകൊണ്ടാണ് നേരത്തെ പറഞ്ഞ കൃസ്തീയ സഭകളുടെ ‘സേവനം’ ഞാന്‍ സൂചിപ്പിച്ചത്.വെല്ലൂരില്‍ CMC നടത്തുന്ന കോഴ്സുകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് പ്രവര്‍ത്തിപരിചയത്തില്‍ ആഗോള പ്രാവീണ്യമുണ്ട്. എന്നാല്‍ അവരുടെ കരിക്കുലത്തില്‍ കാല‍ത്തിനനുസരിച്ച മാറ്റം വരുത്തിയിട്ടില്ല. ഇതേ സ്ഥാപനത്തിന്റെ ശാഖകള്‍ കേരളത്തില്‍ പലേ ഭാ‍ഗത്തുമുണ്ട്. ഇവിടെ നിന്നിറങ്ങുന്നവര്‍ക്ക് മാതൃസ്ഥാപനത്തില്‍ നിന്നിറങ്ങുന്നവരുടെയത്രയും യോഗ്യതയും അവകാശപ്പെടാന്‍ കഴിയില്ല.
    ഇതിനൊരു മാറ്റം വരുത്താന്‍ കഴിയില്ലെ? കഴിയും, കവി പാടിയില്ലെ? മാറ്റുവിന്‍ ചട്ടങ്ങളെ...
    2 വര്‍ഷം മുന്‍പ്, അംബി പറഞ്ഞ പോലെ അലഹാബാദ് യൂണിവേഴ്സിറ്റി കൂണുകള്‍ പോലെ കോഴ്സുകള്‍ തുടങ്ങിയപ്പോള്‍ കേന്ദ്രമന്ത്രാലയത്തിനൊരു കത്തയച്ചിരുന്നു ഞാന്‍, വിശദമായി കോഴ്സിന്റെ പോരായ്മകള്‍ വിവരിച്ചുകൊണ്ട്. അതു കൈപ്പറ്റിയതിനു രശീതിയോ, മറുപടിയൊ ഉണ്ടായില്ല, എന്നാല്‍ മറ്റാരോ നല്‍കിയ പരാതിയുടെ പേരില്‍ ഹൈക്കോടതി ആകോഴ്സുകള്‍ റദ്ദ് ചെയ്യുകയോ, തുടര്‍ന്ന് നടത്തുന്നത് നിര്‍ത്തലാക്കുകയും ചെയ്യുകയുണ്ടായി. എന്നിരിക്കിലും ആ സെര്‍ട്ടിഫിക്കെറ്റ് ഉപയോഗിച്ച് വിദേശത്ത് ജോലി നേടിയ ആളുകളെ എനിക്കറിയാം.
    ഇതൊന്നുമല്ല പ്രശ്നം, ഇങ്ങിനെയുള്ള പല ജാതികളെയെങ്ങിനെ ജ്നാനസ്നാനം ചെയ്യിക്കും എന്നതാണ്. താന്‍പോരിമ പറഞ്ഞുനടക്കുന്ന 2 വര്‍ഷത്തെ ഗവര്‍മ്മെന്റ് ഡിപ്ലൊമാ വിദ്യാര്‍ത്ഥികള്‍ ജാഡയുപേക്ഷിച്ച് അവരുടെ കോഴ്സ് മൂന്നു വര്‍ഷമാക്കണമെന്ന സമരവുമായി നടക്കുകയാണിപ്പോള്‍. പത്തു പതിനഞ്ചു വര്‍ഷം മുന്‍പ് ഇന്ത്യയിലാദ്യമായി 4 വര്‍ഷത്തെ ബിരുദം ആരംഭിച്ചപ്പോള്‍ അതിനെതിരെ കേരളത്തില്‍ മെഡിക്കല്‍ കോളെജില്‍ കൊടി നാട്ടി സമരം നടത്തിയവരുടെ പിന്മുറക്കാര്‍ അവരെ ആ കോഴ്സില്‍ പഠിപ്പിക്കണമെന്ന് പറഞ്ഞാണിപ്പോള്‍ സമരം. വിരോധാഭാസം എന്നല്ലാതെയെന്തു പറയാന്‍. ഈ പ്രശ്നങ്ങള്‍ ഇതിനു മുന്‍പ് യു.കെയിലും, യുഎസിലും ഉണ്ടയിട്ടുണ്ട്. അവരെല്ലാം ഭംഗിയായി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന കോഴ്സുകളെല്ലാം ഏകീകരിച്ച് പരീക്ഷ നടത്തി ഒരു ജനറല്‍ കൌണ്‍സില്‍, പിന്നെ അംബി പറഞ്ഞ പോലെയുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രാവര്‍ത്തികമാക്കാ‍ന്‍ ഗോസായിമാരുടെ ഒരു സംഘം കുറെ നാളായി കേന്ദ്രമന്ത്രാലയത്തില്‍ പണിയുന്നു. അവര്‍ ഒരു സംഘടനയുണ്ടാക്കി. എന്നാല്‍ അവരില്‍ ചിലരോട് അസൂയയുള്ള മറ്റുചിലര്‍ ചേര്‍ന്ന് മറ്റോരു സംഘടനയുണ്ടാക്കി. ഇപ്പോള്‍ ഒന്നും നടക്കുന്നില്ല. ഗവര്‍മ്മെന്റ് മുന്‍‌കൈയെടുത്ത് ഒരു കൌണ്‍സില്‍, അതില്ലെങ്കില്‍, കത്തനാരന്മാരും, ബാക്കിയുള്ള ആരമ്മാരും കൂടി എല്ലാം കൂടിക്കൂട്ടിക്കുഴച്ച് അവരുടെ കോഴ്സുകള്‍ക്ക് മാത്രമായി ഒരു ജനറല്‍ കൌണ്‍സില്‍ ഉണ്ടാക്കി, തോന്നിയ പോലെ കാര്യങ്ങള്‍ നടത്തും.
    പ്രത്യക്ഷമായ ഒരു കുഴപ്പവും സംഭവിക്കാത്ത കാലത്തോളം ഈ പ്രശ്നങ്ങള്‍ ഗവര്‍മ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുകയില്ല, അല്ലെങ്കില്‍ ശ്രദ്ധിക്കുകയില്ല.50 കൊല്ലം മുമ്പ് സായിപ്പുണ്ടാക്കി വെച്ച ആരോഗ്യരംഗം അതേ പോലെ പരിപാലിച്ചുകൊണ്ടിരിക്കുന്ന ഗവറ്മ്മെന്റ് അവര്‍ ഇതേ രംഗത്ത് എത്തിച്ചെര്‍ന്ന പുതിയ മാനങ്ങള്‍ കണ്ടീലെന്ന് നടിക്കുകയാണ്. ഇതു പോലുള്ള ലേഖനങ്ങള്‍ പത്രമാധ്യമങ്ങളില്‍ സ്ഥിരമായി വരണം. ജനങ്ങള്‍ ബോധവാന്മാരാവണം. അംബിയെപ്പോലുള്ളവര്‍ ഇനിയും ഇതെക്കുറിച്ചെഴുതണം. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  12. അംബീ,

    അറിയാവുന്ന കാര്യങ്ങളാണേറേയും. പക്ഷേ ഇതൊക്കെ വിളിച്ച് പറയാനൊരാള് വേണ്ടേ?

    keep up the spirit, ambi!

    ReplyDelete
  13. അംബീ,
    സുന്ദരമായി പോസ്റ്റ്. അംബിയുടെ പല പോസ്റ്റുകളും (ഉദാ. ഒറ്റവൈക്കോല്‍ വിപ്ലവം, അകവൂര്‍ ചാത്തന്‍) കാണുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട് ബ്ലോഗ് എഴുതുകയാണെങ്കില്‍ ഇങ്ങനെ വേണം എന്ന്. അതേ വിചാരം ഇതു കാണുമ്പോഴും.

    ReplyDelete
  14. പാതിയേ വായിച്ചുള്ളൂ. ബാക്കി പിന്നെ. വായിച്ചിടത്തോളം ഉപകാര/വിജ്ഞാന പദം എന്ന് പറഞ്ഞ് കൊള്ളട്ടെ

    ReplyDelete
  15. ചാത്തനേറ്: ഇതും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.
    “സുരക്ഷാ വസ്ത്രങ്ങള്‍ ചോദിയ്ക്കാന്‍ ആരും മറക്കരുത്“ സുരക്ഷാ വസ്ത്രങ്ങള്‍ എന്നതിന് പകരം സാധാരണ ഈ വിഷയത്തില്‍ ഉപയോഗിക്കുന്ന വാക്ക് എന്താ? സുരക്ഷാ വസ്ത്രങ്ങള്‍ എന്ന് തന്നെ ആരും ഉപയോഗിക്കും എന്ന് തോന്നുന്നില്ല. പ്രൊട്ടക്റ്റീവ് ക്ലോത്സ് എന്ന് പറഞ്ഞാ മതിയോ? വേറെ എന്തേലുമോ?

    ReplyDelete